"അതെപ്പോഴും തേനോ ശർക്കരയോ കൂട്ടി വേണം കഴിക്കാൻ," റൂറൽ ഹെൽത്ത് ഓഫീസറായ ഊർമിള ദുഗ്ഗ തന്റെ അമ്മൂമ്മയുടെ മടിയിൽ തലവെച്ചു ഉദാസീനയായി കിടക്കുന്ന മൂന്നു വയസ്സുകാരി സുഹാനിയോട് പറഞ്ഞു.
മൂന്നു സ്ത്രീകളുടെ - കുട്ടിയുടെ അമ്മയുടെ അമ്മ, മറ്റൊരു റൂറൽ ഹെൽത്ത് ഓഫീസറായ (ആര്.എച്.ഓ.) സാവിത്രി നായക്, ആശാ പ്രവർത്തകയായ മൻകി കാച്ലൻ - സാമർത്ഥ്യവും സ്നേഹത്തോടെയുള്ള അനുശാസനവും, മലേറിയയ്ക്കുള്ള കയ്പുള്ള ഗുളികകൾ കുട്ടിയെ കൊണ്ട് കഴിപ്പിക്കാൻ വേണ്ടി വരുന്നു.
ഇതിനു മേൽനോട്ടം വഹിപ്പികൊണ്ട് സീനിയർ ആർ.എച്ച്.ഒ. ആയ 39-കാരിയായ ഊർമിള, മുന്നിലെ പുരയിടത്തിൽ നിന്നുയരുന്ന കുട്ടികളുടെ കളികളുടെ ശബ്ദങ്ങൾക്കിടയിൽ, കേസിന്റെ വിശദാംശങ്ങൾ ഒരു വലിയ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നു. ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിലെ നൗമൂഞ്ച്മേട ഗ്രാമത്തിലെ ഒരു അംഗൻവാടിയുടെ ഭാഗികമായി മൂടിയ വരാന്തയാണ് ഇവരുടെ താൽക്കാലിക ക്ലിനിക്ക്.
മാസത്തിലെ എല്ലാ രണ്ടാമത്തെ ചൊവ്വാഴ്ചയും, അംഗൻവാടിയെ ഒരു ഔട്ട്പേഷ്യന്റ് ക്ലിനിക്കായും ഉപയോഗിക്കുന്നു - കുട്ടികൾ അക്ഷരമാല പഠിക്കുന്ന തിരക്കിലാണ്, അമ്മമാരും ശിശുക്കളും മറ്റുള്ളവരും പരിശോധനകൾക്കായി പുറത്ത് വരിയായി നിൽക്കുന്നു. ഊർമിളയും അവരുടെ ആരോഗ്യ പ്രവർത്തകരുടെ സംഘവും രാവിലെ 10 മണിയോടെ എത്തി, അവരുടെ രജിസ്റ്ററുകളും, ടെസ്റ്റിംഗ്, വാക്സിനേഷൻ ഉപകരണങ്ങളോടുകൂടിയ ബാഗുകളും അഴിച്ചുവച്ച്, വരാന്തയിലേക്ക് ഒരു മേശയും ബെഞ്ചും മാറ്റിയിട്ട് രോഗികളെ കാണാൻ തയ്യാറാകുന്നു.
അന്ന് സുഹാനിയ്ക്ക് നടത്തിയ റാപ്പിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റ് (ആര്.ഡി.റ്റി.) ഊർമിളയും ആര്.എച്.ഓ. സാവിത്രി നായക് (35) ഉൾപ്പെടെയുള്ള അവരുടെ സഹപ്രവർത്തകരും തങ്ങളുടെ ചുമതലയിലുള്ള നാരായൺപൂർ ബ്ലോക്കിലെ ആറ് ഗ്രാമങ്ങളിൽ ഒരു വർഷത്തിനുള്ളിൽ നടത്തുന്ന ഏകദേശം 400 മലേറിയ പരിശോധനകളിൽ ഒന്നാണ്.
“നമ്മുടെ ഏറ്റവും വലിയ ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് മലേറിയ,” നാരായൺപൂർ ജില്ലയിലെ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ ഡോ. ആനന്ദ് രാം ഗോട പറയുന്നു. "ഇത് രക്തകോശങ്ങളെയും കരളിനെയും ബാധിക്കുകയും വിളർച്ചയ്ക്ക് കാരണമാകുകയും ശാരീരിക ക്ഷമത മോശമാക്കുകയും ചെയ്യുന്നു. അങ്ങനെ അത് വേതനത്തെയും ബാധിക്കുന്നു. കുഞ്ഞുങ്ങൾ ജനിക്കുന്നത് ഭാരം തീരെ കുറഞ്ഞാണ്. അങ്ങനെ ഈ ചക്രം തുടരുന്നു."
2020-ൽ ഛത്തീസ്ഗഢ് മലേറിയ കൊണ്ടുണ്ടായ 18 മരണങ്ങളാണ് രേഖപ്പെടുത്തിയത് - രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വച്ച് ഏറ്റവും കൂടുതലാണിത്. 10 മരണങ്ങൾ രേഖപ്പെടുത്തിയ മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. 80 ശതമാനം മലേറിയ കേസുകളും ‘ആദിവാസി, മലയോര പ്രദേശങ്ങളിലും ദുർഘടവും അപ്രാപ്യമായ പ്രദേശങ്ങളിലുമാണ്’ കാണപ്പെടുന്നതെന്ന് നാഷണൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രോഗ്രാം പറയുന്നു.
സാധാരണയായി ഇവിടെ ആൾക്കാർ കൊതുകിനെ തുരത്താൻ ആര്യവേപ്പില കത്തിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് ഊർമ്മിള പറഞ്ഞു. "കൊതുകുവല ഉപയോഗിക്കാനും, കെട്ടിനിൽക്കുന്ന വെള്ളം വറ്റിക്കാനും ഞങ്ങൾ ഇവരോട് ആവർത്തിച്ചു പറയാറുണ്ട്. [വേപ്പില കത്തിച്ച] പുക കൊതുകുകളെ ഓടിക്കും, പക്ഷെ പുക മാറിയാൽ ഉടനെ അവ തിരിച്ചു വരും."
പിന്നീട്, നാരായൺപൂർ ജില്ലയിലെ അത്തരം 64 കേന്ദ്രങ്ങളിലൊന്നായ ഹലാമിമുന്മേടയിലെ സബ് ഹെൽത്ത് സെന്ററിലെ (എസ്.എച്.സി.) വലിയ രജിസ്റ്ററുകളിൽ ഊർമിള രണ്ടാം തവണയും കേസിന്റെ വിശദാംശങ്ങൾ പൂരിപ്പിക്കും. രജിസ്റ്ററുകൾ പുതുക്കുന്നതിന് അവരുടെ ഒരു ദിവസത്തിന്റെ ഏകദേശം മൂന്ന് മണിക്കൂർ എടുക്കും. ഇത് പല പ്രതിരോധ കുത്തിവയ്പ്പുകൾ, പ്രസവത്തിനു മുമ്പുള്ളതും പ്രസവാനന്തരമുള്ളതുമായ പരിശോധനകൾ, മലേറിയ, ക്ഷയരോഗ പരിശോധനകൾ, പനി, വേദന, എന്നിവയ്ക്കുള്ള പ്രഥമശുശ്രൂഷ എന്നിങ്ങനെ എല്ലാ പരിശോധനകൾക്കും ചെയ്യേണ്ടതുണ്ട്.
ഊർമ്മിള ഒരു ഓക്സിലിയറി നഴ്സ് മിഡ്വൈഫ് (എ.എൻ.എം.) കൂടിയാണ്, അതിനായി രണ്ട് വർഷത്തെ പരിശീലനം നേടിയിട്ടുണ്ട്. RHO എന്ന നിലയിൽ, സംസ്ഥാന ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡയറക്ടറേറ്റ് സംഘടിപ്പിക്കുന്ന, 1 മുതൽ 3 ദിവസം വരെ നീണ്ടുനിൽക്കുന്ന, പരിശീലന ക്യാമ്പുകളിലും വർഷത്തിൽ അഞ്ച് തവണ വീതം അവർ പങ്കെടുക്കുന്നു.
പുരുഷ ആർ.എച്.ഓ.കൾക്ക് ഒരു വർഷത്തേക്ക് മാത്രമാണ് വിവിധോദ്ദേശ്യ ആരോഗ്യ പ്രവർത്തകരായി പരിശീലനം നൽകുന്നത്. "അത് ശരിയല്ല," ഊർമിള പറഞ്ഞു. “ഞങ്ങൾ ഒരേ ജോലിയാണ് ചെയ്യുന്നത്, അതിനാൽ [യോഗ്യതയ്ക്കായുള്ള] പരിശീലനവും സമാനമായിരിക്കണം. എന്തുകൊണ്ടാണ് എന്നെ രോഗികൾ 'സിസ്റ്റർ' എന്നും, പുരുഷ ആർ.എച്.ഓ.യെ 'ഡോക്ടർ സാഹിബ്' എന്നും വിളിക്കുന്നത്? നിങ്ങളുടെ ലേഖനത്തിൽ ഇതും സൂചിപ്പിക്കണം!”
അപ്പോഴേക്കും കൂട്ടികളെല്ലാം ക്ലാസ്സിൽ തിരിച്ചെത്തി അക്ഷരമാല ഉരുവിട്ടു തുടങ്ങിയിരുന്നു. മരുന്ന് കഴിച്ചതിനുശേഷം സുഹാനി ഉറങ്ങാൻ തുടങ്ങിയത് കണ്ട് ഊർമ്മിള അവളുടെ മുത്തശ്ശിയോട് സംസാരിക്കാനും മലേറിയ ചികിത്സയെക്കുറിച്ചും പോഷണത്തെക്കുറിച്ചുമുള്ള ചില നുറുങ്ങുവിദ്യകൾ ഗോണ്ഡി ഭാഷയിൽ പറഞ്ഞുകൊടുക്കുവാനുമായി തിരിഞ്ഞു. നാരായൺപുർ ജില്ലയിൽ 78 ശതമാനം ആൾക്കാരും ഗോണ്ഡ് സമുദായത്തിൽ നിന്നുള്ളവരാണ്.
"ഞാനും അവരിൽ [ഗോണ്ഡ്] ഒരാളാണ്. എനിക്ക് ഗോണ്ഡിയും, ഹൽബിയും, ഛത്തീസ്ഗഢിയും, ഹിന്ദിയും സംസാരിക്കാനറിയാം. ഫലപ്രദമായി ആശയവിനിമയം ചെയ്യാൻ അത് അത്യാവശ്യമാണ്," ഊർമ്മിള പറഞ്ഞു. "ഇംഗ്ലീഷ് പറയാൻ എനിക്കിത്തിരി ബുദ്ധിമുട്ടുണ്ട്, പക്ഷെ കേട്ടാൽ മനസ്സിലാവും."
ആൾക്കാരുമായുള്ള ഇടപെടലുകളാണ് തന്റെ ജോലിയിൽ അവർക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭാഗം. "കാണുകയും അവരുടെ വീടുകൾ സന്ദർശിക്കുകയും ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമാണ്," അവർ പറഞ്ഞു. "ദിവസവും 20 മുതൽ 60 പേരെ ഞാൻ കാണാറുണ്ട്. അവരുടെ ജീവിതത്തെക്കുറിച്ചും ആശകകളെക്കുറിച്ചുമൊക്കെ കേൾക്കാൻ എനിക്ക് താല്പര്യമാണ്. ഞാൻ അവർക്കു പ്രഭാഷണമൊന്നും നടത്താറില്ല, അല്ലെങ്കിൽ ഞാനങ്ങനെ വിശ്വസിക്കുന്നില്ല," ചിരിച്ചുകൊണ്ട് അവർ പറഞ്ഞു.
ഉച്ചക്ക് ഒരു മണി കഴിഞ്ഞിരുന്നു. ഊർമ്മിള രാവിലെയുണ്ടാക്കിയ റൊട്ടിയും ഇലക്കറിയുമടങ്ങുന്ന തന്റെ ചോറ്റുപാത്രം പുറത്തെടുത്തു. ഉച്ചയൂണ് പൂർത്തിയാക്കാനുള്ള ധൃതിയിലാണ് അവർ. അത് കഴിഞ്ഞ ഉടനെ അവരുടെ സംഘത്തിന് വീടുകൾ സന്ദർശിക്കുന്നതിനായി ഇറങ്ങാം. തന്റെ ഗിയറില്ലാത്ത സ്കൂട്ടറിൽ ഊർമ്മിള ഒരുദിവസം ഏകദേശം 30 കിലോമീറ്ററോളം, (ഹൽബി ആദിവാസി സമുദായത്തിൽ നിന്നുള്ള) സാവിത്രിയെ പിറകിലിരുത്തി സഞ്ചരിക്കും. ഗ്രാമങ്ങൾക്കിടയിലൂടെയും ഇടതൂർന്ന വനകൾക്കിടയിലൂടെയും രണ്ടു പേരായി യാത്ര ചെയ്യുന്നതാണ് സുരക്ഷിതമെന്ന് അവർ പറഞ്ഞു.
ഇങ്ങനെയൊക്കെ യാത്ര ചെയ്ത് ഉർമ്മിളയും സംഘവും 10 മുതൽ 16 കിലോമീറ്റർ ചുറ്റളവിൽ ആറ് ഗ്രാമങ്ങളിലായി ഏകദേശം 2,500 ആളുകളുടെ ആരോഗ്യ സുരക്ഷ ആവശ്യങ്ങൾ നിറവേറ്റുന്നു. അവർ സന്ദർശിക്കുന്ന 390 വീടുകളിൽ ഭൂരിഭാഗവും ഗോണ്ഡ്, ഹൽബി ആദിവാസി വിഭാഗങ്ങളിൽ പെട്ടവരുടേതാണ്. കുറച്ച് കുടുംബങ്ങൾ ദളിത് വിഭാഗങ്ങളിൽ പെട്ടവരാണ്.
'ഗ്രാമീൺ സ്വാസ്ഥ്യ സ്വച്ഛത ആഹാർ ദിവസ്' (ഗ്രാമീണ ആരോഗ്യ, ശുചിത്വ, പോഷകാഹാര ദിനം) എന്നറിയപ്പെടുന്ന അവരുടെ പ്രതിമാസ സന്ദർശനങ്ങൾ പല സ്ഥലങ്ങളിൽ മാസത്തിലെ നിശ്ചിതദിവസങ്ങളിൽ നടത്തി വരുന്നു. ഈ ദിവസം, ഊർമിളയും സഹപ്രവർത്തകരും (ഓരോ സ്ത്രീ-പുരുഷ ആർ.എച്.ഓ. മാർ) പ്രതിരോധ കുത്തിവയ്പ്പുകൾ, ജനന രജിസ്ട്രേഷൻ, മാതൃ ആരോഗ്യ സുരക്ഷ എന്നിവയുൾപ്പെടെയുള്ള 28 ദേശീയ പരിപാടികളിൽ പലതിന്റെയും അടിസ്ഥാന പ്രവർത്തനങ്ങൾ പരിശോധിക്കുന്നു.
ജോലികളുടെ ഒരു നീണ്ട പട്ടികയാണ് ഇത് - ഊർമിളയും മറ്റ് ആർ.എച്.ഓമാരും പൊതു ആരോഗ്യ സുരക്ഷ സംവിധാനത്തിന്റെ താഴേത്തട്ടിലുള്ള നടത്തിപ്പുകാരാണ്. ഇവരുടെ മേലാണ് എല്ലാ ജില്ലകളിലെയും സൂപ്പർവൈസർമാർ, മേഖലാ ഡോക്ടർമാർ, ബ്ലോക്ക് മെഡിക്കൽ ഓഫീസർമാർ, ഒരു ചീഫ് മെഡിക്കൽ ഓഫീസർ എന്നിവരുടെ ഘടന നിലനിൽക്കുന്നത്.
“ആർ.എച്.ഓ.കൾ മുൻനിര ആരോഗ്യ പ്രവർത്തകരാണ്. അവർ ആരോഗ്യ സംവിധാനത്തിന്റെ മുഖം തന്നെയാണ്. അവരില്ലെങ്കിൽ ഞങ്ങൾ നിസ്സഹായരും നിരാശരുമാണ്,” സി.എം.ഓ. ഡോ. ഗോട പറഞ്ഞു. നാരായൺപൂർ ജില്ലയിലെ, യഥാക്രമം 74-ഉം 66-ഉം വരുന്ന സ്ത്രീ-പുരുഷ ആർ.എച്.ഓമാർ "കുട്ടികളുടെയും അമ്മമാരുടെയും ആരോഗ്യം, മാനസികാരോഗ്യം, ക്ഷയം, കുഷ്ഠം, വിളർച്ച എന്നിവയിൽ ശ്രദ്ധ പുലർത്തുന്നു. അവരുടെ ജോലി ഒരിക്കലും അവസാനിക്കുന്നില്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം, ഹലാമിമുന്മേടയിൽ നിന്ന് ഏകദേശം 16 കിലോമീറ്റർ അകലെയുള്ള മലേച്ചൂർ ഗ്രാമത്തിലെ 'ആരോഗ്യ, ശുചിത്വ, പോഷകാഹാര ദിന'ത്തിൽ, ഊർമിള 15-ഓളം സ്ത്രീകൾക്ക് ഉപദേശം നൽകുന്നു, അവരിൽ ഭൂരിഭാഗവും ചെറിയ കുട്ടികളുള്ളവരാണ്.
കാത്തിരിക്കുന്നവരിൽ ഗണ്ഡ സമുദായത്തിൽ (ഛത്തീസ്ഗഢിലെ പട്ടികജാതി വിഭാഗത്തിൽപെട്ട) നിന്നുള്ള ഫുൽകുവർ കാരംഗയും ഉൾപ്പെട്ടിരുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഊർമിള ഇവിടെ ഫീൽഡ് സന്ദർശനത്തിന് പോയപ്പോൾ, ഫുൽകുവർ അവരോട് ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. വിളർച്ചയാണ് കാരണമെന്ന് അനുമാനിച്ച് ഊർമിള അവർക്ക് അയൺ ഗുളികകൾ നിർദേശിച്ചു. അവർ ഈ ഗുളികകൾ എടുക്കാൻ വന്നതാണ്. സമയം ഏകദേശം 2 മണി. ഇവരാണ് ആ ദിവസത്തെ അവസാനത്തെ രോഗി.
നാഷണൽ ഫാമിലി ഹെൽത്ത് സർവേ-4 (2015-16) പ്രകാരം ഛത്തീസ്ഗഢിലെ 15-49 പ്രായപരിധിയിലുള്ള സ്ത്രീകളിൽ പകുതിയോളം (47 ശതമാനം) പേർക്ക് വിളർച്ചയുണ്ട്. അതിന്റെ ഫലമായി സംസ്ഥാനത്തെ 42 ശതമാനം കുട്ടികൾക്കും വിളർച്ചയുണ്ട്.
വിവാഹത്തിന് മുമ്പ് പെൺകുട്ടികളിലെ ഈ അവസ്ഥ പരിഹരിക്കുന്നത് എളുപ്പമല്ലെന്ന് ഊർമ്മിള പറയുന്നു. “പെൺകുട്ടികൾ 16-ഓ 17-ഓ വയസ്സിൽ വിവാഹിതരാകുകയും, ആർത്തവം നിന്ന് രണ്ട് മൂന്ന് മാസങ്ങൾക്കു ശേഷം പലപ്പോഴും ഗർഭിണിയായതിന് ശേഷമാണ് ഞങ്ങളെ കാണാൻ വരുന്നത്. അങ്ങനെ അവർക്ക് ആവശ്യമായ അയൺ, ഫോളിക് ആസിഡ് പോലുള്ള പ്രസവപൂർവ ഗുളികൾ സമയത്ത് നൽകാൻ എനിക്ക് കഴിയാതെ വരുന്നു,” തന്റെ രജിസ്റ്ററിൽ അവസാനത്തെ കുറച്ച് വിശദാംശങ്ങൾ എഴുതികൊണ്ട് അവർ പറഞ്ഞു.
ഗർഭനിരോധനത്തെ കുറിച്ച് ഉപദേശം നൽകുക എന്നത് ഉർമ്മിളയുടെ ജോലിയുടെ മറ്റൊരു വലിയ ഭാഗമാണ്. ഈ ഉപദേശങ്ങൾ കുറച്ചുകൂടെ ഫലപ്രദമായെങ്കിലെന്ന് ഇവർ ആഗ്രഹിക്കുന്നു. "കല്യാണം കഴിയുന്നത് വരെ ഞാൻ അവരെ കാണാറില്ല, അതുകൊണ്ടു തന്നെ ഗർഭധാരണം വൈകിപ്പിക്കുന്നതിനെക്കുറിച്ചോ ഗർഭധാരണങ്ങൾക്കിടയിൽ ആവശ്യത്തിന് ഇടവേളകൾ ഉണ്ടെന്നുറപ്പുവരുത്തുന്നതിനെക്കുറിച്ചോ ഇവരോട് സംസാരിക്കാൻ സമയം കിട്ടാറില്ല," അവർ പറഞ്ഞു. അതുകൊണ്ട് ഊർമിള മാസത്തിൽ ഒരു സ്കൂളിലെങ്കിലും പോയി പെൺകുട്ടികളോട് സംസാരിക്കാൻ ശ്രമിക്കുന്നു. കൂടാതെ പ്രായമായ സ്ത്രീകളോട് ഇടപഴകാൻ അവരെ ഉപദേശിക്കാനും ശ്രമിക്കുന്നു - അവർ വെള്ളം നിറക്കാനോ കാലിത്തീറ്റ ശേഖരിക്കാനോ പോകുമ്പോഴോ അല്ലാതെ എവിടെയെങ്കിലും കണ്ടുമുട്ടുമ്പോഴോ ചെറുപ്പക്കാർക്ക് ഈ വിവരങ്ങൾ കൈമാറുമെന്ന പ്രതീക്ഷയിൽ.
ഇപ്പോൾ 52 വയസ്സുള്ള ഫുൽകുവർ, ഊർമ്മിള ആർ.എച്.ഓ. ആയി സേവനം തുടങ്ങിയ 2006-ൽ, ട്യൂബൽ ലിഗേഷന് (ഗർഭനിരോധനത്തിനായി ഫാലോപ്പിയൻ ട്യൂബുകൾ കെട്ടുന്ന പ്രക്രിയ) സമ്മതിച്ച ആദ്യത്തെ സ്ത്രീകളിൽ ഒരാളാണ്. 10 വർഷങ്ങൾക്കുള്ളിൽ ഇവർ നാല് ആൺകുട്ടികൾക്കും ഒരു പെൺകുട്ടിക്കും ജന്മം നൽകിയിരുന്നു. അംഗങ്ങളുടെ എണ്ണം കൂടിവരുന്ന തന്റെ കുടുംബം, സ്വന്തമായി ആകെയുള്ള കുറച്ചു ഭൂമിയിൽ ഒരുപാട് സമ്മർദം ചെലുത്തുമെന്ന് അറിയുന്നതിനാൽ, ഗർഭധാരണം നിറുത്തണമെന്ന് ഇവരാഗ്രഹിച്ചിരുന്നു. "എന്റെ ഓപ്പറേഷൻ ക്രമീകരിച്ചതു മുതൽ, നാരായൺപൂരുള്ള ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത് വരെ ഊർമ്മിള എപ്പോഴും കൂടെയുണ്ടായിരുന്നു. അവർ അവിടെ തങ്ങി, എന്നെ പിറ്റേന്നു തിരിച്ചു കൊണ്ടുവരികയും ചെയ്തു," അവർ ഓർമ്മിച്ചു.
ഈ രണ്ടു സ്ത്രീകൾ തമ്മിലുള്ള ബന്ധം തുടർന്നു. ഫുൽകുവറിന്റെ ആൺമക്കൾ വിവാഹിതരായി അവരുടെ ആദ്യത്തെ കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ, ഇവർ മരുമക്കളെ ഉർമ്മിളയുടെ അടുത്തു കൊണ്ടുവരികയും അവർ ഗർഭധാരണങ്ങൾക്കിടയിൽ ആവശ്യത്തിന് സമയം ഉണ്ടാവേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചു വിശദീകരിക്കുകയും ചെയ്തു.
"എല്ലാ രണ്ടു വർഷവും ഞാൻ ഗർഭിണിയാകുമായിരുന്നു, അതിന്റെ അപകടങ്ങൾ എനിക്ക് നല്ലവണ്ണം അറിയാം," അയൺ ഗുളികകൾ തന്റെ മടിയിലെ ഒരു ചെറിയ പൊതിയിൽ വച്ച് കെട്ടി, സാരി നേരെയിട്ട് പോകാനൊരുങ്ങിക്കൊണ്ട് ഫുൽകുവർ പറഞ്ഞു. ഇവരുടെ രണ്ട് മരുമക്കൾക്കും കോപ്പർ-ടി ഇട്ടിട്ടുണ്ട്, രണ്ടു പേരും 3 തൊട്ട് 6 വര്ഷങ്ങള്ക്കു ശേഷമേ പിന്നെയും ഗർഭധാരണത്തിന് ശ്രമിച്ചുള്ളൂ.
ഒരു വർഷത്തിൽ, 18 വയസോ അതിൽ താഴെയോ പ്രായമുള്ള അവിവാഹിതരായ പെൺകുട്ടികൾക്കിടയിൽ അനാവശ്യ ഗർഭധാരണത്തിന്റെ മൂന്ന് കേസുകളെങ്കിലും ഊർമിള കാണാറുണ്ട്. അവരിൽ ഭൂരിഭാഗം പെൺകുട്ടികളെയും അവരുടെ അമ്മമാരാണ് കൊണ്ടുവരാറുള്ളത്, അവർ ഗർഭഛിദ്രം നടത്താൻ തയ്യാറുമായിരിക്കും. സാധാരണയായി ജില്ലാ ആശുപത്രിയിലാണ് ഗർഭഛിദ്രം നടത്തുന്നത്. അവർ തങ്ങളുടെ അവസ്ഥയെക്കുറിച്ച് തന്നോട് ഒളിച്ചു കളിക്കുന്നതായി ഊർമ്മിള പറയുന്നു. “ഗർഭധാരണമാണെന്ന് ഞാൻ നിര്ണയിക്കുമ്പോൾ അവർ ദേഷ്യത്തോടെ അത് നിരസിക്കുകയും സിരാഹയുടെ [പ്രാദേശിക വൈദ്യന്റെ] അടുക്കൽ പോകുകയും ചെയ്യുന്നു, അല്ലെങ്കിൽ അവർ ക്ഷേത്രങ്ങൾ സന്ദർശിച്ച് അവരുടെ ആർത്തവം ‘പുനരാരംഭിക്കാൻ’ പ്രാർത്ഥിക്കുന്നു,” അവർ പറഞ്ഞു. എൻ.എഫ്.എച്.എസ്.-4 പ്രകാരം ഗർഭഛിദ്രങ്ങളിൽ 45 ശതമാനവും വീട്ടിൽ വെച്ചാണ് നടത്തപ്പെടുന്നത്.
താൻ ഒരിക്കലും കണ്ടിട്ടില്ലാത്ത പുരുഷന്മാരെക്കുറിച്ച് വളരെ നിശിതമായ അഭിപ്രായമാണ് ആർ.എച്.ഓ.ക്കുള്ളത്. “അവർ ഇവിടെ [എസ്.എച്.സി.യിൽ] അപൂർവമായി മാത്രമേ മുഖം കാണിക്കാറുള്ളൂ. ഗർഭധാരണം സ്ത്രീയുടെ പ്രശ്നമാണെന്നാണ് പുരുഷന്മാർ കരുതുന്നത്. കുറച്ച് പുരുഷന്മാർ വാസക്ടമിക്ക് തയ്യാറാകുന്നുണ്ട്. പക്ഷേ സാധാരണയായി അവർ ഗർഭനിരോധനത്തിന്റെ ഉത്തരവാദിത്തം സ്ത്രീകൾക്ക് വിട്ടുകൊടുക്കുയാണ് പതിവ്. ഉപകേന്ദ്രത്തിൽ നിന്ന് ഉറ വാങ്ങാൻ പോലും അവർ [ഭർത്താക്കന്മാർ] ഭാര്യമാരെ നിയോഗിക്കുന്നു!
ഉർമ്മിളയുടെ കണക്കനുസരിച്ച്, അവരുടെ ജോലി സ്ഥലത്ത് ഒരു വർഷത്തിൽ ഒരു പക്ഷെ ഒരാൾ വാസക്ടമിക്ക് വിധേയനാകുന്നു. "ഈ വര്ഷം [2020] ഒരാൾ പോലും അത് ചെയ്തില്ല," അവർ കൂട്ടിച്ചേർത്തു. "ഞങ്ങൾക്ക് ഉപദേശിക്കാൻ മാത്രമല്ലെ കഴിയൂ, നിർബന്ധിക്കാനാകില്ല, ഭാവിയിൽ കൂടുതൽ പേർ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കാം."
രാവിലെ 10 മണിക്ക് മുമ്പ് ആരംഭിക്കുന്ന ഇവരുടെ നീണ്ട ജോലി ദിവസം വൈകുന്നേരം 5 മണിയോടെയാണ് അവസാനിക്കുന്നത്. പൊലീസുകാരനായ ഭർത്താവ് കന്ഹയ്യ ലാൽ ദുഗ്ഗ (40) വീട്ടിൽ മടങ്ങിയെത്തുന്ന സമയത്തുതന്നെയാണ് ഇവരും ഹലാമിമുന്മേടയിലെ വീട്ടിലേക്ക് മടങ്ങുന്നത്. പിന്നെയുള്ളത് അവരുടെ ആറുവയസ്സുള്ള മകൾ പലക്കിനൊപ്പം ഇരുന്ന് ഗൃഹപാഠത്തിന്റെ മേൽനോട്ടം വഹിക്കാനും വീട്ടുജോലികൾ ചെയ്യാനുമുള്ള സമയമാണ്.
വളർന്നു വരുമ്പോൾ തന്നെ തന്റെ ആളുകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഊർമ്മിളയ്ക്ക് തോന്നിയിരുന്നു. വളരെ കഠിനാദ്ധ്വാനം ആവശ്യമുള്ളതെങ്കിലും ഇവർക്ക് തന്റെ ജോലി വളരെ ഇഷ്ടമാണ്. "ഈ ജോലി കാരണം എനിക്ക് ഒരുപാട് ബഹുമാനം ലഭിക്കുന്നു. ഏതു ഗ്രാമത്തിലേക്കു ചെന്നാലും ആൾക്കാർ എന്നെ അവരുടെ വീടുകളിലേക്ക് ക്ഷണിക്കുകയും ഞാൻ പറയുന്നത് കേൾക്കുകയും ചെയ്യുന്നു. ഇതാണെന്റെ ജോലി," അവർ പറഞ്ഞു.
പരിഭാഷ: പി. എസ്. സൗമ്യ