ഇത് മായല പക്കീര്‍ ആണ്, കുട്ടികള്‍ക്കായുള്ള തെലുങ്ക് സാങ്കല്‍പ്പിക കഥകളിലെ ആഭിചാരകന്‍. ആന്ധ്രാപ്രദേശിലെ അനന്തപൂരിലെ തെരുവിലൂടെ നടക്കുകയാണത്. ഈ അവതാരം കിഷോര്‍ കുമാറിന്റേതാണ്. മരിച്ചുപോയ ഐതിഹാസിക ഗായകനല്ല, ആന്ധ്രാപ്രദേശ് പോലീസിലെ സായുധ റിസര്‍വ് കോണ്‍സ്റ്റബിള്‍ ആയ കിഷോര്‍ കുമാര്‍. നഗരത്തിന്റെ ഹൃദയ ഭാഗത്തുള്ള ക്ലോക്ക് ടവറിന് അടുത്തുവച്ച് ഏപ്രില്‍ 2-ന് എടുത്തതാണ് ഈ ഫോട്ടോ.
തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ പോലീസ് സേന – സാധാരണയായി അവരുടെ സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ശാരീരിക ശിക്ഷകള്‍ നല്കിയിരുന്നവര് - കലയിലേക്ക് തിരിഞ്ഞതായി കാണാം. (മറ്റൊരു ജില്ലയില്‍ നിന്നുള്ള ഒരു വീഡിയോയില്‍ കാണിക്കുന്നത് കൈകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതിനായി പോലീസുകാര്‍ രാമുലോ രാമലാ എന്ന ജനകീയ തെലുങ്ക് പാട്ടിനൊപ്പം ചേര്‍ന്ന് നൃത്തം ചെയ്യുന്നതാണ്). ‘അനന്തപൂര്‍ പോലീസ്’ എന്നു പേരുള്ള ഒരു ഫേസ്ബുക്ക് പേജ്, പേടിപ്പിക്കുന്ന കൊറോണ വൈറസിന്റെ തൊപ്പിയോടു കൂടിയ മായല പക്കീറിന്റെ (അല്ലെങ്കില്‍ കിഷോര്‍ കുമാറിന്റെ) ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട് (നന്നായി, കൊറോണ വൈറസ് എന്ന വാക്കിന്റെ ഒരു അര്‍ത്ഥം തന്നെ ‘കിരീടം’ എന്നാണ്.
അനന്തപൂര്‍ പോലീസ് പറഞ്ഞത് ഒരു പ്രചരണ വാഹനവും ഈ “വ്യത്യസ്ത ആള്‍മാറാട്ടക്കാരനും” ചേര്‍ന്ന് സാമൂഹ്യ അകലത്തിന്റെ സന്ദേശവും മറ്റ് ശുചിത്വ പെരുമാറ്റ ചട്ടങ്ങളും മിതമായ നിയന്ത്രണങ്ങളുള്ള സമയത്ത് പൊതു ജനങ്ങളിലേക്കെത്തിക്കുമെന്ന് (ഉദാഹരണത്തിന് ജനങ്ങള്‍ സാധനങ്ങള്‍ വാങ്ങാനായി പുറത്തു പോകുമ്പോള്‍). “ആള്‍ക്കൂട്ടമുള്ള പച്ചക്കറി ചന്തകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍, പ്രാധാനപ്പെട്ട കവലകള്‍” എന്നിവടങ്ങളിലേക്കൊക്കെ ഈ സന്ദേശങ്ങള്‍ എത്തിക്കും. നന്നായി, ജനങ്ങളെ പേടിപ്പിക്കുന്നതിന് ഒരിക്കലും ആരുടേയും സഹായം ആവശ്യമില്ലാത്ത പൊലീസ് സേനക്ക് ഇതൊരു പുതിയ മാര്‍ഗ്ഗ ദര്‍ശനമാണ്.
പരിഭാഷ: റെന്നിമോന്‍ കെ. സി.