ഒരല്പം കുടിവെള്ളത്തിനായി ആളുകളുടെ മുന്നിൽ യാചിക്കേണ്ട അവസ്ഥയിലാണ് ഗംഗുഭായി ചവാൻ. 'സർക്കാർ! വാച്ച്മാൻ സാഹിബ്! ദയവ് ചെയ്ത് ഞങ്ങൾക്ക് കുടിക്കാൻ വെള്ളം തരൂ. ഞാൻ ഇവിടത്തെ താമസക്കാരിയാണ്, സർ."
യാചനകൊണ്ടുമാത്രം കാര്യമില്ല. അവർ ഒരു ഉറപ്പ് നൽകുകകൂടി വേണം. "ഞാൻ നിങ്ങളുടെ പാത്രങ്ങൾ തൊടില്ല."
സ്വകാര്യ പൈപ്പുകൾ, ചായക്കടകൾ, കല്യാണമണ്ഡപങ്ങൾ എന്നിവിടങ്ങളിൽനിന്ന് ശേഖരിക്കുന്ന വെള്ളം ഉപയോഗിച്ചാണ് ഗംഗുഭായി (പേര് മാറ്റിയിരിക്കുന്നു) ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നത്. നാന്ദെദ് പട്ടണത്തിലെ ഗോകുൽ നഗർ പ്രദേശത്ത്, നടപ്പാതയിലുള്ള തന്റെ 'വീടിന്റെ' എതിർവശത്തുള്ള ഹോട്ടൽ ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽ ജോലി ചെയ്യുന്ന വാച്ച്മാൻമാരോട് അവർ വെള്ളത്തിനായി കെഞ്ചും. വെള്ളം ആവശ്യം വരുമ്പോഴൊക്കെ ഓരോ തവണയും അവരിത് ആവർത്തിക്കണം. അതല്ലാതെ അവർക്ക് വേറെ മാർഗ്ഗമില്ല.
വെള്ളം കണ്ടെത്തുക എന്നത് ഗംഗുഭായിയ്ക്ക് നിത്യേന ഒരു വെല്ലുവിളിയാണ്; മുൻകാലങ്ങളിൽ 'ക്രിമിനൽ ഗോത്രങ്ങൾ'എന്ന പട്ടികയിൽ ഉൾപ്പെട്ടിരുന്ന ഫാൻസെ-പർദ്ദി സമുദായത്തിലെ അംഗം എന്ന നിലയിൽ അവർ നിത്യേന നേരിടുന്ന സാമൂഹികവിവേചനം ഇത് ദുഷ്കരമാക്കുന്നു. കൊളോണിയൽ കാലത്തിന്റെ സംഭാവനയായ 'ക്രിമിനൽ ഗോത്രങ്ങൾ' എന്ന പദപ്രയോഗം ഇന്ത്യൻ സർക്കാർ 1952-ൽ പിൻവലിച്ചിരുന്നു. എന്നാൽ 70 വർഷങ്ങൾക്കിപ്പുറവും ഗംഗുഭായിയെപ്പോലുള്ളവർ തങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കായി പൊരുതുകയാണ്; താൻ ഒരു കള്ളിയല്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തിയാൽ മാത്രമേ അവർക്ക് ഒരു പാത്രം നിറച്ച് വെള്ളം ലഭിക്കുകയുള്ളൂ.
" 'നിങ്ങൾ ഇവിടെവെച്ചിരിക്കുന്ന സാധനങ്ങൾ ഒന്നും ഞങ്ങൾ തൊട്ടിട്ടില്ല' എന്ന് ഞങ്ങൾ ഉറപ്പ് കൊടുത്താൽ മാത്രമേ അവർ ഞങ്ങൾക്ക് കുറച്ച് വെള്ളം തരുകയുള്ളൂ," ഗംഗുഭായി പറയുന്നു. വെള്ളമെടുക്കാൻ അനുമതി ലഭിച്ചുകഴിഞ്ഞാൽ അവർ ചെറിയ പാത്രങ്ങളിലും പ്ലാസ്റ്റിക് ഡ്രമ്മുകളിലും കുപ്പികളിലുമായി പരമാവധി വെള്ളം ശേഖരിക്കും. ഒരു ഹോട്ടലിലെ ആളുകൾ വെള്ളം നൽകാൻ വിസമ്മതിച്ചാൽ, പരുക്കൻ സ്വഭാവക്കാരായ ഉടമകളെ അവഗണിച്ച് അവർ അടുത്ത സ്ഥലത്ത് ശ്രമിക്കും. ഇത്തരത്തിൽ നാലഞ്ച് സ്ഥലത്ത് ആവശ്യപ്പെടുമ്പോൾ ആരെങ്കിലുമൊരാൾക്ക് കനിവ് തോന്നിയാൽ ഗംഗുഭായിക്ക് അന്നത്തേയ്ക്ക് കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും വീട്ടിലെ ആവശ്യങ്ങൾ നടത്താനുമുള്ള വെള്ളം ലഭിക്കും.
















