"ഞങ്ങൾ ഒരിക്കലും തിരികെ പോകില്ല' - ഭീമ സോദി പറയുന്നു. "ഞങ്ങളുടെ പൂർവിക ഗ്രാമത്തിൽ നക്സലുകളുടേയും ജുദുംവാലകളുടെയും (സാൽവജുദും സേന) ശല്യംകാരണം സമാധാനം തേടി സ്വന്തം വീടുപേക്ഷിച്ചവരാണ് ഞങ്ങൾ'.
ചത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിലെ തന്റെ ഗ്രാമമായ ഭന്ദൻപദാറിലേക്ക് ഒരിക്കലും മടങ്ങില്ലെന്ന് സോയം ലിങ്കാമയും പറയുന്നു. "ഞങ്ങൾ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു.' ചത്തീസ്ഗഡിൽനിന്ന് രക്ഷപെട്ട് ആന്ധ്രപ്രദേശിലെ പശ്ചിമ ഗോദാവരി ജില്ലയിലെ ബുർഗംപാഡു മണ്ഡലത്തിലെ ചിപ്റുപാഡുവിൽ താമസിക്കുന്ന 27 കുടുംബങ്ങളിൽ ഉൾപ്പെട്ടവരാണ് സോയവും ഭീമയും.
ആന്ധ്രാപ്രദേശിലെ കിഴക്കൻ, പശ്ചിമ ഗോദാവരി ജില്ലകളിലും തെലങ്കാനയിലെ ഖമ്മം, വാറംഗൽ ജില്ലകളിലുമുള്ള ഇത്തരം കേന്ദ്രങ്ങൾ ആഭ്യന്തര കുടിയേറ്റക്കാരുടേതാണ്.
അവർക്കെല്ലാം പറയാനുള്ളത് അക്രമണത്തിന്റെ കഥകളാണ്. "2005-ൽ ഗ്രാമം ആക്രമിക്കപ്പെട്ടപ്പോളാണ് ഞങ്ങൾ അവിടംവിട്ടത്....എല്ലാവരും വനത്തിനുള്ളിലേക്ക് രക്ഷപ്പെട്ടു. പക്ഷേ 30 വയസ്സുമാത്രമുള്ള എന്റെ അമ്മാവന് രക്ഷപ്പെടാനായില്ല. അദ്ദേഹത്തെ അവർ പിടിക്കുകയും കൊല്ലുകയും ചെയ്തു. ഗ്രാമത്തിന് മുഴുവൻ തീയുമിട്ടു. ഭയന്നുപോയ ഞങ്ങൾ ഇവിടെവന്നു”, – സുഖ്മ ജില്ലയിലെ കൊന്ത മണ്ഡലത്തിലെ ടാഡ്മെറ്റ്ല ഗ്രാമത്തിലെ 30-കാരനായ രവി സോദി പറഞ്ഞു. നിലവിൽ ഖമ്മം ജില്ലയിലെ ചിന്തലപാഡു ഗ്രാമത്തിൽ ജീവിക്കുകയാണ് രവി.







