സത്ജേലിയയിലെ പോസ്റ്റ് ഓഫീസ് പെട്ടെന്ന് കണ്ണിൽപ്പെടില്ല. ഒരു മൺകുടിലിലാണത് പ്രവർത്തിക്കുന്നത്, പുറത്ത് തൂക്കിയിട്ടിരിക്കുന്ന ചുവന്ന എഴുത്തുപെട്ടി മാത്രമാണ് ഒരേയൊരു അടയാളം.
പശ്ചിമ ബംഗാളിലെ 24 പർഗാന ജില്ലയിലെ 80 വർഷം പഴക്കമുള്ള ഈ പോസ്റ്റോഫീസ്, ഏഴ് പഞ്ചായത്തുകൾക്കാണ് സേവനം നൽകുന്നത്. സുന്ദർബനിൽ നാശം വിതച്ച ആയില, അംഫാൻ കൊടുങ്കാറ്റുകളെ അത്ഭുതകരമായിഅതിജീവിച്ചു ഈ ചെറിയ മൺകുടിൽ. പോസ്റ്റോഫീസിൽ സേവിംഗ്സ് അക്കൌണ്ടുള്ള അന്നാട്ടുകാരിൽ പലർക്കും ആശ്രയമാണ് ഈ പോസ്റ്റോഫീസ്. തിരിച്ചറിയൽ കാർഡഡടക്കമുള്ള അവരുടെ സർക്കാർ രേഖകൾ തപാൽവഴി എത്തുന്നത് ഇവിടെയാണ്.
മൂന്ന് നദികളാൽ വലയം ചെയ്യപ്പെട്ട ബ്ലോക്കാണ് ഗോസബ. വടക്കു-പടിഞ്ഞാറ് ഗോംതിയും, തെക്ക് ദൊത്തൊയും, കിഴക്ക് ഗാദാൽ. ലാക്ബഗാൻ ഗ്രാമത്തിൽ താമസക്കാരനായ ജയന്ത് മണ്ഡൽ പറയുന്നു, “(സർക്കാർ രേഖകൾ) കിട്ടാൻ ഈ ദ്വീപിൽ ഈ പോസ്റ്റോഫീസ് മാത്രമാണ് ഞങ്ങൾക്ക് ആശ്രയം.”
ഇപ്പോഴത്തെ പോസ്റ്റ് മാസ്റ്റർ നിരഞ്ജൻ മണ്ഡൽ ഇവിടെ ജോലി ചെയ്യാൻ തുടങ്ങിയിട്ട് 40 കൊല്ലം കഴിഞ്ഞു. അതിനുമുൻപ് അദ്ദേഹത്തിന്റെ അച്ഛനായിരുന്നു ഇവിടെ പോസ്റ്റ് മാസ്റ്റർ. ദിവസവും രാവിലെ നിരഞ്ജൻ മണ്ഡൽ വീട്ടിൽനിന്ന് കാൽനടയായി, അല്പദൂരം മാത്രമുള്ള ജോലിസ്ഥലത്തേക്ക് പോവും. പോസ്റ്റോഫീസിന്റെ തൊട്ടടുത്തുള്ള ചായക്കടയിൽ ദിവസവും മുഴുവൻ ആളുകൾ വരുകയും പോവുകയും ചെയ്യുന്നതുകൊണ്ട്, പോസ്റ്റോഫീസിൽ എപ്പോഴും വിരുന്നുകാരുണ്ടാവും.


ഇടത്ത്: പോസ്റ്റോഫീസിനടുത്തുള്ള നദീതീരം. വലത്ത്: ഗോസബ ബ്ലോക്കിലെ ഏഴ് പഞ്ചായത്തുകൾക്കായി സേവനം നടത്തുന്ന പോസ്റ്റോഫീസ് ഒരു മൺകുടിലിലാണ് പ്രവർത്തിക്കുന്നത്


ഇടത്ത് പോസ്റ്റ് മാസ്റ്റർ നിരഞ്ജൻ മണ്ഡലും പ്യൂൺ ബാബുവും. വലത്ത്: സേവിംഗ്സ് അക്കൌണ്ടുള്ള നാട്ടുകാർക്ക് ഈ പോസ്റ്റോഫീസ് മാത്രമാന് ആശ്രയം. സർക്കാർ രേഖകളൊക്കെ വരുന്നത് ഇവിടേക്കാണ്
59 വയസ്സുള്ള പോസ്റ്റ് മാസ്റ്ററുടെ ജോലി രാവിലെ 10 മണിക്ക് തുടങ്ങി 4 മണിക്ക് അവസാനിക്കും. സൌരോർജ്ജപാനലുകളുപയോഗിച്ചുള്ള വെളിച്ചമാണ് പോസ്റ്റോഫീസിൽ ഉപയോഗിക്കുന്നത്. മഴക്കാലത്ത് അത് ഉപകരിക്കില്ല. പാനലുകൾ പ്രവർത്തിക്കാത്തപ്പോൾ തൊഴിലാളികൾ മണ്ണെണ്ണ വിളക്ക് ഉപയോഗിക്കും. പോസ്റ്റോഫീസ് നോക്കിനടത്താൻ മാസത്തിൽ 100 രൂപ കിട്ടും. 50 രൂപ വാടകയ്ക്കും, 50 രൂപ സാധനങ്ങൾക്കും, നിരഞ്ജൻ പറയുന്നു.
നിരഞ്ജന്റെ കൂടെ ജോലി ചെയ്യുന്ന പ്യൂൺ ബാബുവിന്റെ ജോലി. സൈക്കിളിൽ കത്തുകൾ ഗ്രാമപഞ്ചായത്തിലെ വീടുകളിൽ കൊണ്ടുപോയി കൊടുക്കലാണ്.
ഏകദേശം അരനൂറ്റാണ്ട് സേവനം ചെയ്ത പോസ്റ്റോഫീസിൽനിന്ന് ഏതാനും വർഷങ്ങൾക്കുള്ളിൽ നിരഞ്ജൻ ബാബു വിരമിക്കും. “ഒരു നല്ല കെട്ടിടത്തിന്റെ പണി തുടങ്ങുന്നത് കാണാൻ കഴിയണം എന്നൊരു ആഗ്രഹം മാത്രമേയുള്ളു” അദ്ദേഹം പറയുന്നു.
ഈ കഥ തയ്യാറാക്കാൻ സഹായിച്ച ഊർണ റാവുത്തിനോട് റിപ്പോർട്ടർക്കുള്ള നന്ദി അറിയിക്കുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്