തന്റെ പേരിനൊപ്പം ഒരു വിശേഷണം കൂടി ചേർക്കാൻ ഹേമന്ത് കാവ്ലെ  എന്നെ നിർബധിക്കുകയാണ്.

"ഞാൻ അഭ്യസ്തവിദ്യനാണ്, തൊഴിൽരഹിതനാണ്...പിന്നെ അവിവാഹിതനും," താൻ ഉൾപ്പെടെയുള്ള യുവകർഷകരുടെ വിവാഹം നടക്കാതിരിക്കുന്ന അവസ്ഥയെ പരിഹാസരൂപേണ പരാമർശിച്ച് ആ 30 വയസ്സുകാരൻ പറയുന്നു.

"അഭ്യസ്തവിദ്യൻ, തൊഴിൽരഹിതൻ, അവിവാഹിതൻ." കാവ്ലെ ഓരോ വാക്കും ഊന്നിപ്പറയുന്നത് കേട്ട്, അദ്ദേഹം നടത്തുന്ന ചെറിയ പാൻ കടയിൽ ഒത്തുകൂടിയിരിക്കുന്ന, 30-കളുടെ മധ്യത്തിൽ പ്രായമുള്ള സൃഹുത്തുക്കൾ സങ്കോചത്തോടെ ചിരിക്കുന്നു. തങ്ങളുടെ താത്പര്യത്തിന് വിരുദ്ധമായി ഈ പ്രായത്തിലും അവിവാഹിതരായി തുടരേണ്ടിവരുന്നതിനുള്ള അമർഷവും നാണക്കേടും അവർ ആ ചിരിയിൽ ഒളിപ്പിക്കുന്നുണ്ട്. കാവ്ലെ പരിഹസിക്കുന്നത് തങ്ങളെക്കൂടിയാണെന്ന് അവർക്കറിയാം.

"ഇതാണ് ഞങ്ങളുടെ പ്രധാന പ്രശ്നം," സാമ്പത്തികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള കാവ്ലെ പറയുന്നു.

മഹാരാഷ്ട്രയുടെ കിഴക്കൻ പ്രദേശമായ വിദർഭയിലെ പരുത്തിക്കൃഷി പ്രബലമായ മേഖലയിലൂടെ കടന്നുപോകുന്ന യവത്മാൽ-ദാർവ റോഡിനോട് ചേർന്നുള്ള സെലോരി  ഗ്രാമത്തിലാണ് ഞങ്ങൾ. കാലങ്ങളായി കാർഷിക പ്രതിസന്ധിയുടെയും പുറത്തേയ്ക്കുള്ള കുടിയേറ്റത്തിന്റെയും നിഴലിലായ വിദർഭ പ്രദേശത്ത് കർഷക ആത്മഹത്യകൾ തുടർക്കഥയാണ്. സെലോരി ഗ്രാമചത്വരത്തിൽ കാവ്ലെ നടത്തുന്ന കടയുടെ തണലിൽ ഒരു കൂട്ടം യുവാക്കൾ അലസരായി സമയം പോക്കുന്നുണ്ട്. അവർ എല്ലാവരും ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയിട്ടുള്ളവരാണ്; അവർക്കെല്ലാം സ്വന്തം പേരിൽ കൃഷിഭൂമിയുണ്ട്; അവർ എല്ലാവരും തൊഴിൽരഹിതരാണ്; അവരെല്ലാം അവിവാഹിതരുമാണ്.

ആ യുവാക്കളിൽ മിക്കവരും പലപ്പോഴായി പൂനെ, മുംബൈ, നാഗ്പൂർ, അംരാവതി തുടങ്ങിയ വിദൂരനഗരങ്ങളിൽ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ തേടി പോയിട്ടുള്ളവരാണ്; ചിലർ കുറച്ച് നാൾ വളരെ തുച്ഛമായ ശമ്പളത്തിനു ജോലി ചെയ്തു; മറ്റു ചിലർ സംസ്ഥാന സംസ്ഥാന പബ്ലിക്ക് സർവീസ് കമ്മീഷന്റെയോ യൂണിയൻ പബ്ലിക്ക് സർവീസ് കമീഷന്റെയോ പരീക്ഷകളോ ജോലിക്ക് വേണ്ടിയുള്ള മറ്റ് പരീക്ഷകളോ എഴുതി പരാജയപ്പെട്ടു.

ഈ പ്രദേശത്തെയും ഒരുപക്ഷെ ഇന്ത്യയൊന്നാകെത്തന്നെയുമുള്ള മിക്ക യുവാക്കളെയും പോലെ കാവ്ലെയും ഒരു ജോലി ലഭിക്കണമെങ്കിൽ മികച്ച വിദ്യാഭ്യാസം നേടണമെന്ന ധാരണയിലാണ് വളർന്നുവന്നത്.

എന്നാൽ ഇപ്പോൾ, ഒരു വധുവിനെ കണ്ടെത്തണമെങ്കിൽ സ്ഥിരം ജോലി കൂടിയേ തീരൂ എന്നുകൂടി അദ്ദേഹം മനസ്സിലാക്കുകയാണ്.

തൊഴിൽ ലഭ്യത വിരളവും ശുഷ്കവുമാണെന്നിരിക്കെ, കാവ്ലെ ഗ്രാമത്തിൽ തന്റെ കുടുംബത്തിന് സ്വന്തമായുള്ള ഭൂമിയിൽ കൃഷി ചെയ്യുകയും അതിനൊപ്പം അധികവരുമാനത്തിനായി ചെറിയ ഒരു കട നടത്തുകയുമാണ്.

"ഞാൻ ഒരു പാൻ കട തുടങ്ങാൻ തീരുമാനിച്ചു; അതുകൂടാതെ എന്റെ ഒരു സുഹൃത്തിനോട് എന്റെ കടയോട് ചേർന്ന് ഒരു രസ്വന്തി (കരിമ്പിൻ ജ്യൂസ് വിൽക്കുന്ന കട) തുടങ്ങാനും മറ്റൊരു സുഹൃത്തിനോട് ചെറുകടികൾ വിൽക്കുന്ന കട തുടങ്ങാനും ആവശ്യപ്പെട്ടു. ഞങ്ങൾ മൂവരും ചേർന്നാൽ കുറച്ചെങ്കിലും കച്ചവടം നടത്താനാകുമെന്നാണ് എന്റെ പ്രതീക്ഷ," പരമ രസികനായ കാവ്ലെ പറയുന്നു. " പൂനെയിൽ ഒരു മുഴുവൻ ചപ്പാത്തി കഴിക്കുന്നതിലും നല്ലത് എന്റെ സ്വന്തം ഗ്രാമത്തിൽ അര ചപ്പാത്തി കഴിക്കുന്നതാണ്," അദ്ദേഹം പറയുന്നു.

PHOTO • Jaideep Hardikar

ഹേമന്ത് കാവ്ലെ (വലത്) മത്സരാധിഷ്ഠിത പരീക്ഷകളിൽ ഭാഗ്യം പരീക്ഷിക്കുകയും പൂനെയിലും മറ്റു നഗരങ്ങളിലുമുള്ള വ്യവസായശാലകളിൽ കുറച്ചുനാൾ തൊഴിലെടുക്കുകയും ചെയ്തതിന് ശേഷം, യവത്മാലിലെ ദാർവ തെഹ്‌സിലിലുള്ള സ്വഗ്രാമമായ സെലോറിയിൽ മടങ്ങിയെത്തി ഒരു പാൻ കട തുടങ്ങി. അദ്ദേഹവും സൃഹുത്ത് അങ്കുഷ് കാൻകിരഡും (ഇടത്) തങ്ങളുടെ കൃഷിഭൂമിയിൽനിന്നും വരുമാനം കണ്ടെത്തുന്നുണ്ട്. ഹേമന്ത് കാവ്ലെ എം.എ ബിരുദവും അങ്കുഷ് ദാർവയിൽനിന്ന് അഗ്രിക്കൾച്ചറിൽ ബിരുദവും നേടിയിട്ടുണ്ട്

മഹാരാഷ്ട്രയുടെ ഗ്രാമീണപ്രദേശങ്ങളിൽനിന്നുള്ള യുവാക്കൾ, വർഷങ്ങളായി തുടരുന്ന സാമ്പത്തിക പരാധീനതകൾക്കും പ്രതിസന്ധികൾക്കും പുറമേ, ഇന്നിപ്പോൾ ദൂരവ്യാപക പ്രത്യാഘാതങ്ങളുള്ള, പുതിയൊരു സാമൂഹികപ്രശ്നം കൂടി അഭിമുഖീകരിക്കുകയാണ്: അവരുടെ വിവാഹം വൈകുകയോ അവർ അവിവാഹിതരായി തുടരാൻ നിർബന്ധിക്കപ്പെടുകയോ ചെയ്യുന്നു. അങ്ങിനെ ജീവിതത്തിൽ തനിച്ചായി പോവുകയാണ് അവർ.

"എന്റെ അമ്മ എല്ലായ്പോഴും എന്റെ വിവാഹത്തെക്കുറിച്ച് ഓർത്ത് ആശങ്കയിലാണ്," കാവ്ലെയുടെ അടുത്ത സുഹൃത്തായ 31 വയസ്സുകാരൻ അങ്കുഷ് കാൻകിരഡ് പറയുന്നു. അഗ്രിക്കൾച്ചർ ബിരുദധാരിയായ അങ്കുഷിന്റെ പേരിൽ 2.5 ഏക്കർ ഭൂമിയുണ്ട്. "എനിക്ക് ഇത്രയും പ്രായമായിട്ടും വിവാഹം നടക്കുന്നില്ലല്ലോ എന്നാണ് അമ്മയുടെ ആധി," അദ്ദേഹം പറയുന്നു. എന്നാൽ തനിക്ക് വളരെ തുച്ഛമായ വരുമാനമേയുള്ളൂ എന്നതുകൊണ്ടുതന്നെ ആഗ്രഹമുണ്ടെങ്കിൽപ്പോലും താൻ വിവാഹം കഴിക്കില്ലെന്നും അങ്കുഷ് കൂട്ടിച്ചേർക്കുന്നു.

വിവാഹം എന്നത് ഈ പ്രദേശങ്ങളിലെ ഒരു പ്രധാന സാമൂഹിക കീഴ്വഴക്കമാണെന്ന് എല്ലാവരും പാരിയോട്‌ പല തരത്തിൽ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയുടെ കിഴക്കേ അറ്റത്തുള്ള, സാമ്പത്തികമായി പിന്നാക്കാവസ്ഥയിലുള്ള ഗോന്തിയ മുതൽ, പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ താരതമ്യേന സമ്പന്നമായ, കരിമ്പ് കൃഷി പ്രബലമായ പ്രദേശങ്ങളിൽവരെ, അംഗീകരിക്കപ്പെട്ട വിവാഹപ്രായം കഴിഞ്ഞും അവിവാഹിതരായി തുടരുന്ന സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള യുവജനങ്ങളെ നമുക്ക് കാണാനാകും.

ജീവിക്കുന്ന, മെച്ചപ്പെട്ട വിദ്യാഭ്യാസമുള്ള സമപ്രായക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ഇവർക്ക് സാമൂഹികമായി ഇടപഴകാനുള്ള സാമർഥ്യവും ആശയവിനിമയശേഷിയും കുറവാണെന്നതും ഒരു പ്രശ്നമാണ്.

2024 ഏപ്രിലിന്റെ തുടക്കം മുതൽ ഒരുമാസക്കാലം പാരി മഹാരാഷ്ട്രയുടെ ഗ്രാമീണ പ്രദേശങ്ങളിലുടനീളമുള്ള യുവതീയുവാക്കളെ നേരിട്ട് കണ്ട് അഭിമുഖം ചെയ്യുകയുണ്ടായി. അഭ്യസ്തവിദ്യരും ജീവിതത്തിൽ മുന്നേറണമെന്ന ഉത്ക്കടമായ ആഗ്രഹമുള്ളവരുമായ ഇക്കൂട്ടർ പക്ഷെ തങ്ങൾക്ക് യോജിച്ച ജീവിതപങ്കാളിയെ കണ്ടെത്താനാകാതെ നിരാശയിലും പരിഭ്രമത്തിലും ഭാവിയെച്ചൊല്ലിയുള്ള അനിശ്ചിതത്വത്തിലുമാണ് ഇപ്പോൾ കഴിയുന്നത്.

ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷനും (ഐ.എൽ.ഓ) ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ ഡെവലപ്മെന്റും (ഐ.എച്ച്.ഡി) സംയുക്തമായി പ്രസിദ്ധീകരിച്ച ഇന്ത്യ എംപ്ലോയ്‌മെന്റ് റിപ്പോർട്ട് 2024 പ്രകാരം, ഇന്ത്യയിലെ തൊഴിൽരഹിതരായ ജനവിഭാഗത്തിന്റെ ഏതാണ്ട് 83 ശതമാനം അഭ്യസ്തവിദ്യരായ യുവജനങ്ങളാണ്. ഇന്ത്യയിലെ തൊഴിൽരഹിതരായ യുവജനങ്ങളിൽ, സെക്കണ്ടറി വിദ്യാഭ്യാസമെങ്കിലും നേടിയിട്ടുള്ളവരുടെ എണ്ണം 2000-ൽ 35.2 ശതമാനമുണ്ടായിരുന്നത് 2022 ആയപ്പോഴേക്കും ഇരട്ടിയായി വർധിച്ച് 65.7 ശതമാനമായി മാറിയെന്ന് റിപ്പോർട്ട് പറയുന്നു.

"ഇന്ത്യയിലെ തൊഴിലാളിസമൂഹം കൃഷിമേഖലയിൽനിന്നകന്ന് പതിയെ കാർഷികേതര മേഖലകളിലേക്ക് നീങ്ങിയിരുന്ന പ്രവണത 2019-ലെ കോവിഡ് മഹാമാരിയ്ക്ക്  ശേഷം നേർവിപരീതമായി തിരിഞ്ഞു; കാർഷികമേഖലയിലെ തൊഴിൽലഭ്യതയും കൃഷിയുമായി ബന്ധപ്പെട്ട തൊഴിലുകൾ ചെയ്യുന്നവരുടെ എണ്ണവും വർദ്ധിച്ചുവരുന്നതായാണ് ഇന്ന് കാണാനാകുന്നത്" എന്ന് 342 പേജുള്ള റിപ്പോർട്ട് പറയുന്നു.

ഇന്ത്യയിൽ ലഭ്യമായിട്ടുള്ള തൊഴിലുകളിൽ ഭൂരിഭാഗവും സ്വയം തൊഴിലും താത്ക്കാലിക തൊഴിലുകളുമാണെന്ന് ഐ.എൽ.ഓ റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു. "തൊഴിലാളിസമൂഹത്തിന്റെ ഏതാണ്ട് 82 ശതമാനവും അനൗപചാരിക മേഖലകളിലാണ് ജോലി ചെയ്യുന്നതെന്ന് മാത്രമല്ല അവരിൽ 90 ശതമാനത്തോളം പേർ അനൗപചാരികമായാണ് നിയമിക്കപ്പെട്ടിരിക്കുന്നത്," റിപ്പോർട്ട് പറയുന്നു. പാനും കരിമ്പിൻ ജ്യൂസും ചെറുകടികളും വിൽക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സെലോറിയിലെ യുവാക്കൾ ഈ സ്ഥിതിയുടെ ദൃഷ്ടാന്തങ്ങളാണ്.

"2019-നുശേഷം തൊഴിൽമേഖലയിലുണ്ടായ വളർച്ചയുടെ പ്രകൃതം മൂലം, മൊത്തം തൊഴിലുകളിൽ അനൗപചാരിക മേഖലകളിലെ തൊഴിലുകളുടെ അനുപാതം വർധിച്ചിട്ടുണ്ട്." ചില്ലറ തൊഴിലാളികളുടെ വേതനം 2012-22 കാലഘട്ടത്തിൽ നേരിയ തോതിൽ വളർന്നുകൊണ്ടിരുന്നെങ്കിലും, സ്ഥിരം തൊഴിലാളികളുടെ യഥാർത്ഥ വേതനം മാറ്റമില്ലാതെ തുടരുകയോ കുറയുകയോ ആണ് ചെയ്തത്. സ്വയം തൊഴിലിൽ ഏർപ്പെടുന്നവരുടെ യഥാർത്ഥ വേതനവും 2019-നുശേഷം ക്ഷയിച്ചു. പൊതുവിൽ തൊഴിലാളികളുടെ വേതനം കുറഞ്ഞ നിലയിൽ തുടരുന്നു എന്ന് വേണം പറയാൻ. 2022-ലെ ദേശീയതലത്തിലുള്ള കണക്കുകൾ പരിശോധിച്ചാൽ, കാർഷികമേഖലയിൽ ജോലി ചെയ്യുന്ന ചില്ലറ തൊഴിലാളികളിൽ 62 ശതമാനത്തിനും കെട്ടിടനിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്ന ചില്ലറ തൊഴിലാളികളിൽ 70 ശതമാനത്തിനും നിയമം വഴി നിർണ്ണയിച്ചിട്ടുള്ള കുറഞ്ഞ വേതനം ലഭിച്ചിട്ടില്ല എന്നതാണ് വാസ്തവം.

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

ഇടത്ത്: രാമേശ്വർ കാൻകിരഡ് അധിക വരുമാനം കണ്ടെത്താനായി പാൻ കടയ്ക്ക് സമീപത്തുതന്നെ ഒരു രസ്വന്തി (കരിമ്പിൻ ജ്യൂസ് വിൽക്കുന്ന കട) തുടങ്ങിയിരിക്കുകയാണ്. കാവ്ലെയുടെ സുഹൃത്തുക്കളിൽ ഏറ്റവും ഇളയവനായ രാമേശ്വർ വിവാഹം കഴിക്കുന്നില്ലെന്ന തീരുമാനത്തിലാണ്; കൃഷിയിൽനിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനംകൊണ്ട് ഒരു കുടുംബം പോറ്റാൻ കഴിയില്ലെന്നതിനാലാണത്. വലത്ത്: രാമേശ്വർ, കരിമ്പ് ജ്യൂസ് തയ്യാറാക്കുന്ന യന്ത്രം പ്രവർത്തിപ്പിക്കുന്നു. കാവ്ലെയും (കള്ളി ഷർട്ട്) അങ്കുഷും (ബ്രൗൺ ഷർട്ട്) അദ്ദേഹത്തിന്റെ പുറകിൽ നിൽക്കുന്നതും കാണാം

*****

സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്.

യുവാക്കൾ അനുയോജ്യരായ വധുക്കളെ കണ്ടെത്താൻ പാടുപെടുമ്പോൾ, ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള, അഭ്യസ്തവിദ്യരായ യുവതികൾ സ്ഥിരം ജോലിയുള്ള, അനുയോജ്യരായ വരന്മാരെ കണ്ടെത്താൻ അത്രതന്നെ കഷ്ടപ്പെടുകയാണ്.

സെലോറി ഗ്രാമത്തിൽനിന്നുള്ള, ബി.എ പൂർത്തിയാക്കിയിട്ടുള്ള ഒരു യുവതി (സ്വന്തം പേര് വെളിപ്പെടുത്താൻ താത്പര്യപ്പെടാതിരുന്ന അവർ തനിക്ക് യോജിച്ച വരനെക്കുറിച്ചുള്ള സങ്കല്പം ഏറെ സങ്കോചത്തോടെയാണ് വിവരിച്ചത്) പറയുന്നത് ഇങ്ങനെയാണ്: "കൃഷിപ്പണി ചെയ്ത് ജീവിതം ഹോമിക്കുന്നതിനേക്കാൾ സ്ഥിരം ജോലിയുള്ള ഒരാളെ വിവാഹം കഴിച്ച് നഗരത്തിൽ താമസിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്."

എന്നാൽ, തന്റെ ഗ്രാമത്തിലെ മറ്റു പെൺകുട്ടികൾ സ്വസമുദായത്തിൽനിന്നുതന്നെയുള്ള, നഗരങ്ങളിൽ സ്ഥിരം സർക്കാർ ജോലികൾ ചെയ്യുന്ന വരന്മാരെ കണ്ടെത്താൻ  നടത്തിയ ശ്രമങ്ങളുടെ വെളിച്ചത്തിൽ, തന്റെ ആഗ്രഹം അത്ര എളുപ്പത്തിൽ പൂർത്തിയാകില്ലെന്ന് അവർ പറയുന്നു.

മഹാരാഷ്ട്രയിലുടനീളം, ജാതി, വർഗ്ഗ വ്യത്യാസമില്ലാതെ ഈ പ്രവണത ദൃശ്യമാണ്; ഭൂവുടമകളായ, മറ്റു പിന്നാക്കവിഭാഗങ്ങളിൽത്തന്നെയുള്ള ഉയർന്ന ജാതിക്കാരുടെയും മറാത്തകൾപോലുള്ള പ്രബല സമുദായങ്ങളുടെയും ഇടയിൽ പ്രത്യേകിച്ചും.

യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മയോ തൊഴിലിനുവേണ്ട യോഗ്യതയില്ലായ്‌മയോ വിവാഹം നടക്കുന്നതിലെ കാലതാമസമോ ഈ പ്രദേശങ്ങളിൽ പുതിയ കാര്യമല്ല, എന്നാൽ ഈ സാമൂഹികപ്രശ്നത്തിന്റെ വ്യാപ്തി സമീപകാലത്ത് അപകടകരമാംവിധം വർധിച്ചിട്ടുണ്ടെന്ന് മുതിർന്ന കർഷകർ പറയുന്നു.

"അനുയോജ്യരായ വധൂവരന്മാരെ പരസ്പരം കൂട്ടിയിണക്കുന്ന ജോലി ചെയ്തിരുന്ന ആളുകളും ഇപ്പോൾ അതിന് മടിക്കുകയാണ്," സെലോറിയിലെ മുതിർന്ന കർഷകനായ ഭാഗ്വന്ത കാൻകിരഡ് പറയുന്നു. അദ്ദേഹത്തിന്റെ രണ്ടു സഹോദരപുത്രന്മാരും ഒരു സഹോദരപുത്രിയും യോജിച്ച പങ്കാളികളെ കണ്ടെത്താൻ കഴിയാത്തതിനാൽ അവിവാഹിതരായി തുടരുകയാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി അദ്ദേഹം തന്റെ സമുദായത്തിലെ വിവാഹപ്രായമെത്തിയ യുവജനങ്ങൾക്ക് അനുയോജ്യരായ വധൂവരന്മാരെ കണ്ടുപിടിച്ചുകൊടുക്കുന്നുണ്ട്. എന്നാൽ താനിന്ന് കടുത്ത ആശയക്കുഴപ്പത്തിലാണെന്ന് അദ്ദേഹം പറയുന്നു.

"കുടുംബത്തിൽ നടക്കുന്ന വിവാഹങ്ങളിൽ ഞാൻ ഇപ്പോൾ പങ്കെടുക്കാറില്ല," 32 വയസ്സുള്ള യോഗേഷ് റൗട്ട് പറയുന്നു. ബിരുദാനന്തര ബിരുദധാരിയായ യോഗേഷിന് സ്വന്തമായി ജലസേചനസൗകര്യമുള്ള പത്തേക്കർ കൃഷിയിടമുണ്ട്. "എന്തെന്നാൽ ഞാൻ ഓരോ കല്യാണത്തിന് പോകുമ്പോഴും, ആളുകൾ എന്നോട് എപ്പോഴാണ് എന്റെ വിവാഹമെന്ന് ചോദിക്കും," അദ്ദേഹം പറയുന്നു. "അത് കേൾക്കുമ്പോൾതന്നെ എനിക്ക് ദേഷ്യവും നാണക്കേടും തോന്നും."

ഈ യുവാക്കളുടെയെല്ലാം വീടുകളിൽ അവരുടെ രക്ഷിതാക്കൾ കടുത്ത ആശങ്കയിലാണ്. എന്നാൽ തനിക്ക് ലഭിക്കുന്ന തീർത്തും തുച്ഛമായ വരുമാനംകൊണ്ട് ഒരു കുടുംബം പോറ്റാൻ കഴിയില്ലെന്നതിനാൽ, അനുയോജ്യയായ ഒരു വധുവിനെ ലഭിച്ചാൽപ്പോലും താൻ വിവാഹം കഴിക്കില്ലെന്നാണ് റൗട്ട് പറയുന്നത്.

"കൃഷിയിൽനിന്നുള്ള വരുമാനംകൊണ്ട് ജീവിതം മുന്നോട്ട് കൊണ്ടുപോകുക അസാധ്യമാണ്," അദ്ദേഹം പറയുന്നു. ഇതുകൊണ്ടുതന്നെയാണ് ഈ ഗ്രാമത്തിലെ മിക്ക കുടുംബങ്ങളും, കൃഷിയിൽനിന്നുള്ള വരുമാനം മാത്രം ആശ്രയിച്ച് കഴിയുന്നവരോ ഗ്രാമങ്ങളിൽ താമസിക്കുന്നവരോ ആയ ചെറുപ്പക്കാർക്ക് അവരുടെ പെണ്മക്കളെ  വിവാഹം കഴിച്ചുകൊടുക്കാൻ താത്പര്യപ്പെടാത്തത്. നഗരങ്ങളിൽ സ്ഥിരം സർക്കാർ ജോലിയുള്ളവരോ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരോ സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവരോ ആയ യുവാക്കളെയാണ് അവർക്ക് പ്രിയം.

എന്നാൽ ഇന്ന് സ്ഥിരം ജോലികളുടെ ലഭ്യത വളരെ വിരളവും ചുരുക്കവുമാണെന്നതാണ് പ്രശ്നം.

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

ഇടത്ത്: 'സ്ഥിരവരുമാനമില്ലാതെ കുടുംബം പോറ്റുക അസാധ്യമാണ്,' കർഷകനായ യോഗേഷ് റൗട്ട് പറയുന്നു. വിവാഹം എപ്പോഴാണെന്ന് ആളുകൾ നിരന്തരം ചോദിക്കുന്നത് കേട്ട് മനം മടുത്ത് അദ്ദേഹം ഇപ്പോൾ കുടുംബത്തിൽ നടക്കുന്ന വിവാഹങ്ങളിൽ പങ്കെടുക്കാറില്ല. വലത്ത്: ഹേമന്തും അങ്കുഷും അവരുടെ പാൻ കടയിൽ

കടുത്ത ജലദൗർലഭ്യം അനുഭവപ്പെടുന്ന മറാത്ത്വാഡാ പ്രദേശത്ത്, ക്ഷാമമേഖലകളിൽനിന്നുള്ള പുരുഷന്മാർക്ക് ഒന്നുകിൽ വധുക്കളെ കണ്ടെത്താനുള്ള ശ്രമം ഉപേക്ഷിക്കുകയോ അല്ലെങ്കിൽ വിവാഹം നടക്കാൻവേണ്ടി വെള്ളമോ ജോലിയോ (അഥവാ അത് രണ്ടും) ഉള്ള നഗരങ്ങളിലേക്ക് താമസം മാറേണ്ടിവരികയോ ചെയ്യേണ്ട സാഹചര്യമാണെന്നാണ് പല അഭിമുഖങ്ങളിൽനിന്നും പാരി മനസ്സിലാക്കിയത്.

ഈ പ്രദേശങ്ങളിൽ സ്ഥിരവരുമാനമുള്ള ജോലികൾ കണ്ടെത്താൻ പ്രയാസമാണെന്ന് മാത്രമല്ല കൃഷിയിൽനിന്നുള്ള വരുമാനം ഇടിയുന്ന വേനൽക്കാലമാസങ്ങളിൽ അധികവരുമാനം സമ്പാദിക്കാൻ ഉതകുന്ന അർത്ഥപൂർണമായ തൊഴിലവസരങ്ങളും കുറവാണ്.

"വേനൽക്കാലത്ത് കൃഷിപ്പണികൾ ഒന്നും ഉണ്ടാകില്ല," ഗ്രാമത്തിലുള്ള പത്തേക്കർ ഭൂമിയിൽ  മഴയെ ആശ്രയിച്ച് കൃഷി നടത്തുന്ന കാവ്ലെ പറയുന്നു. അതേസമയം അദ്ദേഹത്തിന്റെ ചില സുഹൃത്തുക്കൾ കിണറുകളിൽനിന്നും കുഴൽക്കിണറുകളിൽനിന്നും ലഭിക്കുന്ന വെള്ളം ഉപയോഗിച്ച് ഓക്ര പോലെയുള്ള സീസണൽ പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ട്. എന്നാൽ അതിൽനിന്നുള്ള വരുമാനം വളരെ കുറവാണ്.

"ഞാൻ പുലർച്ചെ 2 മണിക്ക് എഴുന്നേറ്റതാണ്; അതിരാവിലെ കൃഷിയിടത്തിൽനിന്ന് ഓക്ര പറിച്ച് അത് വിൽക്കാൻ ഞാൻ ദാർവയിലേയ്ക്ക് പോയി; 20 കിലോ ഓക്രയ്ക്ക് വെറും 150 രൂപയാണ് എനിക്ക് ലഭിച്ചത്," അജയ് ഗാവണ്ടേ രോഷത്തോടെ പറയുന്നു.  ബി.എ ബിരുദവും സ്വന്തമായി എട്ടേക്കർ കൃഷിഭൂമിയുമുള്ള ഗാവണ്ടേ അവിവാഹിതനാണ്. "ഓക്ര പറിക്കാൻ തൊഴിലാളികൾക്ക് കൂലിയായി കൊടുത്ത 200 രൂപ പോലും എനിക്ക് ഇന്ന് തിരികെ ലഭിച്ചിട്ടില്ല," അദ്ദേഹം പറയുന്നു.

ഈ പ്രശ്‌നങ്ങൾക്കെല്ലാം പുറമേ കൃഷിയിടത്തിൽ മൃഗങ്ങൾ നാശനഷ്ടങ്ങൾ വരുത്തുകകൂടി ചെയ്യുമ്പോൾ പ്രതിസന്ധി കടുക്കുന്നു. സെലോറിയിൽ കുരങ്ങന്മാരുടെ ശല്യം രൂക്ഷമാണെന്ന് ഗാവണ്ടേ പറയുന്നു. കുറ്റിക്കാടുകളിൽ വന്യമൃഗങ്ങൾക്ക് വേണ്ടത്ര വെള്ളമോ ഭക്ഷണമോ ലഭിക്കാതെ വരുമ്പോൾ, അവയ്ക്ക് കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയല്ലാതെ വേറെ വഴിയില്ലാതാകുന്നു. "അവ ഒരു ദിവസം എന്റെ കൃഷിയിടം നശിപ്പിക്കും, അടുത്ത ദിവസം വേറൊരാളുടെ കൃഷിയിടത്തിൽ കയറും, എന്ത് ചെയ്യാനാണ്?"

തിരളെ-കുൻബി എന്ന പ്രബലസമുദായത്തിലെ (മറ്റ് പിന്നാക്കവിഭാഗം) അംഗമായ കാവ്ലെ, ദാർവയിൽ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം പൂനെയിൽ ജോലി തേടി പോയിരുന്നു. അവിടെ ഒരു സ്വകാര്യ കമ്പനിയിൽ കുറച്ച് നാൾ 8,000 രൂപ മാസശമ്പളത്തിന് ജോലി ചെയ്‌തെങ്കിലും, വരുമാനം തീരെ കുറവായതിനാൽ അദ്ദേഹം നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. അതിനുശേഷം, ഒരു അധിക വൈദഗ്ധ്യം സമ്പാദിക്കാനായി അദ്ദേഹം വെറ്ററിനറി സർവീസസിൽ ഒരു സർട്ടിഫിക്കറ്റ് കോഴ്സ് ചെയ്തു. എന്നാൽ  അതുകൊണ്ട് ഒരു ഗുണവുമുണ്ടായില്ല. പിന്നീട് അദ്ദേഹം ഫിറ്റർ ജോലി ചെയ്യാനുള്ള സാങ്കേതിക പരിജ്ഞാനം നേടാൻ ഒരു ഡിപ്ലോമാ കോഴ്സ് ചെയ്‌തെങ്കിലും അതും വെറുതെയായി.

ഇതിനിടെ, ബാങ്കിലും റെയിൽവേയിലും പോലീസ് വകുപ്പിലും സർക്കാർ സർവീസിൽ ക്ലാർക്കായുമെല്ലാം ജോലി ലഭിക്കാൻ കാവ്ലെ നിരവധി പരീക്ഷകൾക്ക് തയ്യാറെടുക്കുകയും  എഴുതുകയും ചെയ്യുന്നുണ്ടായിരുന്നു.

ഒടുവിൽ കാവ്ലെ പരാജയം സമ്മതിച്ചു. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഇത് ശരിവച്ച് തല കുലുക്കുന്നു. ഇത് അവരുടെ കൂടി കഥയാണ്.

PHOTO • Jaideep Hardikar
PHOTO • Jaideep Hardikar

ഇടത്ത്: സെലോറിയിലെ പ്രധാന ഗ്രാമചത്വരം. വലത്ത്: യവത്മാലിലെ ത്രിഝാടയിൽ, 30-കളിലെത്തിയ യുവാക്കൾ ഗ്രാമത്തലവൻ സ്ഥാപിച്ച പഠനകേന്ദ്രത്തിൽ സർക്കാർ നടത്തുന്ന മത്സര പരീക്ഷകൾക്കായി പരിശീലിക്കുന്നു. ബിരുദധാരികളോ ബിരുദാനന്തര ബിരുദധാരികളോ ആയ ഈ യുവാക്കൾക്കാർക്കും യോജ്യരായ വധുക്കളെ കണ്ടെത്താനായിട്ടില്ല

പൊതുതിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടം നടക്കുന്ന ഏപ്രിൽ 26-നാണ് പടിഞ്ഞാറൻ വിദർഭയിലെ യവത്മാൽ-വാഷിം ലോക്സഭാ മണ്ഡലത്തിൽ പോളിങ് നടക്കുന്നത്. വോട്ടെടുപ്പിന് കഷ്ടി മൂന്ന് ദിവസംമാത്രം ശേഷിക്കേ, സമൂലമായ മാറ്റത്തിനുവേണ്ടിയാണ് ഇത്തവണ തങ്ങൾ വോട്ട് ചെയ്യുന്നതെന്ന് എല്ലാവരും ഉറച്ച സ്വരത്തിൽ ആവർത്തിക്കുന്നു. ശിവസേനയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലാണ് ഈ മണ്ഡലത്തിൽ മത്സരം – സേന - ഉദ്ധവ് താക്കറെ പക്ഷം സഞ്ജയ് ദേശ്മുഖിനെ മത്സരിപ്പിക്കുമ്പോൾ ഏക്നാഥ് ഷിൻഡെയുടെ സേന രാജശ്രീ പാട്ടീലിനെയാണ് കളത്തിലിറക്കിയിരിക്കുന്നത്.

ഉദ്ധവ് വിഭാഗം കോൺഗ്രസ്സുമായും എൻ.സി.പിയുമായും സഖ്യത്തിൽ ഏർപ്പെട്ടിട്ടുള്ളതിനാൽ, ദേശ്മുഖിനെയാണ് യുവാക്കൾ പിന്തുണയ്ക്കുന്നത്. വിദർഭ പരമ്പരാഗതമായി കോൺഗ്രസിന്റെ ശക്തികേന്ദ്രമായ പ്രദേശമാണ്.

"വെറുതെ വാചകമടിക്കുകയല്ലാതെ അയാൾ വേറെന്താണ് ചെയ്തിട്ടുള്ളത്?" കാൻകിരഡ് സംഭാഷണത്തിൽ ഇടപെടുന്നു; അദ്ദേഹത്തിന്റെ ശബ്ദത്തിൽ രോഷം അലയടിക്കുന്നുണ്ട്. ഈ പ്രദേശത്തുകാരുടെ സവിശേഷതയായ, മൂർച്ചയുള്ള പരിഹാസം തുളുമ്പുന്ന തനത് വർഹാദി ഭാഷാഭേദത്തിലാണ് അദ്ദേഹം സംസാരിക്കുന്നത്.

ആരെക്കുറിച്ചാണ് പറയുന്നത്? ഞങ്ങൾ ചോദിച്ചു. ആരാണ് ഒന്നും ചെയ്യാതെ വെറുതെ വാചകമടിക്കുന്നത്?

അവർ വീണ്ടും ചിരിക്കുന്നു. "നിങ്ങൾക്കറിയാമല്ലോ," എന്ന് പറഞ്ഞ് കാവ്ലെ നിശബ്ദനായി.

അവരുടെ പരിഹാസമുന നീളുന്നത് ഇന്ത്യൻ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയുടെ നേർക്കാണ്; അദ്ദേഹം തന്റെ വാഗ്ദാനങ്ങൾ ഒന്നും ന്നെ നിറവേറ്റിയിട്ടില്ലെന്നാണ് അവർ കരുതുന്നത്. 2014-ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന്റെ ഭാഗമായി, മോദി സെലോറിയ്ക്ക് സമീപം ദാർവയിലുള്ള ഒരു ഗ്രാമത്തിൽ ചായ്-പെ-ചർച്ച എന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. അവിടെവെച്ച്, കർഷകരെ കടത്തിൽനിന്ന് മുക്തരാക്കുമെന്നും പരുത്തിക്കും സോയാബീനിനും ഉയർന്ന വില ഉറപ്പാക്കുമെന്നും ഈ പ്രദേശത്ത് ചെറുകിട വ്യവസായശാലകൾ തുടങ്ങുമെന്നും അദ്ദേഹം അനൗപചാരികമായി ഉറപ്പ് നൽകുകയും ചെയ്തിരുന്നു.

മോദി തന്റെ വാക്ക് പാലിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് 2014-ലും 2019-ലും ഇവിടെയുള്ളവർ  ബി.ജെ.പിക്ക് വോട്ട് ചെയ്തത്. 2014-ൽ അവർ ഒരു മാറ്റത്തിനുവേണ്ടി വോട്ട് ചെയ്യുകയും കേന്ദ്രം ഭരിച്ചിരുന്ന, കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരിനെ താഴെയിറക്കുകയും ചെയ്തു. എന്നാൽ ഇന്ന്, മോദിയുടെ വാഗ്ദാനങ്ങൾ അകം പൊള്ളയായ ബലൂണുകൾപോലെയാണെന്ന് അവർ തിരിച്ചറിഞ്ഞിരിക്കുന്നു.

ഈ യുവാക്കളിൽ പലരും അന്ന് കന്നി വോട്ടർമാരായിരുന്നു. തങ്ങൾക്ക് ജോലി ലഭിക്കുമെന്നും സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമെന്നും കൃഷി ലാഭകരമാകുമെന്നെല്ലാം അവർ പ്രതീക്ഷ പുലർത്തിയിരുന്നു. മോദിയുടെ വാക്കുകൾ വിശ്വാസയോഗ്യവും സുദൃഢവുമായി അനുഭവപ്പെട്ടതിനാൽ, അക്കാലത്ത് ആ പ്രദേശങ്ങളിലാകെ ദൃശ്യമായ പ്രവണത പിന്തുടർന്ന് ഇവിടത്തെ ഹതാശരായ കർഷകരും അദ്ദേഹത്തിന് വോട്ട് ചെയ്യുകയാണുണ്ടായത്.

എന്നാൽ പത്ത് വർഷത്തിനുശേഷവും, പരുത്തിയുടേയും സോയാബീനിന്റേയും വില പഴയ നിലയിൽത്തന്നെ തുടരുകയാണ്. അതേസമയം കൃഷി ഇറക്കാനുള്ള ചിലവുകൾ രണ്ടും മൂന്നും ഇരട്ടിയായി വർധിക്കുകയും ചെയ്തിരിക്കുന്നു. വിലക്കയറ്റം കുടുംബബഡ്ജറ്റിന്റെ താളം തെറ്റിച്ചിരിക്കുന്നു. ഇതിനോടൊപ്പം തൊഴിൽ ലഭ്യത കുറവായതും ഒരിടത്തും അവസരം ലഭിക്കാത്തതുമെല്ലാം യുവജനങ്ങൾക്കിടയിൽ ആശങ്കയും മാനസിക സംഘർഷവും പടർത്തുകയാണ്.

കാർഷികവൃത്തിയിൽനിന്നുള്ള മോചനം സ്വപ്നം കണ്ടിരുന്ന ഈ യുവാക്കളെ സാഹചര്യങ്ങൾ വീണ്ടും അതേ തൊഴിലിലേയ്ക്കുതന്നെ തള്ളിവിടുകയാണ്. സെലോറി ഉൾപ്പെടെയുള്ള മഹാരാഷ്ട്രയുടെ ഗ്രാമപ്രദേശങ്ങളിൽനിന്നുള്ള യുവാക്കൾ, അവരുടെ ആശങ്കകൾ പ്രതിഫലിക്കുന്ന, കുറിയ്ക്ക് കൊള്ളുന്ന പരിഹാസധ്വനിയോടെ ഒരു പുതിയ ആപ്തവാക്യം നമുക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്: 'പണിയില്ലെങ്കിൽ പെണ്ണില്ല!"

പരിഭാഷ: പ്രതിഭ ആര്‍. കെ .

Jaideep Hardikar

Jaideep Hardikar is a Nagpur-based journalist and writer, and a PARI core team member.

Other stories by Jaideep Hardikar
Editor : Priti David

Priti David is the Executive Editor of PARI. She writes on forests, Adivasis and livelihoods. Priti also leads the Education section of PARI and works with schools and colleges to bring rural issues into the classroom and curriculum.

Other stories by Priti David
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.