"ഞങ്ങൾ ഡൽഹിയിൽനിന്ന് തിരികെ വന്നിട്ട് രണ്ട് വർഷത്തിൽ കൂടുതലായി. ഞങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കുമെന്നാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്, എന്നാൽ ആ ആവശ്യങ്ങൾ ചർച്ച ചെയ്യാൻ ഞങ്ങൾ കർഷകരെ ആരും ഇക്കാലമത്രയും വിളിച്ചിട്ടില്ല," പഞ്ചാബിലെ സംഗ്രൂർ ജില്ലയിൽ താമസിക്കുന്ന 60 വയസ്സുകാരി ചരൺജീത്ത് കൗർ പറയുന്നു. ചരൺജീത്തും കുടുംബവും സ്വന്തമായുള്ള രണ്ടേക്കർ നിലത്ത് ഗോതമ്പും നെല്ലും വീട്ടാവശ്യത്തിനുള്ള കുറച്ച് പച്ചക്കറിയും കൃഷി ചെയ്യുന്നുണ്ട്. "എല്ലാ കർഷകരുടെയും അവകാശങ്ങൾക്ക് വേണ്ടിയാണ് ഞങ്ങൾ പൊരുതുന്നത്," അവർ കൂട്ടിച്ചേർക്കുന്നു.
ചരൺജീത്തും സുഹൃത്തും അയൽവാസിയുമായ ഗുർമീത് കൗറും ഒരു കൂട്ടം സ്ത്രീകൾക്കൊപ്പം പട്യാല ജില്ലയിലെ ശംഭു അതിർത്തിയിൽ തമ്പടിച്ചിരിക്കുകയാണ്. അസ്തമന സൂര്യന്റെ ഇളം ചൂടുള്ള രശ്മികൾ അവർക്ക് മേൽ പതിക്കുന്നു. "അവർ (സർക്കാർ) ഞങ്ങളെ ഡൽഹിയിലേക്ക് പോകാൻ പോലും സമ്മതിച്ചില്ല," ഗുർമീത് പറയുന്നു. പ്രതിഷേധിക്കുന്ന കർഷകർ ഡൽഹിയിൽ എത്തുന്നത് തടയാനായി ഹരിയാന-പഞ്ചാബ് അതിർത്തികളിലെ റോഡുകളിലും പിന്നെ ഡൽഹി-ഹരിയാന അതിർത്തികളിലും പല നിരകളിലായി സ്ഥാപിച്ചിട്ടുള്ള, കോൺക്രീറ്റ് ചുവരുകൾ, ഇരുമ്പാണികൾ, കമ്പിവേലികൾ ഉൾപ്പെടെയുള്ള പ്രതിബന്ധങ്ങളെയാണ് അവർ പരാമർശിക്കുന്നത്. വായിക്കുക : 'ശംഭു അതിർത്തിയിൽ തടവിലായപോലെയാണ് എനിക്ക് അനുഭവപ്പെടുന്നത്.'
സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശ പ്രകാരം വിളകൾക്കുള്ള താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നൽകുക, കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും കടം പൂർണ്ണമായും എഴുതിത്തള്ളുക, ലഖിംപൂർ ഖേരി കൂട്ടക്കൊലയിൽ ബാധിക്കപ്പെട്ട കർഷകർക്ക് നീതി ഉറപ്പാക്കുക, അതിനുത്തരവാദികളായ കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ ഏർപ്പെടുത്തുക, 2020-21-ലെ കർഷകസമരത്തിൽ രക്തസാക്ഷികളായ കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുക എന്നിങ്ങനെ തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കേന്ദ്രസർക്കാർ തീർത്തും പരാജയപ്പെട്ടുവെന്ന് ഇവിടെ ഒത്തുചേർന്നിരിക്കുന്ന കർഷകർ ആരോപിക്കുന്നു.
ഏതാനും ആഴ്ച്ചകൾക്ക് മുൻപ്, ഫെബ്രുവരി 13-നു, കർഷകർ തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിക്കാനായി ദേശീയ തലസ്ഥാനത്തേക്ക് സമാധാനപരമായി പ്രകടനം തുടങ്ങിയപ്പോൾ, അവർ മുന്നോട്ട് പോകുന്നത് തടയാനായി ഹരിയാന പോലീസ് അവർക്കുനേരെ കണ്ണീർ വാതകം, ജലപീരങ്കി, പെല്ലറ്റ് ഗണ്ണിൽനിന്നുള്ള റബ്ബർ ബുള്ളറ്റുകൾ തുടങ്ങിയവ പ്രയോഗിക്കുകയുണ്ടായി.










