വീട്ടിൽ വിടാമെന്ന്‌ ആ ഡ്രൈവർ അവൾക്ക്‌ വാക്കുനൽകിയിരുന്നു, പക്ഷേ കാറിന്റെ സഞ്ചാരം എതിർദിശയിലായിരുന്നു. ഹൈവേയിലെ ആദ്യ യൂടേൺ എടുക്കാതെ ഡ്രൈവർ മുന്നോട്ടുപോയപ്പോൾ തെറ്റുപറ്റിയതാകാമെന്നായിരുന്നു നേഹ കരുതിയത്‌. എന്നാൽ രണ്ടാമതും യൂടേൺ എടുക്കാതെ പോയപ്പോൾ ആ 15- കാരിയിൽ സംശയമുണർന്നു. മൂന്നാമതും അതുതന്നെ സംഭവിച്ചപ്പോൾ അവൾക്ക്‌ പരിഭ്രമമായി. കണ്ണുകൾ നിറഞ്ഞൊഴുകി; അവൾക്ക്‌ വയ്യാതെയായി.

ആകെ ഭയപ്പെട്ട അവൾ മാതാപിതാക്കളെ കാണണമെന്നാവശ്യപ്പെട്ട് നിലവിളിച്ചു. കാറിൽ തൊട്ടടുത്തിരുന്ന സ്ത്രീയും ഡ്രൈവറും അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു

എന്നാൽ ഉള്ളിന്റെയുള്ളിൽ അവൾക്കറിയാമായിരുന്നു താൻ വലിയ അപകടത്തിൽ‌പ്പെട്ടുവെന്ന്. വീടുപേക്ഷിക്കാനുള്ള തീരുമാനം പെട്ടെന്നെടുത്ത ഒന്നായിരുന്നു. അതിലവൾ ഖേദിക്കാൻ തുടങ്ങി.

അവൾ കൂടുതൽ സമയം ഫോണിൽ ചെലവഴിക്കുന്നുവെന്നും പഠിക്കുന്നില്ലെന്നും പറഞ്ഞ് അച്ഛനമ്മമാരും അവളും തമ്മിൽ ഈവർഷമാദ്യം മേയ് മാസത്തിൽ തർക്കമുണ്ടായി. നേഹയുടെ ഫോൺ അവർ പിടിച്ചുവച്ചതോടെയാണ്‌ അന്ന്‌ ആ തർക്കം അവസാനിച്ചത്‌.

“അവരെന്റെ ഫൊൺ എടുത്തുമാറ്റിയതിൽ ഞാൻ വലിയ ദേഷ്യത്തിലായിരുന്നു,” കണ്ണിൽ നോക്കാതെ അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു, “അവരിൽനിന്ന്‌ ദൂരെപോകണമെന്നുമാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ”.

അങ്ങനെയവൾ രാവിലെ ആറുമണിക്ക്‌ വീടുവിട്ടിറങ്ങി. വീടിനടുത്തെ ഇടുങ്ങിയ വഴികളിലൂടെ ഹൈവേയിലെത്തി. മാതാപിതാക്കളോടുള്ള ദേഷ്യത്തിൽ ഒരുപാട്‌ ദൂരം പിന്നിട്ടെന്ന്‌ തിരിച്ചറിഞ്ഞപ്പോളേക്കും അവൾ ഹൈവേയിലൂടെ 78 കിലോമീറ്റർ താണ്ടിക്കഴിഞ്ഞിരുന്നു. അപ്പോളേക്കും ഇരുട്ടായിക്കഴിഞ്ഞു. കഠിനമായ ദാഹം തോന്നി, എന്നാൽ ഒരുകുപ്പി വെള്ളം വാങ്ങാനുള്ള പണംപോലും അപ്പോൾ അവളുടെ കൈയ്യിലുണ്ടായിരുന്നില്ല.

ഒരു കറുത്ത സെഡാൻ കാർ അപ്പോൾ അവൾക്ക്‌ മുന്നിൽ വന്നുനിന്നു. “കാർ ഒരു പുരുഷനാണ് ഓടിച്ചിരുന്നത്. പിറകിൽ ഒരു സ്‌ത്രീയുമുണ്ടായിരുന്നു,” നേഹ ഓർത്തെടുത്തു. കാറിലുണ്ടായിരുന്ന സ്‌ത്രീ ഗ്ലാസ്‌ താഴ്‌ത്തി വീട്ടിലേക്ക്‌ കൊണ്ടുവിടണമോ എന്ന്‌ ചോദിച്ചു. “അവരെ കണ്ടപ്പോൾ നല്ല ആളുകളാണെന്ന് തോന്നി. അത്രയും ദൂരം തിരികെ നടക്കാൻ എനിക്ക്‌ ശക്തിയുമുണ്ടായിരുന്നില്ല, ബസ്‌ ടിക്കറ്റിന്‌ പണവും ഇല്ലായിരുന്നു.”

നേഹ അവരുടെ സഹായം സ്വീകരിച്ചു. കാറിലെ എയർകണ്ടീഷൻ അവൾക്ക്‌ ആശ്വാസം പകർന്നു, നെറ്റിയിലെ വിയർപ്പ്‌ തൂവാലകൊണ്ട്‌ തുടച്ച്‌ നേഹ സീറ്റിലേക്ക്‌ ചാ‍ഞ്ഞു. കാറിലെ സ്‌ത്രീ അവൾക്ക്‌ ഒരു കുപ്പി വെള്ളം നൽകി.

എന്നാൽ ഡ്രൈവർ അവളുടെ വീട്ടിൽനിന്ന്‌ എതിർദിശയിലേക്ക് വണ്ടി ഓടിച്ചതോടെ ആ ആശ്വാസം ഭയമായി മാറി. അവൾ ആക്രോശിക്കാനും പ്രതിഷേധിക്കാനും ശ്രമിച്ചെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ്‌ കാർ നിന്നത്‌. അപ്പോഴേക്കും അവർ ഭോപ്പാലിലെത്തിയിരുന്നു. നേഹയെ തട്ടിക്കൊണ്ടുപോയതായിരുന്നു.

കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ മധ്യപ്രദേശ്‌ എന്നും മുന്നിലാണ്‌. 2016-നും 2021-നുമിടയിൽ സംസ്ഥാനത്ത്‌ റിപ്പോർട്ട്‌ ചെയ്തത്‌ 60,031 കേസുകളാണ്‌ (ദേശീയ ക്രൈം റിക്കോർഡ്‌സ്‌ ബ്യൂറോ). ചൈൽഡ്‌ റൈറ്റ്‌സ്‌ ആൻഡ്‌ യൂ (സിആർവൈ) വിവരാവകാശ നിയമപ്രകാരം  ശേഖരിച്ച വിവരങ്ങൾപ്രകാരം 2022ൽ 11,717 കുട്ടികളെയാണ്‌ കാണാതായത്‌. അതായത് ഒരു വർഷം ശരാശരി 10,250 കുട്ടികൾ കാണാതാവുന്നു, പ്രതിദിനം 28 കുട്ടികളും–- -ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തേക്കാൾ കൂടുതൽ.

Madhya Pradesh consistently has the highest numbers of children that go missing in India

കാണാതാകുന്ന കുട്ടികളുടെ എണ്ണത്തിൽ മധ്യപ്രദേശ്‌ എന്നും മുന്നിലാണ്‌

കാണാതാകുന്ന കുട്ടികളിൽ 77 ശതമാനവും നേഹയെപ്പോലുള്ള പെൺകുട്ടികളാണ്‌ – 55,073. “എന്നാൽ ഈ കണക്കുകൾ (കാണാതാകുന്ന കുട്ടികൾ) യഥാർത്ഥമാകാൻ സാധ്യതയില്ല. കാരണം ഗ്രാമീണമേഖലയിലെ മിക്ക കേസുകളും റിപ്പോർട്ട്‌ ചെയ്യപ്പെടാറില്ല”,  ഭോപ്പാലിലെ സാമൂഹികപ്രവർത്തകനായ സച്ചിൻ ജെയിൻ പറയുന്നു. ബാലാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന മധ്യപ്രദേശിലുള്ള ഒരു എൻജിഒയായ വികാസ്‌ സാംവദ്‌ സമിതിയിലെ പ്രവർത്തകനാണ്‌ സച്ചിൻ.

അതേസമയം നഗരത്തിന്റെ പ്രാന്തപ്രദേശത്തെ ഒറ്റമുറി കുടിലിൽനിന്ന്‌ നേഹയുടെ അമ്മ പ്രീതിയും അച്ഛൻ രാമനും അന്വേഷണം തുടങ്ങികഴിഞ്ഞിരുന്നു. അയൽവീടുകളിലും ബന്ധുവീടുകളിലും അവർ അന്വേഷിച്ചു. “എനിക്ക്‌ കുറ്റബോധം തോന്നി, ഞാൻ എന്നെത്തന്നെ കുറ്റപ്പെടുത്തി,” പ്രിതി പറഞ്ഞു. “ഞങ്ങൾ ഈ ചുറ്റുപാടും മുഴുവൻ അന്വേഷിച്ചു. എന്നാൽ അവളെ കണ്ടെത്താനായില്ല. ഇന്ന്‌ ഉച്ചയോടെ തിരികെയെത്തുമെന്നാണ്‌ ഞങ്ങൾ കരുതിയത്‌.” പിറ്റേദിവസം അവർ പൊലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നൽകി.

ഭോപ്പാലിൽ വിവിധ ഫാക്ടറികളിൽ ദിവസക്കൂലിക്കാരാണ് ഈ ദമ്പതികൾ. 8,000 മുതൽ - 10,000 രൂപ വരെയാണ്‌ ഒരുമാസത്തെ വരുമാനം. “ഞങ്ങളുടെ കുട്ടികൾക്ക്‌ എന്തു വിലകൊടുത്തും വിദ്യാഭ്യാസം നൽകാനാണ്‌ ഞങ്ങളുടെ ആഗ്രഹം, അങ്ങനെ അവർക്ക് മികച്ച ജോലികൾ ലഭിക്കണം,” പ്രീതി പറയുന്നു.

20 വർഷം മുമ്പ്‌ മധ്യപ്രദേശിൽനിന്നെത്തിയ കുടിയേറ്റക്കാരാണ്‌ അവളും ഭർത്താവും; ഒബിസി വിഭാഗത്തിൽപ്പെട്ടവരാണ്‌ അവർ.

“ഞങ്ങളെപ്പോലെ അപമാനവും ചൂഷണവും അവർ നേരിടരുതെന്ന് ഞങ്ങൾ ആഗ്രഹിച്ചു. അതുകൊണ്ടാണ്‌ പഠിത്തത്തിന്റെ കാര്യത്തിൽ ശാഠ്യം പിടിച്ചത്‌.”

കാണാതാകുന്ന കുട്ടികളിൽ നേഹയെപ്പോലെ, മാതാപിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങുന്ന കൗമാരക്കാരും, പ്രണയത്തിൽ‌പ്പെട്ട് ഒളിച്ചോടുന്നവരുമൊക്കെയായി നിരവധി വിഭാഗങ്ങളുണ്ട്. ലൈംഗികജോലിക്കും മറ്റ്‌ തൊഴിലുകൾക്കുമായി തട്ടിക്കൊണ്ടുപോകപ്പെടുന്ന വിഭാഗങ്ങളുടെ കാര്യമാണ് ഏറ്റവും ദയനീയം. “കോൺട്രാക്ടർമാർ ജോലിക്കായി കുട്ടികളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നു. ഇത്തരത്തിലുള്ള ബാലവേലയ്‌ക്ക് പിന്നിൽ ഒരു വലിയ ശൃംഖലതന്നെയുണ്ട്,” ജെയിൻ പറയുന്നു.

*****

ഭോപ്പാലിലെ ഒരു ഫ്ലാറ്റിലേക്കാണ്‌ നേഹയെ കൊണ്ടുപോയത്‌. പുറത്തിറങ്ങാനോ ആരോടും മിണ്ടാനോ അവൾക്ക്‌ അനുവാദമില്ലായിരുന്നു. സഹോദരിപുത്രിയായ സന എന്നുപറഞ്ഞാണ് അവർ നേഹയെ അയൽക്കാർക്കുമുന്നിൽ അവതരിപ്പിച്ചത്‌. പുതിയ പേരിനോട്‌ പ്രതികരിക്കാതിരുന്നപ്പോൾ കടുത്ത മർദനവും ഏൽക്കേണ്ടിവന്നിരുന്നു.

ഓടിപ്പോയ ആ കൗമാരക്കാരി ശാരീരികവുമായും ലൈംഗികമായും അക്രമണത്തിനിരയായി. പാത്രം കഴുകൽ, വൃത്തിയാക്കൽ തുടങ്ങിയ വീട്ടുജോലികൾ അവർ അവളെക്കൊണ്ട്‌ ചെയ്യിപ്പിച്ചു. ഒടുവിൽ രക്ഷപ്പെടാനുള്ള ധൈര്യമാർജിച്ച്‌ ശ്രമിച്ചപ്പോൾ പിടിക്കപ്പെടുകയും വീണ്ടും മർദനം ഏൽക്കേണ്ടിയും വന്നു. “വീട്ടിലേക്ക്‌ പോകാമെന്ന പ്രതീക്ഷ ഞാൻ ഉപേക്ഷിച്ചിരുന്നു,” അവൾ ഓർത്തു. “പൊലീസ്‌ എന്നെ രക്ഷിച്ചപ്പോൾ എനിക്കത്‌ അവിശ്വസനീയമായിരുന്നു.”

ഹൈവേയിലൂടെയുള്ള നേഹയുടെ യാത്ര സിസിടിവിയിൽ പതിഞ്ഞിരുന്നു. അതിന്റെ സഹായത്തോടെയായിരുന്നു കണ്ടെത്തൽ. എന്നാൽ ഭോപ്പാലിലാണെന്ന് കണ്ടെത്താൻ അവർ സമയമെടുത്തു. കടത്തിക്കൊണ്ടുപോകലിന്‌ പോക്‌സോ നിയമത്തിന്റേയും 1986ലെ ബാലവേല നിരോധന നിയമത്തിന്റേയും അടിസ്ഥാനത്തിൽ ദമ്പതിമാരെ അറസ്റ്റ്‌ ചെയ്തു.

അവൾ തിരികെ വീട്ടിലെത്തിയപ്പോളാണ്‌ മാതാപിതാക്കൾക്ക്‌ ആശ്വാസമായത്‌. “പൊലീസിനോട്‌ എന്നും നന്ദിയുള്ളവരാകും ഞങ്ങൾ,” പ്രീതി പറഞ്ഞു.

PHOTO • Priyanka Borar

കാണാതാകുന്ന കുട്ടികളിൽ നേഹയെപ്പോലെ, മാതാപിതാക്കളുമായി വഴക്കിട്ട് വീടുവിട്ടിറങ്ങുന്ന കൗമാരക്കാരും, പ്രണയത്തിൽ‌പ്പെട്ട് ഒളിച്ചോടുന്നവരുമൊക്കെയായി നിരവധി വിഭാഗങ്ങളുണ്ട്. ലൈംഗികജോലിക്കും മറ്റ്‌ തൊഴിലുകൾക്കുമായി തട്ടിക്കൊണ്ടുപോകപ്പെടുന്ന വിഭാഗങ്ങളുടെ കാര്യമാണ് ഏറ്റവും ദയനീയം

താരതമ്യേന വേഗത്തിൽ കണ്ടെത്തപ്പെടാനുള്ള ഭാഗ്യം നേഹയ്ക്കുണ്ടായി. എന്നാൽ കേസുകളുടെ എണ്ണം വലിയ തോതിൽ ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നുവെന്ന് ജെയിൻ വിശ്വസിക്കുന്നു. “ഇത് കേവലം ക്രമസമാധാന പ്രശ്‌നമല്ല,” അദ്ദേഹം പറഞ്ഞു. “ഇതൊരു സാമൂഹികപ്രശ്നമാണ്. ഇക്കാലത്ത്‌ കൗമാരക്കാരും കുട്ടികളും നേരിടുന്ന ശാരീരികവും വൈകാരികവും മാനസികവുമായ വെല്ലുവിളികൾ കൈകാര്യം ചെയ്യാൻ പാടുപെടുകയാണ് സമൂഹം.”

കഴിഞ്ഞ ഏഴുവർഷത്തിനിടെ മധ്യപ്രദേശിൽ 70,000-ത്തിലധികം കുട്ടികളെ കാണാതായി. സംസ്ഥാന പൊലീസ് എല്ലാ വർഷവും 60 -65 ശതമാനം കേസുകളിൽ കുട്ടികളെ കണ്ടെത്താറുണ്ട്‌. പക്ഷെ കാണാതെയാകുന്നത് ഒരു കുട്ടിയായാൽ‌പ്പോലും, അതൊരു വലിയ കണക്കുതന്നെയാണ്‌. നിലവിൽ 11,000-ലധികം കുട്ടികൾ അവർ അർഹിക്കാത്ത ജീവിതസാഹചര്യങ്ങളിലൂടെയാണ്‌ കടന്നുപോകുന്നത്‌, തങ്ങളുടെ കുട്ടികൾക്ക് നേരിടേണ്ടിവന്ന അനുഭവങ്ങളോർത്ത് മാതാപിതാക്കളും കുടുംബവും ഭയത്തിലും അനിശ്ചിതത്വത്തിലും ജീവിക്കുകയാണ്‌.

ഓഗസ്റ്റ് പകുതിയോടെ 14-കാരി മകൾ പൂജയെ കാണാതായതിനുശേഷം ലക്ഷ്മിയും നിതീഷും പലതരത്തിലുള്ള ദുശ്ചിന്തകളിലൂടെയാണ്‌ കടന്നുപോകുന്നത്‌. പൊലീസിന് അവളെ കണ്ടെത്താൻ ഇതുവരെ സാധിച്ചിട്ടില്ല. അന്വേഷണം ഇപ്പോഴും തുടരുന്നു.

“തലയ്ക്ക്‌ ഭ്രാന്ത്‌ പിടിക്കുകയാണ്‌”, നിതീഷ് പറയുന്നു. “ഞങ്ങൾ പരമാവധി നല്ല കാര്യങ്ങളാണ്‌ ചിന്തിക്കാൻ ശ്രമിക്കുന്നത്‌. എന്നാൽ അവൾ എന്ത്‌ ചെയ്യുകയായിരിക്കും എന്ന് ആശങ്കപ്പെടാതിരിക്കാൻ കഴിയുന്നില്ല.”

ഒരു ദിവസം രാവിലെ സ്‌കൂളിൽ പോയ പൂജ തിരികെ വന്നില്ല. സിസിടിവി ദൃശ്യങ്ങളിൽ അവൾ സ്‌കൂളിലേക്കുള്ള പാതിവഴിയിൽ എത്തിയതായും പിന്നീട്‌ അപ്രത്യക്ഷയായതും കണ്ടു. ഒരിക്കലും ചെയ്യാത്തവിധം, ഫോൺ വീട്ടിൽവെച്ചാണ്‌ ആ ദിവസം പൂജ പോയത്‌. അതിനാൽ അവൾ അത് സ്വയം ആസൂത്രണം ചെയ്തതാവണമെന്ന് മാതാപിതാക്കൾ കരുതുന്നു. “പോലീസ് അവളുടെ കോൾ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ അവൾ സ്ഥിരമായി ഒരു ആൺകുട്ടിയുമായി സംസാരിക്കുന്നതായി കണ്ടെത്തി,” നിതീഷ് പറയുന്നു. “അവൾ ഫോൺ കൂടുതൽ ഉപയോഗിക്കുമായിരുന്നു. ഞങ്ങൾ അവളുടെ സ്വകാര്യതയെ മാനിക്കുകയും ചെയ്തു. സുഹൃത്തുക്കളുമായി ചാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന പ്രായമാണിതെന്ന് ഞങ്ങൾ കരുതി,” 49-കാരനായ അച്ഛൻ പറയുന്നു.

അവർക്കറിയാവുന്ന ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിൽനിന്നുള്ള സമപ്രായക്കാരനായ ഒരാളുമായാണ് പൂജ സംസാരിച്ചിരുന്നത്‌.

ഇയാളെയും പൂജയെയും കണ്ടെത്താൻ പൊലീസ് ശ്രമിച്ചുവെങ്കിലും കണ്ടെത്താനായിട്ടില്ല. നിലവിൽ നിതീഷും ലക്ഷ്മിയും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട്‌ അവരുടെ ജോലിയുമായി ജീവിക്കുകയാണ്‌. ഏകദേശം 30 വർഷംമുമ്പ്‌ പടിഞ്ഞാറൻ ബീഹാറിലെ ഒരു ഗ്രാമത്തിൽനിന്ന് കുടിയേറിയവരാണ് ഇപ്പോൾ നാൽപ്പതുകളിലെത്തിയ ഈ ദമ്പതികൾ. “ഇവിടെ കുടിയേറിയ ഒരാളെ ഞങ്ങൾക്കറിയാമായിരുന്നു,” നിതീഷ് പറയുന്നു. “ഇങ്ങോട്ടേക്ക്‌ വരാനും ജോലി കണ്ടെത്താനും അദ്ദേഹമാണ്‌ ഞങ്ങളെ ഉപദേശിച്ചത്‌.”

ദിവസക്കൂലിക്കാരായി ജോലി ചെയ്യുന്നവരാണ്‌ ദമ്പതികൾ. കുടിലിൽനിന്ന് ഒരു കോൺക്രീറ്റ് വീട്ടിലേക്ക് മാറാനും മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും പണം സ്വരൂപിക്കുകയാണ്‌ അവർ. പ്രതിമാസം 9,000 രൂപ സമ്പാദിക്കാൻ ദിവസം 12-14 മണിക്കൂറാണ് അവർ ജോലി ചെയ്യുന്നത് ജോലിയിൽ കൂടുതൽ സമയം ചെലവഴിച്ചത്‌ മകളെ അവഗണിക്കുന്നതിലേക്ക് നയിച്ചോ എന്നും നിതീഷ് അത്ഭുതപ്പെടുന്നു. “മക്കൾക്ക് മെച്ചപ്പെട്ട ജീവിതം ലഭിക്കാൻ ഞങ്ങൾ കിട്ടിയ എല്ലാ ജോലിയും ചെയ്തു. ഞങ്ങളോട്‌ ഒരുകാര്യവും സംസാരിക്കാത്തവിധം മാതാപിതാക്കൾ എന്ന നിലയിൽ ഞങ്ങൾ പരാജയപ്പെട്ടുവോ?”

മിടുക്കിയായ ഒരു വിദ്യാർഥിനിയായിരുന്നു പൂജ, ഉന്നത വിദ്യാഭ്യാസം നേടണമെന്നത്‌ അവളുടെ സ്വപ്നമായിരുന്നു. 20-ഉം 22-ഉം വയസ്സിൽ വിവാഹിതരായവരാണ്‌ അവളുടെ മൂത്ത സഹോദരിമാർ. ഒരു പൊലീസുദ്യോഗസ്ഥയാകാനായിരുന്നു പൂജയുടെ ആഗ്രഹം. അവൾ തന്റെ സ്വപ്നം ഉപേക്ഷിച്ചിട്ടുണ്ടാവുമോ എന്ന് അവളുടെ മാതാപിതാക്കൾ ഇപ്പോൾ ആശങ്കപ്പെടുന്നു. അവളെ ബലംപ്രയോഗിച്ച്‌ കൊണ്ടുപോയതാണോ, ഇനിയൊരിക്കലും അവളെ കാണാനാവില്ലേ എന്നുമൊക്കെയാന് അവരുടെ ചിന്ത.

PHOTO • Priyanka Borar

തങ്ങളുടെ മകളെ ഇനി കാണാനാകുമോ എന്ന ആധിയിലാണ് പൂജയുടെ മാതാപിതാക്കൾ

“കാണാതായ പെൺകുട്ടികൾക്ക് എന്ത് സംഭവിക്കുന്നു എന്നത്‌ സംബന്ധിച്ച ഭയാനകമായ നിരവധി റിപ്പോർട്ടുകളുണ്ട്‌,” ലക്ഷ്മി പറയുന്നു. മകളെ കാണാതായതിനുശേഷം നന്നായി ഉറങ്ങിയിട്ടില്ല ഇവർ. “എനിക്ക് ഭയമാണ്‌. ചില ചിന്തകൾ എന്നെ വിട്ടുപോകുന്നില്ല. വീട്ടിലെ അന്തരീക്ഷം ഒരു മരണവീടിന്‌ സമാനമാണ്‌.”

നടപടിക്രമമനുസരിച്ച്, കാണാതായ പ്രായപൂർത്തിയാകാത്ത കുട്ടികളെ നാലുമാസത്തിൽ കണ്ടെത്താനായില്ലെങ്കിൽ, കേസ് ജില്ലാതല മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിലേക്ക് (എഎച്ച്ടിയു) മാറ്റണമെന്നാണ് നിയമം. കേസ്‌ ഇവിടേക്ക്‌ മാറിയാൽ, കൂടുതൽ തീവ്രതയോടെയും ഗൗരവത്തോടെയും അന്വേഷിക്കപ്പെടും – ജെയിൻ പറയുന്നു. “എന്നാൽ സംസ്ഥാനം പലപ്പോഴും അത് ഒഴിവാക്കുന്നു കേസുകളുടെ എണ്ണം കൂടുന്നത്‌ അവർക്ക്‌ ഗുണം ചെയ്യില്ല എന്നതുകൊണ്ടാണിത്‌.” ഇത്തരം ദൗർഭാഗ്യകരമായ കേസുകൾ ലോക്കൽ പൊലീസ്‌ കുഴിച്ചുമൂടുകളും കുട്ടിയെ കണ്ടെത്തുക അസാധ്യമാകുകയും ചെയ്യും.

*****

കണ്ടെത്തിയ കുട്ടികളെ  പുനഃരധിവസിപ്പിക്കേണ്ടത് പ്രധാനമാണ്. അവർ കടന്നുപോയ ആഘാതങ്ങളിൽനിന്ന്‌ രക്ഷപ്പെടുത്തേണ്ടതുണ്ട്‌. ഇത്തരം കുട്ടികൾ പലപ്പോഴും ദുർബലമായ മാനസികാവസ്ഥയിലായിരിക്കും.

മധ്യപ്രദേശിലെ സർക്കാർ ആശുപത്രികളിൽ സൈക്കോളജിസ്റ്റുകൾ വളരെ കുറവാണെന്നും മിക്കവരും നഗരങ്ങളിലാണെന്നും ഭോപ്പാൽ ആസ്ഥാനമായുള്ള ബാലാവകാശപ്രവർത്തകയായ രേഖ ശ്രീധർ പറയുന്നു. “അതിന്റെ അർത്ഥം ആവർത്തിച്ചുള്ള കൗൺസിലിങ്‌ സെഷനുകളിൽ  ഗ്രാമീണമേഖലയിൽ നിന്നുള്ള കുട്ടികൾക്ക് അവസരം നഷ്ടപ്പെടുന്നു എന്നാണ്‌,” അവർ കൂട്ടിചേർത്തു.

“വീടുകളിൽ സാഹചര്യം കൈകാര്യം ചെയ്യാൻ മാതാപിതാക്കൾ സജ്ജരല്ല. അവർ സ്വന്തം സാമ്പത്തികപ്രശ്‌നങ്ങളുമായി മല്ലിടുന്നവരാണ്‌. മാനസികമായി ബുദ്ധിമുട്ടുന്ന ഒരാളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിൽ അവർക്ക്‌ അവബോധവുമില്ല.”

“കുട്ടികൾ വിഷാദത്തിലേക്ക് വീണുപോകാനും അവരിൽ ആത്മഹത്യാ പ്രവണതകൾ വളരാനും സാധ്യതയുണ്ട്‌,” രേഖ ശ്രീധർ കൗൺസിലിങ്ങിന്റെ പ്രാധാന്യത്തെക്കുറിച്ച് ഊന്നിപ്പറയുന്നു. “ഇത് അവരുടെ മനസ്സിൽൽ ദീർഘകാലത്തേക്ക് സ്വാധീനം ചെലുത്തും. ഭാവിയിൽ അവർക്കുണ്ടായേക്കാവുന്ന എല്ലാ ബന്ധങ്ങളെയും ഇത്‌ ബാധിച്ചേക്കാം.”

നേഹ വീട്ടിൽ തിരിച്ചെത്തിയിട്ട്‌ അഞ്ച് മാസത്തോളമായി. അവൾക്ക് നാലോ അഞ്ചോ കൗൺസിലിങ്‌ നടത്തിയിട്ടുണ്ട്. എന്നിട്ടും അവളുടെ പ്രശ്നങ്ങൾ മാറിയിട്ടില്ല. താനിപ്പോൾ വീടെത്തിയെന്നും സുരക്ഷിതയാണെന്നുമുള്ള കാര്യം വിശ്വസിക്കാൻ കുറച്ചധികം സമയമെടുത്തു അവർ. ആ 17 ദിവസങ്ങൾ ഒരിക്കലും അവസാനിക്കില്ലെന്ന് എനിക്ക് തോന്നി”. നേഹ പറയുന്നു.

അവൾ സ്കൂളിൽ തിരികെ ചേർന്നെങ്കിലും ഒറ്റയ്ക്ക്‌ പോകാനുള്ള ആത്മവിശ്വാസം അവൾക്കില്ല. സഹോദരനാണ് കൊണ്ടുവിടുകയും വിളിച്ചുകൊണ്ട്‌ വരികയും ചെയ്യുന്നത്. എല്ലാവരുമായി സംസാരിക്കുകയും സ്‌നേഹത്തോടെ പെരുമാറുകയും ചെയ്തിരുന്ന നേഹയ്ക്ക്‌ ഇപ്പോൾ പുതിയ ആളുകളെ കാണുന്നതുതന്നെ പേടിയാണ്‌.

തകര വിരിച്ച ഒറ്റമുറി വീട്ടിൽ ഒന്നിച്ചാണ് കുടുംബം ജീവിക്കുന്നത്‌. ഒരുമിച്ചാണ്‌ അവർ കിടക്കുന്നത്‌. അതുതന്നെ നേഹയ്ക്ക്‌ വലിയ പ്രശ്നമാണ്‌ സൃഷ്‌ടിക്കുന്നത്‌. “തിരിച്ചുവന്നതിനുശേഷം അവർ സമാധാനത്തോടെ ഉറങ്ങിയിട്ടില്ല,” പ്രീതി പറയുന്നു. “അവളുടെ അടുത്ത്‌ കിടക്കുന്ന ആരെങ്കിലും രാത്രിയിൽ ഒന്നനങ്ങിയാൽ അവൾ എഴുന്നേറ്റ് കരഞ്ഞുകൊണ്ട്‌ സഹായം ചോദിക്കും. പിന്നെ അവളെ സമാധാപ്പിക്കാൻ കുറച്ചധികം സമയം വേണം”.

റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരുകൾ യഥാർത്ഥമല്ല

പരിഭാഷ: അശ്വതി ടി കുറുപ്പ്‌

Parth M.N.

Parth M.N. is a 2017 PARI Fellow and an independent journalist reporting for various news websites. He loves cricket and travelling.

Other stories by Parth M.N.
Illustration : Priyanka Borar

Priyanka Borar is a new media artist experimenting with technology to discover new forms of meaning and expression. She likes to design experiences for learning and play. As much as she enjoys juggling with interactive media she feels at home with the traditional pen and paper.

Other stories by Priyanka Borar
Editor : PARI Desk

PARI Desk is the nerve centre of our editorial work. The team works with reporters, researchers, photographers, filmmakers and translators located across the country. The Desk supports and manages the production and publication of text, video, audio and research reports published by PARI.

Other stories by PARI Desk
Translator : Aswathy T Kurup

Aswathy T Kurup is from Pathanamthitta district in Kerala. She began her career as a journalist in 2018 and currently works with the Malayalam daily Deshabhimani. Health, environment, gender and minority issues are some of her areas of interest. She is passionate about rural journalism.

Other stories by Aswathy T Kurup