വെള്ളപ്പൊക്കം മൂലം ആദ്യമായി താമസം മാറ്റേണ്ടിവന്നത് മോഹേശ്വർ സമുവയ്ക്ക് ഇപ്പോഴും ഓർമ്മയുണ്ട്. അഞ്ചുവയസ്സായിരുന്നു അന്നയാൾക്ക്. “ഞങ്ങളുടെ ഒരു വീട് വെള്ളത്തിലൊലിച്ചുപോയി. ഞങ്ങൾ അഭയം തേടി ബോട്ടിൽ രക്ഷപ്പെട്ടു. ദ്വീപിനോടടുത്തുള്ള ഒരു സ്ഥലത്തേക്ക് താമസം മാറ്റി,” ഇപ്പോൾ അറുപതുകളിലെത്തിനിൽക്കുന്ന അദ്ദേഹം പറയുന്നു.

ഇടയ്ക്കിടെയുള്ള പ്രളയവും ഭൂമി നഷ്ടവും, സമുവയെപ്പോലെ, മജൂലിയിലെ – അസമിലെ ഒരു നദീദ്വീപ് - 1.6 ലക്ഷം താമസക്കാരെ ബാധിച്ചിട്ടുണ്ട്. 1956-ൽ 1,245 ചതുരശ്ര കിലോമീറ്ററുണ്ടായിരുന്ന ദ്വീപിന്റെ വലിപ്പം 2017-ൽ 703 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങി എന്ന്, ഡിസ്ട്രിക്ട് ഡിസാസ്റ്റർ മാനേജുമെന്റ് അതോറിറ്റി യുടെ ഈ റിപ്പോർട്ട് പറയുന്നു.

“ഇത് ശരിക്കും സൽമോറയല്ല,” സമുവ പറയുന്നു. എന്നിട്ട് കൂട്ടിച്ചേർത്തു, “സമോറയെ 43 വർഷം മുമ്പ് ബ്രഹ്മപുത്ര കൊണ്ടുപോയി.” ബ്രഹ്മപുത്രയും അതിന്റെ കൈവഴിയായ സുബൻസിരിയും ചേർന്ന് സൃഷ്ടിച്ച ന്യൂ സൽമോറയിലാണ് ഭാര്യ, മകൾ, മകന്റെ കുടുംബം എന്നിവരോടൊപ്പം സമുവ കഴിഞ്ഞ 10 വർഷമായി താമസിക്കുന്നത്.

സിമന്റും ചെളിയുമുപയോഗിച്ച് നിർമ്മിച്ച മുഴുവനായി പൂർത്തിയായിട്ടില്ലാത്ത ഒരു വീട്ടിലാണ് അവരുടെ താമസം. വീടിന്റെ പുറംഭാഗത്തുള്ള കക്കൂസിലേക്ക് പോകണമെങ്കിൽ കോണി ഉപയോഗിക്കണം. “എല്ലാ വർഷവും ഞങ്ങൾക്ക് ബ്രഹ്മപുത്രയിൽ ഭൂമി നഷ്ടമായിക്കൊണ്ടിരിക്കുന്നു,” അദ്ദേഹം പറയുന്നു.

PHOTO • Nikita Chatterjee
PHOTO • Nikita Chatterjee

ഇടത്ത്: ‘അതായിരുന്നു എന്റെ വീട്,’ ഒരു ചെറിയ ദ്വീപിലേക്ക് ചൂണ്ടിക്കൊണ്ട് മോഹേശ്വർ പറയുന്നു. ബ്രഹ്മപുത്ര ദ്വീപിനെ വളഞ്ഞപ്പോൾ, ഇപ്പോൾ സൽമോറ എന്ന് വിളിക്കുന്ന ഈ സ്ഥലത്തേക്ക് അദ്ദേഹത്തിന്‌ മാറേണ്ടിവന്നു. ഇതേ കാരണംകൊണ്ട് പല തവണ മോഹേശ്വറിന് സ്ഥലം ഒഴിയേണ്ടിവന്നിട്ടുണ്ട്. വലത്ത്: ഇടയ്ക്കിടെയുണ്ടാകുന്ന പ്രളയത്തിൽ ഭൂമി നഷ്ടപ്പെടുന്നത് ഗ്രാമത്തിലെ കാർഷികോത്പാദനത്തെ ബാധിച്ചിട്ടുണ്ടെന്ന്, സൽമോറ ഗാംവിന്റെ സർപാഞ്ചായ ജീശ്വർ ഹസാരിക പറയുന്നു

ഇടയ്ക്കിടയ്ക്കുണ്ടാവുന്ന പ്രളയം ഗ്രാമത്തിലെ കൃഷിയെ ബാധിക്കുന്നുണ്ട്. “അരിയും, പരിപ്പും, വഴുതനങ്ങയും കാബേജും പോലെയുള്ള പച്ചക്കറികളും ഒന്നും വിളയിക്കാൻ കഴിയുന്നില്ല. ആർക്കും ഭൂമിയില്ല, സൽമോറയുടെ സർപാഞ്ചായ ജീശ്വർ പറയുന്നു. മറ്റ് പല താമസക്കാരും, വഞ്ചി നിർമ്മാണം, കളിമൺപാത്രനിർമ്മാണം, മത്സ്യബന്ധനം തുടങ്ങിയ തൊഴിലുകളിലേക്ക് മാറിയിട്ടുണ്ട്.

“സൽമോറയുടെ വഞ്ചികൾക്ക് ദ്വീപിൽ ധാരാളം ആവശ്യക്കാരുണ്ട്,” വഞ്ചിനിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന സമോവ പറയുന്നു. ചെറിയ ദ്വീപുകളിലുള്ളവർക്ക്, പുഴ കടക്കാനും, കുട്ടികളെ സ്കൂളിൽ കൊണ്ടുപോകാനും, മീൻ പിടിക്കാനുമൊക്കെ വഞ്ചികൾ ആവശ്യമായിവരുന്നു.

വഞ്ചി നിർമ്മാണത്തിന്റെ പണി സമുവ സ്വയം പഠിച്ചെടുത്തതാണ്. മൂന്നുപേരുടെ സംഘമായിട്ടാണ് അവർ ജോലി ചെയ്യുന്നത്. ഹസാൽ ഗുരി എന്ന് പേരുള്ള വില കൂടിയ മരമുപയോഗിച്ചാണ് അത് നിർമ്മിക്കുന്നത്. അത്ര സുലഭമല്ലാത്ത ആ മരം ഉപയോഗിക്കുന്നത്, അതിന് ‘ബലമുള്ളതുകൊണ്ടും ദീർഘകാലം നിലനിൽക്കുന്നതുകൊണ്ടുമാണ്’ എന്ന് സമുവ പറയുന്നു. സൽമോറയിലും അയൽ‌വക്കത്തുമുള്ള കച്ചവടക്കാരിൽനിന്നാണ് അത് വാങ്ങുന്നത്.

വലിയൊരു വഞ്ചിയുണ്ടാക്കാൻ ഒരാഴ്ച വേണം. ചെറുതിന് അഞ്ച് ദിവസവും. എല്ലാവരും ഒരുമിച്ച് ചേർന്നാൽ, മാസത്തിൽ 5-8 ബോട്ടുകൾ നിർമ്മിക്കാനാവും. 10-12 ആളുകളേയും മൂന്ന് മോട്ടോർസൈക്കിളിനേയും കൊള്ളുന്ന വലിയ ബോട്ടിന് 70,000 രൂപ വിലയുണ്ട്. ചെറുതിന് 50,000 രൂപയും. ഇത്, രണ്ടുമൂന്നുപേർ പങ്കിട്ടെടുക്കും.

PHOTO • Nikita Chatterjee
PHOTO • Nikita Chatterjee

ഇടത്ത്: വഞ്ചിക്ക് സൽമോറയിൽ ധാരാളം ആവശ്യക്കാരുണ്ട്. മോഹേശ്വർ സ്വന്തമായി പഠിച്ചെടുത്തതാണ് ഈ തൊഴിൽ. മൂന്നോ നാലോ പേർ ചേർന്നാണ് നിർമ്മിക്കുന്നത്. കിട്ടുന്ന പൈസ അവർ പങ്കിട്ടെടുക്കും. വലത്ത്: സൽമോറയിലെ താമസക്കാർക്കിടയിൽ മത്സ്യബന്ധനത്തിന് നല്ല പ്രചാരമാണ്. ഹോരു മാച്, അഥവാ, ചെറിയ മീനിനെ പിടിക്കാൻ മോഹേശ്വർ ഉപയോഗിക്കുന്നത്, മുളകൊണ്ടുള്ള, അത്‌വാ ജാൽ എന്ന് പേരുള്ള വലയാണ്. സമീപത്ത് നിൽക്കുന്നത്, സൽമോറയിലെ മറ്റൊരു താമസക്കാരനായ മോനി ഹസാരിക

PHOTO • Nikita Chatterjee
PHOTO • Nikita Chatterjee

ഇടത്ത്: വിറക് ശേഖരിക്കാൻ റൂമി ഹസാരിക പുഴയിലേക്ക് തുഴഞ്ഞുപോകുന്നു. പിന്നീട്, ആ വിറക് അവർ വിൽക്കും. കറുത്ത കളിമണ്ണുപയോഗിച്ച് സാത്തിരിയ ശൈലിയിൽ ചെറിയ പാത്രങ്ങൾ നിർമ്മിച്ച് നാട്ടിലെ ചന്തയിൽ അവർ വിൽക്കാറുമുണ്ട്

വഞ്ചിനിർമ്മാണത്തിൽനിന്നുള്ള വരുമാനം സുസ്ഥിരമൊന്നുമല്ല. കാലവർഷവും (വെള്ളപ്പൊക്കവും) വരുമ്പോൾ മാത്രമാണ് വഞ്ചിക്ക് ആവശ്യക്കാരുണ്ടാവൂ. അതിനാൽ, പല മാസങ്ങളിലും സമുവയ്ക്ക് ജോലിയുണ്ടാവില്ല. മാസവരുമാനമൊന്നും പ്രതീക്ഷിക്കാനുമാവില്ല.

വെള്ളപ്പൊക്കം വരുമ്പോൾ, അമ്പത് വയസ്സിനടുത്തുള്ള റൂമി ഹസാരിക പുഴയിൽ തുഴഞ്ഞുപോയി വിറക് ശേഖരിച്ച് ഗ്രാമത്തിലെ ചന്തയിൽ കൊണ്ടുപോയി വിൽക്കും. വഞ്ചി തുഴയുന്നതിൽ വിദഗ്ദ്ധയാണവർ. വിറക് ക്വിന്റൽ കണക്കിന് വിറ്റാൽ കുറച്ച് പൈസ ലഭിക്കും. ദ്വീപിന്റെ നടുക്കുള്ള ഗാരാമുർ, കാംലബാരി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കിട്ടുന്ന കറുത്ത കളിമണ്ണുപയോഗിച്ച് അവർ പാത്രങ്ങളും മൺ‌വിളക്കുകളുമുണ്ടാക്കാറുണ്ട്. പാത്രങ്ങൾ 15 രൂപയ്ക്കും മൺ‌വിളക്കുകൾ 5 രൂപയ്ക്കുമാണ് അവർ വിൽക്കുന്നത്.

“ഭൂമിയോടൊപ്പം, ഞങ്ങളുടെ പരമ്പരാഗത രീതികളും ഇല്ലാതാവുകയാണ്,” അവർ പറയുന്നു. “ബ്രഹ്മപുത്ര ഞങ്ങളുടെ കറുത്ത മണ്ണിനേയും ഒഴുക്കിക്കളയുന്നു,” അവർ കൂട്ടിച്ചേർത്തു.

ഈ കഥ തയ്യാറാക്കാൻ സഹായിച്ചതിന് കൃഷ്ണ പെഗുവിനോട് ഈ റിപ്പോർട്ടർ നന്ദി പറയുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Nikita Chatterjee

Nikita Chatterjee is a development practitioner and writer focused on amplifying narratives from underrepresented communities.

Other stories by Nikita Chatterjee
Editor : PARI Desk

PARI Desk is the nerve centre of our editorial work. The team works with reporters, researchers, photographers, filmmakers and translators located across the country. The Desk supports and manages the production and publication of text, video, audio and research reports published by PARI.

Other stories by PARI Desk
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat