പാർലമെന്‍റംഗമാകാൻ ആഗ്രഹിക്കുന്ന ഒന്നോ രണ്ടോ പേർക്ക് ആതിഥ്യമരുളാനോ, വീട്ടിലെ കല്ലിൽ അരച്ചുണ്ടാക്കിയ ചോള ഭാക്രികള്‍ അവര്‍ക്ക് നല്‍കാനോ, അല്ലെങ്കിൽ ഉല്ലസിക്കാനായി മരം കയറിയ കുട്ടികൾ പറിച്ചെടുത്ത മധുരമുള്ള ചരോലിപ്പഴങ്ങള്‍ അവർക്ക് നൽകാനോ ലഭിക്കുന്ന അവസരം നിമിത്തം അമ്പാപാനി നിവാസികൾക്ക് ആനന്ദിക്കാം.
എന്നിരിക്കലും, തുടക്കത്തില്‍ ആളുകൾ അവരുടെ വീടുകൾ മുള, ചാണകം, ചെളി എന്നിവ കൊണ്ട് നിർമ്മിച്ചശേഷം കടന്നുപോയ അഞ്ച് ദശകങ്ങൾക്കുള്ളിൽ ഒരിക്കൽപോലും ഒരു പ്രമുഖ രാഷ്ട്രീയ പ്രതിനിധിയും അവരെ സന്ദർശിച്ചിട്ടില്ല. ഗതാഗത യോഗ്യമായ ഏറ്റവുമടുത്ത റോഡിൽ നിന്നും ഉയർന്ന പ്രദേശത്തേക്ക് 13 കിലോമീറ്റർ മാറി സത്പുരയുടെ ദുർഘടമായ, കല്ലുകൾ നിറഞ്ഞ, നിരകളായി കിടക്കുന്നചരിവുകളിലാണ് ഗ്രാമം സ്ഥിതി ചെയ്യുന്നത്.
818 ആളുകൾ വസിക്കുന്ന (2011 സെൻസസ് പ്രകാരം) അമ്പാപാനിയിൽ റോഡ്, വൈദ്യുതി, വെള്ളം, മൊബൈൽ ഫോൺ നെറ്റ്‌വർക്ക്, ന്യായവില കടകൾ, പ്രാഥമികാരോഗ്യ കേന്ദ്രം, അംഗൻവാടി എന്നിങ്ങനെയുള്ള സൗകര്യങ്ങൾ ഒന്നുമില്ല. സംസ്ഥാനത്ത് പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന പവാരാകളാണ് അവിടെ വസിക്കുന്ന മുഴുവനാളുകളും. അവിടെ നിന്നും വായുദൂരം കഷ്ടി 30 കിലോമീറ്റർ വടക്കുമാറി മദ്ധ്യപ്രദേശിൽ വേരുകളുള്ള നാലോ അഞ്ചോ വലിയ ഗോത്രങ്ങളിലാണ് അവിടെയുള്ള 120 വീടുകളിൽ ഭൂരിഭാഗവും തങ്ങളുടെ വംശപരമ്പര കണ്ടെത്തുന്നത്.
നെറ്റ്‌വർക്കുകളൊന്നും ലഭ്യമാകാത്തിടത്ത് സ്ഥിതി ചെയ്യുന്ന ആ പ്രദേശത്ത് ടെലിവിഷൻ സെറ്റുകളോ സ്മാർട്ട് ഫോണുകളോ ഒന്നുമില്ല. സ്ത്രീകളുടെ മംഗൾസൂത്രയുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുന്നറിയിപ്പുകൾ മുതൽ ഭരണഘടന സംരക്ഷിക്കാനുള്ള കോൺഗ്രസിന്‍റെ ആഹ്വാനങ്ങൾ വരെ 2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഏറ്റവും ചൂടേറിയ വിഷയങ്ങൾ പോലും അമ്പാപാനിയിലെ സമ്മതിദായകരിൽ എത്തിയിട്ടില്ല.
"ഒരുപക്ഷെ റോഡാകാം", ആകർഷകമായ ഒരു തിരഞ്ഞെടുപ്പ് വാഗ്ദാനം എന്തായിരിക്കാം എന്ന ചോദ്യത്തിനുള്ള മറുപടി എന്നോണം ഉംഗ്യ ഗുർജ പവാരാ പറഞ്ഞു. ഗ്രാമത്തിൽ തുടക്കംമുതൽ വസിച്ചിരുന്നവരുടെ പിന്മുറക്കാരനാണ് 56-കാരനായ അദ്ദേഹം. ഏതാണ്ട് ഒരു ദശകത്തിന് മുമ്പ് പണം സ്വരുക്കൂട്ടി വെച്ച് അദ്ദേഹത്തിന്‍റെ വീട്ടിലേക്ക് വാങ്ങിയ 75 കിലോഗ്രാം ഭാരമുള്ള ഒരു സ്റ്റീൽ അലമാര 4 പേർ ചേര്‍ന്നാണ് മുകളിലേക്കെത്തിച്ചത്, "ഒരു സ്ട്രെച്ചർ പോലെ".
മൊഹ്റാലെ ചന്തയിലേക്കുള്ള കാർഷികോല്പന്നങ്ങൾ കുത്തനെ കിടക്കുന്ന ചരുവുകളിലൂടെയുള്ള മൺപാതയിലൂടെ, ഉയർച്ച താഴ്ചകൾ, കൊടുംവളവുകൾ, കയറ്റിറക്കങ്ങൾ, ഇളകിക്കിടക്കുന്ന മണ്ണ്, പർവ്വതങ്ങളിലെ അരുവികൾ, ഇടയ്ക്കിടെയെത്തുന്ന കരടികൾ എന്നിങ്ങനെയുള്ളവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മറികടന്ന് 13 കിലോമീറ്റർ കുന്നിറങ്ങി ഇരുചക്രവാഹനങ്ങളിലാണ് എത്തിക്കുന്നത്. ഓരോ തവണയും ഓരോ ക്വിന്‍റലോളം ഉൽപ്പന്നങ്ങൾ ഉണ്ടായിരിക്കും.
“എന്നിരിക്കിലും, മറുവശം നോക്കിയാല്‍, റോഡ് വരുന്നത് നിയമവിരുദ്ധമായ മരംമുറിക്കല്‍ വർദ്ധിപ്പിക്കുമോയെന്നകാര്യം ആലോചിക്കേണ്ടതുണ്ട്”, ഉംഗ്യ ചിന്തിച്ചുകൊണ്ട് പറഞ്ഞു.



















