“ആദ്യമായി ഒരു ഹംഗുലിനെ കണ്ടപ്പോൾ, അത്ഭുതംകൊണ്ട് എനിക്ക് അനങ്ങാൻപോലും കഴിഞ്ഞില്ല,” ഷബിർ ഹുസൈൻ ഭട്ട് പറയുന്നു. കശ്മീരിന്റെ സവിശേഷതയും, വലിയ വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്ന ആ മാൻ വർഗ്ഗത്തെ ( സെർവസ് ഇലാഫസ് ഹംഗുലു ) കാണാൻ ആ സ്ഥലത്തേക്ക് പിന്നീട് അദ്ദേഹം ഇടയ്ക്കിടയ്ക്ക് വരാൻ തുടങ്ങി.
ഏകദേശം 20 വർഷത്തിനുശേഷവും, ആ 141 ചതുരശ്ര കിലോമീറ്റർ സ്ഥലത്തെ പാർക്കിലുള്ള മൃഗങ്ങൾ, പക്ഷികൾ, വൃക്ഷങ്ങൾ, പൂക്കൾ എന്നിവയോടുള്ള തന്റെ അഭിനിവേശം ഒട്ടും മങ്ങിയിട്ടില്ലെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. “എന്റെ ഉള്ളിലെ താത്പര്യത്തെ തൊട്ടുണർത്തിയത് ഹംഗുലാണെന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും. ഹിമാലയൻ കറുത്ത കരടിയും എന്നെ ആകർഷിച്ചിട്ടുണ്ട്.”
‘ദച്ചിഗാമിലെ വിജ്ഞാനകോശം’ എന്നാണ് പാർക്കിൽ, സ്നേഹത്തോടെ അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. “ഞാൻ ഇതിനകം 400 ഇനം ചെടികളേയും 200 ഇനം പക്ഷിവർഗ്ഗങ്ങളേയും, പ്രദേശത്തെ ഒട്ടുമിക്ക മൃഗങ്ങളേയും തിരിച്ചറിഞ്ഞിട്ടുണ്ട്,” പാരിയോട് അദ്ദേഹം പറയുന്നു. ഈ ഉദ്യാനത്തിലുള്ള മറ്റ് മൃഗങ്ങൾ, മസ്ക് ഡിയർ, ഹിമാലയൻ ചാരക്കരടി, ഹിമക്കടുവ, സ്വർണ്ണപ്പരുന്ത് എന്നിവയാണ്.
ഒരു പ്രകൃതിനിരീക്ഷകനായിട്ടല്ല ഷബീർ പാർക്കിൽ ജോലി തുടങ്ങിയത്. മറിച്ച്, ദച്ചിഗാം നാഷണൽ പാർക്കിൽ വരുന്ന സന്ദർശകരെ കൊണ്ടുപോകുന്ന ബാറ്ററിയിൽ പ്രവർത്തിക്കുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടായിരുന്നു. പാർക്കിനെക്കുറിച്ചുള്ള അറിവുകൾ വളർത്തിയെടുത്തതോടെ അയാൾ ഒരു ഗൈഡായും പിന്നീട് പ്രകൃതി നിരീക്ഷകനായി പേരെടുക്കുകയുമായിരുന്നു. 2006-ൽ അദ്ദേഹം സംസ്ഥാന വന്യജീവി വകുപ്പിലെ തൊഴിലാളിയായി മാറി.
സൻസ്കാർ മലകളിൽ ഒരുകാലത്ത് ഹംഗുലുകളെ കണ്ടിരുന്നു. എന്നാൽ, വേട്ടയാടലും, അനധികൃത നായാട്ടും, വാസസ്ഥലം ചുരുങ്ങിയതും എല്ലാം ചേർന്ന്, 1947-ൽ 2,000 എണ്ണമുണ്ടായിരുന്നത്, ഇന്ന് 170-200-ൽ എത്തിച്ചേർന്നിരിക്കുന്നുവെന്ന് 2009-ലെ ഒരു വൈൽഡ്‌ലൈഫ് ഇൻസ്റ്റിട്യൂറ്റ് ഓഫ് ഇന്ത്യാ റിപ്പോർട്ട് പറയുന്നു. ഇപ്പോൾ അവ ദച്ചിഗാം നാഷണൽ പാർക്കിലും ഏതാനും കശ്മീർ താഴ്വരകളിലുമായി പരിമിതപ്പെട്ടിട്ടുണ്ടെന്നും ആ റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
പാർക്കിൽനിന്ന് കഷ്ടിച്ച് 15 കിലോമീറ്റർ അകലെയുള്ള ശ്രീനഗർ പട്ടണത്തിലെ നിഷാത് പ്രദേശത്തുകാരനാണ് ഷബീർ. അച്ഛനമ്മമാരും, ഭാര്യയും രണ്ട് ആണ്മക്കളുമടങ്ങുന്ന ആറംഗ കുടുംബത്തോടൊപ്പമാണ് അദ്ദേഹം കഴിയുന്നത്. രാവിലെ മുതൽ വൈകീട്ടുവരെ പാർക്കിൽ കഴിഞ്ഞ്, സന്ദർശകരേയും പ്രകൃതിസ്നേഹികളേയും അനുഗമിക്കുകയാണ് ഷബീറിന്റെ ജോലി. “ദച്ചിഗാം പാർക്ക് ചുറ്റിക്കാണാൻ ആഗ്രഹമുണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും വരാം. എന്നാൽ, മൃഗങ്ങളെ കാണണമെങ്കിൽ ഒന്നുകിൽ അതിരാവിലേയോ, സൂര്യാസ്തമനത്തിന് തൊട്ട് മുമ്പോ വരേണ്ടിവരും,” അദ്ദേഹം പറയുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്