കിഴക്കൻ ഇന്ത്യയിലെ ഒരു സമുദ്രതീരത്ത് ഇപ്പോൾ സമയം അതിരാവിലെ മൂന്നുമണി. രാമോളു ലക്ഷ്മയ്യ ഒരു ടോർച്ചിന്റെ സഹായത്തോടെ ഒലിവ് റിഡ്ലി ആമയുടെ മുട്ടകൾ തേടുകയാണ്. മരംകൊണ്ടുള്ള ഒരു നീണ്ട വടിയും ഒരു തോട്ടിയും കൈയ്യിലേന്തി അയാൾ ജലാറിപേട്ടയിലുള്ള തന്റെ വീടിനും ആർ.കെ. ബീച്ചിനും ഇടയ്ക്കുള്ള ചെറിയ മണൽപ്പാതയിൽ പതുക്കെ സഞ്ചരിക്കുകയാണ്.
പെൺ ഒലിവ് റിഡ്ലി കടലാമകൾ മുട്ടയിടാൻ കരയിലേക്ക് വരാറുണ്ട്. വിശാഖപട്ടണത്തിലെ ചെരിവോടുകൂടിയ മണൽത്തീരം ഇവർക്ക് കൂടൊരുക്കാൻ അനുയോജ്യമാണ്. അതുകൊണ്ടുതന്നെ 1980കളുടെ തുടക്കംമുതൽ ഇവർ ഇവിടെ കാണപ്പെടാറുണ്ടായിരുന്നു .പക്ഷെ, ഏതാനും കിലോമീറ്ററുകൾ വടക്കുള്ള ഒഡീഷയുടെ തീരത്താണ് രാജ്യത്തെ ഏറ്റവും വലിയ ആവാസകേന്ദ്രമുള്ളത്. പെൺ കടലാമകൾ ഓരോ തവണയും 100 - 150 മുട്ടകളിടുകയും, അവയെ നല്ല ആഴമുള്ള മണൽക്കുഴികളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.
"മണൽ ഇടതൂർന്നതായി തോന്നുകയാണെങ്കിൽ, അമ്മ കടലാമ ഇവിടെ മുട്ടയിട്ടിട്ടുണ്ടെന്നു മനസ്സിലാക്കാം," നനഞ്ഞ മണലിനെ ശ്രദ്ധയോടുകൂടി വടികൊണ്ട് കുത്തിനോക്കി ലക്ഷ്മയ്യ വിശദീകരിക്കുന്നു. ലക്ഷ്മയ്യയെ അനുഗമിച്ചുകൊണ്ട് ജലാരി സമൂഹത്തിൽപ്പെട്ട (ആന്ധ്ര പ്രദേശിൽ മറ്റ് പിന്നാക്കവിഭാഗക്കാരാണ് അവർ) മത്സ്യത്തൊഴിലാളികളായ കറി ജല്ലിബാബു, പുട്ടിയപ്പണ്ണ യെറണ്ണ, പുല്ല പോലാറാവു എന്നിവരുമുണ്ട് കൂടെ. മറൈൻ ടർട്ടിൽ കൺസർവേഷൻ പ്രോജക്ടിന് കീഴിൽ ഒലിവ് റിഡ്ലി ആമയുടെ മുട്ടകൾ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2023-ൽ ഇവർ ആന്ധ്രാപ്രദേശ് വനം വകുപ്പിൽ (എ.പി.എഫ്.ഡി) കാവൽക്കാരായി പാർട്ട് ടൈം ജോലി ഏറ്റെടുത്തു.
ഒലിവ് റിഡ്ലി ആമകൾ (ലെപിഡോചെലിസ് ഒലിവാസിയ) ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്റെ (ഐ.യു.സി.എൻ) റെഡ് ലിസ്റ്റ് പ്രകാരം 'ദുർബലമായ വംശം' ആയി തരംതിരിക്കപ്പെടുകയും, (1991-ൽ ഭേദഗതിവരുത്തിയ) 1972 ഇന്ത്യൻ വന്യജീവി (സംരക്ഷണ) നിയമത്തിന്റെ ഷെഡ്യൂൾ-1 പ്രകാരം സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.
നിരവധി കാരണങ്ങളാൽ കടലാമകളുടെ ജീവിതം ഇപ്പോൾ ഭീഷണി നേരിടുകയാണ്. "വിശേഷിച്ചും, വികസനത്തിന്റെ പേരിൽ ഇവയുടെ പ്രജനനകേന്ദ്രങ്ങളും, കാലാവസ്ഥാ വ്യതിയാനംമൂലം സമുദ്രത്തിന്റെ ആവാസവ്യവസ്ഥയും" അപകടത്തിലായ സാഹചര്യത്തിൽ. വിശാഖപട്ടണത്തെ കമ്പളക്കൊണ്ട വന്യജീവി സങ്കേതത്തിലെ പ്രോജക്ട് ശാസ്ത്രജ്ഞനായ യാഗ്നപതി അടാരി പറയുന്നു. പോരാതെ കടലാമകൾ അവയുടെ മാംസത്തിനും മുട്ടകൾക്കുമായി വേട്ടയാടപ്പെടുകയും ചെയ്യുന്നു.















