തമിഴ്‌നാട്ടിലെ വടനമേല്ലി ഗ്രാമത്തിൽ സമയം ഇരുട്ടിത്തുടങ്ങിയിരുന്നു. ശ്രീ പൊന്നിയമ്മൻ തെരുക്കൂത്ത് മണ്ഡ്രത്തിലെ അംഗങ്ങൾ കാരിയക്കൂത്ത് അവതരണത്തിന് തയ്യാറെടുക്കുകയാണ്. പതിവുപോലെ രാവ് പുലരുവോളം നീളുന്ന ഈ അവതരണത്തിൽ നിരവധി കഥാപാത്രങ്ങൾ വ്യത്യസ്ത വേഷവിധാനങ്ങളിൽ രംഗത്തെത്തും.

അണിയറയിൽ, 33 വയസ്സുകാരിയായ ശർമി മേക്കപ്പ് അണിഞ്ഞുതുടങ്ങി. ചുവന്ന പൊടി എണ്ണയിൽ ചാലിച്ച്, സ്വന്തമായി ലിപ്സ്റ്റിക്ക് തയ്യാറാക്കുന്നതിനിടെ അവർ അരിദാരത്തിന്റെ (മേക്കപ്പ്) ചില അടിസ്ഥാനനിയമങ്ങൾ വിശദീകരിച്ചു: "സ്ത്രീകൾക്കും പുരുഷന്മാർക്കും അരിദാരം വ്യത്യസ്തമാണ്. കഥാപാത്രത്തിനും അവയുടെ ദൈർഘ്യത്തിനുമനുസരിച്ച് അതിൽ മാറ്റമുണ്ടാകും."

തമിഴ്‌നാട്ടിലെ ഏറ്റവും പുരാതനമായ അവതരണകലകളിൽ ഒന്നായി കരുതപ്പെടുന്ന തെരുക്കൂത്ത് അവതരിപ്പിക്കുന്ന ശ്രീ പൊന്നിയമ്മൻ തെരുക്കൂത്ത് മണ്ഡ്രം എന്ന നാടകക്കമ്പനിയിലെ കലാകാരിയാണ് ശർമി. 17 അംഗങ്ങളുള്ള ഈ നാടകസംഘത്തിൽ ശർമി ഉൾപ്പെടെ നാല് ട്രാൻസ്ജെൻഡർ കലാകാരന്മാരുണ്ട്. "എന്റെ തലമുറയ്ക്ക് മുൻപുള്ള ആളുകളും തെരുക്കൂത്ത് അവതരിപ്പിച്ചിരുന്നു," ശർമി പറയുന്നു. "ഈ കലാരൂപത്തിന് എത്ര വർഷത്തെ ചരിത്രമുണ്ടെന്ന് എനിക്ക് കൃത്യമായി പറയാനറിയില്ല."

സാധാരണയായി, രാമായണം, മഹാഭാരതം തുടങ്ങിയ മഹാകാവ്യങ്ങളിലെ കഥകളെ അടിസ്ഥാനപ്പെടുത്തിയാണ് തെരുക്കൂത്ത് അഥവാ തെരുവുനാടകം ചിട്ടപ്പെടുത്തുന്നത്. തെരുക്കൂത്ത് അവതരണങ്ങൾ രാത്രി പുലരുവോളം നീണ്ടുനിൽക്കാറുണ്ട്. പങ്കുനി (ഏപ്രിൽ) മുതൽ പുരട്ടാസിവരെയുള്ള (സെപ്റ്റംബർ) മാസങ്ങളിലാണ് തെരുക്കൂത്ത് സീസൺ. ഈ കാലയളവിൽ ഏതാണ്ട് എല്ലാ ആഴ്ചദിവസവും, അതായത് ഒരു മാസത്തിൽ 15-20 തവണ, ശർമിയും അവരുടെ നാടകസംഘവും തെരുക്കൂത്ത് അവതരിപ്പിക്കാറുണ്ട്. ഒരു അവതരണത്തിന് 700-800 രൂപ എന്ന കണക്കിൽ, ഓരോ കലാകാരനും മാസം 10,000-15,000 രൂപ വരുമാനം ലഭിക്കും.

എന്നാൽ സീസൺ അവസാനിക്കുന്നതോടെ, ഈ കലാകാരൻമാർ മറ്റു വരുമാനമാർഗ്ഗങ്ങൾ തേടാൻ നിർബന്ധിതരാകും. മരണാനന്തര ചടങ്ങുകളിൽ മാത്രം അവതരിപ്പിക്കപ്പെടുന്ന, തെരുക്കൂത്തിന്റെ ആചാരാധിഷ്ഠിത വകഭേദമായ കാരിയക്കൂത്താണ് അതിലൊന്ന്. "ആരുടെയെങ്കിലും മരണാനന്തര ചടങ്ങുകളുടെ ഭാഗമായി ആഴ്ചയിൽ ഒന്നോ രണ്ടോ അവതരണങ്ങൾക്ക് ഞങ്ങൾക്ക് അവസരം ലഭിക്കാറുണ്ട്," വടനമേല്ലിയിലെ കാരിയക്കൂത്ത് അവതരണത്തിന് തയ്യാറെടുക്കുന്നതിനിടെ ശർമി പറയുന്നു. തിരുവള്ളൂർ ജില്ലയിലെ പട്ടരൈപെരുംപുതൂരിലുള്ള നാടകക്കമ്പനിയുടെ ആസ്ഥാനത്തുനിന്ന് ഏതാണ്ട് 60 കിലോമീറ്റർ അകലെയാണ് വടനമല്ലി ഗ്രാമം.

PHOTO • Akshara Sanal
PHOTO • Akshara Sanal

വടനമല്ലി ഗ്രാമത്തിലെ തെരുക്കൂത്ത് അവതരണത്തിന് തയ്യാറെടുക്കുന്ന ശർമി. സാധാരണഗതിയിൽ, രാമായണം, മഹാഭാരതം പോലെയുള്ള മഹാകാവ്യങ്ങളിലെ കഥകളെ അടിസ്ഥാനപ്പെടുത്തിയാണ് തെരുവ് നാടകരൂപമായ തെരുക്കൂത്ത് ചിട്ടപ്പെടുത്തുന്നത്. കഴിഞ്ഞ നാല് വർഷമായി ശർമി തെരുക്കൂത്ത് അവതരിപ്പിക്കുന്നു

PHOTO • Akshara Sanal
PHOTO • Akshara Sanal

ചുവന്ന പൊടി എണ്ണയിൽ ചാലിച്ച്, സ്വന്തമായി ലിപ്സ്റ്റിക്ക് തയ്യാറാക്കുന്നതിനിടെ അവർ അരിദാരത്തിന്റെ (മേക്കപ്പ്) ചില അടിസ്ഥാന നിയമങ്ങൾ വിശദീകരിച്ചു: 'സ്ത്രീകൾക്കും പുരുഷന്മാർക്കും അരിദാരം വ്യത്യസ്തമാണ്. കഥാപാത്രത്തിനും അവയുടെ ദൈർഘ്യത്തിനുമനുസരിച്ചും അതിൽ മാറ്റമുണ്ടാകും'

കൂത്തിനുള്ള 'വേദി' തയ്യാറായി കഴിഞ്ഞിരിക്കുന്നു. മരണപ്പെട്ടയാളുടെ വീടിന് പുറത്ത് തുണികൊണ്ടുള്ള ഒരു കൂടാരം തീർത്ത്, തെരുവിൽ ഒരു കറുത്ത തുണി വിരിച്ചിട്ടിട്ടുണ്ട്. വീടിന് പുറത്ത് വെച്ചിട്ടുള്ള പരേതന്റെ ഫോട്ടോയിൽ ചുറ്റിലുമുള്ള ചെറുവിളക്കുകളുടെ മങ്ങിയ തിരിനാളങ്ങൾ പ്രതിഫലിക്കുന്നു. തെരുവിന് സമീപത്തായി നിരത്തിയിട്ടുള്ള ബെഞ്ചുകളും മേശകളും പാത്രങ്ങളും ഭക്ഷണം വിളമ്പാനുള്ള മുന്നൊരുക്കങ്ങളാകണം.

"ഗ്രാമമൊന്നാകെ നിശ്ശബ്ദതയിലാഴുമ്പോൾ, ഞങ്ങൾ ഉപകരണങ്ങൾ ശ്രുതി ചേർത്ത്, അവയുടെ നാദം ശരിയായി കേൾക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി തയ്യാറാകാൻ ആരംഭിക്കും. അപ്പോഴാണ് ഞങ്ങൾ ചമയം അണിയാനും തുടങ്ങുന്നത്," ശർമി പറയുന്നു. രാത്രി 10 മണിയോടെ ആരംഭിക്കുന്ന കൂത്തിലെ ആദ്യത്തെ ചടങ്ങ് മുടിക്ക് (അവതരണത്തിൽ ഉപയോഗിക്കുന്ന ആഭരണങ്ങളിലൊന്നായ കിരീടം) സമർപ്പിക്കുന്ന പൂസൈ (പൂജ) ആണ്. "നാടകത്തിന് ആദരവ് അർപ്പിക്കാനാണ് പൂസൈ ചെയ്യുന്നത്. നാടകം വിജയിക്കണമെന്നും കലാകാരൻമാർ സുരക്ഷിതരായി വീടുകളിൽ മടങ്ങിയെത്തണമെന്നുമാണ് ഞങ്ങൾ പ്രാർത്ഥിക്കുക," അവർ വിശദീകരിക്കുന്നു.

മഹാഭാരതത്തിലെ കഥാപാത്രമായ പാണ്ഡവ രാജകുമാരൻ അർജ്ജുനനെയും അദ്ദേഹത്തിന്റെ എട്ട് ഭാര്യമാരെയും കുറിച്ചുള്ള കഥയെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ മിന്നലൊളി ശിവ പൂജ എന്ന നാടകമാണ് അന്നേദിവസം വൈകീട്ട് അവതരിപ്പിക്കുന്നത്. "എനിക്ക് എട്ട് കഥാപാത്രങ്ങളും അവതരിപ്പിക്കാൻ അറിയാമെങ്കിലും ഇന്ന് ഞാൻ ബോഗവതിയായാണ് രംഗത്ത് വരുന്നത്," മഹാകാവ്യത്തിലെ വിവിധ കഥാപാത്രങ്ങളും അവർക്കിടയിലെ പലതരം സങ്കീർണതകളും ഓർമയിൽനിന്ന് ആവർത്തിക്കുന്നതിനിടെ ശർമി പറയുന്നു.

മിന്നലൊളി (ഇടിമിന്നൽ) അർജുനന്റെ എട്ടു ഭാര്യമാരിൽ ഒരുവളായിരുന്നെന്ന് അവർ വിശദീകരിക്കുന്നു. മേഘരാസൻ (മേഘങ്ങളുടെ രാജാവ്) എന്ന രാജാവിന്റെയും കൊടിക്കലാദേവി എന്ന രാജ്ഞിയുടെയും മകളായ മിന്നലൊളിക്ക് അഞ്ച് വയസ്സുള്ളപ്പോൾ അവളെ അർജ്ജുനന് വിവാഹം ചെയ്ത് നൽകി. മിന്നലൊളിക്ക് പ്രായപൂർത്തിയായപ്പോൾ അവൾ തന്റെ ഭർത്താവിനെക്കുറിച്ച് രക്ഷിതാക്കളോട് ചോദിക്കുകയും അവർ അവളോട് ഭർത്താവിനെ കാണുന്നതിന് മുൻപ് 48 ദിവസം ശിവപൂസൈ (ശിവന് വേണ്ടിയുള്ള പൂജ) അനുഷ്ഠിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് മിന്നലൊളി 47 ദിവസം ശ്രദ്ധാപൂർവം പൂജ ചെയ്തു. എന്നാൽ 48-ആം ദിവസം പൂജ ചെയ്യുന്നതിന് മുൻപ് അർജ്ജുനൻ അവളെ കാണാനെത്തി. പൂസൈ കഴിയുന്നതുവരെ കാത്തുനിൽക്കണമെന്ന് അവൾ അർജ്ജുനനോട് ആവശ്യപ്പെട്ടെങ്കിലും അർജ്ജുനൻ ആ ആവശ്യം നിരാകരിച്ചു. ഇതിന് പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളും ഒടുവിൽ ഭഗവാൻ ശ്രീകൃഷ്ണൻ അവിടെയെത്തി പ്രശ്നം പരിഹരിക്കുന്നതും മിന്നലൊളിയും അർജ്ജുനനും ഒരുമിക്കുന്നതുമാണ് നാടകത്തിന്റെ ഇതിവൃത്തം.

PHOTO • Akshara Sanal
PHOTO • Akshara Sanal

ഇടത്: രാത്രി 10 മണിയോടെ ആരംഭിക്കുന്ന അവതരണത്തിലെ ആദ്യത്തെ ചടങ്ങ്, നാടകത്തിൽ ഉപയോഗിക്കുന്ന ആഭരണങ്ങളിലൊന്നായ മുടിക്ക് (കിരീടം) സമർപ്പിക്കുന്ന പൂജയാണ്. വലത്: തെരുക്കൂത്തിനുള്ള വേദി ഒരുക്കിയിരിക്കുന്നു

ശർമി തന്റെ ചുണ്ടിൽ മയ്യ് (കരിമഷി) എഴുതിത്തുടങ്ങി. "ഞാൻ ചുണ്ടിൽ മയ്യ് എഴുതുന്നത് കണ്ട് ഒരുപാട് ആളുകൾ അങ്ങനെ ചെയ്തുതുടങ്ങിയിട്ടുണ്ട്," അവർ പറയുന്നു. "എന്റെ രൂപമാറ്റം കണ്ട് ആളുകൾ ഇപ്പോൾ ഞാൻ ഒരു സ്ത്രീയാണോ എന്ന് ചോദിക്കാറുണ്ട്. ഞാൻ വേഷവിധാനങ്ങൾ അണിഞ്ഞ് പുറത്ത് പോകുമ്പോൾ, ആളുകൾ എന്നിൽനിന്ന് കണ്ണെടുക്കരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്."

"മേക്കപ്പിനോടുള്ള അടങ്ങാത്ത അഭിനിവേശം" മൂലം ശർമി ഏതാനും വർഷങ്ങൾക്കുമുൻപ് ആറ് മാസത്തെ ബ്യൂട്ടീഷ്യൻ കോഴ്സ് പൂർത്തിയാക്കുകയുണ്ടായി. "എന്നാൽ ലിംഗമാറ്റം നടത്തുന്നതിന് മുൻപ്, സ്ത്രീകളുടെ മേക്കപ്പ് ചെയ്യാൻ എനിക്ക് അനുവാദം ഉണ്ടായിരുന്നില്ല."

ശർമിക്ക് തന്റെ അരിദാരം പൂർത്തിയാക്കാൻ ഏതാണ്ട് ഒന്നര മണിക്കൂറെടുക്കും. ബോഗവതിയുടെ 'രൂപം' പൂർണ്ണതയിലെത്തിക്കാൻ അവർ ഒടുവിൽ ഒരു സാരി ഉടുക്കുന്നു. "എന്നെ സാരി ഉടുക്കാൻ ആരും പഠിപ്പിച്ചിട്ടില്ല. അത് ഞാൻ സ്വന്തമായി പഠിച്ചെടുത്തതാണ്. അതുപോലെ എന്റെ കാതുകളും മൂക്കും ഞാൻതന്നെയാണ് കുത്തിയത്. എല്ലാം  ഞാൻ തന്നത്താൻ പഠിച്ചെടുക്കുകയായിരുന്നു," അവർ പറയുന്നു.

"ശസ്ത്രക്രിയ മാത്രമാണ് ഡോക്ടർ ചെയ്തത്. എനിക്ക് ശസ്ത്രക്രിയ ചെയ്യാൻ അറിയുമായിരുന്നെങ്കിൽ അതും ഞാൻതന്നെ ചെയ്തേനേ. പക്ഷെ അതിനുവേണ്ടി എനിക്ക് 50,000 രൂപ ആശുപത്രിയിൽ അടയ്‌ക്കേണ്ടി വന്നു," 23 വയസ്സുള്ളപ്പോൾ ചെയ്ത ലിംഗമാറ്റ ശാസ്ത്രക്രിയയെക്കുറിച്ച് അവർ പറയുന്നു.

"ഒരു ട്രാൻസ് സ്ത്രീ സാരി ധരിക്കുന്നത് ഇപ്പോഴും ഇവിടെ സാധാരണ കാഴ്ചയായിട്ടില്ല. മറ്റു സ്ത്രീകളെപ്പോലെ സാരി ധരിച്ച് ഞങ്ങൾക്ക് നിരത്തിലൂടെ സമാധാനമായി നടക്കാനാകില്ല," അവർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ സാധാരണഗതിയിൽ ട്രാൻസ് സ്ത്രീകൾ നേരിടുന്ന ഉപദ്രവത്തിൽനിന്നും ഭയപ്പെടുത്തലുകളിൽനിന്നും ശർമിയുടെ തൊഴിൽ ഒരു പരിധിവരെ അവരെ സംരക്ഷിക്കുന്നുണ്ട്. "ഞാൻ ഒരു നാടക കലാകാരിയായത് കൊണ്ട് ആളുകൾ എന്നെ ബഹുമാനിക്കുന്നു."

PHOTO • Akshara Sanal
PHOTO • Akshara Sanal

മേക്കപ്പ് (ഇടത്) പൂർത്തിയാക്കാൻ ശർമ്മി ഏതാണ്ട് ഒന്നര മണിക്കൂറെടുക്കും. 'ഞാൻ ചുണ്ടിൽ മയ്യ് എഴുതുന്നതുകണ്ട് ഒരുപാട് ആളുകൾ അങ്ങനെ ചെയ്തു തുടങ്ങിയിട്ടുണ്ട്,' അവർ പറയുന്നു. മറ്റു കലാകാരന്മാരെ മേക്കപ്പണിയാനും അവർ സഹായിക്കുന്നു

PHOTO • Akshara Sanal
PHOTO • Akshara Sanal

അവതരണത്തിന് മുൻപ് പുരുഷ കലാകാരൻമാർ മേക്കപ്പ് അണിയുന്നു

*****

“തമിഴ് നാട്ടിലെ തിരുവള്ളൂർ ജില്ലയിലുള്ള ഈക്കാട് ഗ്രാമമാണ് എന്റെ സ്വദേശം," തന്റെ ടോപ്പ (വെപ്പ് മുടി) കോതുന്നതിനിടെ ശർമി പറയുന്നു. കുട്ടിക്കാലംതൊട്ടേ തനിക്ക് പാടാനും സംഭാഷണങ്ങൾ തനിമയോടെ അവതരിപ്പിക്കാനും നൈസർഗ്ഗികമായ കഴിവുണ്ടായിരുന്നെന്ന് അവർ ഓർക്കുന്നു. "കുട്ടിയായിരുന്നപ്പോൾത്തന്നെ എനിക്ക് നാടകത്തോട് താത്പര്യം തോന്നിയിരുന്നു. ചമയം, വേഷവിധാനങ്ങൾ എന്നിങ്ങനെ നാടകവുമായി ബന്ധപ്പെട്ട എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ എന്നെങ്കിലുമൊരുനാൾ ഒരു നാടക കലാകാരിയാകുമെന്ന് ഞാൻ സ്വപ്നത്തിൽപോലും വിചാരിച്ചിട്ടില്ല."

നൃത്തവും വാദ്യവും സമന്വയിക്കുന്ന 'രാജാ റാണി നൃത്തം' എന്ന തെരുവ് കലാരൂപത്തിലൂടെയാണ് തന്റെ നാടകജീവിതം തുടങ്ങിയതെന്ന് അവർ ഓർത്തെടുക്കുന്നു. "പിന്നീട് ഏകദേശം പത്ത് വർഷം ഞാൻ തെരുക്കൂത്തിന്റെ സമകാലിക വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള നാടകാവിഷ്‌ക്കാരങ്ങളിൽ അഭിനയിച്ചു. ഞാൻ തെരുക്കൂത്ത് അവതരിപ്പിക്കാൻ തുടങ്ങിട്ട് ഇപ്പോൾ നാല് വർഷമാകുന്നു."

അണിയറയിൽ കലാകാരൻമാർ അരിദാരം അണിഞ്ഞു തുടങ്ങിയിട്ടുണ്ട്; ശർമി തന്റെ ഓർമകളിലൂടെയുള്ള സഞ്ചാരം തുടരുന്നു. "എന്റെ കുടുംബം എന്നെ ഒരു പെൺകുട്ടിയായാണ് വളർത്തിയത്. അത് വളരെ സ്വാഭാവികമായാണ് എനിക്ക് അനുഭവപ്പെട്ടത്," അവർ ഓർത്തെടുക്കുന്നു. നാലാംതരത്തിൽ പഠിക്കുമ്പോഴാണ് ശർമിക്ക് തന്റെ ലൈംഗികസ്വത്വത്തെക്കുറിച്ച് ധാരണയുണ്ടായത്. "പക്ഷെ ഇത് മറ്റുള്ളവരെ എങ്ങനെയാണ് പറഞ്ഞു മനസ്സിലാക്കുക എന്ന് എനിക്ക് അറിയില്ലായിരുന്നു."

പിന്നീടങ്ങോട്ടുള്ള ജീവിതയാത്ര സുഗമമാകില്ലെന്ന് ക്രമേണ അവർ മനസ്സിലാക്കി. സ്കൂളിലെ കുട്ടികളിൽനിന്നുള്ള ഉപദ്രവം സഹിക്കാനാകാതെ അവർ പത്താം തരത്തിന് ശേഷം പഠനമുപേക്ഷിച്ചു. "ഏതാണ്ട് ആ കാലത്താണ് തിരുടാ തിരുടി എന്ന ഒരു സിനിമ പുറത്തിറങ്ങിയത്. എന്റെ ക്ലാസ്സിലെ ആൺകുട്ടികൾ എന്നെ വളയുകയും ആ സിനിമയിലെ വണ്ടാർകുഴലി എന്ന് തുടങ്ങുന്ന പാട്ട് (ട്രാൻസ് സമുദായത്തെ സംബന്ധിച്ച് അശ്ലീലപരമായ പരാമർശങ്ങൾ അടങ്ങുന്ന ഒരു ജനപ്രിയ ഗാനം) പാടി എന്നെ കളിയാക്കുകയും ചെയ്യുമായിരുന്നു. അതോടെ ഞാൻ സ്കൂളിൽ പോകുന്നത് അവസാനിപ്പിച്ചു."

"എന്തുകൊണ്ടാണ് സ്കൂളിൽ പോകുന്നത് നിർത്തിയതെന്ന് എനിക്ക് എന്റെ അച്ഛനമ്മമാരോട് പറയാൻ കഴിയുമായിരുന്നില്ല. അവർക്ക് അത് മനസ്സിലാക്കാനാകില്ല എന്നതുകൊണ്ടുതന്നെ ഞാൻ ഒന്നും പറഞ്ഞതുമില്ല," ശർമി പറയുന്നു. "കൗമാരപ്രായമാകുന്ന കാലത്ത് വീട് വിട്ടിറങ്ങിയ ഞാൻ പിന്നീട് 15 വർഷത്തിന് ശേഷമാണ് മടങ്ങിയെത്തിയത്."

എന്നാൽ ആ മടങ്ങിവരവും അത്ര അനായാസമായിരുന്നില്ല. ശർമി നാട്ടിൽ ഇല്ലാതിരുന്ന കാലത്ത്, അവർ കുട്ടിക്കാലം ചിലവിട്ട വീട് പൂർണ്ണമായി നശിക്കുകയും താമസയോഗ്യമല്ലാതാകുകയും ചെയ്തിരുന്നു; അതോടെ താമസത്തിന് വാടകവീട് കണ്ടെത്താൻ അവർ നിർബന്ധിതയായി. "ഞാൻ ഈ ഗ്രാമത്തിൽ വളർന്നയാളായിട്ട് കൂടി, ഞാൻ ഒരു ട്രാൻസ് വ്യക്തിയായതിനാൽ എനിക്ക് വാടകയ്ക്ക് വീട് ലഭിച്ചില്ല," ശർമി പറയുന്നു. "ഞങ്ങൾ വീട്ടിൽവെച്ച് ലൈംഗികവൃത്തി ചെയ്യുമെന്നാണ് അവർ (വീട്ടുടമകൾ) ധരിച്ചിരുന്നത്." ഒടുവിൽ ഗ്രാമചത്വരത്തിൽനിന്ന് ഏറെ അകലെയുള്ള ഒരു വീട്ടിലേയ്ക്ക് അവർക്ക് താമസം മാറേണ്ടിവന്നു.

PHOTO • Akshara Sanal
PHOTO • Akshara Sanal

'കുട്ടിക്കാലം മുതലേ എനിക്ക് നാടകത്തോട് താത്പര്യം തോന്നിയിരുന്നു. ചമയം, വേഷവിധാനങ്ങൾ എന്നിങ്ങനെ നാടകവുമായി ബന്ധപ്പെട്ട എല്ലാം എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ എന്നെങ്കിലുമൊരുനാൾ ഒരു നാടക കലാകാരിയാകുമെന്ന് ഞാൻ സ്വപ്നത്തിൽപോലും വിചാരിച്ചിട്ടില്ല,' ശർമി പറയുന്നു

PHOTO • Akshara Sanal
PHOTO • Akshara Sanal

'എന്റെ കുടുംബം എന്നെ ഒരു പെൺകുട്ടിയായാണ് വളർത്തിയത്. അത് വളരെ സ്വാഭാവികമായാണ് എനിക്കനുഭവപ്പെട്ടത്,' അവർ ഓർത്തെടുക്കുന്നു. സ്കൂളിലെ കുട്ടികളിൽനിന്നുള്ള ഉപദ്രവം സഹിക്കാനാകാതെ അവർ പത്താം തരത്തിനുശേഷം പഠനം ഉപേക്ഷിച്ചു. ശർമി ഇപ്പോൾ 57 വയസ്സുള്ള അമ്മയ്ക്കും (വലത്) കുടുംബത്തിന് സ്വന്തമായുള്ള 10 ആടുകൾക്കുമൊപ്പമാണ് താമസിക്കുന്നത്; തെരുക്കൂത്തില്ലാത്ത മാസങ്ങളിൽ ഈ ആടുകളാണ് അവരുടെ ഉപജീവനമാർഗ്ഗം

ആദി ദ്രാവിഡർ (പട്ടികജാതിയായി പരിഗണിക്കപ്പെടുന്നു) സമുദായാംഗമായ ശർമി ഇപ്പോൾ 57 വയസ്സുകാരിയായ അമ്മയ്ക്കും കുടുംബത്തിന് സ്വന്തമായുള്ള 10 ആടുകൾക്കുമൊപ്പമാണ് താമസിക്കുന്നത്. തെരുക്കൂത്തില്ലാത്ത മാസങ്ങളിൽ ഈ ആടുകളാണ് അവരുടെ ഉപജീവനമാർഗ്ഗം.

"എനിക്കാകെയുള്ള തൊഴിൽ തെരുക്കൂത്താണ്. അത് മാന്യമായ തൊഴിലുമാണ്. ആളുകൾക്കിടയിൽ അന്തസ്സായി ജീവിക്കാൻ കഴിയുന്നതിൽ എനിക്ക് സന്തോഷമുണ്ട്," അവർ പറയുന്നു. തെരുക്കൂത്ത് ഇല്ലാതിരിക്കുന്ന സമയത്ത് (ഒക്ടോബറിനും മാർച്ചിനും ഇടയിലുള്ള സമയം) ഞങ്ങൾ വരുമാനത്തിനായി ആടുകളെ വിൽക്കും. എനിക്ക് പിച്ചൈ (ഭിക്ഷ) യാചിക്കാനോ ലൈംഗിക തൊഴിലിൽ ഏർപ്പെടാനോ താത്പര്യമില്ല."

ശർമിക്ക് നേഴ്‌സിംഗിലും വലിയ താത്പര്യമുണ്ട്. "എന്റെ ആടുകൾക്ക് അസുഖം വരുമ്പോൾ ഞാൻതന്നെയാണ് അവയെ ശുശ്രൂഷിക്കാറുള്ളത്. അവയുടെ പ്രസവം എടുക്കുന്നതും ഞാൻ തന്നെയാണ്," അവർ പറയുന്നു. "പക്ഷെ എനിക്ക് ഒരു പ്രൊഫഷണൽ നേഴ്സ് ആകാൻ കഴിയില്ല."

*****

അവതരണം തുടങ്ങുമ്പോൾ ഒരു കോമാളി രംഗത്ത് വന്ന് പാട്ട് പാടിയും തമാശകൾ പറഞ്ഞും കാണികളുടെ ശ്രദ്ധയാകർഷിക്കും. ഇതിനുപിന്നാലെ, മുഖ്യകഥാപാത്രം അവതരിപ്പിക്കുന്ന പുരുഷ കലാകാരൻ അരങ്ങിലെത്തും. മേഘരാസനും കൊടിക്കലാദേവിയും തങ്ങളുടെ ആമുഖഗാനം അവതരിപ്പിച്ച് നാടകം തുടങ്ങുന്നതായി പ്രഖ്യാപിക്കും.

PHOTO • Akshara Sanal
PHOTO • Akshara Sanal

മഹാഭാരതത്തിലെ കഥാപാത്രമായ പാണ്ഡവ രാജകുമാരൻ അർജുനന്റേയും അദ്ദേഹത്തിന്റെ എട്ട് ഭാര്യമാരുടേയും കഥയെ അടിസ്ഥാനമാക്കിയുള്ള മിന്നലൊളി ശിവ പൂജ എന്ന നാടകമാണ് ഇവിടെ അവതരിപ്പിക്കപ്പെടുന്നത്. ബോഗവതി എന്ന കഥാപാത്രമായാണ് ശർമി അരങ്ങിലെത്തുന്നത്

PHOTO • Akshara Sanal
PHOTO • Akshara Sanal

കാണികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ശർമിയും മറ്റ് കലാകാരന്മാരും നാടകത്തിനിടെ ഏതാണ്ട് 10 വ്യത്യസ്ത വേഷവിധാനങ്ങളിൽ രംഗത്തെത്തും

തമാശകളും പാട്ടുകളും വിലാപഗാനങ്ങളുമായി നാടകം ചടുലമായി മുന്നോട്ട് പോകുന്നു. കോമാളിയായി വേഷമിടുന്ന മുനുസ്വാമി തന്റെ വാക്കുകളിലൂടെയും പ്രകടനങ്ങളിലൂടെയും കാണികളുടെ മനം കവരുകയും അവരെ ചിരിപ്പിച്ച് കരച്ചിലിന്റെ വക്കത്തെത്തിക്കുകയും ചെയ്യുന്നു. കാണികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് ശർമിയും മറ്റ് കലാകാരന്മാരും നാടകത്തിനിടെ ഏതാണ്ട് 10 വ്യത്യസ്ത വേഷവിധാനങ്ങളിൽ രംഗത്തെത്തും. നാടകത്തിലുടനീളം ഇടയ്ക്കിടെ ഉയരുന്ന ചാട്ടവാറടിയുടെ ശബ്ദം കഥാഗതിക്ക് നാടകീയത പകരുകയും കാണികൾ ഉറങ്ങാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

പുലർച്ചെ 3:30 മണിയാകുന്നതോടെ, ക്രുദ്ധനായ അർജ്ജുനന്റെ ശാപം നിമിത്തം വിധവയായി ജീവിക്കാൻ വിധിക്കപ്പെട്ട മിന്നലൊളി രംഗത്തെത്തുന്നു. നാടകത്തിന്റെ രചയിതാവ് കൂടിയായ റൂബനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അദ്ദേഹം ഒപ്പാരി (വിലാപഗാനം) അവതരിപ്പിക്കുന്നത് കേട്ട് കാണികളിൽ പലരും കരയുന്നുണ്ട്. റൂബൻ പാടുന്നതിനിടെ ചിലർ അദ്ദേഹത്തിന്റെ കയ്യിൽ പണം നൽകുന്നു. ഈ രംഗം അവസാനിക്കുന്നതോടെ, കോമാളി വീണ്ടും അരങ്ങിലെത്തുകയും ഹാസ്യത്തിലൂടെ കാണികൾക്ക് ആശ്വാസം പകരുകയും ചെയ്യുന്നു.

സൂര്യോദയം അടുക്കുന്നതോടെ നാടകത്തിൽ മിന്നലൊളിയും അർജ്ജുനനും ഒരുമിക്കുന്നു. റൂബൻ പരേതന്റെ പേര് വിളിച്ചുചൊല്ലി അവരുടെ അനുഗ്രഹം തേടുന്നു. ഇതിനുപിന്നാലെ അദ്ദേഹം കാണികളോട് നന്ദി പറയുകയും നാടകം സമാപിച്ചതായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. അവതരണം അവസാനിപ്പിക്കാനുള്ള സമയമായി.

നാടക കലാകാരൻമാർ വീട്ടിലേയ്ക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. അവർ ക്ഷീണിതരെങ്കിലും സന്തുഷ്ടരാണ് - അവതരണം വിജയമായെന്ന് മാത്രമല്ല അതിനിടെ അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടായതുമില്ല. "ചിലപ്പോഴെല്ലാം ആളുകൾ അവതരണത്തിനിടെ ഞങ്ങളെ ഉപദ്രവിക്കും. ഒരിക്കൽ കാണികളിൽ ഒരാൾ എന്നെ കത്തിയുമായി കുത്താൻ വന്നു; ഞാൻ അയാൾക്ക് എന്റെ ഫോൺ നമ്പർ കൊടുക്കാതിരുന്നതിന്റെ പേരിലായിരുന്നു അത്," ശർമി പറയുന്നു. "ഞങ്ങൾ ട്രാൻസ് സ്ത്രീകൾ ആണെന്ന് മനസ്സിലാക്കിയാൽ ചില പുരുഷന്മാർ ഞങ്ങളോട് മോശമായി പെരുമാറുകയും ലൈംഗികബന്ധത്തിനുപോലും നിർബന്ധിക്കുകയും  ചെയ്യും. ഞങ്ങളും മനുഷ്യരാണെന്ന് അവർ മനസ്സിലാക്കുന്നില്ല. ഒരു ക്ഷണത്തേക്കെങ്കിലും ഞങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അവർ ചിന്തിച്ചാൽ, അവർ ഇങ്ങനെയൊന്നും ചെയ്യില്ല."

PHOTO • Akshara Sanal
PHOTO • Akshara Sanal

തമാശകളും വിലാപഗാനങ്ങളും നാടകത്തിന്റെ ഭാഗമാണ്. കൃഷ്ണന്റെ വേഷം അവതരിപ്പിക്കുന്ന ഗോപിയ്‌ക്കൊപ്പം (വലത്) ശർമി അരങ്ങിൽ

PHOTO • Akshara Sanal
PHOTO • Akshara Sanal

മിന്നലൊളിയുടെ വേഷം അവതരിപ്പിക്കുന്ന റൂബനും (ഇടത്) അർജ്ജുനനായി വേഷമിടുന്ന അപ്പുനും നാടകത്തിന്റെ അവസാനരംഗത്ത്. നാടകത്തിനുശേഷം ശർമി (വലത്) എണ്ണ ഉപയോഗിച്ച് മേക്കപ്പ് ഇളക്കിക്കളയുന്നു

അരിദാരം എളുപ്പത്തിൽ നീക്കംചെയ്യാൻ കഴിയില്ലെന്നതിനാൽ കലാകാരൻമാർ ആദ്യം അതിന് പുറത്ത് എണ്ണ പുരട്ടി ഒരു തോർത്തുകൊണ്ട് തുടച്ചെടുക്കുന്നു. "യാത്രാദൈർഘ്യം അനുസരിച്ച് രാവിലെ 9 മണിക്കോ 10 മണിക്കോ ഒക്കെയാണ് ഞങ്ങൾ വീട്ടിലെത്തുക. വീട്ടിലെത്തിയാൽ ഞാൻ പാചകം ചെയ്ത്, കഴിച്ച്, കിടന്നുറങ്ങും. ഉച്ചയ്ക്ക് ഉണരുകയാണെങ്കിൽ ഭക്ഷണം കഴിക്കും. അല്ലെങ്കിൽ ഞാൻ വൈകീട്ട് വരെ കിടന്നുറങ്ങും," ശർമി പറയുന്നു. "തുടർച്ചയായി പരിപാടി അവതരിപ്പിക്കുമ്പോൾ (കൂത്ത് സീസണിൽ) വലിയ ക്ഷീണം അനുഭവപ്പെടില്ല. എന്നാൽ ഉത്സവ സീസൺ അല്ലാത്ത സമയങ്ങളിൽ പ്രകടനങ്ങൾക്കിടെ നീണ്ട ഇടവേള ഉണ്ടാകുമെന്നതുകൊണ്ട് പരിപാടി കഴിയുമ്പോൾ ക്ഷീണവും കൂടുതലായിരിക്കും."

എന്നാൽ തനിക്ക് വിശ്രമിക്കാനോ പരിപാടികൾ ഒഴിവാക്കാനോ കഴിയില്ലെന്ന് ശർമി ചൂണ്ടിക്കാട്ടുന്നു. ഒരു തെരുക്കൂത്ത് കലാകാരന്റെ യാത്രയിൽ പ്രായം ഒരു പ്രധാന ഘടകമാണ്: പ്രായം കുറഞ്ഞ, പൂർണ്ണ ആരോഗ്യമുള്ള കലാകാരന്മാർക്ക് കൂടുതൽ പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കുകയും ഓരോ അവതരണത്തിനും 700-800 രൂപ പ്രതിഫലം ലഭിക്കുകയും ചെയ്യും. എന്നാൽ പ്രായം കൂടുന്നതനുസരിച്ച് അവസരം കുറയുകയും ഓരോ പരിപാടിക്കും 400-500 രൂപ എന്ന തോതിൽ വരുമാനം ക്ഷയിക്കുകയും ചെയ്യും.

"നാടക കലാകാരൻമാർ എന്ന നിലയ്ക്ക്, ഞങ്ങളുടെ മുഖത്തിന് സൗന്ദര്യവും ശരീരത്തിന് ആരോഗ്യവും ഉള്ള കാലത്തോളമേ ഞങ്ങൾക്ക് തൊഴിൽ ലഭിക്കുകയുള്ളൂ," ശർമി പറയുന്നു. "അത് (സൗന്ദര്യം, ബഹുമാനം, തൊഴിൽ) നഷ്ടപ്പെടുന്നതിന് മുൻപ്, വീട് വെക്കാനും ഉപജീവനത്തിന് ഒരു ചെറിയ കച്ചവടം തുടങ്ങാനും വേണ്ട സമ്പാദ്യം ഞാൻ സ്വരുക്കൂട്ടേണ്ടതുണ്ട്. എന്നാൽ മാത്രമേ വയസ്സാകുമ്പോൾ ഞങ്ങൾക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയുള്ളൂ."

മൃണാളിനി മുഖർജി ഫൗണ്ടേഷൻ നൽകിയ ഫെല്ലോഷിപ്പിന്റെ സഹായത്തോടെയാണ് ഈ ലേഖനം തയ്യാറാക്കിയിട്ടുള്ളത്

പരിഭാഷ: പ്രതിഭ ആര്‍. കെ .

Poongodi Mathiarasu

Poongodi Mathiarasu is an independent folk artist from Tamil Nadu and works closely with rural folk artists and the LGBTQIA+ community.

Other stories by Poongodi Mathiarasu
Photographs : Akshara Sanal

Akshara Sanal is an independent photojournalist based in Chennai, and interested in documenting stories around people.

Other stories by Akshara Sanal
Editor : Sangeeta Menon

Sangeeta Menon is a Mumbai-based writer, editor and communications consultant.

Other stories by Sangeeta Menon
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.