നഹാനെ കേവലം ഒരു വിനോദമായി മാത്രം തെറ്റിദ്ധരിക്കരുത്. ഇത് ഞങ്ങളുടെ പൂർവ്വികരുടെ പൈതൃകമാണ്.
കോട്ടയിലെ സംഗൊദ് ഗ്രാമത്തിലെ അന്തരിച്ച കവി സുരജ്മൽ വിജയ്, നഹാൻ ഉത്സവത്തെ ഈ വാക്കുകളിലാണ് ഒതുക്കിയത്. തെക്ക്-കിഴക്ക് രാജസ്ഥാനിന്റെ ഹഡോതി മേഖലയിലെ ഉത്സവമാണ് നാൻ.
“സർക്കാർ എത്ര കോടി രൂപ ചിലവഴിച്ചാലും, ഇത്തരമൊരു ചടങ്ങ് സംഘടിപ്പിക്കാനാവില്ല,” ആഭരണകച്ചവടക്കാരനും ഗ്രാമത്തിലെ താമസക്കാരനുമായ രാംബാബു സോണി പറയുന്നു. “ഇവിടെയുള്ള മനുഷ്യർ, അവരുടെ ഇച്ഛയ്ക്കനുസരിച്ച്, അവരുടെ സംസ്കാരത്തിനായി സംഘടിപ്പിക്കുന്നതുപോലെ.” ഹോളിക്ക് ശേഷ്മുള്ള അഞ്ച് ദിവസമാണ് ഗ്രാമം ഈ ഉത്സവം സംഘടിപ്പിക്കുന്നത്. 15-ആം നൂറ്റാണ്ടിൽ ഇവിടെ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സംഗ ഗുജ്രാർ എന്ന പഴങ്കഥയിലെ വീരനെ ആദരിക്കുന്ന ഉത്സവമാണ് ഇത്.
“നഹാൻ’ എന്നതിന് ദേഹശുദ്ധി വരുത്തുക എന്നാണ് അർത്ഥം. സാമൂഹികമായ ഒരു വൃത്തിയാക്കൽ. ഹോളിയുമായാണ് ഇതിനെ ബന്ധപ്പെടുത്തുന്നത്. സംഗൊദിലെ ആളുകളുടെ മാത്രം സംഘാടനത്തിലാണ് ഇത് നടക്കുന്നത്. ദിനചര്യകളെല്ലാം സ്വയം മാറ്റിവെച്ച്, സ്വന്തമായി അണിഞ്ഞൊരുങ്ങി, തിളക്കമുള്ള വസ്ത്രങ്ങളണിഞ്ഞ്, അവർ ഓരോരോ കഥാപാത്രങ്ങളായി അഭിനയിക്കുന്നു.
“ഏതാണ്ട് 400-500 കൊല്ലം മുമ്പ്, മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ കാലത്ത്, സംഗൊദിൽ വിജയവർഗിയ ‘മഹാജൻ’ എന്നൊരാളുണ്ടായിരുന്നു. ഷാജഹാന്റെ കീഴിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ജോലിയിൽനിന്ന് വിരമിച്ചപ്പോൾ, സംഗൊദിൽ നഹാൻ ഉത്സവം സംഘടിപ്പിക്കാൻ ചക്രവർത്തിയുടെ അനുവാദം ചോദിച്ചു. അങ്ങിനെയാണ് ഇവിടെ ഈ സംഗൊദിൽ ഈ ഉത്സവം ആരംഭിച്ചത്,” രാംബാബു സോണി പറയുന്നു.
കലാകാരന്മാരുടെ നൃത്തപരിപാടികളും, മാന്ത്രികവിദ്യകളും, മെയ്യഭ്യാസങ്ങളും കാണാൻ, സമീപഗ്രാമങ്ങളിൽനിന്ന് ആയിരക്കണക്കിനാളുകൾ സംഗൊദിലേക്ക് യാത്ര ചെയ്യാറുണ്ട്. ബ്രാഹ്മണി ദേവിയെ ആരാധിച്ചുകൊണ്ടാണ് ഉത്സവം ആരംഭിക്കുക. അതിനുശേഷം, വേവിച്ച ധാന്യം പ്രസാദമായി ഭക്തർക്ക് നൽകും.
“അത്ഭുതവിദ്യകൾ പ്രദർശിപ്പിക്കും, വാളുകൾ വിഴുങ്ങുന്നതുപോലുള്ള വിദ്യകൾ. ഒരാൾ കടലാസ്സുകഷണങ്ങൾ വിഴുങ്ങി, വായിൽനിന്ന് 50 അടി നീളമുള്ള ഒരു നൂൽ വലിച്ചെടുക്കുന്നതുപോലുള്ള വിദ്യകൾ,” അവതരണക്കാരിലൊരാളായ സത്യനാരായൺ മാലി പറയുന്നു.
ഉത്സവങ്ങളുടെ അവസാനമാണ് ബാദ്ഷാ കി സവാരി എന്ന ചടങ്ങ്. ഏതെങ്കിലുമൊരു സാധാരണക്കാരനെ ഒറ്റ ദിവസത്തേക്ക് രാജാവായി വാഴിച്ച്, ഗ്രാമവീഥികളിലൂടെ രാജകീയ ഘോഷയാത്ര നടക്കും. കഴിഞ്ഞ 60 കൊല്ലമായി രാംബാബുവിന്റെ കുടുംബത്തിൽനിന്നുള്ളവരാണ് ഇത് ചെയ്യുന്നത്. “എന്റെ അച്ഛൻ 25 കൊല്ലം ആ വേഷമിട്ടു. 35 കൊല്ലമായി ഞാനും ആ പൈതൃകം തുടർന്നുപോരുന്നു. രാജാവിന്റെ പദവി പ്രധാനമാണ്. സിനിമയിലെ നായകന്റേതുപോലെത്തന്നെ. ഇതും ഒരു സിനിമയാണ്,” അദ്ദേഹം പറയുന്നു.
ആ ദിവസം ആ റോൾ കിട്ടുന്നവർക്ക് അതോടൊപ്പം ബഹുമാനവും ലഭിക്കുന്നു.
“അതെ, എല്ലാ കൊല്ലവും ഒരു ദിവസം. ആ ദിവസം അയാളാണ് രാജാവ്.”
പരിഭാഷ: രാജീവ് ചേലനാട്ട്