സമിതയുടെ ചാളിൽനിന്ന് വസ്ത്രങ്ങളുടെ കെട്ടുകൾ അടുത്തുള്ള അപ്പാർട്ടുമെന്റുകളിലേക്ക് അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്ന കാഴ്ച ഇപ്പോൾ കാണാനില്ല. രണ്ടുമാസം മുമ്പുവരെ, എല്ലാ ദിവസവും രാവിലെ, അവർ വഡ ടൗണിലെ അശോകവൻ കോംപ്ലക്സിൽ താമസിക്കുന്ന കുടുംബങ്ങളിൽനിന്ന് വസ്ത്രങ്ങൾ ശേഖരിക്കുമായിരുന്നു. കെട്ടുകൾ കൈയിലും തലയിലും ചുമന്ന് രണ്ടു കിലോമീറ്റർ നടന്ന് അതേ പട്ടണത്തിലെ ഭാനുശാലി ചാളിലുള്ള തന്റെ വീട്ടിലേക്ക് അവർ പോകും. അവിടെ അവൾ വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ഭംഗിയായി മടക്കി അന്ന് വൈകുന്നേരംതന്നെ വീട്ടുകാർക്ക് തിരികെ എത്തിക്കും.
“ലോക്ക്ഡൗൺ ആരംഭിച്ചതുമുതൽ, എനിക്ക് ഓർഡറുകൾ ലഭിക്കുന്നത് ഏതാണ്ട് നിന്നു,” 32-കാരിയായ സമിത മോർ പറയുന്നു. 'ഓർഡർ' എന്ന് അവർ പറഞ്ഞത് ഇസ്തിരിയിടേണ്ട വസ്ത്രങ്ങളെക്കുറിച്ചായിരുന്നു. മാർച്ച് 24-ന് ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതുവരെ ദിവസം കുറഞ്ഞത് നാല് ‘ഓർഡറുകൾ’ കിട്ടിയിരുന്ന സ്ഥാനത്ത്, സമിതയ്ക്ക് ഇപ്പോൾ ആഴ്ചയിൽ ഒന്നോ രണ്ടോ മാത്രമേ കിട്ടുന്നുള്ളൂ. കൂടാതെ ദിവസം 150-200 രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഈ ഏപ്രിൽ മാസത്തിൽ ആഴ്ചയിൽ 100 രൂപയാണ് കിട്ടിയത്. ഓരോ ഷർട്ടിനും ട്രൗസറിനും 5 രൂപയും സാരിക്ക് 30 രൂപയുമാണ് സ്മിത ഈടാക്കുന്നത്. "ആഴ്ചയിൽ 100 രൂപകൊണ്ട് ഞാൻ എങ്ങനെ ജീവിക്കും?" അവർ ചോദിക്കുന്നു.
സ്മിതയുടെ ഭർത്താവ് 48 വയസ്സുള്ള സന്തോഷ് ഓട്ടോറിക്ഷ ഡ്രൈവറായി ജോലി ചെയ്തിരുന്നെങ്കിലും 2005-ൽ വടയ്ക്ക് സമീപം സഞ്ചരിച്ചിരുന്ന അദ്ദേഹത്തിന്റെ ടെമ്പോയ്ക്ക് നേരെ ആരോ കല്ലെറിഞ്ഞതിനെത്തുടർന്ന് ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിരുന്നു. “എനിക്ക് വേറെ ജോലിയൊന്നും ചെയ്യാൻ സാധിക്കാത്തതിനാൽ ഞാൻ എന്റെ ഭാര്യയെ വസ്ത്രങ്ങൾ ഇസ്തിരിയിടാൻ സഹായിക്കുന്നു,” അദ്ദേഹം പറയുന്നു. “എല്ലാ ദിവസവും ഇസ്തിരിയിടാൻ നാലുമണിക്കൂർ നിൽക്കുമ്പോൾ എന്റെ കാലുകൾ വേദനിക്കാൻ തുടങ്ങും”.
സന്തോഷും സമിതയും 15 വർഷമായി വസ്ത്രങ്ങൾ ഇസ്തിരിയിടുന്നു. "അദ്ദേഹത്തിന്റെ അപകടത്തിനുശേഷമാണ് ഞാൻ ഈ പണിക്ക് ഇറങ്ങിയത്. ഭക്ഷണത്തിനും കഴിക്കുകയും രണ്ട് മക്കളുടെ വിദ്യാഭ്യാസത്തിനും പണം ആവശ്യമായിരുന്നു", സമിത പറയുന്നു. “എന്നാൽ ഈ ലോക്ക്ഡൗൺ ഞങ്ങളെ ഒരുപാട് ബുദ്ധിമുട്ടിച്ചു.” പലചരക്ക് സാധനങ്ങൾ വാങ്ങാനും പ്രതിമാസ വൈദ്യുതിച്ചാർജ്ജായ 900 രൂപ അടയ്ക്കാനും മറ്റുമായി ആകെയുണ്ടായിരുന്ന തുച്ഛമായ തുക മുഴുവൻ ചിലവായി. പോരാത്തതിന്, ബന്ധുക്കളിൽനിന്ന് 4000 രൂപ കടം വാങ്ങുകയും ചെയ്തു.






