കുട്ടിയായിരുന്നപ്പോൾ, ചൊറിയുന്ന കൊടിത്തൂവയുടെ തണ്ടുകൊണ്ട്, അഥവാ തേവോകൊണ്ട് തന്റെ അമ്മയും മുത്തശ്ശിയും നെയ്യുന്നത് കെകോവെ കണ്ടിട്ടുണ്ട്. അമ്മ ചെയ്ത് പകുതി പണി കഴിഞ്ഞ ഒരു കഷണമെടുത്ത് അവൾ സ്വന്തമായി പരീക്ഷിക്കാറുണ്ടായിരുന്നു. എന്നാൽ രഹസ്യമായിട്ടാണ് അത് ചെയ്തിരുന്നത്, കാരണം, ആ കഷണം തൊടരുതെന്ന് അമ്മ പ്രത്യേകം പറഞ്ഞിട്ടുണ്ടാവും. അങ്ങിനെയാണ് രഹസ്യമായും സാവധാനത്തിലും കെകോവെ നാഗാ ഷോളുകൾ നെയ്യുന്ന തൊഴിൽ പഠിച്ചെടുത്തത്. ആരും പഠിപ്പിക്കാതെ എന്ന് അവൾ കൂട്ടിച്ചേർത്തു.
ഇന്ന് അവർ ആ തൊഴിലിൽ ഒരു വിദഗ്ദ്ധയാണ്. തന്റെ സ്വന്തം കൃഷിജോലിക്കും വീട്ടുപണിക്കുമിടയിൽ അവർ അതിന് സമയം കണ്ടെത്തുന്നു. “അരി തിളയ്ക്കുന്നത് കാത്തിരിക്കുമ്പൊഴോ, കുട്ടികളെ ആരെങ്കിലും പുറത്തേക്ക് നടത്താൻ കൊണ്ടുപോവുമ്പോഴോ ഞങ്ങൾ കുറച്ച് നെയ്യാൻ ശ്രമിക്കും,” ചൂണ്ടുവിരലിന്റെ അറ്റം കാണിച്ച്, നെയ്യുന്നതിന്റെ നീളം അവർ സൂചിപ്പിക്കുന്നു.
വെഹുസുലുവും ഏയ്ഹിലു ചെസോ എന്നീ അയൽക്കാരോടൊപ്പം, റുകിസോ കോളണിയിലെ തകരം മേഞ്ഞ വീട്ടിലിരിക്കുകയായിരുന്നു കെകോവെ. കെകോവെയുടെ കണക്കനുസരിച്ച്, നാഗാലാൻഡിലെ ഫേ ജില്ലയിലെ ഈ ഫുട്സെരോ ഗ്രാമത്തിലെ 266 വീടുകളിൽ 11 ശതമാനവും നെയ്ത്ത് തൊഴിൽ ചെയ്യുന്നുണ്ടാവും. അതിൽത്തന്നെ, ചകെസാംഗ് സമുദായത്തിലെ (പട്ടികഗോത്രക്കാരാണ് അവർ) കുസാമി ഉപസമുദായത്തിലെ സ്ത്രീകളാണ് ഇവരിലധികവും. “ഞങ്ങളുടെ ഭർത്താക്കന്മാർ സഹായിക്കാറുണ്ട്. അവർ പാചകവും ചെയ്യും. പക്ഷേ സ്ത്രീകളുടെയത്ര ഈ തൊഴിലിൽ അവർക്ക് വൈദഗ്ദ്ധ്യമില്ല. ഞങ്ങൾക്ക് പാചകവും, കൃഷിയും, നെയ്ത്തും, മറ്റ് ജോലികളും എല്ലാം ചെയ്യേണ്ടിവരുന്നു,” കെകോവെ പറയുന്നു.




















