“വെള്ളം കയറുമ്പോൾ ഞങ്ങളുടെ നെഞ്ച് കലങ്ങാൻ തുടങ്ങും”, ഹരേശ്വർ ദാസ് പറയുന്നു. മഴക്കാലത്ത് പുതിമാരി നദിയിലെ വെള്ളം വീടുകളെയും വിളവുകളെയും നശിപ്പിക്കുന്നതിനാൽ എപ്പോഴും ജാഗ്രതയോടെയിരിക്കേണ്ട അവസ്ഥയിലാണ് ഗ്രാമീണരെന്ന്, അസമിലെ ബുഗോരിബാരിയിലെ താമസക്കാരനായ അദ്ദേഹം പറയുന്നു.

“തുണികളൊക്കെ കെട്ടിപ്പെറുക്കി തയ്യാറായി ഇരിക്കണം, മഴ പെയ്യാൻ തുടങ്ങുമ്പോൾ. കഴിഞ്ഞ തവണത്തെ വെള്ളപ്പൊക്കത്തിൽ കെട്ടുറപ്പുള്ള വീടുകൾക്കുപോലും നാശനഷ്ടങ്ങളുണ്ടായി. മുളയും കളിമണ്ണുമുപയോഗിച്ച് പുതിയ ചുമരുകൾ പിന്നെയും ഉയർത്തേണ്ടിവന്നു” എന്ന് അദ്ദേഹത്തിന്റെ ഭാര്യ സാബിത്രി ദാസ് പറയുന്നു.

“കേടുവന്ന ടിവി ഒരു ചാക്കിൽ പൊതിഞ്ഞ് പുരപ്പുറത്ത് വെച്ചിരിക്കുകയാണ് ഇപ്പോൾ”, നിരദ ദാസ് പറഞ്ഞു. ഒടുവിൽ വാങ്ങിയ ടിവിയും കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ നശിച്ചുപോയി.

2023 ജൂൺ 16 രാത്രി മഴ നിർത്താതെ പെയ്തു. കഴിഞ്ഞ വർഷം തകർന്ന ചിറ നേരെയക്കാൻ താമസക്കാർ മണൽച്ചാക്കുകൾ ഉപയോഗിച്ചു. രണ്ടുദിവസം കഴിഞ്ഞിട്ടും മഴയ്ക്ക് ശമനമുണ്ടായില്ല. ചിറ വീണ്ടും പൊട്ടുമെന്ന് ഭയന്ന് കഴിയുകയായിരുന്നു ബുഗോരിബാരിയിലെയും സമീപത്തെ, ധേപാർഗാം, മാദോയ്കട്ട, നിസ് കൌർബഹ, ഖണ്ടികർ, ബിഹാപാര, ലഹാപാര ഗ്രാമങ്ങളിലെയും ആളുകൾ.

ഭാഗ്യത്തിന് നാലുദിവസത്തിനുശേഷം മഴ കുറയുകയും വെള്ളം ഒഴിഞ്ഞുപോവുകയും കെയ്തു.

“ചിറ പൊട്ടിയാൽ ജലബോംബ് പൊട്ടുന്നതുപോലെയാണ്. വഴിയിലുള്ള എല്ലാറ്റിനേയും അത് തകർത്ത് തരിപ്പണമാക്കും“, നാട്ടിലെ അദ്ധ്യാപകനായ ഹരേശ്വർ ദാസ് പറഞ്ഞു. കെ.ബി. ദേയുൽകുചി ഹയർ സെക്കർഡറി സ്കൂളിലെ അസമീസ് ഭാഷാദ്ധ്യാപകനായിരുന്നു 85 വയസ്സുള്ള, വിരമിച്ച ആ അദ്ധ്യാപകൻ.

1965-ൽ നിർമ്മിച്ച ആ ചിറ, ‘പുനരുജ്ജീവനം നൽകുന്നതിനുപകരം കൃഷിയിടങ്ങളെ വെള്ളത്തിൽ മുക്കി”, ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കിയതെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു.

Retired school-teacher Hareswar Das, 85, (left) has witnessed 12 floods. 'When the embankment breaks it seems like a water bomb. It ravages everything in its way instead of rejuvenating croplands,' he says .
PHOTO • Pankaj Das
His wife Sabitri (right) adds,  'The previous flood [2022] took away the two kutchha houses of ours. You see these clay walls, they are newly built; this month’s [June] incessant rain has damaged the chilly plants, spiny gourds and all other plants from our kitchen garden'
PHOTO • Pankaj Das

12 വെള്ളപ്പൊക്കങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്, 85 വയസ്സായ ഹരേശ്വർ ദാസ് എന്ന (ഇടത്ത്) റിട്ടയർ ചെയ്ത സ്കൂൾ അദ്ധ്യാപകൻ. ‘ജലബോംബ് പൊട്ടുന്നതുപോലെയാണ് ചിറ തകരുന്നത്. കൃഷിയിടങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിനുപകരം വഴിയിലുള്ള എല്ലാറ്റിനേയും അത് നശിപ്പിക്കുന്നു’, അദ്ദേഹം പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യ സാബിത്രി (വലത്ത്) കൂട്ടിച്ചേർക്കുന്നു. ‘കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ (2022-ലെ) ഞങ്ങളുടെ രണ്ട് കുടിലുകളെ അത് നശിപ്പിച്ചു. ഈ കളിമൺ ചുമരുകൾ കണ്ടോ? അത് രണ്ടാമത് പണിഞ്ഞതാണ്. എന്നാൽ ഈ മാസത്തെ (ജൂണിലെ) തുടർച്ചയായ മഴ മുളകുചെടികളെയും  കുമ്പളങ്ങയേയും ഞങ്ങളുടെ അടുക്കളത്തോട്ടത്തിലെ മറ്റ് ചെടികളേയും ഒക്കെ നശിപ്പിച്ചു’

Left: Sabitri and family store things in high places to avoid damage. She has to keep everything ready and packed in case it rains.
PHOTO • Pankaj Das
Right: Although it is time to sow seeds, not a single farmer in Bagribari has been able to do it because it is impossible to farm land covered in sand
PHOTO • Pankaj Das

ഇടത്ത്: നാശനഷ്ടങ്ങളുണ്ടാവാതിരിക്കാൻ സാബിത്രിയും കുടുംബവും സാധനങ്ങളൊക്കെ ഉയരത്തിലാണ് സൂക്ഷിക്കുന്നത്. മഴ പെയ്യാൻ തുടങ്ങിയാൽ എല്ലാം കെട്ടിപ്പെറുക്കി ഏതുനിമിഷവും വീട്ടിൽനിന്നിറങ്ങാൻ തയ്യാറായി ഇരിക്കേണ്ടിവരും. വലത്ത്: കൃഷിഭൂമിയിലൊക്കെ മണ്ണ് കയറിയതിനാൽ, വിത്തുകൾ വിതയ്ക്കാനുള്ള സമയമായിട്ടും ബുഗോരിബാരിയിലെ ഒരു കർഷകനുപോലും അതിന് സാധിച്ചിട്ടില്ല

വർഷാവർഷം വെള്ളപ്പൊക്കമുണ്ടാകുന്ന ബ്രഹ്മപുത്രയിൽനിന്ന് 50 കിലോമീറ്റർ അകലെയുള്ള പുതിമാരി നദിയുടെ തീരത്താണ് ബാഗ്രിബാരി സ്ഥിതി ചെയ്യുന്നത്. മഴമാസങ്ങളിൽ, ഗ്രാമീണർ, വെള്ളം ഉയരുമെന്ന് ഭയന്ന് ഉറക്കമൊഴിഞ്ഞ് ജാഗ്രതയോടെയിരിക്കും. ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിൽ, ബക്സ ജില്ലയിലെ ഈ ഗ്രാമത്തിൽ ചെറുപ്പക്കാരൊക്കെ രാത്രി മുഴുവൻ ഉണർന്നിരിക്കും, ചിറയിലെ വെള്ളത്തിന്റെ അളവ് കൂടുന്നതും നോക്കി. “വർഷത്തിൽ അഞ്ചുമാസവും വെള്ളപ്പൊക്കവുമായി മല്ലിട്ടും അല്ലെങ്കിൽ വെള്ളപ്പൊക്കത്തെ ഭയന്നുമാണ് ഞങ്ങൾ ജീവിക്കുന്നത്”, ഹരേശ്വർ പറയുന്നു.

“കഴിഞ്ഞ കുറേ പതിറ്റാണ്ടായി, എല്ലാ മഴക്കാലത്തും ചിറ പൊട്ടുന്നത് ഒരേ സ്ഥലത്താണ്”. ഗ്രാമത്തിലെ താമസക്കാരനായ ജോഗാമയ ദാസ് ചൂണ്ടിക്കാണിക്കുന്നു.

അതുകൊണ്ടായിരിക്കണം, അതുൽ ദാസിന്റെ മകൻ ഹിരാക്ജ്യോതി അസം പൊലീസിലെ അൺ‌ആംഡ് ബ്രാഞ്ചിൽ കോൺസ്റ്റബിളായി ജോലിക്ക് ചേർന്നത്. ചിറയുടെ നിർമ്മാണത്തിലും അതിന്റെ അറ്റകുറ്റപ്പണിയിലും അയാൾക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

“ചിറ ഒരു പൊന്മുട്ടയിടുന്ന താറാവാണ്”, അയാൾ പറയുന്നു. “എല്ലാ വർഷവും അത് തകരും, രാഷ്ട്രീയകക്ഷികളും സംഘടനകളും വരും. കരാറുകാരൻ ചിറ കെട്ടും. വീണ്ടും അടുത്ത വെള്ളപ്പൊക്കത്തിൽ അത് തകരും”. നല്ല രീതിയിൽ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് പ്രദേശത്തെ ചെറുപ്പക്കാർ മുന്നോട്ട് വന്നപ്പോൾ “പൊലീസ് വന്ന് അവരെ ഭീഷണിപ്പെടുത്തി, മിണ്ടാതിരിക്കാൻ പറഞ്ഞു’വെന്ന് 53 വയസ്സുള്ള അദ്ദേഹം പറയുന്നു.

ജനങ്ങളുടെ ദുരിതത്തിനെക്കുറിച്ച് സംസാരിക്കുകയാണ് ബുഗോരിബാരിയിലെ കൃഷിയിടങ്ങളും, റോഡുകളും വീടുകളും. പെട്ടെന്നൊന്നും ഈ വിഷയം പരിഹരിക്കപ്പെടുമെന്നും തോന്നുന്നില്ല. “ചിറയുടെ നിർമ്മാണവും അതിന്റെ അറ്റകുറ്റപ്പണിയും സ്ഥിരമായ ഒരു ഏർപ്പാടാണെന്ന് തോന്നുന്നു” എന്നാണ് പുതിമാരി പുഴയുടെ ഹൈഡ്രൊഗ്രാഫിക്ക് സർവേ നടത്തിയ ഇൻലാൻഡ് വാട്ടർവേയ്സ് അഥോറിറ്റി ഓഫ് ഇന്ത്യയുടെ 2015-ലെ റിപ്പോർട്ടിലെ നിഗമനം.

Left: Workmen from Bagribari placing sandbags below the embankment on the Puthimari river .
PHOTO • Pankaj Das
Right: The State Water Resource Department uses geobags to resist erosion.
PHOTO • Pankaj Das

ഇടത്ത്: പുതിമാരി പുഴയിലെ ചിറയുടെ അടിഭാഗത്ത് മണൽച്ചാക്കുകൾ വെക്കുന്ന ബുഗോരിബാരിയിലെ ജോലിക്കാർ. വലത്ത്: മണ്ണൊലിപ്പ് തടയാൻ ജിയോബാഗുകൾ വെക്കുന്ന സംസ്ഥാന ജലവിഭവ വകുപ്പ്

Left: 'I t seems that the embankment is a golden duck,' says Atul Das pointing out the waste of money and resources .
PHOTO • Pankaj Mehta
Right: Sandbags used to uphold the weaker parts of the embankment where it broke and villages were flooded in 2021.
PHOTO • Pankaj Das

ഇടത്ത്: ‘ചിറ ഒരു പൊന്മുട്ടയിടുന്ന താറാവാണെന്ന് തോന്നുന്നു’, ധനവും വിഭവങ്ങളും പാഴാക്കിക്കളയുന്നതിനെക്കുറിച്ച് അതുൽ ദാസ് പറയുന്നു. വലത്ത്: 2021-ൽ ഗ്രാമങ്ങളെ വെള്ളത്തിൽ മുക്കിയ ചിറയുടെ ബലം കുറഞ്ഞ സ്ഥലങ്ങളെ താങ്ങിനിർത്താനുള്ള മണൽച്ചാക്കുകൾ

*****

2022-ൽ വീട്ടിൽ വെള്ളം കയറിയപ്പോൾ ജോഗാമയ ദാസിനും ഭർത്താവ് ശംഭുറാമിനും  എട്ടുമണിക്കൂറിലധികം ജനലഴികളിൽ തൂങ്ങി നിൽക്കേണ്ടിവന്നു. ആ രാത്രി, വെള്ളം കഴുത്തറ്റം പൊങ്ങിയപ്പോൾ തങ്ങളുടെ കുടിലുകളുപേക്ഷിച്ച്, പ്രധാൻ മന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം പണിഞ്ഞുകൊണ്ടിരുന്ന തങ്ങളുടെ പുതിയ വീട്ടിലേക്ക് മാറേണ്ടിവന്നു. അടച്ചുറപ്പുള്ള ആ വീട്ടിലും വെള്ളം കയറി. രക്ഷപ്പെടാൻ ജനലുകൾ മാത്രമായിരുന്നു ആശ്രയം.

“കാളരാത്രിയായിരുന്നു അത്”, ജോഗാമായ പറയുന്നു. ആ ഇരുണ്ട രാത്രിയുടെ നിഴലുകൾ അപ്പോഴും അവരുടെ മുഖത്ത് ദൃശ്യമായിരുന്നു.

വെള്ളം കയറിയ ആ വീടിന്റെ വാതിലിനുമുന്നിൽ നിന്നുകൊണ്ട്, 40 വയസ്സിനടുത്ത ജോഗാമായ 2022- ജൂൺ 16-ലെ ആ അനുഭവങ്ങൾ ഓർത്തെടുക്കുന്നു. “വെള്ളം ഇറങ്ങുമെന്നും ചിറ പൊട്ടില്ലെന്നും എന്റെ പുരുഷൻ (ഭർത്താവ്) പറഞ്ഞുകൊണ്ടിരുന്നു. ഞാൻ ഭയന്നുവിറച്ചിരുന്നുവെങ്കിലും ഉറങ്ങിപ്പോയി. പെട്ടെന്ന്, കൊതുക് കടിച്ചപ്പോൾ ഞാനുണർന്നു. കണ്ണുതുറന്ന് നോക്കിയപ്പോൾ കട്ടിൽ ഏതാണ്ട് ഒഴുകുകയായിരുന്നു”, അവർ പറയുന്നു.

ഗ്രാമത്തിലെ മറ്റുള്ളവരെപ്പോലെ, കൊച്ച്-രാജ്‌ബംശി സമുദായക്കാരായ ആ ദമ്പതികളും താമസിച്ചിരുന്നത്, പുതിമാരിയുടെ വടക്കേ തീരത്തീന്റെ 200 മീറ്റർ അകലെയായിരുന്നു.

“എനിക്കൊന്നും കാണുന്നുണ്ടായിരുന്നില്ല. ജനലുടെയടുത്ത് എങ്ങിനെയോ എത്തി. അതിനുമുൻപും വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. എന്നാൽ ഇത്രയധികം വെള്ളം കാണുന്നത് ഞാൻ ആദ്യമായിട്ടായിരുന്നു. തൊട്ടടുത്തുകൂടെ പാമ്പുകളും പ്രാണികളും ഒഴുകിപ്പോവുന്നത് കണ്ടു. ഞാൻ എന്റെ പുരുഷനെ നോക്കിക്കൊണ്ട്, ബലമായി ജനലിന്റെ ചട്ടക്കൂടിൽ പിടിച്ച് നിന്നു”, അവർ പറഞ്ഞു. രാവിലെ 2.45-ന് തുടങ്ങിയ അവരുടെ അഗ്നിപരീക്ഷ, 11 മണിക്ക് രക്ഷാസംഘം എത്തി രക്ഷിച്ചപ്പോഴാണ് അവസാനിച്ചത്.

കഴിഞ്ഞ പല പതിറ്റാണ്ടായി, പുതിമാരി പുഴയിലെ ഈ ചിറ ഒരേ ഭാഗത്താണ് പൊട്ടിക്കൊണ്ടിരിക്കുന്നത്’

വീഡിയോ കാണുക: ‘വെള്ളപ്പൊക്കം ഞങ്ങളെയെല്ലാം തകർത്തുകളഞ്ഞു’

വീട് പുതുക്കിപ്പണിയാനുള്ള ചിലവുകൊണ്ട് വലഞ്ഞ ഗ്രാമീണർ, ഇത്തവണത്തെ വെള്ളപ്പൊക്കത്തിലും തോരാത്ത മഴയിലും നശിച്ച വീടുകൾ പുതുക്കിപ്പണിയാൻ മിനക്കെട്ടില്ല. വീട് നഷ്ടപ്പെട്ടതിനാലും, തിരിച്ചുപോകാൻ ഭയന്നും, പല കുടുംബങ്ങളും ഇപ്പോൾ ചിറയിൽത്തന്നെ താത്ക്കാലിക കുടിലുകൾ കെട്ടി താമസിക്കുകയാണ്.

42 വയസ്സുള്ള മാധബി ദാസിനും 53 വയസ്സുള്ള ഭർത്താവ് ദണ്ഡേശ്വറിനും, കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കേടുവന്ന അവരുടെ വീട് പുനർനിമ്മിക്കാൻ എങ്ങിനെയൊക്കെയോ സാധിച്ചിരുന്നു. എന്നാൽ സമാധാനത്തോടെ അവിടെ കഴിയാൻ അവർക്കാവുന്നില്ല. “വെള്ളം ഉയർന്നപ്പോൾ ഞങ്ങൾ ചിറയിലേക്ക് വന്നു. ഇത്തവണ ഭാഗ്യപരീക്ഷണത്തിന് ഞങ്ങൾ നിന്നില്ല”, മാധബി പറയുന്നു.

ചിറയിൽ താമസിക്കുന്നവർക്ക് കുടിവെള്ളത്തിന്റെ ലഭ്യതയാണ് ഒരു മുഖ്യ പ്രശ്നം. വെള്ളപ്പൊക്കത്തിനുശേഷം മിക്ക കുഴൽക്കിണറുകളും മണ്ണിനടിയിലായി എന്ന് മാധബി പറയുന്നു. ഒരു ബക്കറ്റ് നിറയെ ഒഴിഞ്ഞ പ്ലാസ്റ്റിക്ക് കുപ്പികൾ കാണിച്ചുകൊണ്ട് അവർ പറയുന്നു, ‘വെള്ളത്ത്തിൽ നിറയെ ഇരുമ്പുണ്ട്. കുഴൽക്കിണറിന്റെയടുത്തുവെച്ച് വെള്ളം അരിച്ചെടുത്ത്, ബക്കറ്റുകളിലും കുപ്പികളിലും ചിറയിലേക്ക് കൊണ്ടുപോകും”.

“ഇവിടെ വീടുകൾ നിർമ്മിച്ചിട്ടോ കൃഷി ചെയ്തിട്ടോ ഒരു ഗുണവുമില്ല. ഓരോതവണയും പ്രളയം എല്ലാം കൊണ്ടുപോകും”, അതുലിന്റെ ഭാര്യ നീരദ ദാസ് പറയുന്നു. “ഞങ്ങൾ രണ്ടുതവണ ടിവി വാങ്ങി. രണ്ടും പ്രളയത്തിൽ നശിച്ചു”, വരാന്തയിലെ ഒരു മുളന്തൂണിൽ ചാരിനിന്ന് അവർ പറയുന്നു.

739 ആളുകൾ ജീവിക്കുന്ന (2011-ലെ ജനസംഖ്യാ സെൻസസ് പ്രകാരം) ബുഗോരിബാരിയിലെ മുഖ്യ ഉപജീവനമാർഗ്ഗം കൃഷിയാണ്. എന്നാൽ വെള്ളപ്പൊക്കവും അത് ബാക്കിയാക്കുന്ന മണ്ണും മൂലം അതിനെല്ലാം മാറ്റം വന്നിരിക്കുന്നു. കൃഷി ഇപ്പോൾ ഇവിടെ അസാധ്യമാണ്.

Left: Madhabi Das descends from the embankment to fetch water from a sand filter at her house. Since June 2023, she has had to make this journey to get drinking water.
PHOTO • Pankaj Mehta
Right: 'When the water rose, we came up to the embankment. I don't want to take a risk this time,’ says Dandeswar (purple t-shirt), who works as farmer and a mason in between the cropping seasons. Standing behind him is Dwijen Das
PHOTO • Pankaj Das

ഇടത്ത്: വീട്ടിൽനിന്ന് വെള്ളം അരിച്ചെടുക്കാനായി ചിറയിൽനിന്നിറങ്ങുന്ന മാധബി ദാസ്. 2023 ജൂണിനുശേഷം കുടിവെള്ളം കിട്ടാൻ അവർക്ക് എപ്പോഴും യാത്ര ചെയ്യേണ്ടിവരുന്നു. വലത്ത്:  വലത്ത്: ‘വെള്ളം പൊങ്ങിയപ്പോൾ ഞങ്ങൾ ചിറയിലേക്ക് വന്നു. ഇത്തവണ ഒരു ഭാഗ്യപരീക്ഷണത്തിന് വയ്യ’, ദണ്ഡേശ്വർ (പർപ്പിൾ ഷർട്ട് ധരിച്ചയാൾ) പറയുന്നു. കൃഷിയും, ഇടവേളകളിൽ കൽ‌പ്പണിയുമാണ് അദ്ദേഹത്തിന്റെ തൊഴിൽ. അദ്ദേഹത്തിന്റെ പിന്നിൽ നിൽക്കുനത് ദ്വിജൻ ദാസ്

Left: 'We bought a TV twice. Both were damaged by the floods. I have put the [second damaged] TV in a sack and put it on the roof,' says Nirada.
PHOTO • Pankaj Das
Right: The sowing season has not started as the land is covered in sand
PHOTO • Pankaj Das

ഇടത്ത്: ‘ഞങ്ങൾ രണ്ടുതവണ ടിവി വാങ്ങി. രണ്ടും പ്രളയത്തിൽ നശിച്ചു. കേടുവന്ന രണ്ടാമത്തെ ടിവി ഒരു ചാക്കിലാക്കി മേൽക്കൂരയിൽ വെച്ചിരിക്കുകയാണ്’, നീരദ പറയുന്നു. വലത്ത്: കൃഷിയിടത്തിലെല്ലാം മണ്ണ് കയറിയതിനാൽ വിതയ്ക്കൽ തുടങ്ങിയിട്ടില്ല

*****

“കൂടുതൽ കൃഷിസ്ഥലം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഞങ്ങളുടെ അച്ഛന്മാർ ഇങ്ങോട്ട് വന്നത്”, കുട്ടിയായിരുന്നപ്പോൾ കാംരൂപിലെ ഗുൻയ ഗ്രാമത്തിൽനിന്ന് അച്ഛനമ്മമാരുടെ കൂടെ ഇങ്ങോട്ട് വന്നതാണ് ഹരേശ്വർ. ബുഗോരിബാരി പുഴയുടെ മുകൾഭാഗത്ത് കുടുംബം താമസമാക്കി. “വളരെ കുറച്ചാളുകളേ നല്ല പച്ചപ്പുള്ള ഈ സ്ഥലത്തുണ്ടായിരുന്നുള്ളു. അവർ (മുതിർന്നവർ) കുറ്റിക്കാടുകളൊക്കെ വെട്ടി വൃത്തിയാക്കി, ആവശ്യത്തിനുള്ള സ്ഥലത്ത് കൃഷി ചെയ്തു. എന്നാലിപ്പോൾ സ്ഥലമുണ്ടായിട്ടുപോലും ഞങ്ങൾക്ക് കൃഷി ചെയ്യാനാവുന്നില്ല”, അദ്ദേഹം പറയുന്നു.

കഴിഞ്ഞ വർഷം (2022) ഹരേശ്വർ നെല്ല് വിതച്ച് ഞാറ് നടുകയായിരുന്നു. അപ്പോഴാണ് പ്രളയമുണ്ടായത്. എട്ട് ബിഗ (2.6 ഏക്കർ) കൃഷിസ്ഥലം വെള്ളത്തിനടിയിലായി. ഞാറെടുക്കുന്നതിനുമുമ്പ്, തൈയ്യുകളൊക്കെ വെള്ളത്തിൽ ചീഞ്ഞു.

“ഇത്തവണയും ഞാൻ കുറച്ച് വിത നടത്തിയിരുന്നു. എന്നാൽ വെള്ളം പൊങ്ങി എല്ലാം പോയി. ഇനി ഞാൻ കൃഷി ചെയ്യില്ല”, ഒരു ദീർഘനിശ്വാസത്തോടെ ഹരേശ്വർ പറയുന്നു. ജൂണിലെ ഇടമുറിയാത്ത മഴ അവരുടെ അടുക്കളത്തോട്ടത്തെ മുഴുവനായും നശിപ്പിച്ചു.

കൃഷി ഉപേക്ഷിച്ച കുടുംബങ്ങളിൽ സമീന്ദ്ര ദാസിന്റെ കുടുംബവും ഉൾപ്പെടുന്നു. “ഞങ്ങൾക്ക് 10 ബിഗ (3,3 ഏക്കർ) ഭൂമിയുണ്ടായിരുന്നു. ഇന്ന് അതിന്റെ ഒരു അടയാളവുമില്ല. കട്ടിയുള്ള മണ്ണിന്റെ അകത്തായി എല്ലാം”, സമീന്ദ്ര പറയുന്നു. “ഇത്തവണ, കനത്ത മഴയിൽ വീടിന്റെ പിറകിലുള്ള ചിറയിൽനിന്ന് വെള്ളം ചോരുന്നുണ്ടായിരുന്നു”, 53 വയസ്സുള്ള അദ്ദേഹം പറയുന്നു. “വെള്ളം പൊങ്ങിയപ്പോൾ ഞങ്ങൾ വീടുകളിലേക്ക് പോയി (മുളങ്കോലുകളും ടർപോളിനും ഉപയോഗിച്ചുള്ള താത്ക്കാലിക കൂടാരങ്ങൾ)

Left: ' We had 10 bigha land, now there is no trace of it;  it has turned into a hillock of sand,' says Samindar Nath Das.
PHOTO • Pankaj Das
Right: A traditional sand-charcoal filter in front of his flood-ravaged house. Because of the high iron level, you cannot drink unfiltered water here
PHOTO • Pankaj Das

ഇടത്ത്: ഞങ്ങൾക്ക് 10 ബിഗ (3,3 ഏക്കർ) ഭൂമിയുണ്ടായിരുന്നു. ഇന്ന് അതിന്റെ ഒരു അടയാളവുമില്ല. എല്ലാം ഒരു മൺകൂനയായി മാറി’, സമീന്ദർ നാഥ് ദാസ് പറയുന്നു. വലത്ത്: പ്രളയത്തിൽ നശിച്ച വീടിന്റെ മുമ്പിലുള്ള പരമ്പരാഗത ജലശുദ്ധീകരണി (കൽക്കരിയും മണലും ചേർന്നത്). ഇരുമ്പിന്റെ അംശം വളരെ കൂടുതലായതിനാൽ, ശുദ്ധീകരിക്കാ വെള്ളം കുടിക്കാനാവില്ല

Left: 'Al l I have seen since I came here after getting married to Sambhuram in 2001 is flood,' says Jogamaya.
PHOTO • Pankaj Das
Right: When the 2022 flood buried their paddy fields in sand, Jogamaya and her husband Shambhuram Das had to move to daily wage work
PHOTO • Pankaj Das

ഇടത്ത്: “2001-ൽ ശംഭുറാമുമായുള്ള വിവാഹത്തിനുശേഷം ഇവിടേക്ക് വന്നതിൽ‌പ്പിന്നെ ഞാൻ പ്രളയം മാത്രമേ കണ്ടിട്ടുള്ളു’, ജോഗമായ പറയുന്നു. വലത്ത്: 2022-ലെ പ്രളയത്തിൽ അവരുടെ പാടം മണ്ണിൽ പൂണ്ടുപോയപ്പോൾ അവരും ഭർത്താവ് ശംഭുറാമും കൂലിപ്പണിക്ക് പോകാൻ തുടങ്ങി

ജോഗമായയുടേയും ശംഭുറാമിന്റേയും കുടുംബത്തിന് സ്വന്തമായി മൂന്ന് ബിഗ (ഏകദേശം ഒരേക്കർ) കൃഷിയിടമുണ്ടായിരുന്നു. അവരതിൽ പ്രധാനമായും നെല്ലും കടുകുമാണ് കൃഷി ചെയ്തിരുന്നത്. 22 വർഷം മുമ്പ് തന്റെ വിവാഹസമയത്ത്, ഗുവഹാത്തിയിൽനിന്ന് 50 കിലോമീറ്റർ ദൂരമുള്ള ഈ ഗ്രാമം നല്ല പച്ചപ്പുള്ള സ്ഥലമായിരുന്നുവെന്ന് ജോഗമായ ഓർമ്മിക്കുന്നു. ഇപ്പോൾ മൺകൂനകൾ മാത്രമേയുള്ളു.

ഭൂമി തരിശായപ്പോൾ ശംഭുറാം കൃഷി നിർത്തി മറ്റ് ജോലികൾ തേടാൻ തുടങ്ങി. ബുഗോരിബാരിയിലെ മറ്റ് പലരേയും‌പോലെ അയാളും കൂലിപ്പണിക്ക് പോയി. ഇപ്പോൾ സമീപത്തുള്ള ഗ്രാമങ്ങളിൽ എന്തെങ്കിലുമൊക്കെ ജോലി ചെയ്ത്, പ്രതിദിനം 350 രൂപ സമ്പാദിക്കുന്നു. “അദ്ദേഹത്തിന് കൃഷി ഇഷ്ടമായിരുന്നു”, ജോഗമായ പറയുന്നു.

എന്നാൽ എപ്പോഴും തൊഴിലുണ്ടാവില്ല. വീട്ടുജോലികൾ ചെയ്യുന്ന ജോഗമായ ദിവസവും 100-150 രൂപ ഉണ്ടാക്കുന്നു. ഒരുകാലത്ത്, അവർ പാടങ്ങളിൽ ഞാറ് നടാൻ പോയിരുന്നു. ചില സമയങ്ങളിൽ മറ്റുള്ളവരുടെ കൃഷിസ്ഥലത്ത് പോയി ജോലി ചെയ്ത് അധികവരുമാനവും നേടിയിരുന്നു. കൃഷിക്ക് പുറമേ, നെയ്ത്തിലും ജോഗമായയ്ക്ക് നൈപുണ്യമുണ്ട്. സ്വന്തമായുള്ള തറിയിൽ ഗമൂസയും (കൈകൊണ്ട് നെയ്യുന്ന ടവൽ) ചാഡോറും (അസമീസ് സ്ത്രീകൾ ധരിക്കുന്ന ശിരോവസ്ത്രം) ഉണ്ടാക്കി അവർ വരുമാനം കണ്ടെത്തിയിരുന്നു.

കൃഷി സാധ്യമല്ലാതെ വന്നപ്പോ‍ൾ അവർ തറിയെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങി. എന്നാൽ പുഴ അതും ഇല്ലാതാക്കി. “ഞാൻ കഴിഞ്ഞവർഷം വരെ അധിയയിൽ (ഉത്പന്നത്തിന്റെ പകുതി ഉടമസ്ഥന് ലഭിക്കുന്ന കരാറടിസ്ഥാനത്തിൽ) ജോലി ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ തറിയുടെ ചട്ടക്കൂട് മാത്രമേ ബാക്കിയുള്ളു. സ്പൂളുകളും ബോബ്ബിനുകളും എല്ലാം പ്രളയമെടുത്തു”, അവർ പറയുന്നു.

തൊഴിലില്ലായ്മയും വരുമാനത്തിലെ അനിശ്ചിതത്വവും മൂലം, മകന്റെ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്നുവെന്ന് ജോഗമായ സൂചിപ്പിച്ചു. 15 വയസ്സുള്ള രജീബ്, കൌർ ബഹ നവമിലൻ ഹൈസ്കൂളിൽ 10-ആം ക്ലാസ് വിദ്യാർത്ഥിയാണ്. കഴിഞ്ഞ വർഷം, വെള്ളപ്പൊക്കത്തിനുമുമ്പ്, അവന്റെ അച്ഛനമ്മമാർ അവനെ ചിറയുടെ സമീപത്തുള്ള ഒരു ബന്ധുവിന്റെ വീട്ടിലേക്കയച്ചു. ഈ ദമ്പതികൾക്ക് രണ്ട് പെണ്മക്കളുമുണ്ട്. ധൃതിമോണിയും നിട്ടുമോണിയും. ഇരുവരും വിവാഹം കഴിച്ച്, കട്ടാനിപാരയിലും കെണ്ടുകോണയിലും യഥാക്രമം താമസിക്കുന്നു.

*****

Left: Atul Das and his wife Nirada have been fighting floods all their life.
PHOTO • Pankaj Das
Right: Atul shows us his banana grove which was ravaged by the overflowing river during the third week of June, 2023. He had cultivated lemon along with other vegetables which were also damaged by the floods
PHOTO • Pankaj Das

ഇടത്ത്: ജീവിതകാലം മുഴുവൻ പ്രളയവുമായി മല്ലിടുകയായിരുന്നു അതുൽ ദാസും ഭാര്യ നീരദയും. വലത്ത്: 2023 ജൂൺ മൂന്നാമത്തെ ആഴ്ചയിലുണ്ടായ പ്രളയത്തിൽ നശിച്ചുപോയ വാഴത്തോട്ടം അതുൽ ഞങ്ങൾക്ക് കാണിച്ചുതന്നു. പച്ചക്കറികളുടെ കൂട്ടത്തിൽ നാരങ്ങയും അയാൾ കൃഷി ചെയ്തിരുന്നു. പ്രളയത്തിൽ അതും നഷ്ടമായി

പുതിമാരി പുഴയിൽ ഇടയ്ക്കിടെയുണ്ടാകുന്ന പ്രളയവും വെള്ളപ്പൊക്കവും അതുൽ ദാസിന്റെ കുടുംബത്തെ ദുരിതത്തിലാക്കിയിരിക്കുന്നു. “3.5 ബിഗയിൽ (1.1 ഏക്കർ) വാഴയും ഒരു ബിഗയിൽ (0.33 ഏക്കർ) നാരങ്ങയും കൃഷി ചെയ്തിരുന്നു ഞാൻ. ഒരു ബിഗയിൽ മത്തനും കുമ്പളവും നട്ടു. ഇത്തവണ വെള്ളം പൊങ്ങി എല്ലാ വിളവുകളും നശിച്ചു”, അതുൽ പറയുന്നു. ആഴ്ചകൾക്കുശേഷം, കൃഷിയുടെ മൂന്നിൽ രണ്ട് രക്ഷിച്ചെടുത്തു.

ശരിയായ റോഡ് ഗതാഗതമില്ലാത്തതിനാൽ ധാരാളം ഗ്രാമീണർ കൃഷി ഉപേക്ഷിക്കുകയാണെന്ന് അതുൽ സൂചിപ്പിക്കുന്നു. വിളകൾ വിൽക്കാൻ ആഗ്രഹിക്കുന്നവർക്ക് ചന്തകളിലേക്ക് പോകാൻ പറ്റുന്നില്ല. ചിറ പൊട്ടി റോഡുകളൊക്കെ തകർന്നുകിടക്കുകയാണ്.

“ഞാൻ എന്റെ വിളകൾ രംഗിയയിലേക്കും ഗുവഹാത്തിയിലേക്കും കൊണ്ടുപോകാറുണ്ടായിരുന്നു”, അതുൽ പറയുന്നു. “പഴവും നാരങ്ങയുമടക്കമുള്ള സാധനങ്ങളൊക്കെ രാത്രി വാനിൽ നിറച്ചുവെക്കും. പിറ്റേന്ന് അതിരാവിലെ, 5 മണിയോടെ ഗുവഹാത്തിയിലെത്തി അവിടെയുള്ള ഫാൻസ് ബാസാറിൽ സാധനങ്ങൾ വിൽക്കും. അതേ ദിവസം രാവിലെ എട്ടുമണിയാവുമ്പോഴേക്കും തിരിച്ച് വീട്ടിലെത്തും”, എന്നാൽ കഴിഞ്ഞ പ്രളയത്തിനുശേഷം അതൊക്കെ അസാധ്യമായി.

“എന്റെ ഉത്പന്നങ്ങൾ ബോട്ടിൽ ധുലാബാരിയിലേക്കും ഞാൻ കൊണ്ടുപോയിരുന്നു. എന്നാൽ എന്തു പറയാൻ! 2001-നുശേഷം ചിറ നിരവധി തവണ തകർന്നു. 2022-ലെ പ്രളയത്തിനുശേഷം അത് അറ്റകുറ്റപ്പണി ചെയ്യാൻ അഞ്ചുമാസമെടുത്തു”, അതുൽ കൂട്ടിച്ചേർത്തു.

“പ്രളയം ഞങ്ങളെയൊക്കെ തകർത്തുകളഞ്ഞു”, അതുലിന്റെ അമ്മ പ്രഭാബാല ദാസ് പറയുന്നു. ചിറ പൊട്ടിയപ്പോഴുണ്ടായ ബഹളവും മറ്റും അവർ ഓർത്തെടുത്തു.

യാത്ര പറയാൻ വേണ്ടി ഞങ്ങൾ ചിറയിലേക്ക് കയറുമ്പോൾ, അവരുടെ മകൻ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. “കഴിഞ്ഞ തവണയും പ്രളയമുണ്ടായപ്പോൾ നിങ്ങൾ ഞങ്ങളെ സന്ദർശിച്ചു. ഏതെങ്കിലും നല്ല ദിവസങ്ങളിൽ വീണ്ടും വരണം. ഞങ്ങളുടെ കൃഷിസ്ഥലത്തുണ്ടാക്കിയ പച്ചക്കറികൾ തന്നയയ്ക്കാം”, അയാൾ പറയുന്നു.

പരിഭാഷ: രാജീവ് ചേലനാട്ട്

Wahidur Rahman

Wahidur Rahman is an independent reporter based in Guwahati, Assam.

Other stories by Wahidur Rahman
Pankaj Das

Pankaj Das is Translations Editor, Assamese, at People's Archive of Rural India. Based in Guwahati, he is also a localisation expert, working with UNICEF. He loves to play with words at idiomabridge.blogspot.com.

Other stories by Pankaj Das
Photographs : Pankaj Das

Pankaj Das is Translations Editor, Assamese, at People's Archive of Rural India. Based in Guwahati, he is also a localisation expert, working with UNICEF. He loves to play with words at idiomabridge.blogspot.com.

Other stories by Pankaj Das
Editor : Sarbajaya Bhattacharya

Sarbajaya Bhattacharya is a Senior Assistant Editor at PARI. She is an experienced Bangla translator. Based in Kolkata, she is interested in the history of the city and travel literature.

Other stories by Sarbajaya Bhattacharya
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat