ഫേസസ് എന്ന ഞങ്ങളുടെ പദ്ധതി, നമ്മുടെ രാജ്യത്തിലെ മുഖങ്ങളുടേയും തൊഴിലുകളുടേയും വൈവിധ്യത്തെ രേഖപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതാണ്. ജില്ലകളും ഗ്രാമങ്ങളും അടിസ്ഥാനമാക്കി ആയിരക്കണക്കിനാളുകളുടെ മുഖങ്ങളും ഉപജീവനവുമാണ് ഞങ്ങൾ ശ്രദ്ധയോടെ ശേഖരിച്ചിട്ടുള്ളത്.
![](/media/images/IMG_2245_SAMIR_PATHAK_Samir_Pathak.height-.max-1400x1120.jpg)
പശ്ചിമ ബംഗാളിലെ ബിർഭുമിലെ വിരമിച്ച പോസ്റ്റ്മാനാണ് സമീർ പാഠക്
ഇത്തവണ ഫേസസ് 53 പുതിയ ബ്ലോക്കുകളിലേക്കുകൂടി കടന്നുചെന്നു. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലെ ദുബ്രാജ്പുർ ബ്ലോക്കിൽവെച്ച് ഞങ്ങളുടെ സഹപ്രവർത്തക സമീർ പാഠക് എന്ന വിരമിച്ച പോസ്റ്റ്മാനെ കണ്ടുമുട്ടി. കാണിക്കർ, മൽഹർ, കോലി, പണിയൻ, കാട്ടുനായ്ക്കൻ, മലയ് അരയൻ, അടിയാൻ, ബോഡോ തുടങിയ ആദിവാസി സമൂഹങ്ങളിലെ ആളുകളേയും ഞങ്ങൾ ഉൾക്കൊള്ളിച്ചു.
ഫോട്ടോകളിലൂടെ ഗ്രാമീണ ഇന്ത്യയുമായി പരിചയപ്പെടുകയും അതിനെ രേഖപ്പെടുത്തുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ആദ്യമൊക്കെ വിദ്യാർത്ഥികൾ ഈ പദ്ധതിയിൽ പങ്കെടുത്തിരുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾക്ക് സഹായങ്ങൾ ചെയ്തുതരുന്നവർ - അവരിൽ അധികവും വിദ്യാർത്ഥികളാണ് – രാജ്യത്തിന്റെ വിവിധ ജില്ലകളിലെ വിവിധ ബ്ലോക്കുകളിൽനിന്ന് ആളുകളുടെ മുഖം പകർത്തിയയച്ചുതന്നു.
ഓരോ സംസ്ഥാനത്തിന്റെയും ഓരോ ജില്ലകളിലേയും ഓരോ ബ്ലോക്കിൽനിന്നുമുള്ള മുതിർന്ന ഒരു പുരുഷന്റേയും ഒരു സ്ത്രീയുടേയും ഒരു കുട്ടിയുടേയും ഒരു കൌമാരക്കാരന്റെ / കൌമാരക്കാരിയുടെ ചിത്രങ്ങൾ ശേഖരിക്കുക എന്നതാണ് ഫേസസ് എന്ന പദ്ധതിയിലൂടെ ഞങ്ങൾ ലക്ഷ്യമിടുന്നത്. ഗ്രാമീണ ഇന്ത്യയ്ക്ക് പുറത്ത്, നഗരങ്ങളിലെ കുടിയേറ്റത്തൊഴിലാളികളുടെ മുഖങ്ങളും ഞങ്ങൾ രേഖപ്പെടുത്തുന്നു.
കേരളത്തിലെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ബ്ലോക്കിലെ നാല് കയർത്തൊഴിലാളികളിലൊരാളായ സുമംഗല യെ പരിചയപ്പെടൂ. ഫേസസിൽ ഈ വർഷം ഞങ്ങൾ ചേർത്ത പുതിയ തൊഴിലുകളിലൊന്നാണത്. ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകൾ കേവലം വീട്ടമ്മമാർ മാത്രമല്ലെന്നും, അവർ പാടത്ത് പണിയെടുക്കുകയും മീനും പച്ചക്കറിയും വിൽക്കുകയും, തയ്ക്കുകയും, നൂൽക്കുകയും, ചുരുക്കം പറഞ്ഞാൽ വിവിധ പണികൾ ഒരേസമയത്ത് ചെയ്യുന്നവരാണെന്നും സുമംഗലയെക്കുറിച്ചുള്ള വിശദാംശങ്ങളിൽനിന്ന് നമുക്ക് മനസ്സിലാവുന്നു.
![](/media/images/IMG_0151_Sumangala.height-1080.max-1400x1120.jpg)
![](/media/images/Khasi_Dancer_4_Nobika_Khasain_cIOxo4p.heig.max-1400x1120.jpg)
ഇടത്ത്: കേരളത്തിലെ ആലപ്പുഴയിൽനിന്നുള്ള കയർത്തൊഴിലാളിയാണ് സുമംഗല. ഇടത്ത്: മേഘാലയയിൽനിന്നുള്ള പരമ്പരാഗത ഖാസി നർത്തകിയാണ് വിദ്യാർത്ഥിയായ നോബിക ഖസായിൻ
ഞങ്ങൾക്ക് സംഭാവന തരുന്നവരിൽ കൂടുതൽ വിദ്യാർത്ഥികളായതുകൊണ്ട്, ഫേസസിൽ കൂടുതൽ പ്രത്യക്ഷപ്പെടുന്നത് കുട്ടികളാണെന്നത് അത്ഭുതപ്പെടുത്തേണ്ടതില്ല.
മേഘാലയയുടെ ഈസ്റ്റ് ഖാസി മലകളിലെ മാവ്ഫ്ലാംഗ് ബ്ലോക്കിൽനിന്ന് (ആദ്യമായി) കിട്ടിയ മുഖമാണ് 9-ആം ക്ലാസ് വിദ്യാർത്ഥിനിയും പരമ്പരാഗത ഖാസി നർത്തികയുമായ നോബിക ഖസായിൻ എന്ന പെൺകുട്ടിയുടേത്. “പരമ്പരാഗത വസ്ത്രങ്ങളണിയാൻ എനിക്ക് ഇഷ്ടമാണ്. ഓരോ നൃത്തത്തിനുമുൻപും അതിനുവേണ്ടി ധാരാളം സമയം ചിലവഴിക്കേണ്ടതുണ്ടെങ്കിലും”, നോബിക പറയുന്നു.
ഈ കഥ നിങ്ങൾക്ക് ഇഷ്ടപ്പെടുകയും പാരിയിലേക്ക് നിങ്ങളുടെ കൃതികൾ നൽകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കിൽ [email protected].എന്ന മേൽവിലാസത്തിൽ ബന്ധപ്പെടുക. ഫ്രീലാൻസായും സ്വതന്ത്രമായും പ്രവർത്തിക്കാൻ താത്പര്യമുള്ള എഴുത്തുകാർ, റിപ്പോർട്ടർമാർ, ഫോട്ടോഗ്രാഫർമാർ, സിനിമനിർമ്മാതാക്കൾ, പരിഭാഷകർ, എഡിറ്റർമാർ, ചിത്രകാരന്മാർ, ഗവേഷകന്മാർ എന്നിവരെ ഞങ്ങൾ ഞങ്ങളോടൊപ്പം പ്രവർത്തിക്കാൻ ക്ഷണിക്കുന്നു.
പാരി ഒരു ലാഭാധിഷ്ഠിത സംഘമല്ല. ഞങ്ങളുടെ ബഹുഭാഷാ ഓൺലൈൻ മാധ്യമവും സമാഹരണദൌത്യവും ഇഷ്ടപ്പെടുന്നവരിൽനിന്നുള്ള സംഭാവനകളെ മാത്രമാണ് ഞങ്ങൾ ആശ്രയിക്കുന്നത്. പാരിയിലേക്ക് സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഡോണേറ്റ് എന്ന ലിങ്കിൽ അമർത്തുക.
പരിഭാഷ: രാജീവ് ചേലനാട്ട്