“എന്റെ ശ്വാസകോശം കല്ലുപോലെ ഘനമുള്ളതായി തോന്നുന്നു. അധികം നടക്കാൻ എനിക്ക് സാധിക്കില്ല,” മാണിക് സർദാർ പറയുന്നു.
55 വയസ്സുള്ള അദ്ദേഹത്തിന് സിലിക്കോസ് ബാധിച്ചതായി 2022 നവംബറിൽ കണ്ടെത്തി – ചികിത്സയില്ലാത്ത ഒരു ശ്വാസകോശ രോഗമാണത്. “വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ എനിക്കൊരു താത്പര്യവുമില്ല. എന്റെ കുടുംബത്തിന്റെ കാര്യമാലോചിച്ചാണ് എന്റെ വേവലാതി മുഴുവൻ,” അദ്ദേഹം പറയുന്നു.
നബ കുമാർ മണ്ഡലും സിലിക്കോസിസ് രോഗിയാണ്. “തിരഞ്ഞെടുപ്പുകളൊക്കെ പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പെന്നത് ഒരു പതിവ് ജോലി മാത്രം. ആരധികാരത്തിൽ വന്നാലും ഞങ്ങളുടെ സ്ഥിതിയിലൊന്നും മാറ്റം വരാൻ പോവുന്നില്ല.”
2024-ലെ പൊതു തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടമായ ജൂൺ 1-ന് പോളിംഗ് ബൂത്തിലേക്ക് പോവുന്ന, പശ്ചിമ ബംഗാളിലെ മിനാഖാൻ ബ്ലോക്കിലെ ഝുപ്ഖാലി ഗ്രാമത്തിലെ താമസക്കാരാണ് മാണിക്കും നബയും.
ഒന്നൊന്നരക്കൊല്ലമായി ഇടയ്ക്കിടയ്ക്ക് ജോലി ചെയ്തിരുന്ന ഫാക്ടറികളിലെ സിലിക്ക പൊടി ശ്വസിക്കേണ്ടിവന്നതുകൊണ്ട് ആരോഗ്യം ക്ഷയിക്കുകയും കൂലി നഷ്ടപ്പെടുകയും ചെയ്യേണ്ടിവരുന്നവരാണ് രണ്ടുപേരും. റാമിംഗ് മാസ് ഫാക്ടറികൾ (സിലിക്കപ്പൊടി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഇരുമ്പുരുക്ക് ഫാക്ടറികൾ) ഡയറക്ടറേറ്റ് ഓഫ് ഫാക്ടറീസിന്റെ കീഴിൽ പൊതുവെ രജിസ്റ്റർ ചെയ്യപ്പെടാറില്ലാത്തതിനാലും, അഥവാ ഉണ്ടെങ്കിലും തൊഴിലാളികൾക്ക് നിയമന രേഖകളും തിരിച്ചറിയൽ കാർഡുകളും കൊടുക്കാത്തതിനാലും, നഷ്ടപരിഹാരം പലപ്പോഴും അപ്രാപ്യമാണ് ഇത്തരം തൊഴിലിടങ്ങളിൽ. പല ഫാക്ടറികളും നിയമവിരുദ്ധമായോ, പകുതി അനുമതിയോടെയോ പ്രവർത്തിക്കുന്നവയാണ്. തൊഴിലാളികൾ രജിസ്റ്റർ ചെയ്യപ്പെടാറുമില്ല.














