മാർച്ചിലെ നല്ല ചൂടുള്ള ഉച്ചനേരമായിരുന്നു. ഔരാപാനി ഗ്രാമത്തിലെ മുതിർന്നവർ ഒരു ചെറിയ വെളുത്ത പള്ളിക്കകത്ത് ഒത്തുചേർന്നു. എന്നാൽ, അവരെ അവിടെയെത്തിച്ചത്, ധാർമ്മികമായ സമ്മർദ്ദമൊന്നുമായിരുന്നില്ല.
നിലത്ത് വട്ടത്തിലിരിക്കുന്ന ആ സംഘത്തിന് പൊതുവായ ഒരു പ്രശ്നമുണ്ടായിരുന്നു. കൂടിയും കുറഞ്ഞുമുള്ള ഗുരുതരമായ രക്താതിസമ്മർദ്ദമുള്ളവരായിരുന്നു അവരെല്ലാവരും. അതിനാൽ, മാസത്തിലൊരിക്കൽ അവർ രക്തസമ്മർദ്ദം പരിശോധിക്കാൻ അവിടെയെത്തുകയും, മരുന്ന് കിട്ടുന്ന സമയംവരെ നാട്ടുവിശേഷങ്ങൾ പരസ്പരം പങ്കുവെക്കുകയും ചെയ്യുന്നു.
“എനിക്കിവിടെ വരാൻ ഇഷ്ടമാണ്, കാരണം, എന്റെ ആശങ്കകളൊക്കെ ഇവിടെ പങ്കുവെക്കാൻ എനിക്ക് സാധിക്കുന്നു,” രൂപി ഭായ് എന്ന് സ്നേഹത്തോടെ വിളിക്കപ്പെടുന്ന രൂപി ബേഗൽ പറയുന്നു. കഴിഞ്ഞ അഞ്ചുകൊല്ലമായി ഇവിടെ വരുന്നുണ്ട് 53 വയസ്സുള്ള അവർ. ബൈഗ ഗോത്രക്കാരിയായ അവർ നിലനിൽപ്പിനായി കൃഷി ചെയ്യുകയും, അധികവരുമാനത്തിനായി, വനത്തിൽനിന്ന് മരമൊഴിച്ചുള്ള വനോത്പന്നങ്ങൾ - വിറകും, മഹുവയുമെല്ലാം - ശേഖരിക്കുകയും ചെയ്യുന്ന സ്ത്രീയാണ്. പർട്ടിക്കുലർലി വൾനെറബിൾ ട്രൈബൽ ഗ്രൂപ്പ്സിൽ (പി.വി.ടി.ജി – വളരെ അവശത അനുഭവിക്കുന്ന ഗോത്രസംഘങ്ങൾ) പട്ടികപ്പെടുത്തിയിട്ടുള്ളവരാണ് ബൈഗകൾ. ബൈഗ സമുദായക്കാർ കൂടുതലുള്ള ഗ്രാമമാണ് ഔരാപാനി (അവ്‌രാപാനി എന്നും വിളിക്കുന്നു).
ബിലാസ്പുർ ജില്ലയിലെ കോട്ട ബ്ലോക്കിൽ ചത്തീസ്ഗഡിലെ അചാനക്മർ-അമർകതങ്ക് ബയോസ്ഫിയർ റിസർവിനോട് (എ.എ.ബി.ആർ) ചേർന്നാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. “മുളകൾ ശേഖരിക്കാൻ ഞാൻ കാട്ടിലേക്ക് പോകാറുണ്ടായിരുന്നു. അതുപയോഗിച്ച്, ചൂലുകളുണ്ടാക്കി വിറ്റാണ് ഞാൻ ജീവിച്ചിരുന്നത്. പക്ഷേ ഇപ്പോൾ ദൂരേക്കൊന്നും പോകാൻ കഴിയാത്തതിനാൽ ഞാൻ വീട്ടിൽത്തന്നെ കഴിയുകയാണ്,” എന്ന് പറയുന്നു, ഫുൽസൊരി ലൿഡ. ഉയർന്ന രക്താതിസമ്മർദ്ദമുണ്ടാക്കുന്ന ക്ഷീണം ജീവിതത്തെ എങ്ങിനെ ബാധിച്ചു എന്ന് വിശദീകരിക്കുകയായിരുന്നു അവർ. അറുപത് വയസ്സായ അവരിപ്പോൾ വീട്ടിലിരുന്ന്, ആടുകളെ പരിപാലിക്കുകയും, പകൽസമയങ്ങളിൽ ചാണകം ശേഖരിക്കുകയും ചെയ്യുന്നു. മിക്ക ബൈഗകളും ഉപജീവനത്തിനായി കാടുകളെയാണ് ആശ്രയിക്കുന്നത്.








