ഞാൻ ക്ഷീണിതനാണ്. മനസ്സിനും ദേഹത്തിനും വല്ലാത്ത ഘനം. മരണത്തിന്റെ വേദനയാണ് എന്റെ കണ്ണിൽ - ചുറ്റുമുള്ള ചൂഷിതരായ മനുഷ്യരുടെ മരണം. ഞാൻ ചെയ്തിട്ടുള്ള പല കഥകളും എഴുതാൻ എന്നെക്കൊണ്ടാവുന്നില്ല. മരവിപ്പ് തോന്നുന്നു. ഞാൻ ഈ കഥ എഴുതുമ്പോൾത്തന്നെ, ചെന്നൈയിൽ അനഗപുതൂരിൽ ദളിതുകളുടെ വീടുകൾ സർക്കാർ തകർത്തുകൊണ്ടിരിക്കുകയാണ്. ശരീരം കുഴയുന്നതുപോലെ തോന്നുന്നു.
2023 ഒക്ടോബർ 7-ന് തമിഴ് നാട്ടിലെ ഹൊസൂരിൽ പടക്കങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൌണുകളിലെ തൊഴിലാളികളുടെ മരണത്തിൽനിന്ന് ഇപ്പോഴും എനിക്ക് മോചനം കിട്ടിയിട്ടില്ല. ഇതുവരെയായി 22 മരണങ്ങൾ ഞാൻ രേഖപ്പെടുത്തിയിട്ടുണ്ട്. അവയിൽ എട്ടുപേർ വിദ്യാർത്ഥികളായിരുന്നു. 17-നും 21-നും ഇടയിലുള്ള കുട്ടികൾ. പടക്കനിർമ്മാണ ഗോഡൌണുകളിൽ ജോലി ചെയ്തിരുന്നവരാണ് അവർ. ഒരേ പട്ടണത്തിൽനിന്നുള്ളവർ. വളരെ അടുത്ത കൂട്ടുകാർ.
ഫോട്ടോഗ്രാഫി പഠിക്കാൻ തുടങ്ങിയ കാലം മുതൽ, പടക്ക ഫാക്ടറികളിലും ഗോഡൌണുകളിലും കടകളിലും ജോലി ചെയ്തിരുന്ന ആളുകളെക്കുറിച്ച് എനിക്ക് ജിജ്ഞാസ തുടങ്ങിയിരുന്നു. വളരെ പരിശ്രമിച്ചിട്ടും ആവശ്യമായ അനുവാദം കിട്ടിയില്ല. എന്റേതായ രീതിയിൽ നടത്തിയ അന്വേഷണത്തിൽനിന്ന് മനസ്സിലായത്, ഫോട്ടോ എടുക്കാൻ പോയിട്ട്, ഗോഡൌണുകളുടെ അകത്തേക്ക് കടക്കാൻപോലും അനുവാദമില്ലെന്നായിരുന്നു.
എന്റെ അച്ഛനമ്മമാർ ഒരിക്കലും ഞങ്ങൾക്ക് ദീപാവലിക്ക് പുതിയ വസ്ത്രങ്ങളോ പടക്കങ്ങളോ വാങ്ങിത്തരാറുണ്ടായിരുന്നില്ല. വല്യച്ഛനാണ് - അച്ഛന്റെ ജ്യേഷ്ഠൻ - ഞങ്ങൾക്ക് പുത്തൻ വസ്ത്രങ്ങൾ വാങ്ങിത്തന്നിരുന്നത്. ദീപാവലി ആഘോഷിക്കാൻ ഞങ്ങളെപ്പോഴും വല്യച്ഛന്റെ വീട്ടിൽ പോകാറുണ്ടായിരുന്നു. അദ്ദേഹം ഞങ്ങൾക്ക് പടക്കങ്ങൾ വാങ്ങിത്തരും. വല്യച്ഛന്റെ കുട്ടികളടക്കമുള്ള ഞങ്ങളെല്ലാവരും ചേർന്ന് അവയൊക്കെ പൊട്ടിക്കും.
പടക്കം പൊട്ടിക്കുന്നതിൽ എനിക്ക് വലിയ താത്പര്യമൊന്നുമുണ്ടായിരുന്നില്ല. വലുതായപ്പോൾ, പടക്കം പൊട്ടിക്കുന്നത് ഞാൻ പൂർണ്ണമായി അവസാനിപ്പിച്ചു. ദീപാവലി അടക്കമുള്ള ഉത്സവങ്ങൾ ആഘോഷിക്കുന്നതും ഞാൻ നിർത്തി. തൊഴിലാളികളുടെ ജീവിതങ്ങളെക്കുറിച്ച് ഞാൻ മനസ്സിലാക്കാൻ ആരംഭിച്ചു.
ഫോട്ടോഗ്രാഫിയിലൂടെ ഞാൻ പല കാര്യങ്ങളും പഠിച്ചു. എല്ലാ വർഷവും ദീപാവലിക്ക്, പടക്ക ഗോഡൌണുകളിൽ തീപ്പിടിത്തവും അപകടങ്ങളും ഉണ്ടാവാറുണ്ടായിരുന്നു. ഇത്തരം അപകടങ്ങളെക്കുറിച്ചൊന്നും ചിന്തിക്കേണ്ടതില്ലാത്ത സ്ഥലത്തായിരുന്നു ഞാൻ.





















