“ഈ തൊഴിൽ അപ്രത്യക്ഷമായാൽ, മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുകയല്ലാതെ എനിക്ക് വേറെ മാർഗ്ഗമില്ല”, മുളനാരുകൾകൊണ്ട് കൊട്ടയുടെ അടിഭാഗത്ത് കെട്ടിക്കൊണ്ട്, അസമിലെ ദരാംഗ് ജില്ലയിലുള്ള നാ-മാതി ഗ്രാമത്തിൽ മുളങ്കുട്ട (കൊട്ട എന്നും പറയും) നെയ്ത്തുകാരി മജീദ ബീഗം പറയുന്നു.
കൈവേലക്കാരിയും ദിവസക്കൂലി ചെയ്യുന്ന ഒറ്റ രക്ഷിതാവുമായ 25 വയസ്സുള്ള ആ സ്ത്രീ പറയുന്നു. 10 വയസ്സുള്ള ഒരു മകന്റേയും അസുഖബാധിതയായ അമ്മയുടേയും ഒരേയൊരാശ്രയമാണ് അവർ. “ദിവസത്തിൽ 40 ഖാസകൾവരെ (കുട്ട) എനിക്കുണ്ടാക്കാൻ പറ്റും. എന്നാൽ ഇപ്പോൾ ഞാൻ 20 എണ്ണമേ ഉണ്ടാക്കുന്നുള്ളു”, പ്രാദേശികമായ മിയ നാട്ടുമൊഴിയിൽ അവർ പറഞ്ഞു. 20 കുട്ടകളുണ്ടാക്കുന്നതിന് മജീദയ്ക്ക് ലഭിക്കുന്നത് 160 രൂപ മാത്രമാണ്. സംസ്ഥാനത്തിലെ കുറഞ്ഞ വേതനമായി തിട്ടപ്പെടുത്തിയ (റിപ്പോർട്ട് ഓൺ മിനിമം വേജസ് ആക്ട്, 1948 ഫോർ ദ് ഇയർ 2016) 241.92 രൂപയുടെ എത്രയോ താഴെയാണത്.
മുളയുടെ വർദ്ധിച്ച വിലയും, ചന്തകളിൽ അതിന്റെ ആവശ്യക്കാർ കുറഞ്ഞതും, മുളങ്കുട്ടകളിൽനിന്നുള്ള വരുമാനത്തെ സാരമായി ബാധിച്ചു. അസമിലെ വലിയ രണ്ട് ചന്തകൾ ദരാംഗിലാണുള്ളത്. ബെചിമാരിയും ബാലുഗാംവും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും ദില്ലിയിലേക്കുപോലും കാർഷികോത്പന്നങ്ങൾ വിതരണം ചെയ്യുന്നത് ഈ ചന്തകളിൽനിന്നാണ്.
കുടിയേറ്റത്തെക്കുറിച്ചുള്ള മജീദയുടെ ഭയം യഥാർത്ഥമാണ്. 80-100 കുടുംബങ്ങൾ ഇതിനകംതന്നെ കൂടുതൽ ‘മെച്ചപ്പെട്ട ജോലി തേടി’ പോയിട്ടുണ്ടെന്ന് സൂചിപ്പിച്ച 39 വയസ്സുള്ള ഹനീഫ് അലി, ഞങ്ങളെ ഒരു മദ്രസയുടെ സമീപത്തുള്ള വാർഡ്-എ ചുറ്റിനടന്ന് കാണിച്ചുതന്നു. ഏകദേശം 150 കുടുംബങ്ങൾ ഒരിക്കൽ ഇവിടെ മുളകൊണ്ടുള്ള സാധനങ്ങളുടെ നെയ്ത്തിൽ ഏർപ്പെട്ടിരുന്നുവെങ്കിലും ഇന്ന് പല വീടുകളും ഒഴിഞ്ഞുകിടക്കുകയാണ്. അതിൽ താമസിച്ചിരുന്ന, കരവേലക്കാരെല്ലാം കേരളത്തിലേയും കർണ്ണാടകയിലേയും കാപ്പിത്തോട്ടങ്ങളിലേക്ക് കുടിയേറിക്കഴിഞ്ഞിരുന്നു.














