“എന്റെ ഇടത്തേ കണ്ണിന് ഒട്ടും കാഴ്ചയില്ല. ശക്തിയുള്ള പ്രകാശം അടിക്കുമ്പോൾ വേദനിക്കുന്നു. നല്ല വേദനയുണ്ട്. ഇതുകാരണം, വലിയ വെല്ലുവിളിയാണ് ഞാൻ നേരിടുന്നത്,” പശ്ചിമ ബംഗാളിലെ 24 പർഗാന ജില്ലയിലെ ബംഗാവോൻ പട്ടണത്തിലെ വീട്ടമ്മയായ പ്രമീള നസ്കർ പറയുന്നു. നാല്പതിന്റെ തുടക്കത്തിലെത്തിയ അവർ, ചികിത്സയ്ക്കായി കൊൽക്കൊത്തയിലെ റീജണൽ ഇൻസ്റ്റിട്യൂറ്റ് ഓഫ് ഓഫ്താൽമോളജിയിൽ ആഴ്ചതോറുമുള്ള കോർണിയ ക്ലിനിക്കിൽ വന്നപ്പോഴാണ് ഞങ്ങളോട് സംസാരിച്ചത്.
പ്രമീള നസ്കറിനോട് സഹതപിക്കാൻ എനിക്കാവും. കാരണം, ഒരു കണ്ണിലെ കാഴ്ചക്കുറവുപോലും ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം എത്ര വലിയ വെല്ലുവിളിയാകുമെന്ന് എനിക്ക് എളുപ്പത്തിൽ ഊഹിക്കാൻ കഴിയുമായിരുന്നു. 2007-ൽ എന്റെ ഇടത്തേ കണ്ണിൽ ഒരു കോർണിയൽ അൾസർ ബാധ്ച്ച് ഞാൻ അന്ധയാവേണ്ട സ്ഥിതിയിലെത്തിയതായിരുന്നു. വിദേശത്തായിരുന്ന എനിക്ക് ഇന്ത്യയിലേക്ക് ചികിത്സയ്ക്കായി വരേണ്ടിവന്നു. പൂർണ്ണമായ കാഴ്ച കിട്ടുന്നതിനുമുൻപ്, ഒന്നര മാസത്തോളം ദുരിതപൂർണ്ണമായ ഒരു പുനരധിവാസ പ്രക്രിയയിലൂടെ എനിക്ക് കടന്നുപോകേണ്ടിവന്നു. ഭേദമായി ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും, അന്ധയാകുമോ എന്ന ഭയം എന്നെ വിട്ടൊഴിഞ്ഞിട്ടില്ല. കാഴ്ച നഷ്ടപ്പെടുക എന്നത് ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ച് എത്ര വലിയ ദുരന്തമായിരിക്കും എന്ന് ഞാൻ മനസ്സിൽ കണ്ടു.
ആഗോളമായി, ചുരുങ്ങിയത് 2.2 ബില്ല്യൺ ആളുകൾക്കെങ്കിലും സമീപകാലത്തോ അല്പകാലത്തിനുള്ളിലോ കാഴ്ചശക്തി നഷ്ടപ്പെടും എന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.) പറയുന്നു. ഇവരി 1 ബില്യൺ - അഥവാ പകുതി – കേസുകളിലെങ്കിലും അന്ധത ഒഴിവാക്കാൻ കഴിയുമായിരുന്നു, അല്ലെങ്കിൽ, ഇനിയും പരിശോധിക്കപ്പെടേണ്ടതുണ്ട്..”
തിമിരം കഴിഞ്ഞാൽ, ലോകമെങ്ങും, അന്ധതയുടെ രണ്ടാമത്തെ പ്രധാനപ്പെട്ട കാരണം കോർണിയൽ (കാചപടലത്തിലെ) രോഗങ്ങളാണ്. കോർണിയൽ അന്ധതയുടെ സാംക്രമികരോഗശാസ്ത്രം സങ്കീർണ്ണമാണ്. അണുബാധയും പഴുപ്പുമടക്കം നിരവധി അവസ്ഥകളാൽ, കോർണിയയിൽ പാടുകൾ വീഴുകയും കാഴ്ചാനഷ്ടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ഓരോ രാജ്യത്തും കോർണിയൽ രോഗങ്ങളുടെ ആവൃത്തി വ്യത്യസ്തമാണ്.





















