ഗുജറാത്തിലെ നൽ സരോവർ പക്ഷിസങ്കേതത്തിന്റെ ഭാഗമായ തടാകത്തിലെ വഞ്ചിക്കാരനും പ്രകൃതിവാദിയുമാണ് 37 വയസ്സുകാരനായ ഗനി സമ. അഹമ്മദാബാദ് ജില്ലയിലെ വിരംഗാം തെഹ്സിലിൽ 120 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ തടാകത്തിൽ, ആർട്ടിക്ക് സമുദ്രത്തിൽനിന്ന് ഇന്ത്യൻ മഹാസമുദ്രംവരെ നീളുന്ന സെൻട്രൽ ഏഷ്യൻ ഫ്ളൈവേയിലൂടെ സഞ്ചരിക്കുന്ന ഒട്ടനേകം ദേശാടനപ്പക്ഷികൾ വന്നെത്താറുണ്ട്.
"എനിക്ക് 350-ലധികം ഇനം പക്ഷികളെ തിരിച്ചറിയാനാകും," ഗനി പറയുന്നു. നൽ സരോവറിൽ എത്തുന്ന പല ദേശാടനപ്പക്ഷികളും അവയിൽ ഉൾപ്പെടും. "നേരത്തെ ഈ പ്രദേശത്ത് ഏകദേശം 240 ഇനം പക്ഷികളെ കണ്ടെത്തിയിരുന്നു, എന്നാൽ ഇപ്പോൾ അവയുടെ എണ്ണം 315-ൽ കൂടുതലുണ്ട്."
തടാകത്തിലും പരിസരത്തുമായിട്ടായിരുന്നു ഗനി തന്റെ ബാല്യകാലം ചിലവിട്ടത്. "എന്റെ അച്ഛനും മുത്തച്ഛനും ഈ പക്ഷികളുടെ സംരക്ഷണത്തിനായി വനംവകുപ്പിനെ സഹായിച്ചിട്ടുണ്ട്. അവർ ഇരുവരും വനംവകുപ്പിന് കീഴിൽ വഞ്ചിക്കാരായി ജോലി ചെയ്തിരുന്നു. ഇപ്പോൾ ഞാനും അതേ ജോലി ചെയ്യുന്നു," അദ്ദേഹം പറയുന്നു. "1997-ൽ ഞാൻ ജോലി തുടങ്ങിയ കാലത്ത്, വല്ലപ്പോഴുമാണ് എനിക്ക് ജോലി കിട്ടിയിരുന്നത്; ചിലപ്പോൾ ഒന്നും ഉണ്ടാകില്ല," അദ്ദേഹം ഓർത്തെടുക്കുന്നു.
എന്നാൽ 2004-ൽ വനംവകുപ്പ് ഗനിയെ നിരീക്ഷണത്തിനും പക്ഷികളുടെ സംരക്ഷണത്തിനും ചുമതലയുള്ള വഞ്ചിക്കാരനായി നിയമിച്ചതോടെ സ്ഥിതിഗതികൾ മാറി. "നിലവിൽ ഞാൻ ഒരുമാസം ഏകദേശം 19,000 രൂപ സമ്പാദിക്കുന്നുണ്ട്."










