പേര്: വജേസിംഗ് പാർഗി. ജനനം: 1963. ഗ്രാമം: ഇത്വാ ജില്ല: ദാഹോദ്, ഗുജറാത്ത്. സമുദായം: ആദിവാസി പഞ്ചമഹാലി ഭിൽ. കുടുംബാംഗങ്ങൾ: അച്ഛൻ ചിസ്ക ഭായി. അമ്മ, ചതുര ബെൻ. അഞ്ച് സഹോദരങ്ങളിൽ മൂത്തയാളാണ് വജേസിംഗ്. കുടുംബത്തിന്റെ തൊഴിൽ: കാർഷികവൃത്തി.
ഒരു ദരിദ്ര ആദിവാസി കുടുംബത്തിൽ ജനിച്ചതിൽനിന്ന് തനിക്ക് കിട്ടിയത്, വജേസിംഗിന്റെ സ്വന്തം വാക്കുകളിൽ, ‘അമ്മയുടെ ഗർഭപാത്രത്തിൽനിന്ന് തുടങ്ങിയ ഇരുട്ട’, ‘ഏകാന്തതയുടെ ഒരു മുഴുവൻ മരുഭൂമി‘, ‘വിയർപ്പിന്റെ ഒരു കിണർ’ എന്നിവയാണ്. കൂടെ, ‘വിഷാദത്തിന്റെ നീലനിറമുള്ള’ ‘വിശപ്പും’, ‘മിന്നാമിനുങ്ങിന്റെ വെളിച്ചവും’. ജനനത്തോടൊപം, അക്ഷരത്തോടുള്ള പ്രണയവുമുണ്ടായി.
ഒരിക്കൽ, ഒരു വഴക്കിനിടയിൽ, പ്രതീക്ഷിക്കാതിരുന്ന സമയത്ത്, ആ യുവ ആദിവാസിയുടെ താടിയെല്ലും കഴുത്തും തുളച്ച് ഒരു വെടിയുണ്ട പാഞ്ഞു. ഏഴ് മാസത്തെ ചികിത്സയും 14 ശസ്ത്രക്രിയയും തീരാത്ത കടബാധ്യതയും കഴിഞ്ഞിട്ടും പിന്നെയൊരിക്കലും അയാളുടെ ശബ്ദം പഴയതുപോലെയായില്ല. അതൊരു ഇരട്ടപ്രഹരമായിരുന്നു. ശബ്ദമില്ലാത്ത ഒരു സമുദായത്തിൽ ജനിച്ചുപോയിട്ടും സ്വന്തമായി കിട്ടിയ ഒരു ശബ്ദത്തിനാണ് സാരമായ പരിക്കേറ്റത്. അയാളുടെ കണ്ണുകളുടെ സൂക്ഷ്മത മാത്രം അതേപടി ബാക്കിയായി. ഏറെക്കാലത്തിനുശേഷം ഗുജറാത്തി സാഹിത്യം കണ്ട ഏറ്റവും മികച്ച പ്രൂഫ് റീഡറായിരുന്നു വജേസിംഗ്. എന്നാൽ, അദ്ദേഹത്തിന്റെ സ്വന്തം എഴുത്തിന് ഒരിക്കലും അതർഹിക്കുന്ന അംഗീകാരം കിട്ടിയിട്ടില്ല.
തന്റെ ധർമ്മസങ്കടത്തെക്കുറിച്ച് പഞ്ചമഹാലി ഭിലി ഭാഷയിൽ, ഗുജറാത്തി ലിപിയിൽ വജേസിംഗ് എഴുതിയ കവിതയുടെ മലയാളം പരിഭാഷ.


