പ്രകമ്പനം സാമ്രാജ്യത്വ കിടക്കറയിൽ എത്തിയപ്പോഴേക്കും വളരെ വൈകിയിരുന്നു. തകർക്കപ്പെട്ട കോട്ടകൾ നന്നാക്കാൻ വളരെ വൈകിയിരുന്നു. ശക്തരായ പ്രഭുക്കന്മാരെയും സൈനികദാസൻമാരെയും ഉണർത്താൻ വളരെ വൈകിയിരുന്നു.

സാമ്രാജ്യത്തുടനീളം ധാർഷ്ട്യമുള്ള ആഴമേറിയ വിടവുകൾ. പുതുതായി മുറിച്ച ഗോതമ്പ് തണ്ടുകൾ പോലെ അവയുടെ മണം. വിശക്കുന്ന ബഹുജനങ്ങളോട് നമ്മുടെ ചക്രവർത്തിക്കുണ്ടായിരുന്ന വെറുപ്പിനേക്കാൾ ആഴത്തിലുള്ളതും, അയാളുടെ വിരിഞ്ഞ നെഞ്ചിനേക്കാൾ വ്യാപ്തിയുള്ളതുമായ അവ കൊട്ടാരം, ചന്തകൾ, തന്‍റെ വിശുദ്ധ ഗോശാലകളുടെ ചുവരുകൾ എന്നിവിടങ്ങളിലേക്ക് നയിക്കുന്ന തെരുവുകളിലേക്കെത്തിയിരുന്നു. ഇത് വളരെ വൈകിയിരുന്നു.

കടന്നുപോകുന്ന ഒരു ചെറുകൂട്ടമെന്ന കണക്കെ പ്രകമ്പനങ്ങളെ ശല്യമായി പ്രഖ്യാപിക്കുന്നതിനുവേണ്ടി, ആളുകൾക്കിടയിലൂടെ വളരെവേഗം വലിയ ശബ്ദമുണ്ടാക്കി കടന്നുപോകുന്ന വളര്‍ത്ത് പക്ഷികളെ സ്വതന്ത്രമായി വിടാൻ കൂടുതൽ വൈകി. ജാഥ നയിക്കുന്ന പാദങ്ങളെ അവഹേളിക്കാനും കൂടുതൽ വൈകി. വീണ്ടുകീറിയ, സൂര്യാഘാതമേറ്റ പാദങ്ങൾ... അവ എങ്ങനെ അയാളുടെ സിംഹാസനത്തെ ഉലയ്ക്കുന്നു! ഈ വിശുദ്ധ സാമ്രാജ്യം ഒരു ആയിരം വർഷംകൂടി നിലനിൽക്കുമെന്ന് പ്രസംഗിക്കാൻ വളരെയധികം വൈകി. അഴുക്കിനെ സമൃദ്ധമായ ധാന്യക്കതിരുകളാക്കി മാറ്റിയ പച്ചപ്പുള്ള കൈകൾ ആകാശത്തേക്ക് ഉയരുകയായിരുന്നു.

പക്ഷെ ആരുടെ പൈശാചിക മുഷ്ടികൾ ആയിരുന്നു അവ? അവയിൽ പകുതി സ്ത്രീകളുടേത് ആയിരുന്നു. മൂന്നിലൊന്ന് അടിമത്തത്തിന്‍റെ പിടിയിലുള്ളവ ആയിരുന്നു. നാലിലൊന്ന് മറ്റുള്ളവയേക്കാളൊക്കെ പുരാതനമായിരുന്നു. കുറച്ചെണ്ണത്തെ മനോഹരമായ മഴവില്ലുകളിൽ അണിയിച്ചൊരുക്കി. ചിലത് കടുംചുവപ്പ് വിതറി. അല്ലെങ്കിൽ അവയുടെ മേൽ മഞ്ഞ പൂശി. കുറച്ചെണ്ണം പഴന്തുണി കഷണങ്ങളിലായിരുന്നു. ചക്രവർത്തിയുടെ ഏറ്റവും മികച്ച സ്ഥാന വസ്ത്രത്തേക്കാൾ കൂടുതൽ രാജകീയമായിരുന്നു ആ പഴന്തുണി കഷണങ്ങൾ. ജാഥ നയിക്കുകയും പാടുകയും പുഞ്ചിരിക്കുകയും ആനന്ദിക്കുകയും ചെയ്യുന്ന ഏറ്റവും അപകടകാരികളാണവ. വിശുദ്ധ ട്രെബ്യൂഷെറ്റുകൾക്കും പരിശുദ്ധമായ തോക്കുകൾക്കും പോലും കൊല്ലാൻ കഴിയാത്ത കലപ്പയേന്തുന്ന വന്യജീവിതമാണവരുടേത്.

ഹൃദയമില്ലാത്ത സാമ്രാജ്യ ഇടത്തേക്ക് പ്രകമ്പനങ്ങൾ എത്തിയപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു.

പ്രതിഷ്ത പാണ്ഡ്യ കവിത ചൊല്ലുന്നത് കേൾക്കുക

കര്‍ഷകര്‍ക്ക്

1)

നിരാലംബരായ കർഷകരേ,
നിങ്ങളെന്തിനാണ് ചിരിക്കുന്നത് ?
“വെടിയുണ്ടപോലുള്ള എന്‍റെ കണ്ണുകൾ മതിയായ ഒരുത്തരമാണ് “
കർഷക ബഹുജനങ്ങളെ, നിങ്ങളെന്തിന് നിണമൊഴുക്കുന്നു?
“എന്‍റെ ചർമ്മംതന്നെ പാപമാണ്,
എന്‍റെ വിശപ്പ് ധാർമ്മികമാണ് “

2)

പടച്ചട്ടയേന്തിയ വനിതകളേ, എങ്ങനെയാണ് നിങ്ങളുടെ പ്രയാണം?
"ലക്ഷങ്ങൾ നോക്കിനിൽക്കേ
അർക്കനും അരിവാളുമേന്തി"
ഗതിയില്ലാത്ത കർഷകരേ,
നിങ്ങളെങ്ങനെ നെടുവീർപ്പിടുന്നു?
"കൈക്കുടന്നയിൽ ഗോതമ്പുപോലെ, വൈശാഖിയിലെ കുവരക്പോലെ"

3)

ചുവന്ന, ചുവന്ന കർഷകരേ,
നിങ്ങളെവിടെയാണ് ശ്വസിക്കുന്നത് ?
“ഇനിയുമൊരു ലോഹ്‌ഡിക്കായി ഒരു കൊടുംകാറ്റിന്‍റെ ഹൃദയത്തിൽ”
കളിമണ്ണിന്‍റെ കർഷകരേ,
നിങ്ങളെവിടേക്കാണ് പരക്കുന്നത് ? “ഒഴുകിവന്നതടിയിലെ സൂര്യൻ,
അതിലെ സ്തോത്രത്തിലേക്കും
ചുറ്റികയിലേക്കും”

4)

ഭൂരഹിതരായ കർഷകരേ,
നിങ്ങളെപ്പോഴാണ് സ്വപ്നം കാണുന്നത്?
"ഒരു മഴത്തുള്ളി നിങ്ങളുടെ ബീഭത്സഭരണകൂടത്തെ
എരിക്കുമ്പോൾ"
ഗൃഹാതുരരായ പട്ടാളക്കാരേ,
നിങ്ങളെപ്പോഴാണ് വിതയ്ക്കുക?
"ഒരു കലപ്പക്കൊഴു കാക്കകൾക്ക് മേൽ വീഴുന്നപോലെ"

5)

ആദിവാസി കർഷകരേ,
നിങ്ങളെന്താണ് പാടുന്നത്?
“കണ്ണിന് കണ്ണ്, രാജാവ് തുലയട്ടെ”
നട്ടപ്പാതിരയിലെ കർഷകരേ,
നിങ്ങളെന്താണ് കൂകിവിളിക്കുന്നത്?
“സാമ്രാജ്യങ്ങൾ വീഴുമ്പോൾ അനാധമായ എന്‍റെ മണ്ണേ”


പദസഞ്ചയം

ബഹുജനങ്ങള്‍: ദളിതര്‍, ശൂദ്രര്‍, ആദിവാസികള്‍

ലോഹ്ഡി: മകര സംക്രാന്തിയുടെ കടന്നുപോക്കിനെ സൂചിപ്പിക്കുന്ന ഒരു പഞ്ചാബി ഉത്സവം

ട്രെബ്യൂഷെറ്റ്: വലിയ കല്ലുകള്‍ എറിയുന്നതിനായി ഉപയോഗിക്കുന്ന ഒരു വലിയ ഉപകരണം

വൈശാഖി (ബൈശാഖി): പ്രധാനമായും പഞ്ചാബിലും അതുകൂടാതെ വടക്കേ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ആഘോഷിക്കുന്ന ഒരു വസന്തകാല വിളവെടുപ്പ് ഉത്സവം.

ഇതിനു വേണ്ടിവന്ന കൂട്ടായ പരിശ്രമങ്ങൾക്ക് ഗണ്യമായ സംഭാവനകൾ നൽകിയ സ്മിത ഖടോറിന് ഞങ്ങൾ നന്ദി അറിയിക്കുന്നു.

പരിഭാഷ (കവിത): അഖിലേഷ് ഉദയഭാനു

പരിഭാഷ (എഴുത്ത്): റെന്നിമോന്‍ കെ. സി.

Poems and Text : Joshua Bodhinetra

Joshua Bodhinetra has an MPhil in Comparative Literature from Jadavpur University, Kolkata. He is a translator for PARI, and a poet, art-writer, art-critic and social activist.

Other stories by Joshua Bodhinetra
Paintings : Labani Jangi

Labani Jangi is a 2020 PARI Fellow, and a self-taught painter based in West Bengal's Nadia district. She is working towards a PhD on labour migrations at the Centre for Studies in Social Sciences, Kolkata.

Other stories by Labani Jangi
Translator : Akhilesh Udayabhanu

Akhilesh Udayabhanu teaches English language and literature at the Institute for Multidisciplinary Programmes in Social Sciences, Mahatma Gandhi University, Kottayam, Kerala.

Other stories by Akhilesh Udayabhanu
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.