ഉച്ചനേരം. മഹാരാഷ്ട്രയിലെ ഉൽഹാസ്നഗർ താലൂക്കിൽ ചാറ്റൽമഴ ഇപ്പോൾ നിന്നിട്ടുണ്ട്.
താനെ ജില്ലയിലുള്ള ഉൽഹാസ്നഗർ സെൻട്രൽ ഹോസ്പിറ്റലിന്റെ കവാടത്തിനരികെ ഒരു ഓട്ടോറിക്ഷ വന്നുനിൽക്കുന്നു. ചുവപ്പും വെള്ളയും കലർന്ന നിറത്തിലുള്ള ഒരു ഊന്നുവടി ഇടതുകൈയ്യിൽ പിടിച്ച് ഗ്യാനേശ്വർ റിക്ഷയിൽനിന്ന് ഇറങ്ങി. തൊട്ടുപിന്നാലെ, അദ്ദേഹത്തിന്റെ തോളിൽ പിടിച്ച് ഭാര്യ അർച്ചനയും. നിലത്ത് കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിലൂടെയാണ് അർച്ചന നടക്കുന്നത്.
ഗ്യാനേശ്വർ തന്റെ ഷർട്ടിന്റെ കീശയിൽനിന്ന് 500 രൂപയുടെ രണ്ട് നോട്ടുകൾ പുറത്തെടുത്ത് അവയിലൊന്ന് റിക്ഷാ ഡ്രൈവർക്ക് കൊടുക്കുന്നു. ഡ്രൈവർ ബാക്കി പൈസ തിരികെ കൊടുക്കുന്നു. "അഞ്ച് രൂപ", കയ്യിലുള്ള ചില്ലറ പൈസ തൊട്ടുനോക്കി, അത് കീശയിൽത്തന്നെ ഇട്ടെന്ന് ഉറപ്പ് വരുത്തവേ ഗ്യാനേശ്വർ പറയുന്നു. 33 വയസ്സുകാരനായ അദ്ദേഹത്തിന് വെറും മൂന്ന് വയസ്സുള്ളപ്പോഴാണ് നേത്രപടലത്തിൽ പുണ്ണ് വന്ന് കാഴ്ച നഷ്ടപ്പെട്ടത്.
അർച്ചന - ഗ്യാനേശ്വർ ദമ്പതിമാരുടെ വീടിരിക്കുന്ന,അംബർനാഥ് താലൂക്കയിലെ വങ്കാനി പട്ടണത്തിൽനിന്ന് ഡയാലിസിസ് നടത്തുന്ന ഉൽഹാസ്നഗർ ആശുപ്രത്രിയിലേക്ക് ഒരുതവണ ഓട്ടോയിൽ പോകാൻ 480 - 520 രൂപ ചിലവാകും. "ഞാൻ എന്റെ കൂട്ടുകാരന്റെ കയ്യിൽനിന്ന് 1,000 രൂപ കടം വാങ്ങിച്ചു. (ഈ യാത്രയ്ക്കുവേണ്ടി)", ഗ്യാനേശ്വർ പറയുന്നു. ഓരോതവണയും (ആശുപത്രിയിലേയ്ക്ക് യാത്ര ചെയ്യേണ്ടിവരുമ്പോൾ പണം കടം വാങ്ങേണ്ട അവസ്ഥയാണ്.-" ഓരോ ചുവടും പതിയെ, ശ്രദ്ധയോടെ എടുത്തുവെച്ച് അവർ ആശുപത്രിയുടെ രണ്ടാംനിലയിലുള്ള ഡയാലിസിസ് മുറി ലക്ഷ്യമാക്കി നടന്നുനീങ്ങുന്നു.
ഭാഗികമായി കാഴ്ചാപരിമിതിയുള്ള അർച്ചനയ്ക്ക് ഇക്കഴിഞ്ഞ മേയ് മാസത്തിലാണ് ഗുരുതരമായ വൃക്കരോഗം സ്ഥിരീകരിച്ചത്. മുംബൈയിലെ ലോകമാന്യ തിലക് മുൻസിപ്പൽ ജനറൽ ആശുപത്രിയിലെ ഡോക്ടർമാരാണ് രോഗനിർണ്ണയം നടത്തിയത്. "അവരുടെ രണ്ട് വൃക്കയും തകരാറിലായിരിക്കുന്നു.", ഗ്യാനേശ്വർ പറയുന്നു. 28 വയസ്സുള്ള അർച്ചനയ്ക്ക് ആഴ്ചയിൽ മൂന്നുതവണ ഹീമോഡയാലിസിസ് നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
"ശരീരത്തിലുണ്ടാകുന്ന മാലിന്യങ്ങളും അധിക ശരീരസ്രവങ്ങളും നീക്കംചെയ്യുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് വൃക്കകൾ. അവ തകരാറിലായാൽ ഒന്നുകിൽ ഡയാലിസിസ് നടത്തുകയോ അല്ലെങ്കിൽ വൃക്കകൾ മാറ്റിവെക്കുകയോ മാത്രമേ മാർഗ്ഗമുള്ളൂ.", ഉൽഹാസ്നഗർ സെൻട്രൽ ഹോസ്പിറ്റലിലെ വൃക്കരോഗ വിദഗ്ധനായ ഡോക്ടർ ഹാർദ്ദിക് ഷാ പറയുന്നു. ഓരോ വർഷവും ഇന്ത്യയിൽ പുതുതായി 2.2 ലക്ഷം പേർക്ക് എൻഡ് സ്റ്റേജ് റീനൽ ഡിസീസ് (ഇ..എസ്.ആർ.ഡി - ഗുരുതരമായ വൃക്കരോഗം) ബാധിക്കുന്നുവെന്നാണ് കണക്കുകൾ പറയുന്നത്; അതായത് ഓരോ വർഷവും 3.4 കോടി ഡയാലിസിസ് അധികം നടത്തേണ്ട ആവശ്യമുണ്ടാകുന്നു.









