“ഞങ്ങള്‍ക്ക് ഭക്ഷണപൊതികള്‍ നല്‍കരുത്, റേഷന്‍ കടയില്‍നിന്നും ഞങ്ങള്‍ക്ക് അരി വാങ്ങാന്‍ പറ്റും. പ്രളയജലത്തിനൊരു പരിഹാരം കാണൂ!”, സെമ്മഞ്ചേരിയില്‍ ചേര്‍ന്ന ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും സ്ത്രീകള്‍ വിളിച്ചു പറഞ്ഞു.

ചെന്നൈ നഗരത്തില്‍നിന്നും 30 കിലോമീറ്റര്‍ തെക്കോട്ട്‌ മാറി കാഞ്ചീപുരം ജില്ലയിലെ പഴയ മഹാബലിപുരം റോഡില്‍ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം 2020 നവംബര്‍ 25-ന് കടുത്ത പ്രളയത്തിലകപ്പെട്ടു.

ഈ താഴ്ന്ന പ്രദേശത്തെ ആളുകളെ സംബന്ധിച്ചിടത്തോളം വെള്ളത്തില്‍ മുങ്ങുക എന്നത് പുതിയതോ അസാധാരണമോ ആയ കാര്യമല്ല. ചരിത്രത്തില്‍തന്നെ മോശമായ രീതിയില്‍ കൈകാര്യം ചെയ്യപ്പെട്ട പ്രളയത്തില്‍ 2015-ല്‍ ചെന്നൈ മുങ്ങിയപ്പോള്‍ സെമ്മഞ്ചേരിയും മുങ്ങിയിരുന്നു. പക്ഷെ അടുത്ത ചില പ്രദേശങ്ങളിലെങ്കിലും തെരുവില്‍നിന്നും കൊടുങ്കാറ്റില്‍ നിന്നുമുള്ള  മലിനജലം വൃത്തിയാക്കുന്നതിനുള്ള സംവിധാനം (streets and storm water drains) വരുന്ന വര്‍ഷങ്ങളില്‍ കുറച്ച് മെച്ചപ്പെട്ടതായി കാണപ്പെട്ടു.

ഈ മാറ്റം സെമ്മഞ്ചേരി ഹൗസിംഗ് ബോര്‍ഡ് പ്രദേശങ്ങളിലല്ലായിരുന്നു. കാലങ്ങളായി വിവിധ നഗര ‘വികസന’, പശ്ചാത്തല പദ്ധതികള്‍ മൂലം മാറ്റിപ്പാര്‍പ്പിക്കപ്പെട്ട കുടുംബങ്ങളുടെ വാസകേന്ദ്രമായതിനാല്‍ ഒരുപക്ഷെ അവഗണിക്കപ്പെട്ടതാണ് പ്രദേശം. ഇവിടെയുള്ള നിരവധി താമസക്കാര്‍ ചെന്നൈ നഗരത്തില്‍ വീട്ടുജോലിക്കാരോ അല്ലെങ്കില്‍ ശുചീകരണ തൊഴിലാളികള്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ എന്നിങ്ങനെയുള്ളവരോ അനൗപചാരിക മേഖലയില്‍ മറ്റ് ജോലികള്‍ ചെയ്യുന്നവരോ ആണ്.

കടലൂരില്‍ ഏകദേശം 250 മില്ലിമീറ്ററും ചെന്നൈയില്‍ 100 മില്ലിമീറ്ററിന് മീതെയും മഴ പെയ്യിച്ചുകൊണ്ട് നിവര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ചപ്പോള്‍ വെള്ളം സെമ്മഞ്ചേരിയിലെ വീടുകളുടെ അകത്തേക്ക് ഇരച്ചുകയറുകയും തെരുവുകളില്‍ തളംകെട്ടി കിടക്കുകയും ചെയ്തു – വീടുകള്‍ക്കകത്ത് ഒരു മീറ്ററും പുറത്ത് രണ്ട് മീറ്ററും ഉയരത്തില്‍.

PHOTO • M. Palani Kumar

സെമ്മഞ്ചേരിയിലെ കുട്ടികള്‍ പുതുതായി രൂപംകൊണ്ട ‘നദി’യില്‍ നിന്നും ഒരു ഓട്ടോറിക്ഷ തള്ളിക്കയറ്റാന്‍ സഹായിക്കുന്നു

മൂന്നു പേരുടെ മരണത്തിനും , 1.38 ലക്ഷം പേര്‍ ഒഴിഞ്ഞുപോകുന്നതിനും , 16,500 ഹെക്ടര്‍ സ്ഥലത്തെ കൃഷിനാശത്തിനും, തീരദേശ നഗരങ്ങളിലെയും പട്ടണങ്ങളിലെയും പ്രളയത്തിനും കാരണമായിക്കൊണ്ട് ചുഴലിക്കാറ്റ് പുതുച്ചേരിക്കടുത്ത് ചെന്നൈയുടെ തെക്കന്‍ തീരം കടന്നതിനു (നവംബര്‍ 25 രാത്രി 11:15-ന്) തൊട്ടടുത്ത ദിവസം, നവംബര്‍ 27-ന്, പാരി (PARI) സെമ്മഞ്ചേരി സന്ദര്‍ശിച്ചു.

സെമ്മഞ്ചേരിയിലെ ഏതാണ്ട് 30,000 നിവാസികള്‍ക്കും ഇതൊക്കെ (വീട്ടിലേക്ക് വെള്ളം ഇരച്ചുകയറുന്നത്, അവരുടെ വസ്തുവകകള്‍ നശിക്കുന്നത്, ദിവസങ്ങളോളം വൈദ്യുതി ഇല്ലാത്തത്, അയല്‍വീടുകളുടെ മുകളില്‍ താമസിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നത് എന്നിവയൊക്കെ) പരിചിതമായ ഒരു കാഴ്ചയാണ്. കക്കൂസുകള്‍ വെള്ളത്തിലായി, ഓവുചാലുകള്‍ നിറഞ്ഞു കവിഞ്ഞു, പാമ്പുകളും തേളുകളും വീടിനകത്തായി, വീടിന്‍റെ ഭിത്തികള്‍ തകര്‍ന്നു.

എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്? ഇത് താഴ്ന്ന പ്രദേശം ആയതുകൊണ്ട് മാത്രമല്ല. ഉയര്‍ന്ന കെട്ടിടങ്ങളും ഇതിന് കാരണമാണ്. വെള്ളം ഒഴുക്കി കളയുന്നതിന് നേരത്തെതന്നെ അപര്യാപ്തമായിരുന്ന സ്ഥലങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചു. പ്രാദേശിക തടാകങ്ങള്‍ നിറഞ്ഞു കവിഞ്ഞു. സംസ്ഥാനത്തെ ജലസംഭരണികളിലുണ്ടായിരുന്ന അമിതജലം പുറത്തുവിട്ടു. ഇതെല്ലാം പ്രളയം ആവര്‍ത്തിക്കുന്നതിന് കാരണമായി. ഇതിനൊക്കെ പുറമെയാണ് ഇതെല്ലാം മറച്ചുവച്ചുകൊണ്ട് പുനരധിവാസ കോളനിയില്‍ നിര്‍മ്മിച്ച, ഏതാണ്ട് 10 അടി ഉയരമുള്ള, ഭിത്തി നില്‍ക്കുന്നത്. വരുമാനം കുറഞ്ഞ ഇവിടുത്തെ നിവാസികളെ പുറത്തുനിന്നുള്ളവര്‍ കാണരുത് എന്നതായിരുന്നിരിക്കണം ഇതിന്‍റെ ലക്ഷ്യം.

അതിനാല്‍ വലിയ മഴയുള്ളപ്പോഴൊക്കെ തെരുവുകള്‍ നദികളായി മാറുകയും വാഹനങ്ങള്‍ ബോട്ടുകളായി ഒഴുകിനടക്കുകയും ചെയ്യും. റോഡിന്‍റെ നടുവില്‍ തുണികള്‍ വലകളാക്കിക്കൊണ്ട് കുട്ടികള്‍ മീന്‍ പിടിക്കും. അമ്മമാര്‍ വീടുകളില്‍ നിന്നും വൃഥാ വെള്ളം ഒഴുക്കി കളയാന്‍ നോക്കും – ഓരോ തവണയും 5 ലിറ്ററിന്‍റെ ഒരു ബക്കറ്റില്‍.

“എല്ലാ വര്‍ഷവും ഞങ്ങള്‍ക്കിവിടെ സുനാമി ഉണ്ടാകുന്നു. പക്ഷെ ആരും ഞങ്ങളെ സന്ദര്‍ശിക്കുന്നില്ല, വോട്ട് ചോദിക്കാന്‍ വരുന്നതോഴികെ”, സ്ത്രീകള്‍ പറഞ്ഞു. “ഫോര്‍ഷോര്‍ എസ്റ്റേറ്റ്, ഉരൂര്‍ കുപ്പം എന്നിവിടങ്ങളില്‍ നിന്നും, ചെന്നൈയുടെ മറ്റ് പ്രദേശങ്ങളില്‍ നിന്നും 2005-ല്‍ ഞങ്ങള്‍ എത്തിയതാണിവിടെ. ഞങ്ങളെ പുറത്താക്കിയ അധികാരികളും രാഷ്ട്രീയക്കാരും മാളികകളില്‍ സന്തോഷമായി ജീവിക്കുന്നു. ഞങ്ങളെ നോക്കൂ!”

വെള്ളക്കെട്ടില്‍ നില്‍ക്കുന്ന സ്ത്രീകളും കുട്ടികളും ചെറിയൊരു കാര്യമാണ് ചോദിക്കുന്നത് - വെള്ളം പുറത്തുകളയാനുള്ള ഒരുവഴി.

PHOTO • M. Palani Kumar

വലിയമഴ ഉള്ളപ്പോഴൊക്കെ തെരുവുകള്‍ നദികളായി മാറുകയും വെള്ളം തെറിപ്പിക്കാനും നീന്തിക്കളിക്കാനുമായി കുട്ടികള്‍ പോവുകയും ചെയ്യും

PHOTO • M. Palani Kumar

റോഡിനു നടുവില്‍ തുണികള്‍ വലകളാക്കി അവര്‍ മീന്‍ പിടിക്കുന്നു. ഇവിടുത്തെ ഹൗസിംഗ് ബോര്‍ഡ് ക്വാര്‍ട്ടേഴ്സ്സില്‍ നിന്നും വളരെയകലെയല്ലാതെ ആണ്‍കുട്ടികള്‍ വരാല്‍ മത്സ്യം പിടിച്ചു

PHOTO • M. Palani Kumar

റോഡിന് നടുവില്‍ പ്രളയജലത്തിലാണ് എല്ലാ കുടുംബങ്ങളും വസ്ത്രങ്ങള്‍ അലക്കുന്നത്. പുറത്തു പോകാനോ പണിയെടുക്കാനോ പറ്റാതെ പുരുഷന്മാരും അവരെ സഹായിക്കുന്നു

PHOTO • M. Palani Kumar

ഒരു നാല്‍വര്‍കുടുംബം പ്രളയജലത്തിലൂടെ ആയാസപ്പെട്ട്‌ തിരികെ വീട്ടിലേക്ക് നടക്കുന്നു

PHOTO • M. Palani Kumar

കൊടുങ്കാറ്റ് വരുന്ന സമയത്ത് തിടുക്കപ്പെട്ട് വാതില്‍പ്പടിയില്‍ ചെറുതായി ഉയര്‍ത്തികെട്ടിയ ഭാഗത്തിന് പിന്നില്‍ നിക്കുന്ന ഒരു കുടുംബം (ഇടത്)

PHOTO • M. Palani Kumar

പ്രായമുള്ളവര്‍ ദിവസം മുഴുവന്‍ പ്ലാസ്റ്റിക് കസേരകളില്‍ ഇരിക്കുന്നു. അവരുടെ വീടുകള്‍ വെള്ളത്തിലാണ്

PHOTO • M. Palani Kumar

കടുത്ത പനിയുള്ള ചെറുപ്പക്കാരിയായ ഒരു സ്ത്രീ ‘ഫ്ലെഡ് റീഹാബിലിറ്റേഷന്‍’ എന്നെഴുതിയ ഒരു പഴയ കട്ടിലില്‍ ഇരിക്കുന്നു

PHOTO • M. Palani Kumar

ഒരു കുടുംബം സോപ്പുപയോഗിച്ച് തങ്ങള്‍ക്ക് പറ്റുന്നതുപോലെ ഏറ്റവും നന്നായി വീട് വൃത്തിയാക്കാന്‍ ശ്രമിക്കുന്നു. വെള്ളത്തില്‍ കലര്‍ന്ന മാലിന്യങ്ങള്‍ വീട് ദുര്‍ഗന്ധമുള്ളതാക്കി മാറ്റി

PHOTO • M. Palani Kumar

വെള്ളക്കെട്ടില്‍ കാത്തുനില്‍ക്കുന്ന സ്ത്രീകളും കുട്ടികളും ചെറിയൊരു കാര്യമാണ് ചോദിക്കുന്നത് - വെള്ളം പുറത്തുകളയാനുള്ള ഒരുവഴി

PHOTO • M. Palani Kumar

ഇവിടെ വസിക്കുന്നവര്‍ തുണികള്‍ ഉണക്കാനായി പാടുപെടുന്നു. സ്റ്റേര്‍കേസുകള്‍ക്കിടയില്‍ അയ കെട്ടിയാണ് അവര്‍ തുണികള്‍ ഉണങ്ങാനിടുന്നത്

PHOTO • M. Palani Kumar

സെമ്മഞ്ചേരിയിലെ ആളുകള്‍ പ്രളയജലത്തില്‍ നിന്നും ഒരു കാര്‍ പുറത്തെടുക്കുന്നു

PHOTO • M. Palani Kumar

പുതുതായി അടയാളപ്പെടുത്തിയ സ്ഥലങ്ങളും വെള്ളത്തിനടിയിലായി


പരിഭാഷ: റെന്നിമോന്‍ കെ. സി.

M. Palani Kumar

M. Palani Kumar is Staff Photographer at People's Archive of Rural India. He is interested in documenting the lives of working-class women and marginalised people. Palani has received the Amplify grant in 2021, and Samyak Drishti and Photo South Asia Grant in 2020. He received the first Dayanita Singh-PARI Documentary Photography Award in 2022. Palani was also the cinematographer of ‘Kakoos' (Toilet), a Tamil-language documentary exposing the practice of manual scavenging in Tamil Nadu.

Other stories by M. Palani Kumar
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.