വേനൽക്കാല മാസങ്ങളിൽ ലഡാക്കിലെ സുരു താഴ്വരയിൽ ഗ്രാമങ്ങൾ സജീവമാവും. മഞ്ഞണിഞ്ഞ മലനിരകളാൽ ചുറ്റപ്പെട്ട, അരുവികളൊഴുകുന്ന പച്ചപുതച്ച പാടങ്ങളിൽ കാട്ടുപൂക്കൾ സമൃദ്ധമായി വിടർന്നുനിൽക്കും. പകൽസമയത്തെ ആകാശത്തിന് ഭംഗിയുള്ള നീലനിറമായിരിക്കും. രാത്രിയിലെ ആകാശത്തിൽ നിങ്ങൾക്ക് ക്ഷീരപഥം കാണാൻ കഴിയും.
കാർഗിൽ ജില്ലയിലെ ഈ താഴ്വരയിലെ കുട്ടികൾ, പ്രകൃതിയുമായി ഊഷ്മളമായ ഒരു ബന്ധം പുലർത്തുന്നു. 2021-ൽ ഈ ചിത്രങ്ങളെടുത്ത തായ് സുരു ഗ്രാമത്തിൽ, പെൺകുട്ടികൾ പാറപ്പുറങ്ങളിൽ കയറി വേനൽക്കാലത്ത് പൂക്കളും ശിശിരത്തിൽ മഞ്ഞും ശേഖരിക്കും. കാട്ടരുവികളിൽ ചാടിത്തിമർക്കും. ബാർളിപ്പാടങ്ങളിലുള്ള കളികൾ വേനൽക്കാലത്തെ അവരുടെ ഒരു ഇഷ്ടവിനോദമാണ്
കേന്ദ്രഭരണപ്രദേശമായ ലഡാക്കിലെ മറ്റൊരു ജില്ലയായ ലേ എന്ന ജനപ്രിയ വിനോദസഞ്ചാരകേന്ദ്രത്തിൽനിന്ന് വളരെ അകലെയാണ് കാർഗിൽ.
കാർഗിൽ കശ്മീർ താഴ്വരയിലാണെന്ന് മറ്റിടങ്ങളിലെ പലരും തെറ്റിദ്ധരിക്കാറുണ്ടെങ്കിലും, അതങ്ങിനെയല്ല. സുന്നി മുസൽമാന്മാർക്ക് മുൻതൂക്കമുള്ള കശ്മീരിൽനിന്ന് വ്യത്യസ്തമായി, കാർഗിലിലെ ജനങ്ങളിൽ ഭൂരിഭാഗവും ഷിയ ഇസ്ലാം വിഭാഗത്തിൽപ്പെടുന്നവരാണ്.
കാർഗിൽ പട്ടണത്തിൽനിന്ന് 70 കിലോമീറ്റർ തെക്കുള്ള തായ് സുരുവിനെ സുരു താഴ്വരയിലുള്ള ഷിയ മുസ്ലിങ്ങൾ സുപ്രധാനമായ ഒരു ആദ്ധ്യാത്മിക കേന്ദ്രമായിട്ടാണ് കാണുന്നത്. അവിടെയുള്ള ജനങ്ങളെ സംബന്ധിച്ചിടത്തോളം, പ്രവാചകനായ മുഹമ്മദ് നബിയുടെ ചെറുമകൻ ഇമാം ഹുസൈനുവേണ്ടി തീവ്രദു:ഖമാചരിക്കുന്ന ഒരു കാലമാണ് ഇസ്ലാമിക പുതുവർഷമായ മുഹറം. ക്രിസ്തുവർഷം 680 ഒക്ടോബർ 10-ന് ഇന്നത്തെ ഇറാഖിൽപ്പെടുന്ന കർബാലയിൽവെച്ച് നടന്ന യുദ്ധത്തിൽ, 72 അനുയായികളോടൊപ്പം ഇമാം ഹുസൈൻ വീരചരമം പ്രാപിച്ചു.
മുഹറം മാസത്തിൽ, അന്നത്തെ ആ ജീവത്യാഗത്തെ അനുസ്മരിക്കുന്ന ചടങ്ങുകളിൽ, പുരുഷന്മാരും സ്ത്രീകളും ഒരുപോലെ ഭാഗഭാക്കാവുന്നു. ജുലൂസെന്നും ദസ്തയെന്നും വിളിക്കപ്പെടുന്ന ഘോഷയാത്രകൾ പല ദിവസങ്ങളിലും നടക്കുന്നു. ഇവയിലധികം നടക്കുന്നത് അഷുറ ദിവസത്തിലാണ്. മുഹറത്തിലെ പത്താമത്തെ ദിവസം. ആ ദിവസമാണ് ഹുസൈനും അദ്ദേഹത്തിന്റെ അനുചരന്മാരും കർബാലയിൽവെച്ച് കൊല്ലപ്പെട്ടത്. ചില പുരുഷന്മാർ ആത്മപീഡനം ആചരിക്കുന്നു. (ഉറുമികളും ചങ്ങലകളും വെച്ച് സ്വന്തം പുറത്ത് ആഞ്ഞടിക്കുന്ന ചടങ്ങ്). ക്വാമ സാനി എന്നാണ് അതിനെ വിളിക്കുന്നത്. എല്ലാ ആളുകളും സ്വന്തം നെഞ്ചിൽ കൈകൾകൊണ്ട് അടിക്കുകയും ചെയ്യും. സീനാ സാനി എന്ന് വിളിക്കുന്ന ആചാരം.


























