“എനിക്കു കൃഷിസ്ഥലമില്ല, എന്റെ പൂർവ്വികർക്കും ഉണ്ടായിരുന്നില്ല”, കമൽജിത് കൗർ പറയുന്നു. “ആ സാഹചര്യത്തിലും ഞങ്ങളുടെ കർഷകരെ ചെറിയ രീതിയിൽ സഹായിക്കാൻ ഞാനിവിടുണ്ട്, എന്തുകൊണ്ടെന്നാൽ അങ്ങനെ ചെയ്തില്ലെങ്കിൽ എന്റെ കുട്ടികളുടെ പാത്രത്തിലേക്ക് എന്തെങ്കിലും ഇട്ടു കൊടുക്കുന്നതിന് കോർപ്പറേറ്റ് ആർത്തികളോടു മല്ലിടേണ്ടിവരുമെന്നു ഞാൻ ഭയപ്പെടുന്നു.”
35-കാരിയായ കമൽജിത് പഞ്ചാബിലെ ലുധിയാനാ നഗരത്തിൽ നിന്നുള്ള അദ്ധ്യപികയാണ്. അവരും കുറച്ചു സുഹൃത്തുക്കളും ചേർന്നു സിംഘുവില്‍ തണലുള്ള ഒരിടത്തു രണ്ടു തയ്യൽ മെഷീനുകൾ പ്രവർത്തിപ്പിക്കുന്നു. അവർ ഊഴമനുസരിച്ച് ഒരാള്‍ മൂന്നുദിവസം എന്നനിലയിൽ സമരസ്ഥലത്തേക്കു വരികയും സമരത്തിലേർപ്പെട്ടിരിക്കുന്ന കർഷകരുടെ നഷ്ടപ്പെട്ട ഷർട്ട് ബട്ടണുകൾ പിടിപ്പിക്കുകയും കീറിയ സൽവാർ-കമ്മീസുകൾ തയ്ക്കുകയും ചെയ്യുന്നു. ഏകദേശം 200 പേർ പ്രതിദിനം അവരുടെ സ്റ്റാളിൽ എത്തുന്നു.
സിംഘുവിൽ ഇത്തരം സേവനങ്ങൾ വൈവിധ്യവും ഉദാരവുമായ രീതികളിൽ ലഭ്യമാണ്- സമരങ്ങൾക്കുള്ള ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവയാണ് എല്ലാം.
ഇർഷാദ് (പൂർണ്ണമായ പേര് ലഭ്യമല്ല) അങ്ങനെ സേവനം ചെയ്യുന്ന ഒരാളാണ്. സിംഘു അതിർത്തിയിൽ നിന്നു 4 കിലോമീറ്റർ മാറി, കുണ്ട്ലി വ്യവസായ മേഖലയിൽ, ടി.ഡി.ഐ. മാളിനു പുറത്ത് ഇടുങ്ങിയ ഒരു മൂലയിൽ ഒരു സിഖു സമരക്കാരന്റെ നഗ്നമായ തല ഊർജ്ജസ്വലനായി അദ്ദേഹം മസ്സാജ് ചെയ്തുകൊണ്ടിരിക്കുന്നു. മറ്റൊരുപാടു പേർ അവരുടെ ഊഴം കാത്തിരിക്കുന്നു. ഇർഷാദ് കുരുക്ഷേത്രയിൽ നിന്നുള്ള ഒരു ബാർബർ ആണ്. സാഹോദര്യം തോന്നിയതുകൊണ്ടാണ് ഇവിടെ വന്നതെന്ന് അദ്ദേഹം പറയുന്നു.
പഞ്ചാബിൽനിന്നു സിംഘുവിലേക്ക് ആളുകൾ തിങ്ങിനിറഞ്ഞ ട്രോളികളിൽ മണിക്കൂറുകളോളം യാത്ര ചെയ്തതുമൂലം മസിലുകൾക്കു വേദന ഉണ്ടായവരെ സൗജന്യ തിരുമ്മലിനു ക്ഷണിച്ചുകൊണ്ട് സർദാർ ഗുർമിക് സിംഗ് തന്റെ ചെറുട്രക്കിനു വെളിയിൽ ഇരിക്കുന്നതും ഇതേ വഴിയിൽത്തന്നെയാണ്. “മറ്റു പലതരത്തിലുമുള്ള വേദനകൾ അവർ ഇപ്പോൾത്തന്നെ അനുഭവിക്കുന്നുണ്ടാവും”, ഇവിടെ സഹായത്തിനായി എത്തിയതിനെക്കുറിച്ച് അദ്ദേഹം പറയുന്നു.
ചണ്ഡീഗഢിൽ നിന്നുള്ള ഡോക്ട്ടറായ സുരീന്ദർകുമാറും കൂടെയുള്ള ഡോക്ടർമാരും സിംഘുവിൽ ഒരു മെഡിക്കൽ ക്യാമ്പ് നടത്തിക്കൊണ്ടു സേവനം ചെയ്യുന്നു. സമരസ്ഥലത്തുള്ള അനേകം മെഡിക്കൽ ക്യാമ്പുകളിൽ ഒന്നാണിത്. ചില ക്യാമ്പുകള്‍ നടത്തുന്നത് കോൽക്കത്ത, ഹൈദരാബാദ് തുടങ്ങി അകലെ സ്ഥലങ്ങളില്‍ നിന്നുള്ള ഡോക്ടർമാരാണ്. “ബിരുദം നേടിയ സമയത്ത് എടുത്ത പ്രതിജ്ഞ നിറവേറ്റാൻ ശ്രമിക്കുകയാണു ഞങ്ങൾ- ദിവസം തോറും തുളഞ്ഞു കയറുന്ന തണുപ്പുനേരിടുന്ന പ്രായമുള്ളവരെ ചികിത്സിച്ചു കൊണ്ട്. പലരും തുറസ്സായ റോഡിലാണ് താമസിക്കുന്നത്”, സുരീന്ദര്‍ പറഞ്ഞു.
![Kamaljit Kaur, a teacher from Ludhiana, and her colleagues have brought two sewing machines to Singhu, and fix for free missing shirt-buttons or tears in salwar-kameez outfits of the protesting farmers – as their form of solidarity](/media/images/06-DSC_1937_00192-JM.max-1400x1120.jpg)
ലുധിയാനയിൽ നിന്നുള്ള അദ്ധ്യാപികയായ കമൽജിത് കൗറും സഹപ്രവർത്തകരും സിംഘുവിലേക്ക് രണ്ടു തയ്യൽ മെഷീനുകൾ കൊണ്ടുവന്ന് സമരത്തിലുള്ള കർഷകര്‍ക്ക് നഷ്ടപെട്ട ഷർട്ട് - ബട്ടണകൾ പിടിപ്പിച്ചു നല്‍കുകയും കീറിയ സൽവാർ-കമ്മീസുകൾ തയ്ച്ചു നല്കുകകയും ചെയ്യുന്നു. ഇതാണ് അവരുടെ ഐക്യദാർഢ്യം.
മനോവീര്യം ഉയർത്തി നിർത്തുന്നതിനായി ലുധിയാനയിൽ നിന്നുള്ള സത്പാൽ സിംഗും സുഹൃത്തുക്കളും വലിയൊരു കരിമ്പു പിഴിയൽ മെഷീൻ തുറന്ന ട്രക്കിൽ കയറ്റി സിംഘുവിൽ എത്തിച്ചിട്ടുണ്ട്. ഈ മെഷീനുകൾ സാധാരണയായി പഞ്ചസാര മില്ലുകളിൽ ഉപയോഗിക്കുന്നവയാണ്. സ്തപാൽ സിംഗ് കൊണ്ടുവന്നിട്ടുള്ള മെഷീൻ ഉപയോഗിച്ചുകൊണ്ട് സമരസ്ഥലത്തു വന്നുപോകുന്നവർക്കൊക്കെ മധുരമുള്ള ഫ്രഷ് ജ്യൂസ് നിർമ്മിച്ചു നല്കുന്നു. ലുധിയാനാ ജില്ലയിലെ തങ്ങളുടെ ഗ്രാമമായ അലിവാലിൽ നിന്നും ശേഖരിക്കുന്ന സംഭാവനകളുപയോഗിച്ച് എല്ലാ ദിവസവും ഓരോ ട്രക്ക് നിറയെ എത്തിക്കുന്ന കരിമ്പാണ് ഇതിനായി ഉപയോഗിക്കുന്നത്.
കുണ്ട്ലിയിലെ അതേ മാളിന്റെ പുൽത്തകിടിയിൽവച്ചുതന്നെ, ഒരു കറുത്ത കുതിരയെ കുളിപ്പിച്ചുകൊണ്ടിരുന്ന, ബട്ടിൻഡായിൽ നിന്നുള്ള നിഹാൻ അമൻദീപ് പറയുന്നത് പഞ്ചാബിന്റെ കാർഷിക സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനാണു താൻ സിംഘുവിൽ എത്തിയതെന്നാണ്. അമൻദീപും കൂടെയുള്ളവരും (നിഹാങ് എന്ന സിഖ് പടയാളി വിഭാഗത്തിൽപ്പെടുന്നവരാണ് അവരെല്ലാവരും) മാളിനടുത്തുള്ള ലങ്കറിൽ എത്തുന്നവർക്കെല്ലാം ഭക്ഷണം കൊടുക്കുന്നു. അതിനുപുറമേ ഡൽഹി പോലീസ് ബാരിക്കേഡുകളായി ഉപയോഗിച്ചിരിക്കുന്ന കണ്ടെയ്നറുകളുടെ തണലിൽ കെട്ടിയിരിക്കുന്ന കൂടാരങ്ങൾക്കടുത്ത് എല്ലാ വൈകുന്നേരവും അവര്‍ കീർത്തനങ്ങൾ ചൊല്ലുന്നു.
പഞ്ചാബ് സർവ്വകലാശാലയിലെ വിദ്യാർത്ഥിയായ അമൃത്സറിൽ നിന്നുള്ള ഗുർവെജ് സിംഗും മറ്റു വിദ്യാർത്ഥികളും ട്രോളി ടൈംസ് എന്ന ദ്വൈവാരിക വാര്‍ത്താപത്രിക സിംഘുവിൽ കൂടിയിരിക്കുന്ന കർഷകരുടെയിടയിൽ വിതരണം ചെയ്യുന്നു. വലിയൊരു പ്രദേശം തുണികൾകൊണ്ടും പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ടും മറച്ചുകെട്ടി, വരുന്നവര്‍ക്കൊക്കെ പോസ്റ്ററില്‍ മുദ്രാവാക്യങ്ങൾ എഴുതാന്നായി പേനയും കടലാസുകളും അവിടെ വച്ചിരിക്കുന്നു. ഈ പോസ്റ്ററുകൾ എപ്പോഴും അവിടെ പ്രദർശിപ്പിക്കുന്നു. ഒരു സൗജന്യ ലൈബ്രറിയും അവർ നടത്തുന്നു. പഞ്ചാബ് സർവ്വകലാശാലയിൽ നിന്നുള്ള അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷനും സിംഘുവിൽ സൗജന്യ ലൈബ്രറി നടത്തുന്നു. അവർ പോസ്റ്ററുകളും ഉണ്ടാക്കുന്നു ( മുകളിലുള്ള കവർ ഫോട്ടോ കാണുക ).
സന്ധ്യയ്ക്കു സിംഘു അതിർത്തിയിൽ നിന്നു കുണ്ട്ലിയിലേക്ക് ഞങ്ങൾ തിരികെ നടക്കുമ്പോൾ തീ കായുന്നതിനായി പലതവണ ഞങ്ങള്‍ നിന്നു. ഓരോയിടത്തും തീയുടെ ചുറ്റും പല വിഭാഗങ്ങളില്‍ നിന്നുള്ളവർ ഉണ്ടായിരുന്നു.
ഞങ്ങൾ ബാബാ ഗുർപാൽ സിംഗിനെ അതെ റോഡിലുള്ള അദ്ദേഹത്തിന്റെ കൂടാരത്തിൽ പോയി കാണുകയും ചായ കുടിക്കുകയും ചെയ്തു. എല്ലാസമയത്തും അവിടെ ചായ തയ്യാറാക്കി വച്ചിട്ടുണ്ടായിരിക്കും. 86-കാരനായ ബാബാ ഗുർപാൽ ഒരു പരിത്യാഗിയും പട്യാലയ്ക്കടുത്തുള്ള ഖാൻപൂർ ഗോണ്ടിയാ ഗുരുദ്വാരയുടെ ഗ്രന്ഥിയുമാണ് (സിഖ് വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബ് ആചാരപരമായി വായിക്കുന്ന വ്യക്തി). ഒരു വിദ്വാനായ അദ്ദേഹം സിഖ് സ്വത്വാധിഷ്ഠിത രാഷ്ട്രീയം എന്താണെന്നും എങ്ങനെയാണ് ഈ കർഷക സമരം അത്തരത്തിലുള്ള എല്ലാ സീമകളും കടന്ന് വലിയ നന്മയ്ക്കായ് ഒരു വിശാല ഇൻഡ്യൻ പ്രസ്ഥാനമായി മാറിയിരിക്കുന്നതെന്നും ഞങ്ങൾക്കു പറഞ്ഞുതന്നു.
എന്തുകൊണ്ടാണ് ബാബാ ഗുർപാൽ വയോധികരായ തന്റെ സഹചാരികളോടൊപ്പം ദിവസം എട്ടുമണിക്കൂർവീതം ചായ വിതരണം ചെയ്തുകൊണ്ടു സിംഘുവിൽ സേവനം ചെയ്യുന്നതെന്നു ഞാൻ ചോദിച്ചു. തീയും പുകയും ചേർന്ന രാത്രി ദൃശ്യത്തിൽ കണ്ണുനട്ടുകൊണ്ട് അദ്ദേഹം പ്രതിവചിച്ചു, “ഇത് നന്മയും തിന്മയും തമ്മിലുള്ള നേരിട്ടുള്ള സംഘട്ടനം ആയിത്തീർന്നിരിക്കുന്നതിനാല്‍ ഞങ്ങളെല്ലാവരും പുറത്തുവന്നു ഞങ്ങളുടെ ഭാഗം ചെയ്യേണ്ട സമയമാണ്. കുരുക്ഷേതത്തിലെ ഐതിഹാസിക യുദ്ധത്തിലും ഇതുതന്നെയാണു സംഭവിച്ചത്”.
![](/media/images/02-DSC_1723_00110-JM.width-1440.jpg)
കുരുക്ഷേത്രയിൽ നിന്നുള്ള വയോധികനായ ഒരു സന്നദ്ധ പ്രവർത്തകൻ മേത്തി പറാത്തകൾ ഉണ്ടാക്കി വരുന്നവർക്കെല്ലാം നല്കി സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കുന്നു. സിംഘുവിലെ ഒരുപാടു ലങ്കറുകളിൽ ഓട്ടോമാറ്റിക് റൊട്ടി നിർമ്മാണ മെഷീനുകൾ (ചിലത് മണിക്കൂറിൽ 2000 റൊട്ടികൾവരെ ഉണ്ടാക്കും) ഉപയോഗിക്കുമ്പോൾ അദ്ദേഹം സ്വയം ഒരു പറാത്ത നിർമ്മാണ മെഷീൻ ആയിക്കൊണ്ടു സേവനം ചെയ്യുന്നു.
![](/media/images/03-DSC_2252_00033-JM.width-1440.jpg)
ലുധിയാനയിൽ നിന്നുള്ള സത്പാൽ സിംഗും (ജ്യൂസിൽ ഉപ്പിട്ടുകൊണ്ട് വലതു വശത്തിരിക്കുന്നയാൾ) സുഹൃത്തുക്കളും വലിയൊരു കരിമ്പു പിഴിയൽ മെഷീൻ തുറന്ന ട്രക്കിൽ കയറ്റി സിംഘുവിൽ എത്തിച്ചിട്ടുണ്ട് . ഈ മെഷീനുകൾ സാധാരണയായി പഞ്ചസാര മില്ലുകളിൽ ഉപയോഗിക്കുന്നവയാണ് . മെഷീൻ ഉപയോഗിച്ചുകൊണ്ട് സമരസ്ഥലത്തു വന്നുപോകുന്നവർക്കൊക്കെ മധുരമുള്ള ഫ്രഷ് ജ്യൂസ് നിർമ്മിച്ചു നല്കുന്നു .
![](/media/images/04-DSC_2726_00203-JM.width-1440.jpg)
ട്രക്കിന്റെ ഒരുവശത്തു കണ്ണാടികളുടെ ഒരു നിര ഉറപ്പിച്ചിരിക്കുന്നു . സിഖ് കർഷകർക്കു തലപ്പാവുകൾ കെട്ടുന്നതിനും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ക്കും ഇവ ഉപയോഗിക്കാം. ടൂത്ത്ബ്രഷുകൾ, ടൂത്ത്പേസ്റ്റുകൾ, സോപ്പ്, കൈ കഴുകാനുപയോഗിക്കുന്ന അണുനാശിനികൾ എന്നിവയൊക്കെ ഈ ട്രക്കിൽ ദിവസം മുഴുവൻ വിതരണം ചെയ്യുന്നു .
![](/media/images/05-DSC_1603_00080-JM.width-1440.jpg)
ഹരിയാനയിലെ ഒരു ഗ്രാമം സൗര പാനലുകൾ സജ്ജീകരിച്ചിട്ടുള്ള ഒരു ട്രക്ക് സിംഘുവിലേക്ക് അയച്ചിരിക്കുന്നു. ട്രക്കിന്റെ ഒരു വശത്തു തൂക്കിയിട്ടിട്ടുള്ള ചാർജ്ജിംഗ് പോർട്ടുകളിലേക്ക് വൈദ്യുതി എത്തിക്കുന്നത് ഈ പാനലുകളില്‍നിന്നാണ്. സമരക്കാർ അവരുടെ ഫോണുകൾ ഈ മൊബൈൽ ചാർജ്ജറിൽ നിന്നും ചാർജ്ജ് ചെയ്യുന്നു.
![](/media/images/07-DSC_1908_00181-JM.width-1440.jpg)
പഞ്ചാബിലെ മോഗാ ജില്ലയിലെ ഖുക്രാനാ ഗ്രാമത്തിൽ നിന്നുള്ള കുറച്ച് ആൺകുട്ടികൾ ചെരുപ്പുതുന്നൽ തൊഴിലായി സ്വീകരിച്ച ഒരാളെ സമരത്തിലുള്ള കർഷകരുടെ ഷൂസുകൾ നന്നാക്കാൻ കൂലിക്ക് എടുക്കുകയും പ്രസ്തുത ജോലിയില്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യുന്നു.
![](/media/images/08-DSC_1892_00173-JM.width-1440.jpg)
തുറന്ന ഹൈവേയിൽ ആഴ്ചകളോളം താമസിക്കുമ്പോള്‍പോലും വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കുന്നതിനായി പല സന്നദ്ധ പ്രവർത്തകരും സൗജന്യ അലക്കു സേവനങ്ങൾ ആരംഭിച്ചിരുന്നു. വളച്ചുകെട്ടിയ ഒരു സ്ഥലത്ത് അര ഡസനോളം വാഷിംഗ് മെഷീനുകൾ സ്ഥാപിച്ചിരിക്കുന്നു. ആർക്കും അവിടെവന്നു വസ്ത്രങ്ങൾ കഴുകാന്‍ സന്നദ്ധ പ്രവർത്തകരോട് അപേക്ഷിക്കാം.
![](/media/images/09-DSC_1867_00164-JM.width-1440.jpg)
വൈകുന്നേരത്തെ കീർത്തനത്തിനു തയ്യാറാവുന്നതിനായി അമൻദീപ് സിംഗ് നിഹാംഗ് തന്റെ കുതിരയെ കുളിപ്പിയ്ക്കുന്നു. പ്രഭാഷങ്ങള്‍ക്കും മതപരമായ മറ്റു പ്രവർത്തനങ്ങള്‍ക്കും പുറമെ, സിംഘുവിൽ താമസിക്കുന്ന ഒരുപറ്റം നിഹാംഗുകൾ അവിടെ വരുന്ന എല്ലാവർക്കും ലങ്കറുകളിൽ നിന്നു ഭക്ഷണം നല്കുന്നു.
![](/media/images/10-DSC_1911_00182-JM.width-1440.jpg)
നിരവധി മെത്തകളും , ബ്ലാങ്കറ്റുകളും, തലയണകളും സൂക്ഷിച്ചിരിക്കുന്ന അടച്ചുകെട്ടിയ വലിയൊരു പ്രദേശം നോക്കി നടത്തുകയാണ് ജലന്ധറിൽ നിന്നുള്ള അദ്ധ്യാപികയായ ബൽജീന്ദർ കൗർ. സമരക്കാർക്കും, സമരത്തെ പിന്തുണച്ച് ഒന്നോ രണ്ടോ ദിവസം സിംഘുവിൽ താമസിക്കുന്നവര്‍ക്കും ഒരേപോലെ അഭയവും ആശ്വാസവും നല്‍കുന്നതിനാണ് ഇങ്ങനൊരു സംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
![](/media/images/11-DSC_2853_00255-JM.width-1440.jpg)
സമരക്കാർക്കുവേണ്ടി പ്രസിദ്ധീകരിച്ചിരിക്കുന്ന ട്രോളി ടൈംസ് എന്ന വാര്‍ത്താ-പത്രിക ഫ്രണ്ട്സ് ഓഫ് ഭഗത് സിംഗ് സൊസൈറ്റിയുടെ അംഗങ്ങൾ വിതരണം ചെയ്യുന്നു. അവർ ലൈബ്രറിയും പോസ്റ്റർ പ്രദർശനങ്ങളും നടത്തുകയും എല്ലാ വൈകുന്നേരങ്ങളിലും ചർച്ചാ യോഗങ്ങൾ ക്രമീകരിക്കുകയും ചെയ്യുന്നു.
![](/media/images/12-DSC_1920_00184-JM.width-1440.jpg)
സമരക്കാരെ രാത്രി താമസിപ്പിക്കുന്നതിനും തണുപ്പില്‍നിന്നും സംരക്ഷിക്കുന്നതിനുമായി പഞ്ചാബിൽ നിന്നുള്ള ഒരു എൻ .ജി.ഓ. 100 ഹൈക്കിംഗ് ടെന്റുകൾ (ബാക്ക്പാക്ക് ബാഗുകൾ പോലെ കൊണ്ടുനടക്കാവുന്ന ടെന്റുകൾ) സിംഘുവിലെ പെട്രോൾ പമ്പിന്റെ വളപ്പിനകത്ത് സ്ഥാപിച്ചിരിക്കുന്നു. അവർ ഇതിനെ ടെന്റ് സിറ്റി എന്നു വിളിക്കുന്നു.
![](/media/images/13-DSC_1994_00211-JM.width-1440.jpg)
ചണ്ഡീഗഢിൽ നിന്നുള്ള ഡോക്ടറായ സുരീന്ദർകുമാറും കൂടെയുള്ള ഡോക്ടർമാരും സിംഘുവിൽ മെഡിക്കൽ ക്യാമ്പ് നടത്തിക്കൊണ്ടാണു സേവനം ചെയ്യുന്നത്. സമരസ്ഥലത്തുള്ള അനേകം മെഡിക്കൽ ക്യാമ്പുകളിൽ ഒന്നാണിത്. ഇത്തരം മുപ്പതില്‍പ്പരം ക്യാമ്പുകള്‍ ഉണ്ടെന്നു ചിലര്‍ പറയുന്നു.
![](/media/images/14-DSC_2214_00019-JM.width-1440.jpg)
തിങ്ങി നിറഞ്ഞ ട്രാക്ടർ ട്രോളികളിലെ നീണ്ട യാത്രകൾക്കു ശേഷം വേദന അനുഭവിക്കുകയും ക്ഷീണിതരാവുകയും ചെയ്യുന്ന സമരക്കാർക്കു വേണ്ടി ഹക്കീം (പാരമ്പര്യ വൈദ്യൻ) എന്ന നിലയില്‍ സർദാർ ഗുർമിത് സിംഗ് സിംഘുവില്‍ സേവനം ചെയ്യുന്നു. തിരുമ്മൽ നടത്തുന്ന ഇദ്ദേഹം തനിയെ പഠിച്ച് അസ്ഥി ചികിത്സ നടത്തുകയും മസിൽ വലിവ് ഭേദപ്പെടുത്തുകയും ചെയ്യുന്നു.
![](/media/images/15-DSC_2011_00219-JM.width-1440.jpg)
സിംഘുവിലെ ഒരു ടർബൻ ലങ്കർ: ടർബൻ ഉപയോഗിക്കുന്നവര്‍ക്ക് ഇവിടെ പുതിയ ടർബൻ തലയിൽ കെട്ടി നല്കുന്നു. ടർബൻ ഉപയോഗിക്കാത്തവരും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനായി ഇവിടെ വന്നു ടർബൻ തലയിൽ കെട്ടാറുണ്ട്.
![](/media/images/16-DSC_1450_00038-JM.width-1440.jpg)
86-കാരനായ ബാബാ ഗുർപാൽ പട്യാലയ്ക്കടുത്തുള്ള ഖാൻപൂർ ഗോണ്ടിയാ ഗുരുദ്വാരയുടെ ഗ്രന്ഥിയാണ്. ഒരു വിദ്വാനായ അദ്ദേഹം സിഖ് സ്വത്വാധിഷ്ഠിത രാഷ്ട്രീയം എന്താണെന്നും എങ്ങനെയാണ് ഈ കർഷക സമരം അത്തരത്തിലുള്ള എല്ലാ സീമകളും കടന്ന് വലിയ നന്മയ്ക്കായ് ഒരു വിശാല ഇൻഡ്യൻ പ്രസ്ഥാനമായി മാറിയിരിക്കുന്നതെന്നും ഞങ്ങൾക്കു പറഞ്ഞുതന്നു. ‘ഇതു നന്മയും തിന്മയും തമ്മിലുള്ള നേരിട്ടുള്ള സംഘട്ടനം ആയിത്തീർന്നിരിക്കുന്നതിനാല്‍ ഞങ്ങളെല്ലാവരും പുറത്തുവന്നു ഞങ്ങളുടെ ഭാഗം ചെയ്യേണ്ടതുണ്ട്, അദ്ദേഹം പറയുന്നു.
പരിഭാഷ - റെന്നിമോന്‍ കെ. സി.