ഈ ദീപാവലിക്ക് ഏകദേശം 10,000 മുതൽ 12,000 വരെ ദീപങ്ങൾ ഉണ്ടാക്കി എന്നാണ് ശ്രീകാകുളം പരദേശം പറയുന്നത്. ഈ ആഴ്ച വരുന്ന ഉത്സവത്തിന് ഒരു മാസം മുമ്പേ ഈ 92-കാരൻ പണികൾ തുടങ്ങിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ ഒരു കപ്പ് ചായക്ക് ശേഷം 7 മണിക്ക് അയാൾ പണി തുടങ്ങും, ചുരുങ്ങിയ ഇടവേളകൾ എടുത്തുകൊണ്ട് സന്ധ്യ വരെ അത് തുടരുകയും ചെയ്യും.
കുറച്ചാഴ്ചകൾക്ക് മുമ്പ് ഒക്ടോബർ ആദ്യത്തിൽ ഒരു കുഞ്ഞു സ്റ്റാന്റോടു കൂടെ ദീപം നിർമിക്കുന്നതിൽ പരദേശം തന്റെ കഴിവ് ഒന്ന് പരീക്ഷിച്ചു നോക്കി. “കുറച്ച് പ്രയാസമാണ് ഇവ നിർമിക്കുന്നത്. സ്റ്റാന്റിന്റെ കനം കൃത്യമായി കിട്ടണം,” അയാൾ പറയുന്നു. കപ്പ് പോലുള്ള വിളക്കിൽ നിന്നും എണ്ണ കവിഞ്ഞു പോകാതിരിക്കാനും എരിയുന്ന തിരി പുറത്ത് വീഴാതിരിക്കാനും സ്റ്റാന്റ് സഹായിക്കുന്നു. സാധാരണ ദീപം നിർമിക്കാൻ 2 മിനുറ്റ് വേണ്ടപ്പോൾ സ്റ്റാൻഡോട് കൂടിയത് നിർമിക്കാൻ 5 മിനുറ്റ് എടുക്കും. എന്നാൽ വിൽപ്പന നഷ്ടപ്പെടാതിരിക്കാൻ അയാൾ സാധാരണ ദീപത്തിന്റെ 3 രൂപ നിരക്കിനെക്കാൾ ഒരു രൂപയേ ഇതിന് അധികമായി ഈടാക്കുന്നുള്ളൂ.
കൈത്തൊഴിലിനോടുള്ള ഇഷ്ടവും ആവേശവും മൂലം വിശാഖപ്പട്ടണത്തിലെ കുമ്മരി വീഥിയിലെ പരദേശത്തിന്റെ വീട്ടിൽ എട്ട് ദശകങ്ങളായി മണ്‍പാത്ര ചക്രം തിരിഞ്ഞു കൊണ്ടേയിരിക്കുന്നു. ഇക്കാലമത്രയും ദീപാവലി ആഘോഷിക്കുന്ന വീടുകളെ ദീപശോഭയിൽ കുളിപ്പിച്ചു കൊണ്ട് ലക്ഷങ്ങളോളം ദീപങ്ങൾ അയാൾ ഉണ്ടാക്കിക്കഴിഞ്ഞു. “രൂപമൊന്നുമില്ലാത്ത മണ്ണ് നമ്മുടെ കയ്യും ഊർജവും ചക്രവും ഉപയോഗിച്ചുകൊണ്ട് ഒരു വസ്തുവായി മാറുന്നു. ഇതൊരു കലയാണ്,” രണ്ടു വർഷം മുൻപ് നവതി പൂർത്തിയാക്കിയ ആ മനുഷ്യൻ പറയുന്നു. കേൾവിക്ക് ചെറിയ പ്രശ്നമുള്ളതിനാൽ ദൂരെയെങ്ങും പോകാതെ കുടുംബത്തിനൊപ്പം തന്നെ കഴിയുകയാണ് അയാൾ.
വിശാഖപട്ടണം നഗരത്തിലെ തിരക്കേറിയ അക്കയ്യപാലെം അങ്ങാടിക്കടുത്തുള്ള ഇടുങ്ങിയ തെരുവാണ് കുമ്മര വീഥി. തെരുവിലെ താമസക്കാരിൽ ഭൂരിപക്ഷവും കുമ്മാരന്മാരാണ്. ചെളി ഉപയോഗിച്ച് വിഗ്രഹമടക്കമുള്ള നിരവധി വസ്തുക്കൾ പരമ്പരാഗതമായി നിർമ്മിക്കുന്ന ഒരു സമുദായമാണ് കുമ്മാരന്മാർ. വിശാഖപട്ടണം ജില്ലയിലെ പദ്മനാഭൻ മണ്ഡലിലെ പൊട്ട്നൂരു ഗ്രാമത്തിൽ നിന്ന് ജോലി അന്വേഷിച്ച് ഈ നഗരത്തിൽ എത്തിയതാണ് പരദേശത്തിന്റെ മുത്തച്ഛൻ. തെരുവിലെ 30 കുശവ കുടുംബങ്ങളും ദീപങ്ങൾ, ചെടിച്ചട്ടികൾ, പണക്കുഞ്ചികൾ, മണ്‍പാത്രങ്ങൾ, കോപ്പകൾ, വിഗ്രഹങ്ങൾ തുടങ്ങി പല വിധ മണ്‍പാത്ര നിർമ്മിതികൾ ഉണ്ടാക്കിയിരുന്ന ബാല്യകാലം അയാൾ ഓർക്കുന്നു.
ഇന്ന് വിശാഖപട്ടണത്തിലെ ഏക കുശവ വീട്ടിൽ കഴിയുന്ന പരദേശമാണ് ദീപങ്ങൾ ഉണ്ടാക്കുന്ന അവസാനത്തെ കൈത്തൊഴിലുകാരൻ. മറ്റു കുശവ കുടുംബങ്ങൾ വിഗ്രഹങ്ങളോ മറ്റു കളിമണ്ണുൽപ്പന്നങ്ങളോ ആണ് ഉണ്ടാക്കുന്നത്, ആരും ദീപങ്ങൾ ഉണ്ടാക്കുന്നില്ല. പത്തു വർഷങ്ങൾ മുൻപേ പരദേശവും ഉത്സവങ്ങൾക്കായി വിഗ്രഹങ്ങൾ ഉണ്ടാക്കിയിരുന്നു, പക്ഷെ പതുക്കെ നിർത്തി: വിഗ്രഹനിർമാണം ശാരീരികമായി പ്രയാസമേറിയ പ്രവൃത്തിയാണ്, മണിക്കൂറുകളോളം നിലത്തിരിക്കാൻ ബുദ്ധിമുട്ടാണെന്ന് അയാൾ പറയുന്നു.













