"തിങ്കളാഴ്ച (മാർച്ച് 16) മുതൽ ഞങ്ങൾക്ക് എവിടെയും തൊഴിൽ കിട്ടുന്നില്ല. ഞാൻ എവിടെ നിന്ന് പണം കൊണ്ടുവരാനാണ്?", വന്ദന ഉംബർസഡ 5 രൂപയ്ക്കു വേണ്ടി ശാഠ്യം പിടിക്കുന്ന ഏഴുവയസ്സുകാരിയായ തന്‍റെ കൊച്ചുമകളോട് പറഞ്ഞു.

മഹാരാഷ്ട്രയിലെ വാഡാ താലൂക്കിലെ പല കെട്ടിടനിർമ്മാണ സ്‌ഥലങ്ങളില്‍ തൊഴിൽ ചെയ്യുന്ന വന്ദന, പൽഘാർ ജില്ലയിലെ കവടേപാഡയിലുള്ള തന്‍റെ മുറ്റത്തിരുന്നു പറയുന്നു, "എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്കറിയില്ല. എന്‍റെ മകൻ പറഞ്ഞത് നമുക്ക് ചുറ്റും ഒരു രോഗം പടർന്ന് പിടിക്കുന്നുണ്ടെന്നും അതുകൊണ്ട് പുറത്തു പോകരുതെന്നും വീട്ടിനുള്ളിൽ തന്നെ കഴിയാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നുമാണ്."

സമയം ഉച്ച കഴിഞ്ഞു നാല് മണിയോടടുത്തിരുന്നു. വന്ദനയുടെ വീടിന്‍റെ മുറ്റത്തു അവരുടെ അയൽക്കാരിൽ പലരും ഒത്തുകൂടി പല കാര്യങ്ങളെക്കുറിച്ചും, പ്രത്യേകിച്ച് ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധിയെക്കുറിച്ച്, ചർച്ച ചെയ്യുകയായിരുന്നു. അവരിൽ ഒരു പെൺകുട്ടി മാത്രം സംസാരിക്കുമ്പോൾ സാമൂഹ്യ അകലം പാലിക്കണമെന്ന് പറയുന്നുണ്ടായിരുന്നു. കവടേപാഡയിൽ അവിടുള്ളവരുടെ കണക്കനുസരിച്ചു ഏകദേശം 70 വീടുകളാണുള്ളത്. എല്ലാ കുടുംബങ്ങളും വാർളി ആദിവാസി സമുദായത്തിൽ പെടുന്നു.

സംസ്‌ഥാന വ്യാപകമായി ലോക്ക് ഡൗൺ തുടങ്ങുന്നതുവരെ വന്ദനയും അവരുടെ അയൽക്കാരി മനിത ഉംബർസഡയും രാവിലെ എട്ടു മണിക്ക് തുടങ്ങി ഒരുമണിക്കൂറിലേറെ നടന്നു 10 കിലോമീറ്ററോളം അകലെയുള്ള വാഡാ പട്ടണത്തിന്‍റെ പരിസരത്തുള്ള കെട്ടിട നിർമ്മാണ സ്‌ഥലങ്ങളിലെത്തുമായിരുന്നു. 9 മണി മുതൽ വൈകിട്ട് 6 മണി വരെ ജോലി ചെയ്താൽ 200 രൂപ ലഭിക്കും. വന്ദന പറയുന്നത് ഇങ്ങനെ അവർ മാസത്തിൽ 4000 രൂപയോളം സമ്പാദിച്ചിരുന്നു എന്നാണ്. പക്ഷെ ഇപ്പോൾ അവർക്കു ജോലി നല്‍കാന്‍ കെട്ടിട നിർമ്മാണ കരാറുകാര്‍ക്ക് സാദ്ധ്യമല്ല.

"എന്‍റെ ആണ്മക്കൾക്കും തൊഴിലൊന്നും കിട്ടുന്നില്ല. ഞങ്ങൾക്ക് ഭക്ഷണം മേടിക്കണം, പക്ഷെ ജോലിയില്ലാതെ ഞങ്ങൾക്ക് അതിനുള്ള പണം എവിടെനിന്നു കിട്ടാനാണ്?" അവർ ചോദിച്ചു. "കരുതിവച്ച ഭക്ഷ്യവസ്തുക്കളൊക്കെ തീരാറായി. അതും കഴിഞ്ഞാൽ കുട്ടികൾക്ക്  ഞങ്ങൾ വെറും ചട്ണി മാത്രം ഉണ്ടാക്കി കൊടുക്കണോ? ഇത് എങ്ങനെയെങ്കിലും കഴിഞ്ഞാൽ മതിയായിരുന്നു."

വന്ദനയ്ക്ക് മൂന്ന് ആണ്മക്കളും 11 കൊച്ചുമക്കളുമാണുള്ളത്. 168 ഗ്രാമങ്ങളിലായി 154,416 ജനങ്ങളുള്ള വാഡാ താലൂക്കിൽ ഇവരുടെ മക്കൾ ഇഷ്ടിക ചൂളകളിലോ കെട്ടിടനിർമ്മാണ സ്‌ഥലങ്ങളിലോ ജോലി ചെയ്യുന്നു. വന്ദനയുടെ ഭർത്താവ് ലക്ഷ്മൺ 15 വർഷങ്ങൾക്കു മുമ്പ് അമിത മദ്യപാനം കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങൾ മൂലം മരിച്ചു.

'We need to buy food, but without working how will we get any money?' asks Vandana Umbarsada (left), a construction labourer. Her son Maruti (right) is also out of work since March 16
PHOTO • Shraddha Agarwal
'We need to buy food, but without working how will we get any money?' asks Vandana Umbarsada (left), a construction labourer. Her son Maruti (right) is also out of work since March 16
PHOTO • Shraddha Agarwal

'ഞങ്ങൾക്ക് ഭക്ഷണം മേടിക്കണം, പക്ഷെ ജോലിയില്ലാതെ എങ്ങനെ ഞങ്ങൾക്ക് അതിനുള്ള പണം കിട്ടും?’ കെട്ടിട നിർമ്മാണ തൊഴിലാളിയായ വന്ദന ഉംബർസഡ (ഇടത്) ചോദിക്കുന്നു. ഇവരുടെ മകൻ മാരുതിക്കും (വലത്) മാർച്ച് 16 മുതൽ പണിയൊന്നും ലഭിക്കുന്നില്ല.

കാവടേപാഡയിൽനിന്ന് നിരവധിപേര്‍ വിവിധ സീസണുകളില്‍ കുടുംബത്തെ വിട്ട് ജോലിയന്വേഷിച്ചു ഏകദേശം 90 കിലോമീറ്റര്‍ അകലെയുള്ള മുംബൈയിലേക്ക്‌ കുടിയേറുന്നു. “കഴിഞ്ഞ മൂന്നു മാസങ്ങളായി എന്‍റെ മകനും മരുമകളും ദിവസ വേതന തൊഴില്‍ ചെയ്യുന്നതിനായി ഭിവണ്ഡിയിലുള്ള [ പാഡയിൽ നിന്ന് ഏകദേശം 45 കിലോമീറ്റര്‍ അകലെ] ഒരു കെട്ടിടനിർമ്മാണ സ്ഥലത്താണ്. അവരുടെ കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്തം എനിക്കാണ്. സ്ക്കൂളുകൾ അടച്ചതിനാൽ അവർക്കിപ്പോൾ ഉച്ചഭക്ഷണവും കിട്ടുന്നില്ല," വന്ദന പറഞ്ഞു.

"ഈ രോഗം പടരാതിരിക്കാൻ സർക്കാർ എല്ലാം അടച്ചിട്ടിരിക്കുകയാണ്," വാഡയിൽ കെട്ടിടങ്ങൾ പണിയുന്നിടത്തു ജോലി ചെയ്യുന്ന ഇവരുടെ രണ്ടാമത്തെ മകൻ, മാരുതി, 32, പറയുന്നു. അദ്ദേഹത്തിനും മാർച്ച്  16 മുതൽ ജോലിയൊന്നുമില്ല.

"വാർത്താ ചാനലുകൾ പറയുന്നത് ഈ രോഗത്തെ അകറ്റിനിർത്താൻ ധാരാളം വെള്ളം കുടിക്കണമെന്നും സോപ്പിട്ട് കൈ കഴുകണമെന്നുമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. "എന്നാൽ ഞങ്ങൾ വിശപ്പ് കൊണ്ട് മരിച്ചാൽ സോപ്പ് ഞങ്ങളെ രക്ഷിക്കില്ല."

കവടേപാഡയിൽ 12 ചതുരശ്ര അടിയുള്ള വീട്ടിൽ ഇദ്ദേഹം തന്‍റെ അമ്മ, ചേടത്തി വൈശാലി, ഭാര്യ മനീഷ (രണ്ടുപേരും വീട്ടമ്മമാരാണ്), രണ്ടു മക്കൾ എന്നിവരോടൊപ്പമാണ് കഴിയുന്നത്. "ചേടത്തിയെ എല്ലാ ആഴ്ചയും ആശുപത്രിയിൽ കൊണ്ടുപോകണം. അവർക്ക് പ്രമേഹം കൂടുതലായതിനാൽ സ്‌ഥിരമായി കുത്തിവയ്പ് വേണം," അദ്ദേഹം പറഞ്ഞു. ഒരു തവണ ഇൻസുലിൻ ഇൻജക്ഷന്‍ എടുക്കുന്നതിന് 150 രൂപ വേണം. "എന്‍റെ ദിവസ വേതനം കൊണ്ട് ഞങ്ങൾ കഷ്ടിച്ചാണ് കഴിഞ്ഞു പോരുന്നത്. ഇപ്പോൾ ജോലിയൊന്നുമില്ലാതെ ഞാൻ എന്‍റെ കുടുംബത്തെ എങ്ങനെ പരിരക്ഷിക്കും?"

വന്ദനയുടെ വീട്ടുമുറ്റത്തു കൂടിയവരിൽ അവരുടെ അയൽക്കാരിയായ മനിത ഉംബർസഡയും (48) ഉണ്ടായിരുന്നു. ഇവരും കെട്ടിടം നിര്‍മ്മാണ  സ്ഥലത്ത് എട്ടു മണിക്കൂർ ഭാരിച്ച വസ്തുക്കൾ ചുമന്ന് പ്രതിദിനം 200 രൂപ സമ്പാദിക്കുന്നു. "കൃഷി തൊഴിലിനേക്കാൾ ഭേദമാണ് ഈ പണി. ഇവിടെ ഒന്നുമില്ലെങ്കിലും സമയത്തു് കൂലി കിട്ടും, ദിവസം മുഴുവൻ വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നുമില്ല," അവർ പറയുന്നു. "പക്ഷെ ഇപ്പോൾ വാഡയിൽ ആരും ഞങ്ങൾക്ക് ജോലി തരുന്നില്ല, അതുകൊണ്ട് ഞങ്ങൾക്ക് അടുത്ത സ്‌ഥലങ്ങളിൽ കൃഷിത്തൊഴില്‍ അന്വേഷിച്ചു പോകേണ്ടി വരുന്നു."

ഈ മാസത്തേക്കുകൂടി ശേഷിക്കുന്ന, കരുതിവച്ച ധാന്യങ്ങൾ കൊണ്ടാണ് അവർ ഇപ്പോൾ കഴിച്ചു കൂട്ടുന്നത്. അതിനു ശേഷം ജോലിയും കൂലിയുമില്ലാതെ എങ്ങനെ പിടിച്ചു നിൽക്കുമെന്ന് അവർക്കറിയില്ല.

വീഡിയോ കാണുക : ' ഞങ്ങൾ പട്ടിണി കിടക്കണോ ?'

പാട്ടത്തിന് കൃഷി ചെയ്തിരുന്ന മനിതയുടെ ഭർത്താവ് ബാബുവിന് , 50, പത്തു വർഷം മുമ്പ് പ്രമേഹം കാരണം ഒരു കാൽ നഷ്ടപ്പെട്ടതിനാൽ പിന്നീട് ജോലി ചെയ്യാൻ കഴിഞ്ഞിട്ടില്ല. ഇവർക്ക് അഞ്ച് ആൺമക്കളുണ്ട്. ഇവരും വാഡയിൽ കെട്ടിടനിർമ്മാണ സ്ഥലങ്ങളിലോ ചെറിയ ഫാക്ടറികളിലോ ജോലി ചെയ്യുന്നു. ഇവരുടെ ഇളയ മകൻ, കൽപേഷ്, 23, പൈപ്പുണ്ടാക്കുന്ന ഫാക്ടറിയിൽ മാസം 7,000 രൂപയ്ക്ക് ജോലി ചെയ്യുന്നു. "അവർ ഞങ്ങളോട് ജോലിക്കു വരേണ്ടെന്ന് പറഞ്ഞു. അവർ ശമ്പളം കുറയ്ക്കുമോ എന്ന് ഞങ്ങൾക്കറിയില്ല," അദ്ദേഹം ആശങ്കയോടെ പഞ്ഞു.

ഇവരുടെ കുടുംബത്തിൽ ആറു കുട്ടികളുൾപ്പെടെ 15 അംഗങ്ങളാണുള്ളത്. ഇപ്പോൾ ആർക്കും ഒരു വരുമാനവുമില്ല. കരുതിവച്ച ധാന്യങ്ങൾ കൊണ്ടാണ് അവർ ഇപ്പോൾ കഴിച്ചു കൂട്ടുന്നത്, ഈ മാസത്തേക്ക് മാത്രമേ അത് ശേഷിക്കുകയുള്ളൂ. അതിനു ശേഷം ജോലിയും കൂലിയുമില്ലാതെ എങ്ങനെ പിടിച്ചു നിൽക്കുമെന്ന് അവർക്കറിയില്ല.

മാർച്ച് 17 മുതൽ കൂലിയൊന്നും നേടാന്‍ പറ്റുന്നില്ലെന്ന് മൂന്നു വീടുകൾക്കപ്പുറത്തുള്ള 18-കാരനായ സഞ്ജയ് തുംഡ പറഞ്ഞു. പാൽഘറിലെ ഒരു ഇഷ്ടിക ചൂളയിൽ മാസം 20 ദിവസത്തോളം ദിവസവേതനമായ 300-400 രൂപയ്ക്ക് അദ്ദേഹം ജോലിയെടുക്കുന്നു. വാഡയിലെ ഒരു തൊഴില്‍ കരാറുകാരന്‍ പണിയുണ്ടെങ്കിൽ ഇദ്ദേഹത്തെ അറിയിക്കുന്നു. അയാൾ ഒരാഴ്ചയായി വന്നിട്ടില്ല. "ഈ മാസം എല്ലാ കടകളും അടഞ്ഞു കിടക്കുമെന്നാണ് ഞാൻ വാർത്തയിൽ കണ്ടത്," സഞ്ജയ് പറഞ്ഞു. "വീട്ടിൽ ഭക്ഷ്യധാന്യങ്ങൾ അധികം ബാക്കിയില്ല. അടുത്തയാഴ്ച മുതൽ അതൊക്കെ തീർന്നു തുടങ്ങും."

കെട്ടിടനിർമ്മാണത്തൊഴിലാളിയായ 20-കാരന്‍ അജയ് ബോചാലിന്‍റെയും പേടി അതുതന്നെയാണ്. "രണ്ടു ദിവസമായി എന്‍റെ അമ്മ മുരിങ്ങയ്ക്ക മാത്രമാണ് ഭക്ഷണമായി ഉണ്ടാക്കുന്നത്. ഉടനെ ജോലിയൊന്നും കിട്ടിയില്ലെങ്കിൽ മറ്റുള്ളവരോട് പണം മേടിക്കേണ്ടിവരും." അജയുടെ അമ്മ സുരേഖ, 42, വാഡയിൽ ഉണ്ടായിരുന്ന വീട്ടുജോലി തളർച്ച മൂലം കുറച്ചു മാസങ്ങൾക്കു മുമ്പ് വേണ്ടെന്നു വച്ചു. അമിത മദ്യപനായ ഇവരുടെ ഭർത്താവ് സുരേഷ് കുറച്ചു നാളായി ജോലിയൊന്നും ചെയ്യുന്നില്ല.

Left: Sanjay Tumda, a brick kiln worker, hasn’t earned anything since March 17; he says, 'From next week our food will start getting over'. Right: Ajay Bochal, a construction labourer says, 'If I don’t get work soon, we will have to ask for money from others'
PHOTO • Shraddha Agarwal
Left: Sanjay Tumda, a brick kiln worker, hasn’t earned anything since March 17; he says, 'From next week our food will start getting over'. Right: Ajay Bochal, a construction labourer says, 'If I don’t get work soon, we will have to ask for money from others'
PHOTO • Shraddha Agarwal
Left: Sanjay Tumda, a brick kiln worker, hasn’t earned anything since March 17; he says, 'From next week our food will start getting over'. Right: Ajay Bochal, a construction labourer says, 'If I don’t get work soon, we will have to ask for money from others'
PHOTO • Shraddha Agarwal

ഇടത് : ഇഷ്ടിക ചൂളയിലെ തൊഴിലാളിയായ സഞ്ജയ് തുംഡ. മാർച്ച് 17 മുതൽ ഇദ്ദേഹത്തിന് വരുമാനമൊന്നുമില്ല; ‘അടുത്തയാഴ്ച മുതൽ വീട്ടിൽ ഭക്ഷണസാധനങ്ങൾ തീർന്നു തുടങ്ങും’ അദ്ദേഹം പറയുന്നു. വലത്: ‘ഉടനെ പണിയൊന്നും കിട്ടിയില്ലെങ്കിൽ മറ്റുള്ളവരോട് പണം മേടിക്കേണ്ടിവരും’, കെട്ടിട നിർമ്മാണ തൊഴിലാളിയായ അജയ് ബോചാൽ പറയുന്നു.

ഇവരുടെ വീട്ടിലും ഭക്ഷ്യധാന്യങ്ങൾ തീരാറായിരിക്കുന്നു. "ഞങ്ങൾക്ക് സർക്കാരിന്‍റെ പൊതുവിതരണ സംവിധാനത്തിലൂടെ (പി.ഡി.എസ്.) മാസം 12 കിലോ ഗോതമ്പും (കിലോഗ്രാമിന് 2 രൂപ) 8 കിലോ അരിയും (കിലോഗ്രാമിന് 3 രൂപ) കിട്ടും," അജയ് പറഞ്ഞു. "ഈ മാസത്തേക്കുള്ള ധാന്യങ്ങൾ മേടിക്കാൻ പണമില്ല." വാഡയിലെ പി.ഡി.എസ്. സ്‌ഥാപനത്തിൽ എല്ലാ മാസവും പത്താം തീയതിയാണ് സ്റ്റോക്ക് എത്തുന്നത്. ധാന്യങ്ങൾ തീരാറാവുമ്പോള്‍ അതിനുശേഷം ഏതെങ്കിലും ഒരു ദിവസമാണ് ഇവർ കടയിലേക്ക് പോകാറുള്ളതെന്ന് അജയ് പറഞ്ഞു. കഴിഞ്ഞ ആഴ്ച മാർച്ച് 20-ഓടെ ഭക്ഷണം തീരാറായിരുന്നു. രണ്ടു ദിവസം മുമ്പ് അജയിനോട് ഫോണിൽ സംസാരിച്ചപ്പോഴും അവർക്ക് ഈ മാസത്തെ ധാന്യങ്ങൾ കിട്ടിയിട്ടുണ്ടായിരുന്നില്ല. അത്താഴത്തിന് അദ്ദേഹം കുറച്ചു ചോറും പരിപ്പുമാണ് കഴിച്ചത്. തന്‍റെ അമ്മയ്ക്ക് അടുത്തുള്ള കൃഷിയിടത്തിൽ ജോലി കിട്ടുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു.

"ദിവസവേതനത്തിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ അടിയന്തിരപ്രശ്നം കോവിഡ്-19 അല്ല, കഴിക്കാൻ ഭക്ഷണമില്ലാതെ വരുമോയെന്നുള്ള ഭയമാണ്", മുംബൈയിലെ പരേലിൽ കെ.ഇ.എം. ആശുപത്രിയിലെ ഗ്യാസ്‌ട്രോഎന്‍ററോളജിസ്റ്റും സർജനുമായ ഡോ. അവിനാശ് സുപേ പറഞ്ഞു. "ഇവർക്ക് ദൈനംദിന ജീവിതത്തിന് ദിവസ വരുമാനം അത്യാവശ്യമാണ്, എന്നാൽ അവർ ഇപ്പോൾ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകാതിരിക്കേണ്ടതും വളരെ പ്രധാനമാണ്. ഗ്രാമങ്ങളിൽ നിന്ന് നഗരത്തിലേക്കോ തിരിച്ചോ ഉള്ള ഏതു വിധത്തിലുള്ള സഞ്ചാരവും സാമൂഹികമായി പകർച്ചവ്യാധി പടരുന്നതിന് കാരണമാവും. വൈറസിനെക്കുറിച്ചും സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ആളുകളെ ബോധവത്കരിക്കാനും ആരംഭിക്കേണ്ടതുണ്ട്."

കവടേപാഡയ്ക്ക് ഏറ്റവും അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം (പി.എച്.സി.) വാഡാ പട്ടണത്തിലാണ്. "എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല, കൊറോണ വൈറസുമായി ബന്ധപ്പെട്ട പരിശോധനകൾ നടത്താൻ ഇവിടെ സൗകര്യങ്ങളില്ല. പ്രാഥമികമായ രക്തപരിശോധന മാത്രമേ ഞങ്ങൾക്ക് ചെയ്യാൻ കഴിയൂ,” വാഡായിലെ സർക്കാർ ഗ്രാമീണ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോ. ഷൈല അധൗ പറഞ്ഞു. “ഈ വൈറസ് കൂടുതൽ പടരുന്നത് തടയേണ്ടതുണ്ട്, സ്വയം ഒറ്റപ്പെടലാണ് ഏക മാർഗം."

പക്ഷെ കവടേപാഡയിലെ താമസക്കാർക്ക് ഇപ്പോൾ ഒറ്റപ്പെടലിനേക്കാൾ അത്യാവശ്യം വേണ്ടത് ജോലിയും വരുമാനവും ഭക്ഷണവുമാണ്. "പകർച്ചവ്യാധി കാരണം എല്ലാം അടച്ചിട്ട് വീട്ടിൽ ഇരിക്കാനാണ് മോദി സർക്കാർ പറയുന്നത്," ആധിയോടെ വന്ദന പറയുന്നു. "പക്ഷെ വീട്ടിലിരിക്കാൻ ഞങ്ങൾക്ക് എങ്ങനെ കഴിയും?"

പരിഭാഷ: പി. എസ്‌. സൗമ്യ

Shraddha Agarwal

Shraddha Agarwal is a Reporter and Content Editor at the People’s Archive of Rural India.

Other stories by Shraddha Agarwal
Translator : P. S. Saumia

P. S. Saumia is a physicist currently working in Russia.

Other stories by P. S. Saumia