"പഠനം പൂർത്തിയാക്കി ഒരു ഓഫീസർ - ഹോം ഗാർഡ് ആവണമെന്നാണ് എന്റെ ആഗ്രഹം", 14 വയസ്സുകാരിയായ സന്ധ്യ സിംഗ് പറഞ്ഞു. അവളുടെ സഹോദരൻ, 16 വയസ്സുകാരനായ ശിവം, പട്ടാളത്തിൽ ചേരാനാകുമെന്ന പ്രതീക്ഷയിൽ 14 വയസ്സ് മുതൽ 'പരിശീലനം' നടത്തുന്നുണ്ട്. "എല്ലാ ദിവസവും രാവിലെ നാലുമണിക്ക് എഴുന്നേറ്റ് ഞാൻ വ്യായാമം ചെയ്യും.", അവൻ പറഞ്ഞു. "പട്ടാള ട്രെയിനിങ്ങിനെക്കുറിച്ചുള്ള എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള മറുപടി യൂട്യൂബിലുണ്ട് -ഉയരത്തിലുള്ള കമ്പികളിൽനിന്ന് എങ്ങനെ തൂങ്ങിക്കിടക്കണമെന്നും എങ്ങനെ പുഷ്അപ്പ് എടുക്കണമെന്നുമൊക്കെ അതിൽ കാണിക്കുന്നതുപോലെ ഞാൻ ചെയ്യാറുണ്ട്."
ഉത്തർപ്രദേശിലെ ജലോൻ ജില്ലയിൽ ഉൾപ്പെടുന്ന ബിനോര ഗ്രാമത്തിലെ തങ്ങളുടെ വീടിന്റെ മേൽക്കൂരയിലിരുന്നാണ് അവർ എന്നോട് ഫോണിൽ സംസാരിക്കുന്നത്. അവരുടെ അച്ഛനമ്മമാർ ജോലി ചെയ്തിരുന്ന ആന്ധ്രാപ്രദേശിലെ കാലികിരി ഗ്രാമത്തിൽനിന്നും മേയ് 21-നാണ് ഈ സഹോദരങ്ങൾ തിരികെ വീട്ടിലെത്തിയത്. "വീട്ടിലെത്തിയപ്പോൾ ഇവിടെ ഒന്നും ഉണ്ടായിരുന്നില്ല; ഞങ്ങളുടെ കയ്യിലും ഒന്നുമുണ്ടായിരുന്നില്ല. അന്ന് രാത്രി എല്ലാവരും പട്ടിണിയായിരുന്നു...", അവരുടെ അമ്മ, 32 വയസ്സുകാരിയായ രാംദേകലി പറയുന്നു.
ജൂലൈ 8-ന്, ശിവം 71 ശതമാനം മാർക്കോടെ പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച വിവരം രാംദേകലി ഏറെ അഭിമാനത്തോടെ എന്നെ വിളിച്ചറിയിച്ചു. എന്നാൽ അവന് 11,12 ക്ലാസ്സുകളിൽ പ്രവേശനം നേടാൻ ചെയ്യേണ്ട കാര്യങ്ങളന്വേഷിച്ചപ്പോൾ അവളുടെ സ്വരം മാറി. "ഓൺലൈൻ ക്ലാസ്സുകളിൽ എങ്ങനെ പങ്കെടുക്കുമെന്നോർത്ത് ഞങ്ങളുടെ മക്കൾ ആശങ്കയിലാണ്. ഞങ്ങൾ ആന്ധ്രയിലേയ്ക്ക് മടങ്ങുകയാണെങ്കിൽ ഫോൺ കൊണ്ടുപോകേണ്ടിവരും. പിന്നെ ശിവം എങ്ങനെയാണ് യു.പിയിൽ ഓൺലൈൻ ക്ലാസ്സിൽ കയറുക? ഇനി ഞങ്ങൾ പോകാതെ ഇവിടെ നിന്നാൽ, മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ട പണം എങ്ങനെയാണ് കണ്ടെത്തുക?", അവൾ ചോദിച്ചു. സ്വകാര്യ സ്കൂളുകളിൽ പഠിക്കുന്ന ശിവത്തിനും സന്ധ്യക്കും ഒരു വർഷം 15,000 രൂപ വീതമാണ് ഫീസ്.
കുറച്ച് മാസങ്ങൾ മുൻപുവരെ, രാംദേകലിയും ഭർത്താവ് 37 വയസ്സുകാരനായ ബീരേന്ദ്ര സിംഗും ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലുള്ള കാലികിരി ഗ്രാമത്തിൽ 3 പാനിപൂരി സ്റ്റാളുകൾ നടത്തുകയായിരുന്നു. സന്ധ്യ അവർക്കൊപ്പവും ശിവം, ജലോൻ ജില്ലയിലെ ബാർദാർ ഗ്രാമത്തിൽ കഴിയുന്ന, അവന്റെ അമ്മയുടെ രക്ഷിതാക്കൾക്കൊപ്പവുമാണ് താമസിച്ചിരുന്നത്. നാടോടി ഗോത്രമായി കണക്കാക്കുന്ന പാൽ സമുദായത്തിലെ അംഗങ്ങളാണ് ഈ കുടുംബം.









