ജബ് പ്യാർ കിയാ തോ ഡർ നാ ക്യാ...പ്യാർ കിയാ കൊയി ചോരി നഹീ..ഘുട്ട് ഘുട്ട് കർ യൂൻ മർനാ ക്യാ...
പ്രണയിക്കുമ്പോൾ പിന്നെ ഭയപ്പെടുന്നതെന്തിന്...പ്രണയം ഒരു കുറ്റമല്ല...ഇതുപോലെ വീർപ്പുമുട്ടി മരിക്കുന്നതെന്തിന്...

1960ൽ ഇറങ്ങിയ ക്ലാസിക് ചിത്രമായ മുഗൾ-എ-അസമിലെ ഈ ഗാനം കുറച്ച് നേരമായി മൂളിക്കൊണ്ടിരിക്കുകയാണ് വിധി. മധ്യ മുംബൈയിൽ പുതുതായി വാടകയ്‌ക്കെടുത്ത മുറിയിലിരുന്ന് പാട്ട് പാടുന്നതിനിടെ ഒരു നിമിഷം പാട്ട് നിർത്തി അവൾ ചോദിക്കുന്നു: "ഞങ്ങളും ഒരു കുറ്റവും ചെയ്തിട്ടില്ലല്ലോ. പിന്നെ ഞങ്ങൾ എന്തിന് ഭയപ്പെട്ട് ജീവിക്കണം?"

അവളുടേത് വെറും വാചാടോപമല്ല, മറിച്ച് അസ്വസ്ഥപ്പെടുത്തുന്ന ഒരു ഓർമ്മപ്പെടുത്തലാണ്. കൊല്ലപ്പെടുമെന്ന ഭയം അവളെ സംബന്ധിച്ചിടത്തോളം അത്രയും യഥാർത്ഥമാണ്. കുടുംബത്തോട് പടവെട്ടി, താൻ സ്നേഹിക്കുന്ന വ്യക്തിക്കൊപ്പം - സ്കൂളിൽ സഹപാഠിയായിരുന്ന ആരുഷിക്കൊപ്പം നാട് വിട്ട് ഓടിപ്പോന്ന അന്നുമുതൽ ഈയൊരു ഭയത്തോടെയാണ് അവൾ ജീവിക്കുന്നത്. പരസ്പരം സ്നേഹിക്കുന്ന അവരിരുവരും വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ നിയമപരമായി ഒന്നുചേരാൻ ഇവർക്ക്  നീണ്ടതും ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതുമായ ഒരു പാത  താണ്ടേണ്ടതുണ്ട്. വിധിയും ആരുഷിയും തമ്മിലുള്ള ബന്ധം അവരുടെ വീട്ടുകാർ അംഗീകരിക്കില്ലെന്നും ആരുഷി തന്റെ സ്ത്രീസ്വത്വവുമായി പൊരുത്തപ്പെടാനാകാതെ വലയുന്നത് അവർ മനസ്സിലാക്കില്ലെന്നും ഇരുവരും ഭയപ്പെടുന്നു. ഒരു ട്രാൻസ് പുരുഷനായി സ്വയം തിരിച്ചറിയുന്ന ആരുഷി ഇപ്പോൾ ആരുഷ് എന്ന പേരിൽ അറിയപ്പെടാനാണ് താത്പര്യപ്പെടുന്നത്.

മുംബൈ എന്ന മെട്രോ നഗരത്തിലേക്ക് താമസം മാറുമ്പോൾ, തങ്ങളുടെ കുടുംബങ്ങളിൽനിന്ന് രക്ഷപ്പെട്ട് സ്വാതന്ത്ര്യത്തിലേക്ക് ചുവടുവെക്കുകയാണെന്നാണ് അവർ കരുതിയിരുന്നത്. താനെ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് വിധിയുടെ കുടുംബം താമസിക്കുന്നത്. സമീപജില്ലയായ പാൽഘറിലുള്ള ആരുഷിന്റെ ഗ്രാമത്തിൽനിന്ന് ഏകദേശം 20 കിലോമീറ്റർ അകലെയാണത്. 22 വയസ്സുകാരിയായ വിധി, മഹാരാഷ്ട്രയിൽ ഒ.ബി.സി .യിപ്പെട്ട അഗ്രി സമുദായക്കാരിയാണ്. 23 വയസ്സുകാരനായ ആരുഷും ഒ.ബി.സിയിൽ ഉൾപ്പെടുന്ന മറ്റൊരു വിഭാഗമായ കുൻബി സമുദായക്കാരനാണെങ്കിലും, ഇരുവരുടെയും ഗ്രാമത്തിലെ പ്രബലമായ ജാതിശ്രേണി അനുസരിച്ച്,  കുൻബി സമുദായത്തെ അഗ്രി സമുദായത്തേക്കാൾ  സാമൂഹികമായി 'താഴ്ന്ന' വിഭാഗമായാണ് പരിഗണിക്കുന്നത്.

ഇരുവരും തങ്ങളുടെ വീട് വിട്ട് മുംബൈയിലെത്തിയിട്ട് ഒരു വർഷമായിരിക്കുന്നു; മടങ്ങിപ്പോകാൻ രണ്ടാൾക്കും ഉദ്ദേശമില്ല. ആരുഷ് ഗ്രാമത്തിലുള്ള തന്റെ കുടുംബത്തെപ്പറ്റി അധികം സംസാരിക്കുന്നില്ലെങ്കിലും ഇത്ര മാത്രം പറയുന്നു: "ഞാൻ ഒരു അടച്ചുറപ്പില്ലാത്ത  വീട്ടിലാണ് താമസിക്കുന്നത് എന്നത് എനിക്ക് വലിയ നാണക്കേടായിരുന്നു. അതും പറഞ്ഞ് ഞാൻ ആയിയുമായി (അമ്മയുമായി) ഒരുപാട് വഴക്കിടുമായിരുന്നു.", അവൻ പറയുന്നു.

Vidhhi and Aarush left their homes in the village after rebelling against their families. They moved to Mumbai in hope of a safe future together
PHOTO • Aakanksha

വിധിയും ആരുഷും തങ്ങളുടെ കുടുംബങ്ങളുമായി കലഹിച്ച് ഗ്രാമത്തിലെ തങ്ങളുടെ വീട് വിട്ടിറങ്ങിയതാണ്. ഒരുമിച്ചുള്ള, സുരക്ഷിതമായ ഒരു ഭാവിജീവിതം പ്രതീക്ഷിച്ച് അവർ മുംബൈയിലേക്ക് കുടിയേറി

ആരുഷിന്റെ അമ്മയ്ക്ക് മുട്ട ഫാക്ടറിയിലാണ് ജോലി; അതിൽനിന്ന് മാസം അവർക്ക് 6,000 രൂപ വരുമാനം ലഭിക്കും. "ബാബയെക്കുറിച്ച് (അച്ഛൻ) ഒന്നും ചോദിക്കരുത്. ആശാരിപ്പണി, കൃഷിപ്പണി എന്നിങ്ങനെ കിട്ടുന്ന എന്ത് ജോലിയും അയാൾ ചെയ്യുമായിരുന്നു. അങ്ങനെ കിട്ടുന്ന പണംവെച്ച് മദ്യപിച്ച്, വീട്ടിൽ വന്ന് ആയിയെയും ഞങ്ങളെയും തല്ലുകയും ചെയ്യും.", ആരുഷ് പറയുന്നു. ഇടക്കാലത്ത് ആരുഷിന്റെ അച്ഛന് അസുഖം ബാധിച്ചതോടെ അവന്റെ അമ്മയുടെ വരുമാനത്തിലായി അയാളുടെ ജീവിതം. ഇതോടെയാണ് ആരുഷ്  സ്കൂൾ അവധിക്കാലത്ത് ചെറിയ ജോലികൾക്ക് പോയിത്തുടങ്ങിയത്. ഇഷ്ടികക്കളങ്ങളിലും ഫാക്ടറികളിലും മരുന്ന് കടകളിലുമെല്ലാം ആരുഷ് ജോലി ചെയ്തു.

*****

2014-ൽ പുതിയ സ്കൂളിൽ എട്ടാം ക്ലാസ്സിൽ ചേർന്നപ്പോഴാണ് ആരുഷ്  വിധിയെ ആദ്യമായി കാണുന്നത്. ഈ സെക്കൻഡറി  സ്കൂളിലെത്താൻ ആരുഷിന് വീട്ടിൽനിന്ന് 4 കിലോമീറ്റർ നടക്കണമായിരുന്നു. "എന്റെ  ഗ്രാമത്തിലുള്ള ജില്ലാ പരിഷദ് സ്കൂളിൽ ഏഴാം ക്ലാസ് വരെമാത്രമേ ഉള്ളൂ; തുടർന്ന് പഠിക്കണമെങ്കിൽ ഞങ്ങൾ പുറത്തേയ്ക്ക് പോകണം.", അവൻ പറയുന്നു. പുതിയ സ്കൂളിൽ ചേർന്നിട്ട് ആദ്യത്തെ ഒരുവർഷം ,മുഴുവൻ ഇരുവരും തമ്മിൽ അധികം സംസാരിച്ചിരുന്നില്ല. "അഗ്രി സമുദായക്കാരുമായി ഞങ്ങൾ ഒത്തുപോയിരുന്നില്ല. അവർക്ക് മറ്റൊരു സംഘമുണ്ടായിരുന്നു; വിധിയും അവരോടൊപ്പമായിരുന്നു.", ആരുഷ് പറയുന്നു.

ഒൻപതാം ക്ലാസ്സിൽവെച്ച് ആരുഷിന് വിധിയോട് ഇഷ്ടം തോന്നിത്തുടങ്ങിയതോടെയാണ് അവരുടെ സൗഹൃദം പൂവിട്ടത്.

ഒരു ദിവസം സ്കൂളിൽവെച്ച് ഒരുമിച്ച് കളിക്കുന്നതിനിടെ ആരുഷ് തന്റെ ഇഷ്ടം വിധിയെ അറിയിച്ചു. ഏറെ മടിച്ചാണ് തനിക്ക് വിധിയെ ഇഷ്ടമാണ് എന്ന് അവൻ പറഞ്ഞത്.  എന്ത് മറുപടി പറയുമെന്ന് അറിയാതെ കുഴങ്ങുകയായിരുന്നു വിധി. "മുൻപ് മറ്റൊരു പെൺകുട്ടിയുമായി ഉണ്ടായിരുന്ന ബന്ധത്തെപ്പറ്റിയും ആരുഷ് എന്നോട് പറഞ്ഞു. അത് തെറ്റല്ലെങ്കിലും അവർ (രണ്ട് പെൺകുട്ടികൾ) ഒരുമിച്ചായിരുന്നു എന്നത് എനിക്ക് കുറച്ച് വിചിത്രമായി തോന്നി", വിധി പറയുന്നു.

"തുടക്കത്തിൽ ഞാൻ "സമ്മതമല്ല" എന്നാണ് പറഞ്ഞതെങ്കിലും കുറേ നാൾ കഴിഞ്ഞപ്പോൾ ഞാൻ സമ്മതം മൂളി. എന്ത് കൊണ്ടാണ് ഞാൻ "സമ്മതം" എന്ന് പറഞ്ഞതെന്ന് എനിക്ക് അറിയില്ല. അതങ്ങനെ സംഭവിച്ചു. എനിക്ക് അവനെ ഇഷ്ടപ്പെട്ടു. അത് ശരിയാണോ തെറ്റാണോ എന്നൊന്നും എന്റെ മനസ്സ് കണക്ക് കൂട്ടിയിരുന്നില്ല.", വിധി പറയുന്നു. "ഞങ്ങളുടെ ക്ലാസ്സിൽ ആരും ഞങ്ങളെക്കുറിച്ച് മനസ്സിലാക്കിയില്ല",  ആശ്വാസത്തിന്റെ ഒരു നെടുവീർപ്പോടെ വിധി കൂട്ടിച്ചേർക്കുന്നു. "ബാക്കിയുള്ള ലോകം ഞങ്ങളെ കണ്ടത് വളരെ അടുത്ത സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികളായാണ്."

എന്നാൽ അധികം വൈകാതെ, ബന്ധുക്കൾ അവരുടെ സൗഹൃദത്തെക്കുറിച്ചും ജാതിവ്യത്യാസത്തെക്കുറിച്ചുമെല്ലാം സംസാരിക്കാൻ തുടങ്ങി. "അഗ്രി സമുദായക്കാരുടെ വീടുകളിലെ ജോലിക്കാരായും താഴ്ന്ന ജാതിക്കാരായുമെല്ലാമാണ് ഞങ്ങളുടെ ആളുകളെ (കുൻബി) ഒരു കാലത്ത് കണ്ടിരുന്നത്. അതൊക്കെ വളരെ മുൻപാണെങ്കിലും ചിലരുടെ തലയിൽനിന്ന് ഇപ്പോഴും അത്തരം ചിന്തകൾ ഒഴിഞ്ഞിട്ടില്ല.", ആരുഷ് വിശദീകരിക്കുന്നു. കുറച്ചുകാലം മുൻപ് എതിർലിംഗക്കാരായ പ്രണയികൾ  അവരുടെ ഗ്രാമത്തിൽനിന്ന് ഒളിച്ചോടിപ്പോയപ്പോൾ ഉണ്ടായ ഭയാനകമായ അനുഭവവും ആരുഷ് ഓർത്തെടുക്കുന്നു. അവരിലൊരാൾ കുൻബി സമുദായത്തിൽനിന്നും മറ്റെയാൾ അഗ്രി സമുദായത്തിൽനിന്നുമായിരുന്നു. അന്ന് ഇരുവരുടേയും കുടുംബക്കാർ അവരെ പിന്തുടർന്ന് പിടിച്ച് മർദ്ദിക്കുകയുണ്ടായി.

തുടക്കത്തിൽ ആരുഷിന്റെ അമ്മയ്ക്ക് അവരുടെ സൗഹൃദത്തോട് എതിർപ്പൊന്നുമുണ്ടായിരുന്നില്ല. അവരും രണ്ട് പെൺകുട്ടികൾക്കിടയിലെ സൗഹൃദം മാത്രമായാണ് അതിനെ കണ്ടിരുന്നതെങ്കിലും ആരുഷ് അടിക്കടി വിധിയുടെ വീട്ടിൽ പോകുന്നതിൽ ആശങ്കപ്പെടുകയും അത് തടയാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

Aarush's family struggles to accept him as a trans man
PHOTO • Aakanksha

ആരുഷിന്റെ കുടുംബം അവനെ ഒരു ട്രാൻസ് പുരുഷനായി അംഗീകരിക്കാൻ പാടുപെടുകയാണ്

കെട്ടിടനിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ എത്തിച്ചുകൊടുക്കുന്ന ജോലിയായിരുന്നു വിധിയുടെ അച്ഛന്. അവൾക്ക് 13 വയസ്സുള്ളപ്പോൾ അവളുടെ അച്ഛനമ്മമാർ  വേർപിരിയുകയും അച്ഛൻ രണ്ടാമത് വിവാഹിതനാകുകയും ചെയ്തു. അച്ഛനോടും രണ്ടാനമ്മയോടും നാല് സഹോദരങ്ങളോടും - മുതിർന്ന ഒരു സഹോദരൻ, രണ്ട് സഹോദരിമാർ, ഇളയ ഒരു അർദ്ധ സഹോദരൻ  - ഒപ്പമാണ് വിധി താമസിച്ചിരുന്നത്. ആരുഷിനോട് വലിയ താത്പര്യമില്ലാതിരുന്ന വിധിയുടെ രണ്ടാനമ്മ അവനോട് ഇടയ്ക്കിടെ വഴക്കിടുമായിരുന്നു. ഇപ്പോൾ മുപ്പതിനടുത്ത് പ്രായമുള്ള, വിധിയുടെ മുതിർന്ന സഹോദരൻ വല്ലപ്പോഴും അച്ഛനെ ജോലിയിൽ സഹായിക്കുകയും കുടുംബത്തിൽ നിയന്ത്രണം പുലർത്തുകയും ചെയ്തുപോന്നു. സഹോദരിമാരെ മർദ്ദിച്ചിരുന്ന അയാൾ ഏറെ ഉപദ്രവകാരിയായിരുന്നു.

ഇതേ സഹോദരൻതന്നെ, ഇടയ്ക്ക് വിധിയ്ക്ക് ആരുഷിനെ കാണാൻ തോന്നുമ്പോൾ  അവളെ ആരുഷിന്റെ വീട്ടിൽ കൊണ്ടുവിടും. "തനിക്ക് ആരുഷിനെ ഇഷ്ടമാണെന്ന് എന്റെ സഹോദരൻ പറയുമായിരുന്നു. ആകെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായിരുന്നു അത്. എന്ത് ചെയ്യണമെന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു.", വിധി ഓർക്കുന്നു. "ഞങ്ങൾക്ക് തമ്മിൽ കാണാൻ വേണ്ടി ആരുഷ് ഒന്നും മിണ്ടാതെ എന്റെ സഹോദരന്റെ  പ്രണയാഭ്യർത്ഥനകൾ അവഗണിച്ചുകൊണ്ടിരുന്നു."

ക്രമേണ സഹോദരനും വിധി ആരുഷിന്റെ വീട്ടിലേയ്ക്ക് പോകുന്നതിനെ എതിർക്കാൻ തുടങ്ങി. "ആരുഷ് എന്റെ സഹോദരന് അനുകൂലമായ മറുപടി കൊടുക്കാതിരുന്നതാണോ അതോ ഞങ്ങൾ കൂടുതൽ അടുത്തതാണോ എന്റെ സഹോദരനെ ചൊടിപ്പിച്ചതെന്ന് അറിയില്ല", അവൾ പറയുന്നു. അവളുടെ സഹോദരിയും ആരുഷ് എന്തിനാണ് ഇടയ്ക്കിടെ വീട്ടിൽ വരുന്നതെന്നും ദിവസത്തിൽ പല തവണ മെസ്സേജയക്കുന്നതെന്നും ചോദിക്കുമായിരുന്നു.

ഏകദേശം ഇതേ സമയത്ത്, ആരുഷ് തന്റെ ലിംഗപരമായ അഭിരുചിയെക്കുറിച്ച് തുറന്ന് സംസാരിക്കാനും ഒരു പുരുഷശരീരം വേണമെന്നുള്ള ആഗ്രഹം പ്രകടിപ്പിക്കാനും തുടങ്ങി. ആരുഷിന് തന്റെ ചിന്തകൾ പങ്കുവെക്കാനാകുന്നത് വിധിയോട് മാത്രമായിരുന്നു. "ആ സമയത്ത് 'ട്രാൻസ് പുരുഷൻ' എന്നാൽ എന്താണെന്ന് എനിക്ക് അറിയില്ലായിരുന്നു", ആരുഷ് പറയുന്നു. "എന്നാൽ ഒരു പുരുഷശരീരം വേണമെന്ന തോന്നൽ എനിക്ക് ആഴത്തിൽ അനുഭവപ്പെടുന്നുണ്ടായിരുന്നു."

ട്രാക്ക് പാൻറ്സും കാർഗോ പാൻറ്സും ടീഷർട്ടുമെല്ലാം ഇട്ട്  നടക്കാനായിരുന്നു ആരുഷിന് ഇഷ്ടം. ഒരു പുരുഷനെപ്പോലെ വേഷം ധരിക്കാൻ ആരുഷ് നടത്തുന്ന ശ്രമങ്ങളിൽ അസ്വസ്ഥയായ അവന്റെ 'അമ്മ അവന്റെ വസ്ത്രങ്ങൾ ഒളിപ്പിച്ചുവെക്കാനും കീറിക്കളയാനുമെല്ലാം ശ്രമിച്ചു. ആരുഷ് ആൺകുട്ടിയെപ്പോലെ വസ്ത്രം  ധരിക്കുമ്പോൾ അവനെ വഴക്ക് പറയാനും അടിക്കുവനും  അവന്റെ അമ്മ മുതിരുമായിരുന്നു. അവർ അവന് പെൺകുട്ടികൾക്കായുള്ള  ഉടുപ്പുകൾ വാങ്ങിക്കൊടുത്തു. 'എനിക്ക് സൽവാർ കമ്മീസ് ഇടാൻ  തീരെ ഇഷ്ടമല്ലായിരുന്നു", അവൻ പറയുന്നു. പെൺകുട്ടികളുടെ യൂണിഫോമായിട്ട് മാത്രമാണ് ആരുഷ് സൽവാർ ധരിച്ചിരുന്നത്. അതിടുമ്പോൾ അവന് 'വീർപ്പുമുട്ടുമായിരുന്നു" എന്ന് അവൻ തുറന്നുപറയുന്നു.

Aarush liked to dress up as a boy and felt suffocated when dressed in a salwar kameez his mother had bought him. His family would say, ‘Be more like a girl...stay within your limits.'
PHOTO • Aakanksha

ഒരു ആൺകുട്ടിയെപ്പോലെ വസ്ത്രം ധരിക്കാൻ ഇഷ്ടപ്പെട്ട ആരുഷിന് അമ്മ വാങ്ങിക്കൊടുത്ത സൽവാർ കമ്മീസ് ഇടുമ്പോൾ വീർപ്പു മുട്ടുമായിരുന്നു . അവന്റെ കുടുംബം അവനോട്   ‘ഒരു പെൺകുട്ടിയെപ്പോലെ പെരുമാറണം, അടങ്ങിയൊതുങ്ങി ജീവിക്കണം.‘ എന്നൊക്കെ ഉപദേശിച്ചുകൊണ്ടിരുന്നു

പത്താം ക്ലാസ്സിൽവെച്ച് ആരുഷിന് ആർത്തവം തുടങ്ങിയതോടെയാണ് അവന്റെ അമ്മയ്ക്ക് അല്പം ആശ്വാസമായത്. എന്നാൽ അത് അധികനാൾ നീണ്ടുനിന്നില്ല. ആരുഷിന്റെ ആർത്തവചക്രം ക്രമം തെറ്റുകയും ക്രമേണ നിൽക്കുകയും ചെയ്തു. അവന്റെ അമ്മ അവനെ ഡോക്ടർമാരുടെയടുത്തും ചികിത്സകരുടെ അടുത്തുമെല്ലാം കൊണ്ടുപോയി. ഓരോരുത്തരും വ്യത്യസ്തമായ മരുന്നുകൾ കൊടുത്തെങ്കിലും ഒരു മാറ്റവുമുണ്ടായില്ല.

അയൽക്കാരും അധ്യാപകരും സ്കൂളിലെ മറ്റു കുട്ടികളുമെല്ലാം അവനെ കളിയാക്കുമായിരുന്നു. "അവർ പറയും...'നീ ഒരു പെൺകുട്ടിയെപ്പോലെ നടക്ക്..അടങ്ങിയൊതുങ്ങി ജീവിക്ക്' എന്നൊക്കെ. എനിക്ക് കല്യാണപ്രായമായെന്നും ചുറ്റുമുള്ളവർ എന്നെ ഓർമ്മപ്പെടുത്തുന്നുണ്ടായിരുന്നു"  താൻ വ്യത്യസ്തനാണെന്ന് ചിന്തിക്കാൻ നിർബന്ധിതനായതോടെ ആരുഷ് സ്വയം സംശയിക്കാൻ തുടങ്ങുകയും അവനവനെക്കുറിച്ചോർത്ത് നിരാശനാകാൻ തുടങ്ങുകയും ചെയ്തു. "ഞാൻ എന്തോ തെറ്റ് ചെയ്തിരിക്കുന്നുവെന്നാണ് എനിക്ക് തോന്നിയിരുന്നത്", അവൻ പറയുന്നു.

പതിനൊന്നാം ക്ലാസ്സിൽവെച്ച് ആരുഷിന് മൊബൈൽ ഫോൺ കിട്ടിയതോടെ, അവൻ സ്ത്രീ ശരീരത്തിൽനിന്ന് ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയ   വഴി പുരുഷശരീരത്തിലേയ്ക്ക് മാറുന്നതിന്റെ സാദ്ധ്യതകൾ മണിക്കൂറുകളോളം ഓൺലൈനിൽ തിരഞ്ഞുകൊണ്ടിരുന്നു. തുടക്കത്തിൽ വിധിക്ക് ഇതേക്കുറിച്ച് ആശങ്കയായിരുന്നു. "എനിക്ക് അവൻ എങ്ങനെയാണോ അങ്ങനെത്തന്നെ അവനെ ഇഷ്ടമായിരുന്നു.  തുടക്കം മുതൽക്കേ അവൻ എന്നോട് എല്ലാം തുറന്ന് പറഞ്ഞിരുന്നു. അവൻ ശാരീരികമായി മാറണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും  അതുകൊണ്ട് അവന്റെ സ്വഭാവം മാറുകയില്ലല്ലോ.", അവൾ പറയുന്നു.

*****

2019-ൽ പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞതോടെ വിധി പഠനം അവസാനിപ്പിച്ചു. ഒരു പോലീസ് ഓഫീസറാകാൻ ആഗ്രഹിച്ച ആരുഷ് പോലീസ് റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് പഠിക്കാനായി പാൽഘറിലെ ഒരു കോച്ചിങ് സെന്ററിൽ ചേർന്നു. ആരുഷി എന്ന പേരിൽ ഒരു സ്ത്രീ ഉദ്യോഗാർത്ഥിയായിട്ട് ആരുഷിന് പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ടി വന്നു. എന്നാൽ 2020-ൽ നടക്കേണ്ടിയിരുന്ന ആ പരീക്ഷ കോവിഡ്-19 ന്റെ വ്യാപനം തടയാനായി ദേശവ്യാപകമായി നടപ്പിലാക്കിയ ലോക്ക്ഡൗൺ നിമിത്തം റദ്ദാകുകയായിരുന്നു. അതോടെ ആരുഷ് വിദൂര പഠനത്തിലൂടെ ബി.എ. ബിരുദം നേടാൻ തീരുമാനിച്ചു.

ലോക്ക്ഡൗൺ കാലം ആരുഷിനും വിധിക്കും ഏറെ ദുഷ്ക്കരമായിരുന്നു. വിധിയുടെ വീട്ടിൽ അവളുടെ വിവാഹാലോചനകൾ ആരംഭിച്ചിരുന്നു. എന്നാൽ തനിക്ക് ആരുഷിനോടൊപ്പമാണ് ജീവിക്കേണ്ടതെന്ന് വിധിക്ക് അറിയാമായിരുന്നു. വീട്ടിൽനിന്ന് ഓടിപ്പോവുക മാത്രമായിരുന്നു അവർക്ക് മുന്നിലുള്ള വഴി. നേരത്തെ തന്നോടൊപ്പം വീട് വിട്ടുവരാൻ ആരുഷ് വിധിയോട് ആവശ്യപ്പെട്ടപ്പോൾ അവൾ സമ്മതിച്ചിരുന്നില്ല. "അത് ഭയപ്പെടുത്തുന്ന കാര്യമായിരുന്നു..അങ്ങനെ വീട് ഉപേക്ഷിച്ചുപോകാൻ കഴിയുമായിരുന്നില്ല", അവൾ പറയുന്നു.

Running away was the only option and Mumbai seemed to offer dreams, choices and freedom
PHOTO • Aakanksha

ഒളിച്ചോടിപ്പോവുക മാത്രമായിരുന്നു മാർഗ്ഗം. മുംബൈ നഗരം അവർക്ക് സ്വപ്നങ്ങളും സാധ്യതകളും സ്വാതന്ത്ര്യവും  വാഗ്ദാനം ചെയ്തു

ലോക്ക്ഡൗണിനുശേഷം, 2020 ഓഗസ്റ്റിൽ ആരുഷ് ഒരു മരുന്ന് നിർമ്മാണശാലയിൽ ജോലിക്ക് കയറി മാസം 5,000 രൂപ സമ്പാദിക്കാൻ തുടങ്ങി. "എനിക്ക് എങ്ങനെ ജീവിക്കാനാണ് ആഗ്രഹമെന്നത് ആരും മനസ്സിലാക്കിയില്ല. വല്ലാതെ ശ്വാസംമുട്ടുന്ന ഒരു അവസ്ഥയായിരുന്നു അത്. ഒളിച്ചോടിപ്പോവുകയല്ലാതെ മറ്റു മാർഗ്ഗം ഒന്നുമില്ലെന്ന് എനിക്ക് അറിയാമായിരുന്നു", അവൻ പറയുന്നു. ഗാർഹികപീഡനത്തിന്റെ ഇരകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന കൂട്ടായ്മകളെയും, സർക്കാരിതര സംഘടനകളെയും ബന്ധപ്പെട്ട്  തനിക്കും വിധിക്കും ഒരു അഭയകേന്ദ്രം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരുഷ് ഇതിനോടകം തുടങ്ങിയിരുന്നു.

സാമൂഹികമായി നേരിടുന്ന അപമാനവും പീഡനങ്ങളും അനേകം ട്രാൻസ്‌ജെൻഡർ വ്യക്തികളെ, പ്രത്യേകിച്ചും ഇന്ത്യയുടെ ഗ്രാമീണപ്രദേശങ്ങളിൽനിന്നുള്ളവരെ, വീട് വിട്ട് സുരക്ഷിതമായ ഇടങ്ങൾ തേടിപ്പോകാൻ നിർബന്ധിതരാക്കുന്നുണ്ട്. 2021-ൽ പശ്ചിമ ബംഗാളിലെ  ട്രാൻസ്‌ജെൻഡർ സമൂഹത്തിനിടയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ നടത്തിയ പഠനത്തിൽ കണ്ടെത്തിയത് "കുടുംബത്തിൽനിന്നുള്ള സമ്മർദം മൂലം അവർ തങ്ങളുടെ ലിംഗ വ്യക്തിത്വം മറച്ചുവെക്കാൻ നിർബന്ധിതരാകുന്നു" എന്നാണ്. ഇതിനുപുറമേ, അവരിൽ പകുതിയോളം പേർ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സമൂഹത്തിന്റെയും ഭാഗത്തുനിന്നുണ്ടാകുന്ന വിവേചനപരമായ പെരുമാറ്റം കാരണം വീടുപേക്ഷിച്ചുപോയെന്നും പഠനത്തിൽ കണ്ടെത്തുകയുണ്ടായി.

മുംബൈ തങ്ങൾക്ക് കയ്യെത്തിപ്പിടിക്കാവുന്ന അകലത്തിലാണെന്ന് ആരുഷിനും വിധിക്കും തോന്നി. ആരുഷിന് അവിടെ തന്റെ ശസ്ത്രക്രിയ നടത്താനും സാധിക്കും.  അങ്ങനെ, 2021 മാർച്ചിലെ ഒരു ഉച്ചനേരത്ത്, വിധി ആശുപത്രിയിലേക്കാണെന്ന് കള്ളം പറഞ്ഞ് വീട് വിട്ടിറങ്ങി; ആരുഷ് പതിവ് പോലെ ജോലിക്ക് പോകാനുമിറങ്ങി. ഇരുവരും തങ്ങൾ പോകുന്ന വഴിയിലെ ഒരു  പൊതുവിടത്ത് കണ്ടുമുട്ടി അവിടെനിന്ന്  ബസ് കേറി.  ആരുഷിന്റെ കയ്യിൽ ശമ്പളത്തിൽനിന്ന് സ്വരൂപിച്ചുവെച്ച 15,000 രൂപയും  അമ്മയുടെ പക്കലുള്ള ഒരേയൊരു സ്വർണ്ണമാലയും ഒരു ജോഡി സ്വർണ്ണക്കമ്മലുമുണ്ടായിരുന്നു. ആ സ്വർണ്ണം വിറ്റ് അവൻ  13,000 രൂപ കണ്ടെത്തി. "എനിക്ക് അത് വിറ്റപ്പോൾ വിഷമം തോന്നിയിരുന്നു, പക്ഷെ  ഞാൻ ആകെ ആശങ്കയിലായിരുന്നു. സുരക്ഷയ്ക്ക് അല്പം പണം കയ്യിൽ കരുതണമല്ലോ. ഞങ്ങൾക്ക് വീട്ടിലേയ്ക്ക് മടങ്ങാൻ കഴിയില്ലെന്നത് കൊണ്ടുതന്നെ എനിക്ക് എല്ലാ മുൻകരുതലും എടുക്കണമായിരുന്നു", അവൻ വിശദീകരിക്കുന്നു.

*****

മുംബൈയിൽവെച്ച്, ഒരു സർക്കാരിതര സംഘടനയുടെ സന്നദ്ധപ്രവർത്തകർ ഇരുവരെയും ഊർജ്ജ ട്രസ്റ്റ് സ്ത്രീകൾക്കായി നഗരത്തിൽ തുറന്നിട്ടുള്ള ഒരു ഷെൽട്ടറിലേയ്ക്ക് കൊണ്ടുപോയി. പ്രദേശത്തെ പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. "അവർ രണ്ടുപേരും പ്രായപൂർത്തിയായവരാണെന്നതുകൊണ്ടുതന്നെ  പോലീസിനെ വിവരമറിയിക്കേണ്ട നിയമപരമായ ആവശ്യം ഉണ്ടായിരുന്നില്ല. എന്നാൽ എൽ.ജി,ബി.ടി.ക്യൂ.ഐ.എ പ്ലസ് പോലെ, പ്രസ്തുത വ്യക്തികൾക്ക് കുടുംബാംഗങ്ങളിൽനിന്ന് ആപത്ത് നേരിടാൻ സാധ്യതയുള്ള  സങ്കീർണമായ ചില കേസുകളിൽ ഞങ്ങൾ അവരുടെ സുരക്ഷയെക്കരുതി പ്രാദേശിക പോലീസിന്റെ സഹായം തേടാറുണ്ട്", ഊർജ്ജ ട്രസ്റ്റിന്റെ പ്രോഗ്രാം മാനേജരും മനുഷ്യാവകാശ പ്രവർത്തകയുമായ അങ്കിത കൊഹിർക്കാർ പറയുന്നു.

എന്നാൽ ഈ നീക്കം തിരിച്ചടിയാകുകയാണുണ്ടായത്. പോലീസ് സ്റ്റേഷനിൽവെച്ച് ഓഫീസർമാർ ഇരുവരെയും ചോദ്യം ചെയ്യാൻ തുടങ്ങി. "അവർ ഞങ്ങളോട് ഗ്രാമത്തിലേക്ക് മടങ്ങിപ്പോകാൻ പറഞ്ഞുകൊണ്ടേയിരുന്നു. ഇത്തരത്തിലൊരു ബന്ധം മുന്നോട്ട് പോകില്ലെന്നും അത് തെറ്റാണെന്നും പറഞ്ഞു.", ആരുഷ് ഓർത്തെടുക്കുന്നു. പോലീസ് ഇരുവരുടെയും മാതാപിതാക്കളെയും വിവരമറിയിച്ചു. തങ്ങളുടെ മക്കൾ വീട് വിട്ടുപോയതിൽ വിഷമിച്ചിരിക്കുകയായിരുന്നു അവർ. ഇതിനകം, ആരുഷിന്റെ അമ്മ  ആരുഷിനെ കാണാനില്ലെന്ന് അടുത്ത പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുകയും വിധിയുടെ കുടുംബം ആരുഷിന്റെ വീട്ടിൽചെന്ന് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

Vidhhi has put aside her dreams to study further, and instead is helping save for Aarush's hormone therapy and gender reassignment surgeries
PHOTO • Aakanksha

തുടർപഠനം നടത്താനുള്ള തന്റെ സ്വപ്‌നങ്ങൾ മാറ്റിവെച്ച് വിധി ഇപ്പോൾ ആരുഷിന്റെ ഹോർമോൺ ചികിത്സയ്ക്കും ലിംഗമാറ്റ  ശസ്ത്രക്രിയക്കുമായി പണം സ്വരൂപിക്കാൻ സഹായിക്കുകയാണ്

വിധിയും ആരുഷും മുംബൈയിലുണ്ടെന്ന് മനസ്സിലാക്കിയ ഇരുവരുടെയും കുടുംബങ്ങൾ അന്നേ ദിവസംതന്നെ നഗരത്തിലെത്തി. "ഭായി (മുതിർന്ന സഹോദരൻ) തികച്ചും ശാന്തനായി എന്നോട് മടങ്ങിവരാൻ ആവശ്യപ്പെട്ടു. അദ്ദേഹത്തെ ഒരിക്കലും ഞാൻ അങ്ങനെ കണ്ടിട്ടില്ല. പോലീസ് ഉണ്ടായിരുന്നതുകൊണ്ടാണ് അദ്ദേഹം അങ്ങനെ പെരുമാറിയത്", വിധി പറയുന്നു.

ആരുഷിന്റെ അമ്മയും അവരെ മടങ്ങാൻ നിർബന്ധിച്ചു. "ഷെൽട്ടർ സ്ത്രീകൾക്ക് യോജിച്ച സ്ഥലമല്ലെന്നതിനാൽ ഞങ്ങളെ തിരികെ കൊണ്ടുപോകാൻവരെ പോലീസ് ആയിയോട് പറഞ്ഞു.", ആരുഷ് ഓർക്കുന്നു. ഭാഗ്യത്തിന്, ഊർജ്ജയുടെ പ്രവർത്തകർ ഇടപെട്ട് ഇരുവരെയും ബലം പ്രയോഗിച്ച് കൊണ്ടുപോകുന്നതിൽനിന്ന് രക്ഷിതാക്കളെ തടഞ്ഞു. ആരുഷും തന്റെ അമ്മയുടെ സ്വർണ്ണം വിറ്റ് കിട്ടിയ പണം മടക്കിക്കൊടുത്തു. "അത് കയ്യിൽവെച്ചിട്ട് എനിക്ക് സമാധാനമുണ്ടായിരുന്നില്ല", അവൻ പറയുന്നു.

അവിടെ ഗ്രാമത്തിൽ, വിധിയുടെ കുടുംബം ആരുഷ് ലൈംഗിക വ്യാപരം നടത്തുകയാണെന്നും വിധിയെ ബലം പ്രയോഗിച്ച് കൂടെക്കൊണ്ടുപോയതാണെന്നും ആരോപണം ഉന്നയിച്ചു. അവളുടെ സഹോദരനും ബന്ധുക്കളും ആരുഷിന്റെ കുടുംബം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണി മുഴക്കുന്നത് തുടരുകയാണ്. "അവൻ (വിധിയുടെ സഹോദരൻ)  എന്റെ സഹോദരനെ വിഷയം സംസാരിച്ച് പരിഹരിക്കാൻ എന്ന വ്യാജേന ഒറ്റയ്ക്ക് കാണാൻ വിളിക്കുന്നുണ്ട്. പക്ഷെ അവൻ പോകില്ല. അവർ എന്തും ചെയ്യും.", ആരുഷ് ചൂണ്ടിക്കാട്ടുന്നു.

*****

മുംബൈയുടെ മധ്യഭാഗത്തുള്ള ഷെൽട്ടറിൽ ജീവിച്ചിട്ടും ആരുഷിനും വിധിക്കും സുരക്ഷയില്ലായ്മ അനുഭവപ്പെട്ടുതുടങ്ങി. "ഞങ്ങൾക്ക് ആരെയും  വിശ്വസിക്കാനാകില്ല. ഗ്രാമത്തിൽനിന്ന് ആരെങ്കിലും എപ്പോഴാണ് എത്തുക എന്ന് ആർക്കറിയാം?", ആരുഷ് പറയുന്നു. അതുകൊണ്ടുതന്നെ, അവർ 10,000 രൂപ ഡെപ്പോസിറ് കൊടുത്ത് ഒരു വാടകമുറിയിലേയ്ക്ക് താമസം മാറി. 5,000 രൂപയാണ് മുറിയുടെ മാസവാടക. "വീട്ടുടമയ്ക്ക് ഞങ്ങൾ  തമ്മിലുള്ള ബന്ധം അറിയില്ല. അത് മറച്ചുവെച്ചേ മതിയാകൂ. ഞങ്ങൾക്ക് ഈ മുറി ഒഴിഞ്ഞു കൊടുക്കാനാകില്ല", അവൻ പറയുന്നു.

ആരുഷ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നത് ലിംഗ പുനർനിർണ്ണയത്തിലാണ്. ശസ്ത്രക്രിയയും തുടർചികിത്സയും ഉൾപ്പെടുന്ന പ്രക്രിയയാണത്. ഈ പ്രക്രിയയെക്കുറിച്ചും അതിൽ വിദഗ്ധരായ ഡോക്ടർമാരെക്കുറിച്ചും അതിനുവേണ്ട ചിലവുകളെക്കുറിച്ചെല്ലാമുള്ള വിശദാംശങ്ങൾ ആരുഷിന് ലഭിക്കുന്നത് ഗൂഗിളിൽനിന്നും വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽനിന്നുമാണ്.

ഒരിക്കൽ ഇതേ ആവശ്യവുമായി ആരുഷ് മുംബൈയിലെ  ഒരു സർക്കാർ ആശുപത്രിയിൽ പോയെങ്കിലും പിന്നീട് ഒരിക്കലും അവിടേയ്ക്ക് തിരികെപ്പോയില്ല. "എന്നെ സഹായിക്കുന്നതിന് പകരം, ശസ്ത്രക്രിയ ചെയ്യുന്നതിൽനിന്ന് എന്നെ പിന്തിരിപ്പിക്കാനാണ് അവിടത്തെ ഡോക്ടർ ശ്രമിച്ചത്. അയാൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. എന്റെ മാതാപിതാക്കളെ വിളിച്ച് സമ്മതം വാങ്ങാൻപോലും അയാൾ എന്നോട് ആവശ്യപ്പെട്ടു. എനിക്ക് വല്ലാതെ ദേഷ്യം വന്നു. അയാൾ എനിക്ക് കാര്യങ്ങൾ കൂടുതൽ ദുഷ്ക്കരമാക്കുകയായിരുന്നു", ആരുഷ് പറയുന്നു.

Vidhhi has noticed changes in Aarush's behaviour. 'There have been fights, but we have also sat down to discuss the issues. It affects me, too, but I am with him'
PHOTO • Aakanksha

ആരുഷിന്റെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ വിധി ശ്രദ്ധിക്കുന്നുണ്ട്. ‘ഞങ്ങൾ തമ്മിൽ ഇടയ്ക്ക് വഴക്കുകൾ ഉണ്ടാകുന്നുണ്ട്. പക്ഷെ ഞങ്ങൾ തന്നെ പരസ്പരം സംസാരിച്ച് പ്രശ്നനങ്ങൾ ചർച്ച ചെയ്യുന്നു. ഇതെല്ലം എന്നെയും ബാധിക്കുന്നുണ്ട്, പക്ഷെ ഞാൻ അവന്റെ ഒപ്പം തന്നെയുണ്ട്’

ആരുഷ് ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. കൗൺസിലിങ് സെഷനുകൾ നടത്തിയതിൽനിന്ന്, ആരുഷിന് ജെൻഡർ ഡിസ്‌ഫോറിയ ഉണ്ടെന്ന് നിർണ്ണയിക്കപ്പെട്ടു - ഒരു വ്യക്തിയുടെ ജൈവികമായ ലൈംഗികതയും ലിംഗപരമായ വ്യക്തിത്വവും തമ്മിൽ ചേർച്ച ഇല്ലാതിരിക്കുമ്പോൾ ഉണ്ടാകുന്ന വൈഷമ്യത്തെയും  അസ്വസ്ഥകളെയുമാണ് ഈ പദം സൂചിപ്പിക്കുന്നത്. ഇതിനുപിന്നാലെ ഡോക്ടർമാർ ആരുഷിന് ഹോർമോൺ തെറാപ്പി നടത്താനുള്ള അനുമതി നൽകി. എന്നാൽ ലിംഗ പുനർനിർണ്ണയ പ്രക്രിയ ഏറെ ദീർഘവും ചിലവേറിയതുമായി മാറുകയാണ്.

21 ദിവസം കൂടുമ്പോൾ എടുക്കേണ്ട ടെസ്റ്റോസ്റ്റിറോൺ ഇൻജെക്ഷന്റെ കിറ്റ് ഒന്നിന് 420 രൂപയാണ് വില. ഇൻജെക്ഷൻ എടുക്കാൻ ഡോക്ടർക്ക് കൊടുക്കേണ്ട 350 രൂപയും ഓരോ പന്ത്രണ്ട് ദിവസത്തേയ്ക്കും ആവശ്യമായ ഗുളികകൾ വാങ്ങാനായി 200 രൂപ പുറമെയും. ഇത് കൂടാതെ, 2, 3 ,മാസം കൂടുമ്പോൾ ഹോർമോൺ തെറാപ്പിയുടെ പാർശ്വഫലങ്ങൾ നിർണ്ണയിക്കാൻ  ആരുഷിന് രക്‌തം പരിശോധിക്കേണ്ടതുണ്ട്. ഈ പരിശോധനകൾക്ക് എല്ലാംകൂടി ഏകദേശം 5,000 രൂപയാകും. ഓരോ തവണ കൗൺസിലറെ കാണുമ്പോൾ 1,500 രൂപയും ഡോക്ടറുടെ കൺസൾട്ടേഷൻ ഫീസായി 800 – 1,000 രൂപയും കൊടുക്കണം.

എന്നിരുന്നാലും  തെറാപ്പി ഫലം കാണിച്ചുതുടങ്ങിയിട്ടുണ്ട്. "എനിക്ക് ഉള്ളിൽ മാറ്റം സംഭവിക്കുന്നത് അനുഭവപ്പെടുന്നുണ്ട്.", ആരുഷ് പറയുന്നു. "എന്റെ ശബ്ദം ഇപ്പോൾ കനം വച്ചിരിക്കുന്നു. ഞാൻ സന്തുഷ്ടനാണ്" അവൻ പറയുന്നു. "എന്നാൽ ഞാൻ ഇടയ്ക്കിടെ അസ്വസ്ഥനാകുകയും എനിക്ക് വല്ലാതെ ദേഷ്യം വരുകയും ചെയ്യുന്നു", മരുന്നിന്റെ പാർശ്വഫലങ്ങൾ  വിശദീകരിച്ച് അവൻ കൂട്ടിച്ചേർക്കുന്നു.

തന്നോടൊപ്പം വന്നതിൽ വിധി ഖേദിക്കുകയോ തന്നെ സ്നേഹിക്കുന്നത് അവസാനിപ്പിക്കുകയോ ചെയ്യുമെന്നാണ് ആരുഷ് ഭയപ്പെടുന്നത്. "അവൾ എന്നേക്കാൾ മെച്ചപ്പെട്ട (ഉയർന്ന ജാതിയിൽപ്പെട്ട)  കുടുംബത്തിൽനിന്നാണ് വരുന്നത്", ആരുഷ് പറയുന്നു." പക്ഷെ താഴ്ന്ന വിഭാഗക്കാരനാണെന്ന തോന്നൽ അവൾ ഒരിക്കലും എനിക്കുണ്ടാക്കുന്നില്ല. അവൾ ഞങ്ങൾക്കുവേണ്ടി (സമ്പാദിക്കാനായി) ജോലി ചെയ്യുന്നുമുണ്ട്"

ആരുഷിന്റെ സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങൾ ശ്രദ്ധിക്കുന്ന വിധി പറയുന്നു. "ഞങ്ങൾക്കിടയിൽ വഴക്കുകൾ ഉണ്ടാകുന്നുണ്ട്. പക്ഷെ ഞങ്ങൾതന്നെ പരസ്പരം സംസാരിച്ച് പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു. ഇതെല്ലാം എന്നെയും ബാധിക്കുന്നതാണ്, പക്ഷെ ഞാൻ  അവനോടൊപ്പമുണ്ട്," നഴ്‌സിംഗോ കമ്പ്യൂട്ടർ അധിഷ്ഠിതമായ വൊക്കേഷണൽ കോഴ്സുകളോ പഠിക്കണം എന്ന തന്റെ മോഹം മാറ്റിവെച്ച്  വീട്ടുചിലവുകൾക്ക് വേണ്ട പണം കണ്ടെത്താനായി ജോലിയ്ക്ക് പോവുകയാണ് വിധി ഇപ്പോൾ. തെക്കേ ഇന്ത്യൻ ഭക്ഷണം ലഭിക്കുന്ന ഒരു ഭക്ഷണശാലയിൽ  പാത്രങ്ങൾ കഴുകുന്ന ജോലിയിൽനിന്ന് അവൾക്ക് മാസം 10,000 രൂപ ലഭിക്കും. (2022 ഡിസംബറിൽ വിധിക്ക് ഈ ജോലി നഷ്ടപ്പെട്ടു ).ഈ വരുമാനത്തിൽനിന്നൊരു ഭാഗം ആരുഷിന്റെ ചികിത്സയ്ക്കാണ് ചിലവാകുന്നത്.

Vidhhi in a shy moment
PHOTO • Aakanksha
Aarush is happy to have Vidhhi's support. 'She comes from a better [upper caste] family. But she never makes me feel less'
PHOTO • Aakanksha

ഇടത്: വിധി നാണം കലർന്ന മുഖഭാവത്തോടെ. വലത്: വിധിയുടെ പിന്തുണ ലഭിക്കുന്നതിൽ ആരുഷ് സന്തോഷവാനാണ്. ‘അവൾ എന്നേക്കാൾ മെച്ചപ്പെട്ട (ഉയർന്ന ജാതിയിൽപ്പെപെട്ട)  കുടുംബത്തിൽ നിന്നാണ് വരുന്നത്. പക്ഷെ അവൾ ഒരിക്കലും ഞാൻ കുറഞ്ഞവനാണെന്ന തോന്നൽ ഉണ്ടാക്കുന്നില്ല’

ഒരു കെട്ടിടത്തിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നതിൽനിന്ന് മാസം കിട്ടുന്ന 11,000 രൂപയിൽനിന്ന് ഒരു പങ്ക് ആരുഷ് സ്വരൂപിച്ചുവെക്കുന്നു. അവന്റെ സഹപ്രവർത്തകർ അവൻ ഒരു പുരുഷനാണെന്നാണ് കരുതിയിരിക്കുന്നത്. മാറ് വരിഞ്ഞുമുറുക്കുന്ന, ധരിക്കുമ്പോൾ ഒരുപാട് വേദനയെടുക്കുന്ന ഒരു ബൈൻഡർ ധരിച്ചാണ് അവൻ ജോലിക്ക് പോകുന്നത്.

"രണ്ടുപേരും നേരത്തെ ജോലിക്ക് ഇറങ്ങുന്നതുകൊണ്ട് ഞങ്ങൾക്ക് ഇപ്പോൾ കുറച്ച് സമയമേ ഒരുമിച്ച് ചിലവഴിക്കാൻ കഴിയാറുള്ളൂ. ജോലി കഴിഞ്ഞ് വരുമ്പോൾ രണ്ടാളും തളർന്നിട്ടുണ്ടാകും, അപ്പോൾ ഞങ്ങൾ വഴക്കിടുകയും ചെയ്യും", വിധി പറയുന്നു.

2022 സെപ്റ്റംബറിനും ഡിസംബറിനും ഇടയിൽ ആരുഷ് ഏകദേശം 25,000 രൂപ തന്റെ ചികിത്സയ്ക്കായി ചിലവാക്കി. ഹോർമോൺ തെറാപ്പി ചികിത്സയ്ക്കുശേഷം ലിംഗ പുനർനിർണ്ണയ  ശസ്ത്രക്രിയയ്ക്ക് (സെക്സ് റീ-അഫെർമേഷൻ സർജറി അഥവാ എസ്.ആർ.എസ് എന്നും അറിയപ്പെടുന്നു)  വിധേയനാകാനാണ് അവന്റെ ആഗ്രഹം. നെഞ്ചും ലൈംഗികാവയവങ്ങളും പുനഃനിർമ്മിക്കുന്ന ഈ ശസ്ത്രക്രിയയ്ക്ക് 5 - 8 ലക്ഷം രൂപവരെ ചിലവാകും. തങ്ങളുടെ നിലവിലെ വരുമാനത്തിൽനിന്ന് പണം നീക്കിവെക്കാൻ വിധിയും ആരുഷും ഏറെ ബുദ്ധിമുട്ടുന്നുണ്ട്. ഒറ്റയ്ക്ക് ഇത്രയും തുക കണ്ടെത്താൻ അവർക്ക് കഴിയില്ല.

ശസ്ത്രക്രിയ കഴിയുന്നതുവരെ തന്റെ കുടുംബം ഈ ചികിത്സയെക്കുറിച്ച് അറിയേണ്ടെന്നാണ് ആരുഷിന്റെ തീരുമാനം. ആരുഷ് തന്റെ മുടി വെട്ടി ചെറുതാക്കി എന്നറിഞ്ഞപ്പോൾ അവന്റെ അമ്മ ഫോണിൽ ഭയങ്കരമായി വഴക്കിട്ടത് അവൻ ഇപ്പോഴും ഓർക്കുന്നുണ്ട്. "മുംബൈയിലെ ആളുകൾ എന്റെ തലയിൽ വേണ്ടാത്ത ചിന്തകൾ ഉണ്ടാക്കുന്നുവെന്നാണ് അവർ വിചാരിച്ചത്.", ആരുഷ് പറയുന്നു. അവർ സൂത്രത്തിൽ അവനെ ഗ്രാമത്തിനടുത്തുള്ള ഒരു സ്ഥലത്തേയ്ക്ക് കൊണ്ടുപോകുകയും അവിടെ ഒരു മന്ത്രവാദിയുടെ പക്കൽ എത്തിക്കുകയും ചെയ്തു. "അയാൾ എന്നെ അടിക്കാനും എന്റെ തലയിൽ തല്ലിയിട്ട് 'നീ ഒരു ആൺകുട്ടിയല്ല, പെൺകുട്ടിയാണ്' എന്നെല്ലാം ആവർത്തിച്ച് പറയാനും തുടങ്ങി." പരിഭ്രാന്തനായ ആരുഷ് അവിടെനിന്നും എങ്ങനെയൊക്കെയോ രക്ഷപ്പെടുകയായിരുന്നു.

*****

"സർക്കാർ ആശുപത്രിയിലെ ഡോക്ടർ നല്ല ആളായിരുന്നെങ്കിൽ എനിക്ക് ഇത്രയും ചിലവുള്ള ചികിത്സ തേടേണ്ടിവരുമായിരുന്നില്ല.", ആരുഷ് പറയുന്നു. ദി  ട്രാൻസ്‌ജെൻഡർ   പേഴ്‌സൻസ് (പ്രൊട്ടക്ഷൻ ഓഫ് റൈറ്സ്) ആക്ട്, 2019 സർക്കാരിനോട്  ട്രാൻസ്‌ജെൻഡർ  വ്യക്തികൾക്ക് ആവശ്യമായ ചികിത്സാസൗകര്യങ്ങൾ - ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയയ്ക്കും അതിന് മുൻപും പിൻപും ആവശ്യമായ കൗൺസിലിങ്, ഹോർമോൺ തെറാപ്പി ഉൾപ്പെടെ - സജ്ജീകരിച്ചുനൽകണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. ആരോഗ്യ ഇൻഷുറൻസ് സ്കീമിലൂടെ ചികിത്സയ്ക്കാവശ്യമായ പണം ലഭ്യമാക്കാനും നിയമം സർക്കാരിനോട് ആവശ്യപ്പെടുന്നു. ശസ്ത്രക്രിയയും ചികിത്സയും നിഷേധിക്കപ്പെടാതിരിക്കാനുള്ള ആരുഷിന്റെ അവകാശം കൂടി നിയമം സംരക്ഷിക്കുന്നുണ്ട്.

ഈ നിയമം പ്രാബല്യത്തിൽ വന്നശേഷം, 2022-ൽ  കേന്ദ്ര സാമൂഹിക നീതി, ക്ഷേമ  വകുപ്പ് ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കായി ഒട്ടേറെ ക്ഷേമപദ്ധതികൾ അവതരിപ്പിക്കുകയുണ്ടായി. 2020-ൽ വകുപ്പ് രൂപം നൽകിയ നാഷണൽ പോർട്ടൽ ഫോർ ട്രാൻസ്‌ജെൻഡർ പേഴ്‌സൻസ് മുഖാന്തിരം, ഒരു ട്രാൻസ്‌ജെൻഡർ വ്യക്തിക്ക് ഒരു ഓഫീസുപോലും കയറിയിറങ്ങാതെ തിരിച്ചറിയൽ രേഖയും ഐഡൻറിറ്റി സർട്ടിഫിക്കറ്റും കൈപ്പറ്റാനാകും.

Vidhhi wearing a ring that Aarush gave her as a neckpiece
PHOTO • Aakanksha
Aarush and Vidhhi are full of hope. 'Why should we live in fear?'
PHOTO • Aakanksha

ഇടത്: ആരുഷ് സമ്മാനിച്ച മോതിരം വിധി കഴുത്തിലെ മാലയിൽ ലോക്കറ്റായി അണിഞ്ഞിരിക്കുന്നു. വലത്: ആരുഷും വിധിയും ഏറെ പ്രതീക്ഷയിലാണ്. ‘ഞങ്ങൾ എന്തിനാണ് പേടിച്ച് ജീവിക്കുന്നത്’?

സർക്കാർ പദ്ധതികളെക്കുറിച്ച് അറിവൊന്നുമില്ലെങ്കിലും ആരുഷ് തിരിച്ചറിയൽ രേഖകൾക്കായി അപേക്ഷിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെയ്ക്കും അവയൊന്നും അവന് ലഭിച്ചിട്ടില്ല. "ട്രാൻസ്‌ജെൻഡർ വ്യക്തികളിൽനിന്ന് അപേക്ഷ ലഭിച്ച് 30 ദിവസത്തിനകം ജില്ലാ അധികാരികൾ ട്രാൻസ്‌ജെൻഡർ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും നിർബന്ധമായും നൽകിയിരിക്കണം" എന്ന് പോർട്ടലിൽ കൃത്യമായ നിർദേശം  ഉണ്ടെന്നിരിക്കെയാണിത്. 2023 ജനുവരി 2വരെ മഹാരാഷ്ട്ര സർക്കാരിലേക്ക് രേഖകൾ അനുവദിക്കാനായി ലഭിച്ച 2080 അപേക്ഷകളിൽ 452 എണ്ണം തീരുമാനം കാത്ത് കിടക്കുകയാണ്.

തനിക്ക് തിരിച്ചറിയൽ രേഖ ലഭിക്കാത്തപക്ഷം, തന്റെ ബി.എ സർട്ടിഫിക്കറ്റ് ആരുഷി എന്ന പേരിൽത്തന്നെ പ്രസിദ്ധീകരിക്കപ്പെടുമെന്ന ആശങ്കയിലാണ് ആരുഷ്. അത് തിരുത്താൻ പിന്നെയും നടപടിക്രമങ്ങൾ ഏറെ വേണ്ടിവരും. ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയക്ക് ശേഷം പുരുഷനായി പോലീസ് സേനയിൽ ചേരണമെന്ന് അവൻ ഇപ്പോഴും ആഗ്രഹമുണ്ട്. ബിഹാറിൽനിന്ന് ആദ്യമായി ഒരു ട്രാൻസ് പുരുഷൻ സംസ്ഥാന പോലീസ് സേനയിൽ അംഗമായത് അവനിൽ പ്രതീക്ഷ ഉണർത്തിയിട്ടുണ്ട്. "അത് കാണുമ്പോൾ സന്തോഷം തോന്നുന്നു. എനിക്ക് ഉള്ളിൽ പ്രതീക്ഷ തോന്നുന്നുണ്ട്.", ജോലി ചെയ്ത് ശസ്ത്രക്രിയക്കാവശ്യമായ പണം സ്വരൂപിക്കുന്ന ആരുഷ് പറയുന്നു.

എല്ലാ തരം ആളുകളെയും ഒരുപോലെ സ്വീകരിക്കാൻ മനുഷ്യരെ പഠിപ്പിച്ചിരുന്നെങ്കിൽ എന്നാണ് ആരുഷ് ആഗ്രഹിക്കുന്നത്. എങ്കിൽ അവർക്ക് വീടുപേക്ഷിച്ച് ഇങ്ങനെ ഒളിച്ചുജീവിക്കേണ്ടിവരില്ലായിരുന്നു. "ഞങ്ങൾ എന്തിന് പേടിച്ച് ജീവിക്കണം? എന്നെങ്കിലും ഒരിക്കൽ പേര് മറച്ചുവെക്കാതെ, ഞങ്ങളുടെ കഥ പറയാൻ ഞങ്ങൾക്ക് ആഗ്രഹമുണ്ട്." ആരുഷ് പറയുന്നു.

മുഗൾ-എ-അസമിന്റെ അവസാനം ദുരന്തപൂർണ്ണമായിരുന്നു. ഞങ്ങളുടേത് അങ്ങനെയാകില്ല.", ഒരു ചെറുചിരിയോടെ വിധി പറയുന്നു.

സ്വകാര്യത മാനിച്ച് വിധിയുടെയും ആരുഷിന്റെയും യഥാർത്ഥ പേരുകൾ മാറ്റിയിരിക്കുന്നു.

പരിഭാഷ : പ്രതിഭ ആർ . കെ .

Aakanksha

Aakanksha is a reporter and photographer with the People’s Archive of Rural India. A Content Editor with the Education Team, she trains students in rural areas to document things around them.

Other stories by Aakanksha
Editor : Pratishtha Pandya

Pratishtha Pandya is a Senior Editor at PARI where she leads PARI's creative writing section. She is also a member of the PARIBhasha team and translates and edits stories in Gujarati. Pratishtha is a published poet working in Gujarati and English.

Other stories by Pratishtha Pandya
Translator : Prathibha R. K.

Pratibha R K is a post graduate in English from the Central University of Hyderabad and works as a translator.

Other stories by Prathibha R. K.