ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും മുളകുപാടങ്ങളിൽ കൊയ്ത്തുകാലമാകുമ്പോൾ, അയൽ സംസ്ഥാനങ്ങളായ ഛത്തീസ്ഗഡിൽനിന്നും ഒഡീഷയിൽനിന്നും കുട്ടികളായ തൊഴിലാളികൾ ഇവിടേയ്ക്ക് ഒഴുകുന്നത് കാണാം. അവർ വരുന്നത് ശമ്പളത്തിനല്ല, മറിച്ച് ഒരുവർഷത്തേയ്ക്ക് ആവശ്യമുള്ള മുളക് തിരികെ വീട്ടിലേയ്ക്ക് കൊണ്ടുപോകാനാണ്. മുളക് വിളവെടുക്കാനുള്ള തൊഴിലാളിസംഘത്തിലേക്ക് പല കുട്ടികളും എത്തുന്നത് സ്കൂളിൽ നിന്ന് അവധിയെടുത്തിട്ടാണെന്നുകൂടി അറിയുമ്പോൾ, എരിവേറിയ ഈ രുചിക്കൂട്ട് സംഭരിച്ചുവെക്കാൻ ആളുകൾ കാണിക്കുന്ന ഉത്സാഹം വ്യക്തമാകും. ദൈനംദിന ഭക്ഷണത്തിലെ ഒരു പ്രധാന ഘടകമായ മുളക് ശേഖരിക്കാനും വീടുകളിലേക്ക് കൊണ്ടുവരാനും ഒരു വർഷത്തിൽ അവർക്ക് ലഭിക്കുന്ന ഒരേയൊരു അവസരമാണിത്.
കുടുംബത്തിലെ പ്രായപൂർത്തിയായവരെ സംബന്ധിച്ച് മുളക് അവരുടെ നിത്യഭക്ഷണത്തിലെ പ്രധാന ഇനമാണെങ്കിലും കുട്ടികൾ താരതമ്യേന വളരെ കുറച്ച് മുളകുമാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ പണിയിടങ്ങളിൽ മുൻപന്തിയിലുള്ളത് അവരാണ് - ഇവിടത്തെ പകുതിയോളം തൊഴിലാളികൾ കുട്ടികളാണ്. ഒരു വർഷത്തേയ്ക്കുവേണ്ട മുളക് മുഴുവൻ സംഭരിക്കുകയാണവർ. അടുത്ത വിളവെടുപ്പുകാലംവരെ പിടിച്ചുനില്ക്കാൻ ആവശ്യമായ വിലപ്പെട്ട മുളകുകൾ അവർ കഷ്ടപ്പെട്ട് 'സമ്പാദിക്കും'. ദിവസക്കൂലിയായ 120 രൂപയ്ക്ക് പകരം അതേ പണത്തിന് ലഭിക്കുന്ന മുളക് കൂലിയായി വാങ്ങാനാണ് അവർ താത്പര്യപ്പെടുന്നത്. ജോലി ചെയ്യുന്ന തോതനുസരിച്ച് ചില കുടുംബങ്ങൾ അര ക്വിന്റലോ ചിലപ്പോൾ ഒരു ക്വിന്റലോ പോലും മുളക് ശേഖരിക്കാറുണ്ട്. ഒരു കിലോ മുളകിന് 100 രൂപ കണക്കിൽ 10,000 രൂപയുടെ അടുത്ത് മൂല്യം വരും അതിന്.
തൊഴിലാളികുടുംബങ്ങൾക്ക് ഇത് ഏറെ വിലപ്പെട്ടതും കൂടുതൽ ലാഭകരവുമായ സമ്പാദ്യമാണ്. ഒരു കുടുംബം ഒരു വർഷം 12-20 കിലോ മുളക് ഉപയോഗിച്ചേക്കും. വീട്ടിലെ ആവശ്യം കഴിച്ച് ബാക്കി വരുന്ന മുളക് വിപണിയിൽ വിറ്റാൽ അവർക്ക് അധികവരുമാനം കണ്ടെത്താനാകും. പാടങ്ങളിൽനിന്ന് പറിച്ചെടുത്ത, ഗുണനിലവാരമുള്ള മുളകുകൾ വർഷം മുഴുവൻ വീട്ടാവശ്യത്തിന് ലഭ്യമാകുന്നുവെന്ന് ഉറപ്പ് വരുത്തുകയും ചെയ്യാം.
"ഞങ്ങളുടെ ഗ്രാമത്തിൽനിന്ന് ഇരുപതുപേരുടെ ഒരു സംഘമാണ് വന്നിരിക്കുന്നത്; മൂന്നാഴ്ച ഞങ്ങൾ ഇവിടെയുണ്ടാകും". ഒഡീഷയിലെ മാൽക്കൻഗിരി ജില്ലയിൽ ഉൾപ്പെട്ട ഗുതുമുട ഗ്രാമത്തിൽനിന്നുള്ള ഉമാശങ്കർ പൊദിയാമി പറഞ്ഞു. "ഞങ്ങളുടെ സംഘത്തിലെ എല്ലാവരുംതന്നെ പണത്തിനുപകരം മുളക് ശമ്പളമായി വാങ്ങുവാൻ താത്പര്യപ്പെടുന്നവരാണ്."





