“ആളുകൾ എന്റെ ശ്വശുരനോട് ചോദിക്കാറുണ്ട്, ‘നിങ്ങളുടെ വീട്ടിലെ ഒരു പെൺകുട്ടി വീട്ടിൽനിന്ന് പുറത്ത് പോയി പൈസ സമ്പാദിക്കുന്നുണ്ടെന്നോ’? ഞാൻ ഈ പട്ടണത്തിന്റെ മകളല്ല, അതിനാൽ, ഇവിടെ നിയമങ്ങൾ എന്നോട് കൂടുതൽ കർക്കശമാണ്” ഫാത്തിമ ബീബി പറയുന്നു.

ഒരു കൂസലുമില്ലാതെ തന്റെ പർദ്ദ അഴിച്ച് മുൻ‌വശത്തെ വാതിലിനടുത്ത് തൂക്കിവെച്ച് സംസാരിച്ചുകൊണ്ട് ഫാത്തിമ വീട്ടിനകത്തേക്ക് കയറുന്നു. “ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ കരുതി, എന്റെ സ്ഥലം അടുക്കളയായിരിക്കുമെന്ന് – പാചകം ചെയ്യലും വീട്ടുഭരണവും” പണ്ടത്തെ ആ ഓർമ്മയിൽ അവർ ചിരിക്കുന്നു. “ഞാൻ എന്തെങ്കിലും ചെയ്യാൻ ശ്രമിച്ചപ്പോഴൊക്കെ എന്റെ കുടുംബം എനിക്കെല്ലാ സ്വാതന്ത്ര്യവും തന്നു. പുറത്ത് പോവാനും ജീവിതം കൊണ്ട് എന്തെങ്കിലുമൊക്കെ നേടാനും. ഞാനൊരു മുസ്ലിം പെൺകുട്ടിയായിരിക്കാം. പക്ഷേ എനിക്ക് ചെയ്യാൻ കഴിയാത്തതായി ഒന്നുമില്ല”, 28 വയസ്സുള്ള ഊർജ്ജസ്വലയായ ആ പെൺകുട്ടി പറയുന്നു. അവളുടെ വെള്ള ദുപ്പട്ടയിലെ വെള്ളിത്തൊങ്ങലുകൾ ഉച്ചവെയിലിൽ തിളങ്ങി.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിലെ (പണ്ടത്തെ അലഹബാദ്) മഹേവ പട്ടണത്തിലാണ് ഫാത്തിമയുടെ താമസം. സമീപത്തുള്ള യമുനാനദിയെപ്പോലെ ജീവിതം യാതൊരു തിരക്കുമില്ലാതെ ഒഴുകുന്ന ഒരു ചെറുപട്ടണം. കാൽക്കീഴിലെ ഒരു പുല്ലുപോലും ഉപയോഗിക്കപ്പെടാതെ പോകരുതെന്ന് തീരുമാനിച്ച അവൾ ഇന്ന് നിപുണയായ ഒരു കരകൌശലവിദഗ്ദ്ധയും സംരംഭകയുമാണ്. മുളപോലെയുള്ള ഒരിനം പുല്ലായ സർപാത്തിന്റെ പുറമേയുള്ള ഭാഗം (മുഞ്ജ് എന്ന് വിളിക്കുന്നു അതിനെ) ഉപയോഗിച്ച് വിവിധയിനം ഗൃഹോപകരണങ്ങൾ നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നു ഫാത്തിമ.

ചെറിയ പെണ്ണായിരുന്നപ്പോൾ എന്ത് തൊഴിലാണ് ചെയ്യുക എന്ന് അവൾക്കറിയില്ലായിരുന്നു. പക്ഷേ മൊഹമ്മദ് ഷക്കീലിനെ വിവാഹം കഴിച്ച് മഹേവയിലെത്തിയപ്പോൾ അവൾ ചെന്നുപെട്ടത്, അറിയപ്പെടുന്ന ഒരു മുഞ്ജ് കരകൌശലവിദഗ്ദ്ധയുടെ വീട്ടിലായിരുന്നു. ഭർത്തൃമാതാവായ ആയിഷ ബീഗത്തിന്റെ അടുത്ത്.

PHOTO • Priti David
PHOTO • Priti David

ഇടത്ത് : മുഞ്ജപ്പുല്ലുകൊണ്ടുണ്ടാക്കിയ കൂടയുടെ അടപ്പ് നെയ്യുന്ന ആയിഷ ബീഗം . ചൂടാറാപ്പാത്രങ്ങൾ , കുട്ടകൾ , ആഭരണങ്ങൾ , അലങ്കാരങ്ങൾ എന്നിങ്ങനെ വിവിധയിനം വസ്തുക്കളാണ് ഉണങ്ങിയ പുല്ലുകൊണ്ട് അവർ നെയ്യുന്നത് . വലത്ത് : കടകളിലും പ്രദർശനശാലകളിലും വിൽക്കാൻ വേണ്ടി പണി തീർത്ത കൂടകളുമായി , ആയിഷയുടെ പുത്രവധു ഫാത്തിമ ബീബി

ആയിഷയുടെ പരിചയസമ്പന്നമായ കൈകളിലൂടെ മുഞ്ജ് എങ്ങിനെയാണ് മെരുക്കപ്പെടുന്നതും വിവിധ വസ്തുക്കളായി രൂപാന്തരപ്പെടുന്നതും എന്ന് ആ നവവധു ശ്രദ്ധയോടെ നോക്കി മനസ്സിലാക്കി. അടപ്പുള്ളതും അല്ലാത്തതുമായ, എല്ലാ വലിപ്പത്തിലും ആകൃതിയിലുമുള്ള കൊട്ടകൾ, ട്രേകൾ, പെൻ സ്റ്റാൻഡ്, ചവറ്റുകൊട്ടകൾ, ചെറിയ അലങ്കാര ഊഞ്ഞാലുകൾ, ട്രാക്ടറുകളുടെ മാതൃകകൾ എന്നിങ്ങനെ വിവിധയിനം വസ്തുക്കൾ. അവയുടെ വില്പനയിലൂടെ വീട്ടിലേക്ക് സ്ഥിരമായ വരുമാനവുമെത്തി. അത്, ആ സ്ത്രീകൾ സ്വന്തമിഷ്ടപ്രകാരം ചിലവഴിക്കുകയും ചെയ്തു.

“പിപിരസയിലെ എന്റെ വീട്ടിൽ അമ്മയും ഇത് ചെയ്തിരുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ടായിരുന്നു”. അവൾ പറഞ്ഞു. വളരെ വേഗത്തിൽ അവൾ ആ കല സ്വായത്തമാക്കി. “ഞാനൊരു വീട്ടമ്മയായിരുന്നു, വീട്ടിൽ ജോലി ചെയ്തിരുന്ന സ്ത്രീ. പക്ഷേ വേറെ എന്തെങ്കിലും ചെയ്യണമെന്ന് ഞാൻ അതിയായി ആഗ്രഹിച്ചു. ഇപ്പോൾ ഈ ജോലികൊണ്ട് മാസത്തിൽ ഞാൻ ഏകദേശം 7,000 രൂപയോളം സമ്പാദിക്കുന്നു. ഒമ്പത് വയസ്സുള്ള ആഫിയയുടേയും അഞ്ച് വയസ്സുള്ള ആലിയന്റേയും അമ്മയായ അവൾ പറയുന്നു.

ഒഴിവുസമയങ്ങളിൽ അവൾ ആ കലയെ വിവിധ മാർഗ്ഗങ്ങളിലൂടെ പരിപോഷിപ്പിക്കാൻ ശ്രമിക്കുന്നു. മുഞ്ജിൽനിന്നുള്ള സാധനങ്ങൾ വാങ്ങുകയും അവയ്ക്ക് വിപണി കണ്ടെത്തുകയും, പുതിയ ഉപഭോക്താക്കളെ കണ്ടെത്തുകയും, ശില്പശാലകൾ സംഘടിപ്പിക്കുകയും നടത്തുകയും, ആ കരകൌശലവിദ്യയെക്കുറിച്ചുള്ള നയങ്ങൾ രൂപവത്കരിക്കുകയും അങ്ങിനെ നിരവധി കാര്യങ്ങൾ അവൾ ചെയ്യുന്നു. സ്ത്രീകളുടെ ഒരു സ്വയം സഹായകസംഘവും വിജയകരമായി അവർ നടത്തുന്നുണ്ട്. ‘ഏഞ്ജൽ’ എന്ന പേരിൽ. മറ്റ് സ്ത്രീകളെ സഹായിക്കുന്നവരെക്കുറിച്ചുള്ള പ്രചോദനാത്മകമായ കഥകൾ കേട്ട ആവേശത്തിലാണ് അത്തരമൊരു സംഘം ഉണ്ടാക്കിയത്. “പരസ്പരം മത്സരിക്കുന്ന സ്ത്രീകളുടെ കഥകളല്ല, മറിച്ച്, സ്ത്രീകൾ ഒരുമിച്ച് സന്തോഷമായി കഴിയുന്ന കഥകളും സിനിമകളുമാണ് ഞാൻ ആസ്വദിക്കുന്നത്”, അവർ വിശദീകരിക്കുന്നു.

സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ കണ്ടുമുട്ടിയതടക്കം, താൻ ഇതുവരെ നേടിയ അംഗീകാരവും ബഹുമാനവും അവരെ ആവേശഭരിതയാക്കുന്നുണ്ട്. “ആദ്യമൊക്കെ എന്റെ ഭർത്താവ് – അയാളൊരു മോട്ടോർ മെക്കാനിക്കാണ് – എന്റെ വരവുകളും പോക്കും കണ്ട് അത്ഭുതപ്പെട്ടിരുന്നു. പക്ഷേ ഇപ്പോൾ എന്നെ ഓർത്ത് അദ്ദേഹം അഭിമാനം കൊള്ളുന്നു. കഴിഞ്ഞ രണ്ടുവർഷമായി, ആഴ്ചയിൽ കഷ്ടി രണ്ട് ദിവസമാണ് ഞാൻ വീട്ടിലുണ്ടാവാറുള്ളത്”, താൻ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് അവർ വാചാലയായി. സ്വയം സഹായകസംഘത്തിലെ അംഗങ്ങളേയും ഉപഭോക്തക്കളേയും കാണലും, മറ്റുള്ളവർക്ക് പരിശീലനം നൽകലും, കുട്ടികളെ വളർത്തലുമൊക്കെയായി തീരെ സമയമില്ലെന്നുതന്നെ പറയാം.

ഈ സംരംഭത്തെ ഏറ്റെടുക്കാനും ജീവനോപാധിയായി ഉപയോഗിക്കാനുമുള്ള അവസരത്തെ മഹേവയിലെ ഉത്സാഹികളായ സ്ത്രീകൾ സഹർഷം സ്വാഗതം ചെയ്തു

വീഡിയോ കാണുക : പ്രയാഗ് രാജിൽ പുല്ലുകൾ കൂടുതൽ ഹരിതാഭമാണ്

പക്ഷേ അതുകൊണ്ടൊന്നും പരദൂഷണങ്ങൾക്ക് തടയിടാനാവില്ല. “ആണുങ്ങൾ പങ്കെടുക്കുന്ന പരിശീലന യോഗങ്ങളിളും പോകേണ്ടിവരാറുണ്ട്. സംഘാംഗങ്ങളോടൊപ്പം ഫോട്ടോ എടുക്കുമ്പോൾ, ചിലർ ഭർത്തൃമാതാവിന്റെയടുക്കൽ പോയി ദൂഷണം പറയാറുണ്ട്, ‘നോക്ക്, നിങ്ങളുടെ പുത്രവധു മറ്റ് പുരുഷന്മാരുടെ കൂടെ ഫോട്ടോ എടുക്കുന്നു’, എന്നും മറ്റും. പക്ഷേ അത്തരം സംസാരങ്ങളൊന്നും എന്റെ സ്വാതന്ത്ര്യത്തെ തടയാൻ ഞാൻ അനുവദിക്കാറില്ല. ഉത്തർപ്രദേശിലെ ചെറിയ പട്ടണങ്ങളിലെ സാമൂഹികാചാരങ്ങളുടെ സങ്കുചിതമായ കല്ലേറുകളും അമ്പുകളുമൊന്നും തന്നെ ഏശാൻ അവർ അനുവദിക്കാറില്ല.

2011-ലെ സെൻസസ് പ്രകാരം 6,408 ആളുകൾ താമസിക്കുന്ന മഹേവ പത്തി പശ്ചിം ഉപർഹാർ എന്ന സെൻസസ് പട്ടണത്തെ നാട്ടുകാർ മഹേവ ഗ്രാമം എന്നാണ് വിളിക്കുന്നത്. കർച്ഛന തെഹ്സിലിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സംഗം എന്ന പേരിൽ പ്രസിദ്ധവും പ്രധാന തീർത്ഥാടനകേന്ദ്രവുമായ ഗംഗാ-യമുനാ സംഗമസ്ഥാനം ഈ ഗ്രാമത്തിന്റെ ഏതാനും കിലോമീറ്റർ മാത്രം അപ്പുറത്താണ്.

മഹേവയിലെ ജനങ്ങളുടെ ജീവിതത്തേയും ജീവനോപാധിയേയും നിർണ്ണായകമായി സ്പർശിച്ചൊഴുകുന്ന നദിയാണ് യമുന. സംഗത്തിലെത്തുന്ന തീർത്ഥാടകർക്ക്, ഇവിടെയുള്ള കരകൌശലവിദഗ്ദ്ധരായ സ്ത്രീകൾ പൂക്കളും പ്രസാദവും നിറച്ച ഓലകൊണ്ട് മെടഞ്ഞ പൂക്കൂടകൾ വിൽക്കാറുണ്ട്. പുരുഷന്മാരാകട്ടെ, പ്രയാഗ്‌രാജ് നഗരത്തിൽ മെക്കാനിക്കുകളായും ഡ്രൈവർമാരായും കടകളിലും ഭക്ഷണശാലകളിലും തൊഴിലാളികളായും ജോലിയെടുക്കുന്നു.

പ്രയാഗ്‌രാജ് ജില്ലയിലെ മുസ്ലിം സമുദായത്തിന്റെ സംഖ്യ 13 ശതമാനമാണെങ്കിലും (2011-ലെ സെൻസസ് പ്രകാരം), മഹേവയിലെ മുസ്ലിം ജനസംഖ്യ ഒരു ശതമാനത്തിനും മീതെ മാത്രമാണ്. എന്നിട്ടും, ആ കരകൌശലവിദ്യയെ പുനരുജ്ജീവിപ്പിക്കുന്നത് മിക്കവാറും ഫാത്തിമ ബീവിയേയും ആയിഷയേയും പോലുള്ള മുസ്ലിം സ്ത്രീകളാണ്. “ഞങ്ങൾ എല്ലാ സ്ത്രീകൾക്കും പരിശീലനം നൽകുന്നുണ്ടെങ്കിലും, ആത്യന്തികമായി, ഈ കല അഭ്യസിക്കുന്നവരിൽ ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽനിന്നുള്ളവരാണ്. മറ്റുള്ള വിഭാഗക്കാർ പണി പൂർത്തിയാക്കാൻ വരുന്നില്ല. ഒരുപക്ഷേ അവർക്ക് മറ്റ് ജോലികളുണ്ടായിരിക്കാം”, ഫാത്തിമ പറയുന്നു.

*****

PHOTO • Priti David
PHOTO • Priti David

ഇടത്ത്: ഉണങ്ങിയ പുല്ലുകൾ സൂക്ഷിക്കുന്ന ടെറസ്സിലെ മുറിക്ക് പുറത്ത് നിൽക്കുന്ന ഫാത്തിമയും ആയിഷയും. വലത്ത്: പുതുതായി വെട്ടിയെടുത്ത മുഞ്ജപ്പുല്ലുകൾ മഞ്ഞ കലർന്ന വെള്ളനിറം ആവുന്നതുവരെ ഒരാഴ്ചയോളം വെയിലത്ത് ഉണക്കുന്നു. പിന്നീടത് ഉണങ്ങിയ കാസപ്പുല്ലുകൾകൊണ്ട് കെട്ടുകളാക്കി വെക്കുന്നു

മഹേവയിലെ വീടിന്റെ ടെറസ്സിലുള്ള വാതിൽ ഫാത്തിമ തുറന്നു. അവിടെ ഒരു മുറിയിൽ, ഉണക്കിയ മുഞ്ജപ്പുല്ലുകൾ അടുക്കടുക്കായി, പഴയ വീട്ടുസാമാനങ്ങളുടെ മുകളിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. “തണുപ്പുകാലത്താണ് ഞങ്ങൾക്ക് മുഞ്ജപ്പുല്ലുകൾ കിട്ടുന്നത് (നവംബർ മുതൽ ഫെബ്രുവരിവരെയുള്ള കാലത്ത്). ഞങ്ങൾ ആ പച്ചപ്പുല്ലുകൾ ചീന്തിയെടുത്ത് ഉണക്കി ഇവിടെ സൂക്ഷിക്കുന്നു. വീട്ടിലെ ഏറ്റവും ചൂടുള്ള മുറിയാണിത്. കാറ്റും കടക്കില്ല. മഴയും കാറ്റും കൊണ്ടാൽ ഈ പുല്ലുകളുടെ നിറം മാറി മഞ്ഞയാകും”, ഫാത്തിമ പറയുന്നു.

മഞ്ഞ നിറമുള്ള പുല്ല് പെട്ടെന്ന് ഒടിഞ്ഞുപോകും. നിറങ്ങൾ കൊടുക്കാനും പറ്റില്ല. മഞ്ഞ കലർന്ന വെള്ളനിറത്തിലുള്ള പുല്ലുകളിൽ നമുക്ക് ആവശ്യമുള്ള നിറം കൊടുക്കാനാകും. ഈ നിറം കിട്ടാനായി, പുതുതായി മുറിച്ച മുഞ്ജപ്പുല്ലുകൾ കെട്ടുകളാക്കി സൂക്ഷിച്ച് ഒരാഴ്ചയോളം ഉണക്കണം. നല്ല വെയിൽ കിട്ടുന്ന വിധത്തിൽ, കാറ്റില്ലാത്ത ദിവസങ്ങളിൽ തുറസ്സായ സ്ഥലത്ത് വേണം വെക്കാൻ.

പുല്ലിന്റെ ശേഖരം നോക്കാൻ ഫാത്തിമയുടെ ശ്വശുര ആയിഷ ബീവിയും മുകളിലേക്ക് വന്നിരുന്നു. യമുനയുടെ തീരത്തിലൂടെ അല്പം നടന്നാൽത്തന്നെ ആവശ്യമുള്ളത്ര മുഞ്ജപ്പുല്ലുകൾ ശേഖരിക്കാൻ ഒരുകാലത്ത് സാധിച്ചിരുന്നുവെന്ന് 50 വയസ്സ് കഴിഞ്ഞ അവർ ഓർമ്മിക്കുന്നു. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി നടക്കുന്ന നഗരവത്ക്കരണത്തിന്റേയും വികസനത്തിന്റേയും ഫലമായി കാട്ടുപുല്ല് വളർന്നിരുന്ന ആ തീരങ്ങളെല്ലാം ഇന്ന് ചുരുങ്ങിപ്പോയിരിക്കുന്നു

“യമുനയിൽ വഞ്ചി തുഴയുന്നവരാണ് ഇപ്പോൾ ഞങ്ങൾക്ക് മൂഞ്ജപ്പുല്ലുകൾ ശേഖരിച്ചുതരുന്നത്. ഒരു ‘ഗട്ട‘യ്ക്ക് (3-4 കിലോ വരുന്നതാണ് ഒരു ഗട്ട) 300 മുതൽ 400 രൂപവരെ അവർക്ക് കൊടുക്കണം“, ടെറസ്സിൽനിന്ന് താഴ, വീടിന്റെ മുറ്റത്തേക്ക് ഇറങ്ങുമ്പോൾ അവർ പറയുന്നു. ആ മുറ്റത്തിരുന്നാണ് അവർ പണിയെടുക്കുന്നത്. ഒരു ഗട്ട മുഞ്ജപ്പുല്ലുകൊണ്ട് ഒരു കരകൌശലവിദഗ്ദ്ധയ്ക്ക് 12 x 12 ഇഞ്ച് വലിപ്പമുള്ള രണ്ട് വലിയ കൊട്ടകൾ നിർമ്മിക്കാൻ കഴിയും. രണ്ട് കൊട്ടകൾ വിറ്റാൽ ആകെ 1500 രൂപ കിട്ടും. ഈ വലിപ്പമുള്ള കൊട്ടകൾ, ചെടികൾ വളർത്താനോ വസ്ത്രങ്ങൾ സൂക്ഷിച്ചുവെക്കാനോ ആണ് ഉപയോഗിക്കുന്നത്.

സർപ്പാത്ത് പുല്ലുകൾ 7 മുതൽ 12 അടിവരെ വളരും. മുഞ്ജപ്പുൽ കരവേലയുടെ മുഖ്യപങ്ക് വഹിക്കുന്നത് ഈ പുല്ലുകളാണ്. മറ്റൊരു പുല്ലും, അപ്രധാനമല്ലാത്ത പങ്ക് വഹിക്കുന്നുണ്ട് ഈ കലയിൽ. കാസ എന്നാണതിന്റെ പേര്. കനം കുറഞ്ഞ ഒരു മുളയാണ് കാസ. കൂടുതൽ ഉറപ്പുള്ള മുഞ്ജപ്പുല്ലുകൾ കൂട്ടിക്കെട്ടാൻ ഉപയോഗിക്കുന്നത് ഈ കാസപ്പുല്ലുകളാണ്. പണി തീർന്ന സാമഗ്രികളിൽ ഈ കാസപ്പുല്ലുകൾ ദൃശ്യമാവില്ല. ആ തരത്തിലാണ് കെട്ടുകൾ. യമുനയുടെ തീരത്ത് ധാരാളമായി കാണുന്ന ഈ പുല്ലുകൾക്ക് ഒരു കെട്ടിന് (ഒരു കൈപ്പിടിയിലൊതുങ്ങുന്ന എണ്ണം) 5 രൂപ മുതൽ 10 രൂപവരെയാണ് വില.

PHOTO • Priti David
PHOTO • Priti David

ഇടത്ത് : മൂർച്ചയുള്ള സൂചി ഉപയോഗിച്ച് ഒരു അടപ്പിന്റെ മൊട്ട് നെയ്യുന്ന ആയിഷ ബീഗം . വലത്ത് : കനമുള്ള മുഞ്ജപ്പുല്ലുകളുടെ നാരുകൾ കാസപ്പുല്ലുകളുടെ ചുറ്റും വരിഞ്ഞുകെട്ടി അവർ ആകൃതി കൈവരുത്തുന്നു

വീട്ടുമുറ്റത്തിരുന്ന് ആയിഷ ജോലി തുടങ്ങി. കൊട്ടയുടെ അടപ്പിൽ ഘടിപ്പിക്കേണ്ട മൊട്ടുകളാണ് അവർ ഉണ്ടാക്കുന്നത്. രണ്ട് കത്രികകളും ഒരു മൂർച്ചയുള്ള കത്തിയും ഉപയോഗിച്ച് അവർ ആ പുല്ലുകൾ ചീന്തുകയും വലിക്കുകയും തള്ളുകയും മുറുക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇടയ്ക്ക് ചിലപ്പോൾ ഒട്ടും വഴങ്ങാത്ത ചില പുൽനാമ്പുകളെ വെള്ളത്തിലിട്ട് മെരുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

“ഭർത്താവിന്റെ അമ്മ ചെയ്യുന്നത് നോക്കിയാണ് ഞാൻ ഈ പണി പഠിച്ചത്. ആദ്യം ഉണ്ടാക്കിയത് ചപ്പാത്തി സൂക്ഷിക്കാനുള്ള പാത്രമായിരുന്നു. 30 വർഷം മുൻപ്, കല്യാണം കഴിഞ്ഞ് ഈ വീട്ടിൽ വന്നപ്പോൾ” ആയിഷ പറയുന്നു. “ഒരിക്കൽ ഒരു ചെറിയ കളിയൂഞ്ഞാലും ഉണ്ടാക്കി. ജന്മാഷ്ടമിക്ക് ഭഗവാൻ കൃഷ്ണന്റെ രൂപം വെക്കാൻ“ (ശ്രീകൃഷ്ണന്റെ ജന്മദിനം ആഘോഷിക്കുന്ന ഉത്സവമാണ് അത്).

വിണ്ടുമുറിഞ്ഞ കൈകൾ കാണിച്ച് അവർ പറയുന്നു, “ഈ പുല്ലുകൾ കനം കുറഞ്ഞതാണെങ്കിലും നല്ല ബലമുള്ളവയാണ്. കൈകൾ പെട്ടെന്ന് മുറിയും. പണ്ടൊക്കെ വീട്ടിലെല്ലാവരും ഈ പണിയിൽ പങ്കെടുക്കും. സ്ത്രീകളും കുട്ടികളും സാധനങ്ങളുണ്ടാക്കും. പുരുഷന്മാർ ചന്തയിൽ കൊണ്ടുപോയി വിൽക്കും. വീട്ടിലെ രണ്ടുമൂന്ന് സ്ത്രീകൾ ഒരുമിച്ച് ജോലിചെയ്താൽ, ദിവസത്തിൽ 30 രൂപവരെ കിട്ടും. വീട്ടുചിലവിന് അത് ധാരാളമായിരുന്നു”, പഴയ കാലം ഓർത്തുകൊണ്ട് അവർ പറയുന്നു.

ഒരു പതിറ്റാണ്ട് മുമ്പ് മുതൽ മുഞ്ജപ്പുല്ലുകൾക്ക് ആവശ്യക്കാർ കുറഞ്ഞുതുടങ്ങി. ഈ കല അഭ്യസിക്കുന്ന സ്ത്രീകളുടെ എണ്ണവും കുറഞ്ഞു. വിൽക്കാൻ സാധനങ്ങളും ഇല്ലാതായി. പ്രതീക്ഷിക്കാതെയാണ് ഒരു സഹായം ലഭിച്ചത്. 2013-ൽ യു.പി. സർക്കാർ ഒരു ജില്ല, ഒരു ഉത്പന്നം (ഒ.ഡി.ഒ.പി – വൺ ഡിസ്ട്രിക്ട്, വൺ പ്രോഡക്ട്) എന്ന പദ്ധതി ആരംഭിച്ചു. പ്രയാഗ്‌രാജ് ജില്ലയുടെ സവിശേഷ ഉത്പന്നമായി ഈ മുഞ്ജപ്പുല്ലുകളെ തിരഞ്ഞെടുത്തു. ചുരുങ്ങിയത് ഏഴ് പതിറ്റാണ്ടിന്റെ ചരിത്രമുണ്ട് പുല്ലുകൾകൊണ്ടുള്ള ഈ കരകൌശലവിദ്യയ്ക്ക്.

PHOTO • Priti David
PHOTO • Priti David

ഇടത്ത് : മുഞ്ജപ്പുല്ലുകൾകൊണ്ടുള്ള കൈവേലയിൽ പരിചയസമ്പന്നയാണ് 50 കഴിഞ്ഞ ആയിഷ ബീഗം . ' എന്റെ ശ്വശുര പണിയെടുക്കുന്നത് നോക്കിപ്പഠിച്ചാണ് ഞാൻ തുടങ്ങിയത് . ആദ്യമായി ഞാൻ ഒരു സാധനം ഉണ്ടാക്കിയത് ഒരു പാത്രമായിരുന്നു , 30 കൊല്ലം മുൻപ്' വലത്ത് : അടുത്തകാലത്ത് ആയിഷ ഉണ്ടാക്കിയ ചില കുട്ടകളും കൂടകളും

“മുഞ്ജപ്പുല്ലുകൾകൊണ്ടുള്ള കരകൌശലവസ്തുക്കളുടെ ആവശ്യവും വില്പനയും വർദ്ധിപ്പിക്കാൻ ഈ ഒ.ഡി.ഒ.പി. പദവി സഹായകമായി“, പ്രയാഗ്‌രാജ് ജില്ലയിലെ വ്യവസായ ഡെപ്യൂട്ടി കമ്മീഷ്ണറായ അജയ് ചൌരസ്യ പറയുന്നു. ജില്ലാ ഉദ്യോഗ കേന്ദ്രത്തിന്റെ തലവനും അദ്ദേഹമാണ്. ഒ.ഡി.ഒ.പി. പദ്ധതിയുടെ ഗുണഫലങ്ങൾ കരകൌശലക്കാരായ സ്ത്രീകൾക്ക് നൽകുന്നത് സംസ്ഥാന സർക്കാരിന്റെ ഈ വകുപ്പിലൂടെയാണ്. “താത്പര്യം കാണിച്ച് മുന്നോട്ട് വരുന്ന സ്ത്രീകൾക്ക് ഞങ്ങൾ പരിശീലനവും സാമഗ്രികളും നൽകുന്നു. വർഷത്തിൽ 400 പേരെ പരിശീലിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം”, അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനതലത്തിലും ദേശീയതലത്തിലും പതിവായി മേളകളും ഉത്സവങ്ങളും സംഘടിപ്പിച്ചുകൊണ്ട് ജില്ലാ ഉദ്യോഗകേന്ദ്രം ഈ കരകൌശലവിദ്യയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഈ സംരംഭത്തെ ഏറ്റെടുക്കാനും ജീവനോപാധിയായി ഉപയോഗിക്കാനുമുള്ള അവസരത്തെ മഹേവയിലെ ഉത്സാഹികളായ സ്ത്രീകൾ സഹർഷം സ്വാഗതം ചെയ്തു. ഇപ്പോൾ വാട്ട്സാപ്പിലൂടെപോലും ആവശ്യക്കാർ വരുന്നുണ്ടെന്നും ജോലി തുല്യമായി എല്ലാവർക്കുമായി വീതിച്ചുകൊടുക്കുന്നുണ്ടെന്നും ഫാത്തിമ പറയുന്നു.

ഒ.ഡി.ഒ.പി. പദ്ധതി സഹായധനത്തേയും വാതിൽ‌പ്പടിയിലെത്തിച്ചു. “വായ്പ്പ ലഭിക്കാനും ഈ പദ്ധതിയിലൂടെ ഞങ്ങൾക്ക് സാധിക്കുന്നു. എന്റെ സ്വയംസഹായക സംഘത്തിൽ പലരും ഈ തൊഴിൽ ചെയ്യാനായി, 10,000 രൂപമുതൽ 40,000 രൂപവരെ എടുത്തിട്ടുണ്ട്. 25 ശതമാനം സബ്‌സിഡിയുമുണ്ട് ഈ വായ്പ്പക്ക്. അതായത്, ലോണിന്റെ 25 ശതമാനം തിരിച്ചടക്കേണ്ടതില്ല. മൂന്ന് മാസത്തിനകം ബാക്കി തുക അടച്ചാൽ, പലിശയും ഒഴിവാക്കിക്കിട്ടും. മൂന്ന് മാസം കഴിഞ്ഞാൽ വർഷത്തിൽ അഞ്ച് ശതമാനം പലിശ ഈടാക്കുകയും ചെയ്യും.

മറ്റുള്ള സ്ഥലങ്ങളിൽനിന്നുപോലും സ്ത്രീകളെ ഇതിലേക്ക് ആകർഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആയിഷയുടെ വിവാഹിതയായ മകൾ നസ്രീൻ ആണ്ഡവ ഗ്രാമത്തിലാണ് താമസിക്കുന്നത്. 10 കിലോമീറ്റർ അകലെ ഫൂൽ‌പുർ തെഹ്സിലിലാണ് ആ ഗ്രാമം. “മഴക്കാലത്ത് വെള്ളം അകത്തേക്ക് ചോരാതിരിക്കാൻ മാത്രമാണ്, ഓടുകൾ പതിക്കുന്നതിനുമുൻപ് ഈ പുല്ല് ഇവിടെ ഈ ഗ്രാമത്തിൽ ഉപയോഗിച്ചിരുന്നത്. 26 വയസ്സുള്ള നസ്രീന് വിദ്യാഭ്യാസ/മനശ്ശാസ്ത്ര വിഷയത്തിൽ ബിരുദമുണ്ട്. മൂഞ്ജപ്പുല്ലുകളുടെ സാമ്പത്തികസാധ്യതകൾ മനസ്സിലാക്കിയ അവർ അത് തന്റെ ഗ്രാമത്തിലും നടപ്പാക്കാനുള്ള ശ്രമത്തിലാണ്.

PHOTO • Priti David
PHOTO • Priti David

ആയിഷ ബീഗത്തിന്റേയും ഫാത്തിമ ബീബിയുടേയും അയൽക്കാരിയായ ആയിഷ ബീഗമെന്ന് പേരായ മറ്റൊരു സ്ത്രീ , 150 മുതൽ 200 രൂപവരെ താനുണ്ടാക്കുന്ന വസ്തുക്കളിൽനിന്ന് സമ്പാദിക്കുന്നു . ' വെറുതെ ഇരിക്കുന്നതിനുപകരം , ഞാൻ പൈസ സമ്പാദിക്കുകയും ഒഴിവുസമയം ഉപയോഗിക്കുകയും ചെയ്യുന്നു'

ഇരുപത് വർഷം മുൻപ്, ചപ്പാത്തി സൂക്ഷിച്ചുവെക്കാനുള്ള മുഞ്ജപ്പുൽ‌ കൊട്ടയ്ക്ക് 20 രൂപയായിരുന്നു വില. ഇന്ന് അതിന് 150 രൂപ വിലയുണ്ട്. വിലപ്പെരുപ്പമുണ്ടെങ്കിലും ന്യായമായ ഒരു വിലയായാണ് അത് കാണപ്പെടുന്നത്. അതുകൊണ്ടാണ് ഫാത്തിമയുടെ അയൽക്കാരിയായ, ആയിഷ എന്ന് പേരുള്ള മറ്റൊരു സ്ത്രീയും ഈ കല പഠിക്കാൻ താത്പര്യം കാണിച്ചത്. കൂടുതൽ നേരം ജോലി ചെയ്യുമ്പോൾ കണ്ണുകൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിലും അവരുടെ താത്പര്യത്തിന് ഇതുവരെ മങ്ങലേറ്റിട്ടില്ല. “ഉണ്ടാക്കുന്ന ഓരോ സാധനത്തിനും 150-ഉം 200-ഉം രൂപവരെ കിട്ടുന്നുണ്ട്. വെറുതെ ഇരിക്കുന്നതിനുപകരം, സമ്പാദിക്കുകയും ചെയ്യാം, സമയം ചിലവഴിക്കുകയും ചെയ്യാം”, അവർ പറയുന്നു. വീട്ടുമുറ്റത്ത് പായയിലിരുന്ന് ചുമരിൽ ചാരി, കൈകൾകൊണ്ട് അതിവേഗത്തിൽ ഒരു കൂടയുടെ അടപ്പ് നെയ്യുകയായിരുന്നു അവർ.

“പണി കഴിഞ്ഞാൽ അവൾ പുറം‌വേദനയെക്കുറിച്ച് പരാതി പറയാൻ തുടങ്ങും”, അവരുടെ വർത്തമാനം കേട്ടുകൊണ്ടിരുന്ന ഭർത്താവ് മൊഹമ്മദ് മത്തീൻ ചിരിച്ചുകൊണ്ട് ഇടയിൽക്കയറി പറയുന്നു. ചായക്കട സ്വന്തമായി നടത്തിയിരുന്ന അയാൾ ഇപ്പോൾ വിശ്രമജീവിതം നയിക്കുന്നു. ആണുങ്ങൾക്ക് ഈ പണി ചെയ്യാൻ കഴിയുമോ എന്ന ചോദ്യത്തിന് “ചിലരൊക്കെ ചെയ്യുന്നുണ്ട്. പക്ഷേ ഞാൻ പഠിച്ചിട്ടില്ല” എന്നായിരുന്നു അയാളുടെ മറുപടി.

ഉച്ച കഴിയുകയായിരുന്നു. ഫാത്തിമയുടെ അമ്മ അസ്മ ബീഗം മകളുടെ വീട്ടിലേക്ക് പണി കഴിഞ്ഞ സാധനങ്ങളുമായി വന്നു. ഫാത്തിമ അത് നാളെ പ്രയാഗ്‌രാജിലെ സർക്യൂട്ട് ഹൌസിൽ നടക്കുന്ന ഒരു ചെറിയ എക്സിബിഷനിൽ കൊണ്ടുപോയി പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യും. തന്റെ കൈയ്യിലെ സാധനങ്ങളിൽനിന്നും ഒരു കൂടയും അതിന്റെ അടപ്പും എടുത്ത് ആസ്മ കാണിച്ചുതന്നു. വളരെ വിശദമായി ചെയ്ത ഭംഗിയുള്ള ഒരു അടപ്പായിരുന്നു ആ കൂടയ്ക്കുണ്ടായിരുന്നത്. “ഇത്തരം കൂടകൾ ഉണ്ടാക്കാൻ മൂന്നുദിവസംവരെ എടുക്കും. മെല്ലെ ചെയ്തില്ലെങ്കിൽ പുല്ല് കീറിപ്പോവും”, അവർ വിശദീകരിച്ചു. നേർമ്മയുള്ളതും വളയ്ക്കാവുന്നതുമായ സാമഗ്രികൾ ഉണ്ടാക്കാൻ കൈവേലക്കാർ ഉപയോഗിക്കുന്നത്, വീതി കുറഞ്ഞ ഒരുതരം പുല്ലാണ്. അവ ഉപയോഗിച്ച് വസ്തുക്കൾ ഉണ്ടാക്കാൻ കൂടുതൽ സമയമെടുക്കുമെങ്കിലും നല്ല വില കിട്ടാറുണ്ട്.

ഈയടുത്ത് 50 വയസ്സ് പൂർത്തിയാക്കിയ ആസ്മ അറിയപ്പെടുന്ന ഒരു കരകൌശലവിദഗ്ദ്ധയാണ്. 90 സ്ത്രീകളെ വീട്ടിൽ‌വെച്ച് അവർ ഈ കല ഇതിനകം പരിശീലിപ്പിച്ചിട്ടുണ്ട്. മഹേവയിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള പിപിരസയിലാണ് അവരുടെ വീട്. 14-നും 50-നും ഇടയിൽ പ്രായമുള്ളവരാണ് അവരുടെ ശിഷ്യമാർ. “നല്ലൊരു തൊഴിലാണിത്. ആർക്കും പഠിക്കുകയും പൈസ സമ്പാദിക്കുകയും ജീവിതത്തിൽ മുന്നേറുകയും ചെയ്യാനാവും. എനിക്കാവുന്നിടത്തോളം ഞാൻ ഈ തൊഴിലെടുക്കും. എന്റെ മകൾ ഫാത്തിമ ചെയ്യുന്ന പണിയിൽ എനിക്ക് സന്തോഷമുണ്ട്”, ആസ്മ ബീഗം പറഞ്ഞു.

PHOTO • Priti David
PHOTO • Priti David

ഇടത്ത് : ഫാത്തിമയുടെ അമ്മ ആസ്മ ബീഗം ( ഇടത്ത് , പച്ച ദുപ്പട്ട വേഷത്തിൽ ) പരിചയസമ്പന്നയായ ഒരു കരകൌശലവിദഗ്ദ്ധയും കലയിൽ നിരവധി സ്ത്രീകളെ പരിശീലിപ്പിക്കുകയും ചെയ്യുന്ന ഒരാളാണ് . “ ആർക്കും കല പഠിക്കുകയും , അതുകൊണ്ട് പൈസ സമ്പാദിച്ച് ജീവിതത്തിൽ മുന്നേറുകയും ചെയ്യാം.' വലത്ത് : താനുണ്ടാക്കിയ അടപ്പുള്ള വർണ്ണാഭമായ ഒരു കൂടയുമായി നിൽക്കുന്ന ആസ്മ

നാലാം ക്ലാസ്സുവരെ പഠിച്ചതിനുശേഷം 18 വയസ്സിലാണ് ആസ്മ വിവാഹിതയായത്. കഷ്ടി രണ്ടേക്കർ ഭൂമിയുള്ള ഒരു കർഷകനായിരുന്നു അക്കാലത്ത് ഫാത്തിമയുടെ അച്ഛൻ. മാസത്തിൽ 5,000 രൂപ ജില്ലാ ഉദ്യോഗകേന്ദ്രത്തിൽനിന്ന് ഇന്ന് ആസ്മ സമ്പാദിക്കുന്നു. ആറുമാസത്തെ പരിശീലന കോഴ്സിന് ചേരുന്ന പെൺകുട്ടികൾക്ക് മാസത്തിൽ 3,000 രൂപ വേതനവും കിട്ടുന്നുണ്ട്. “വെറുതെ ഇരിക്കുന്ന കുട്ടികളായിരുന്നു ഇവർ. ഇപ്പോൾ അവർ പുതുതായി ചിലത് പഠിക്കുകയും വീട്ടിലിരുന്നുതന്നെ സമ്പാദിക്കുകയും ചെയ്യുന്നു. ചിലർ ഈ പണം കൂടുതൽ പഠിക്കുന്നതിനായി ചിലവഴിച്ചേക്കാം”, അവർ സൂചിപ്പിക്കുന്നു.

ഒരു മ്യൂസിയവും ശില്പശാലയും സംഘടിപ്പിക്കുക എന്നതാണ് മുഞ്ജ് കരവേലക്കാർ അടുത്തതായി ഉദ്ദേശിക്കുന്നത്. “ഒരു മ്യൂസിയത്തിനുവേണ്ടി കാത്തിരിക്കുകയാണ് ഞങ്ങൾ. അതാവുമ്പോൾ ആളുകൾക്ക് ഞങ്ങൾ ചെയ്യുന്ന തൊഴിൽ കാണാനും മനസ്സിലാക്കാനും സാധിക്കും. ഏറ്റവും ഭംഗിയായി നിർമ്മിച്ച ഉത്പന്നങ്ങൾ അവിടെ പ്രദർശിപ്പിക്കും. ഈ തൊഴിൽ ചെയ്യുന്നത് എങ്ങിനെയാണെന്ന് ആളുകൾക്ക് കാണാനും അവസരമുണ്ടാവും”, ഫാത്തിമ പറയുന്നു. മ്യൂസിയവുമായി ബന്ധപ്പെടുത്തിയ ശില്പശാല കൂടുതൽ സ്ത്രീകളെ ഈ രംഗത്തേക്ക് കൊണ്ടുവരാൻ സഹായിക്കും. ഇത്തരമൊരു മ്യൂസിയം ഉൾക്കൊള്ളുന്ന ഒരു കരകൌശലഗ്രാമം ഉണ്ടാക്കാൻ കഴിഞ്ഞ വർഷം കേന്ദ്രസർക്കാർ 3 കോടി രൂപ മാറ്റിവെച്ചുവെന്ന് ചൌരസ്യ സൂചിപ്പിച്ചു. “പണി തുടങ്ങിയിട്ടുണ്ട്. പക്ഷേ കുറച്ച് സമയമെടുക്കും”, അദ്ദേഹം കൂട്ടിച്ചേർത്തു.

“പരിശീലനക്കളരിയിൽ ചിലർ നെയ്യുക മാത്രം ചെയ്യും. ചിലർ നിറം കൊടുക്കുകയും. എല്ല തൊഴിലും വിഭജിച്ചെടുക്കും. ഒരുമിച്ചിരുന്ന് ജോലി ചെയ്യാൻ രസമാണ്. മുഞ്ജപ്പുല്ലുകൾകൊണ്ട് കരവിരുതൊരുക്കുന്ന സ്ത്രീകളുടെ ഒരു സമൂഹം“, ബലമുള്ള പുല്ലുകൾകൊണ്ട് മെടഞ്ഞ ഒരു ഭാവികാലത്തെക്കുറിച്ചുള്ള തന്റെ സ്വപ്നം ഫാത്തിമ പങ്കുവെക്കുന്നു.

റിപ്പോർട്ടുണ്ടാക്കാനുള്ള ഉദാരമായ സഹായം നൽകിയ പ്രയാഗ് രാജിലെ സാം ഹിഗ്ഗിൻ ബോതം യൂണിവേഴ്സിറ്റി ഓഫ് ആഗ്രിക്കൾച്ചർ , ടെക്നോളജി ആൻഡ് സയൻസസിലെ ( എസ് . എച്ച് . യു . . ടി . എസ് .) പ്രൊഫസർ ജഹനാരയോടും പ്രൊഫസർ ആരിഫ് ബ്രോഡ് വേയോടുമുള്ള നന്ദി പ്രകാശിപ്പിക്കുന്നു .

പരിഭാഷ: രാജീവ് ചേലനാട്ട്

Reporter : Priti David

Priti David is the Executive Editor of PARI. She writes on forests, Adivasis and livelihoods. Priti also leads the Education section of PARI and works with schools and colleges to bring rural issues into the classroom and curriculum.

Other stories by Priti David
Editor : Sangeeta Menon

Sangeeta Menon is a Mumbai-based writer, editor and communications consultant.

Other stories by Sangeeta Menon
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat