ദക്ഷിണ മുംബൈയിലെ ഭൂലേശ്വറിന്റെ ഇടുങ്ങിയ ഗല്ലികളിൽ താമസിക്കുന്ന മൻസൂർ ആലം ഷെയ്ക്ക് അതിരാവിലെ 5 മണിക്ക് എഴുന്നേറ്റ് ജോലിക്ക് പോവാൻ തയ്യാറായി. മെലിഞ്ഞ് നീണ്ട അയാൾ മിക്കവാറും ഒരു ലുങ്ക് ധരിച്ചാണ് തന്റെ 550 ലിറ്റർ വെള്ളം കൊള്ളുന്ന ലോഹ കൈവണ്ടി കവാസ്ജി പട്ടേൽ ടാങ്കിലേക്ക് തള്ളിക്കൊണ്ടുപോയി വെള്ളം നിറയ്ക്കുക. താമസസ്ഥലത്തുനിന്ന് ഏകദേശം ഒരു കിലോമീറ്റർ അപ്പുറത്ത്, മിർസാ ഗാലിബ് മാർക്കറ്റിനടുത്തുള്ള ദൂധ് ബസാറിലെ പൊതുശൌചാലയത്തിനടുത്തുള്ള തുറസ്സായ ഒരു സ്ഥലത്ത് വണ്ടി നിർത്തി, ടാങ്കിൽനിന്ന് വെള്ളം ശേഖരിച്ച്, അടുത്തുള്ള വീടുകളിലും കടകളിലും അയാൾ അതെത്തിക്കും.

ഈ തൊഴിൽ ചെയ്യുന്ന വളരെച്ചുരുക്കം ഭിഷ്തികളീൽ ഒരാളാണ് 50 വയസ്സുള്ള മൻസൂർ. മൂന്ന് പതിറ്റാണ്ടായി, മുംബൈയിലെ ഈ ചരിത്രപ്രധാനമുള്ള ഉൾപ്പട്ടണത്തിലെ ആളുകൾക്ക് കുടിക്കാനും അലക്കാനും കഴുകാനുമുള്ള വെള്ളം കൊണ്ടുവന്നിരുന്നത് മൻസൂറായിരുന്നു. കോവിഡ് 19, തൊഴിലിനെ തടസ്സപ്പെടുത്താൻ തുടങ്ങിയതുവരെ, മഷാക്കിൽ വെള്ളം ചുമന്നെത്തിച്ചിരുന്ന അപൂർവ്വമാളുകളിൽ ഒരാളായിരുന്നു അയാൾ. 30 ലിറ്റർ വെള്ളം സംഭരിക്കാവുന്ന തോൽ‌സ്സഞ്ചികൾക്കാണ് മഷാക്ക് എന്ന് പറയുന്നത്. അത് ചുമന്ന് വെള്ളമെത്തിക്കുന്നവരെ മഷാ‍ക്ക് വാലകൾ എന്നും വിളിക്കും.

തോൽ‌സ്സഞ്ചികളിൽ വെള്ളം വിതരണം ചെയ്യുന്ന പരമ്പരാഗത രീതി ഇപ്പോൾ ഇല്ലാതായിക്കഴിഞ്ഞെന്ന് മൻസൂർ പറയുന്നു. 2021-ൽ അയാൾ പ്ലാസ്റ്റിക് ബക്കറ്റുകളിലേക്ക് മാറി. “പ്രായം ചെന്ന ഭിഷ്തികൾ ഇനി സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകണം. ചെറുപ്പക്കാർ പുതിയ ജോലി കണ്ടെത്തുകയും ചെയ്യണം“, അയാൾ പറയുന്നു. വടക്കേന്ത്യയിലെ ഭിഷ്തി എന്ന പേരിലുള്ള മുസ്ലിം സമുദായത്തിന്റെ പരമ്പരാഗത തൊഴിലാണ് വെള്ളം ചുമക്കൽ. പേഴ്സ്യൻ വാക്കായ ഇതിന്റെ അർത്ഥം, വെള്ളം ചുമക്കുന്നവർ എന്നാണ്. അറബിയിൽ സക്ക എന്നും ഇക്കൂട്ടരെ വിശേഷിപ്പിക്കാറുണ്ട്. അർത്ഥം അതുതന്നെയാണ്. വെള്ളം കൊണ്ടുവരുന്നവർ എന്ന്.  രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഹരിയാന, ദില്ലി, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഇവരെ മറ്റ് പിന്നാക്കവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തിൽ ഇക്കൂട്ടർ പക്കാലികൾ എന്ന പേരിലും അറിയപ്പെടുന്നു.

PHOTO • Aslam Saiyad

വെള്ളം നിറച്ച വണ്ടി ഭൂലേശ്വറിലെ സി.പി. ടാങ്ക് ഏരിയയിൽനിന്ന് തള്ളിക്കൊണ്ടുപോകാൻ മൻസൂർ ആലം ഷെയ്ക്കിന് (പിങ്ക് ഷർട്ടിട്ടയാൾ) ഒരു കൈ സഹായം ആവശ്യമാണ്. വണ്ടിയുടെ മുകളിൽ അയാളുടെ തോൽ‌സ്സഞ്ചിയും കാണാം

“ഭിഷ്തികളാണ് വെള്ളത്തിന്റെ കച്ചവടം കൈയ്യടക്കിയിരുന്നത്. മുംബൈയിലെ പല ഭാഗത്തും അവർക്ക് ഈ ലോഹ കൈവണ്ടി ഉണ്ടായിരുന്നു. വെള്ളമെത്തിക്കാൻ, ഓരോ വണ്ടിയും 8 മുതൽ 12 ആളുകളെവരെ വെച്ചിരുന്നു”. മൻസൂർ പറയുന്നു. ഒരുകാലത്ത് പഴയ മുംബൈയിൽ ഭിഷ്തികൾ നല്ല രീതിയിൽ നടത്തിയിരുന്ന ഈ തൊഴിൽ ക്ഷയിക്കാൻ തുടങ്ങിയതോടെ, അവർ മറ്റ് തൊഴിലുകൾ തേടിപ്പോയി”, മൻസൂർ കൂട്ടിച്ചേർത്തു. ഉത്തർ പ്രദേശിൽനിന്നും ബിഹാറിൽനിന്നും പുതുതായി വന്നവർ ഭൂലേശ്വറിലെ ബിഷ്തികളെ അവരുടെ പരമ്പരാഗത തൊഴിലിൽനിന്ന് അകറ്റി.

ബിഹാറിലെ കടിഹാർ ജില്ലയിലെ ഗച്ച് റാസുൽ‌പുർ ഗ്രാമത്തിൽനിന്ന് 1980-കളിലാണ് മൻസൂർ മുംബൈയിലെത്തിയത്. വെള്ളം ചുമക്കുന്ന പണിയിൽ പ്രവേശിക്കുന്നതിനുമുൻപ് ഏതാനും മാസങ്ങൾ വട പാവ് വിൽക്കുന്ന ജോലിയിലായിരുന്നു അയാൾ. ജന്മം കൊണ്ട് ബിഷ്തിയല്ലെങ്കിലും ഭൂലേശ്വറിലെ ഡോംഗ്രി, ഭേണ്ടി ബസാർ ഭാഗങ്ങളിൽ വെള്ളം വിതരണം ചെയ്യുന്ന ജോലി അയാൾ ഏറ്റെടുത്തു.

“രാജസ്ഥാനിൽനിന്നുള്ള ഒരു മുംതാസാണ് എന്നെ ജോലിക്കെടുത്തതും പരിശീലിപ്പിച്ചതും”, മൻസൂർ പറയുന്നു. “നാല് വെള്ള വണ്ടികളുണ്ടായിരുന്നു അയാൾക്ക്. ഓരോന്നും ഓരോ മൊഹല്ലയിൽ (അയൽ‌വക്കങ്ങളിൽ) നിർത്തും. തോൽ‌സ്സഞ്ചിയിൽ വെള്ളം വിതരണം ചെയ്യാൻ 7-8 ആളുകളും ഉണ്ടായിരുന്നു”.

PHOTO • Aslam Saiyad

കോവിഡ് 19 അടച്ചുപൂട്ടലിനുശേഷം തന്റെ തോൽ‌സ്സഞ്ചി ഉപേക്ഷിച്ച് പ്ലാസ്റ്റിക്ക് ബക്കറ്റിൽ വെള്ളം വിതരണം ചെയ്യാൻ മൻസൂർ നിർബന്ധിതനായി

മുംതാസിന്റെ കൂടെ അഞ്ച് വർഷത്തോളം ജോലി ചെയ്തതിനുശേഷം മൻസൂർ സ്വന്തമായി ജോലി ചെയ്യാൻ തുടങ്ങുകയും ഒരു വെള്ള വണ്ടി വാടകയ്ക്കെടുക്കുകയും ചെയ്തു. “20 വർഷം മുൻപ് ഞങ്ങൾക്ക് ധാരാളം പണിയുണ്ടായിരുന്നു. ഇന്ന് അതിന്റെ നാലിലൊന്ന് മാത്രമേയുള്ളൂ. വെള്ളം പ്ലാസ്റ്റിക്ക് കുപ്പികളീൽ വിതരണം ചെയ്യാൻ തുടങ്ങിയതിനുശേഷം ഞങ്ങളുടെ കച്ചവടം മോശമാവാൻ തുടങ്ങി”, മൻസൂർ പറയുന്നു. 1991-ലെ ഉദാരവത്ക്കരണത്തിനുശേഷം ആരംഭിച്ച കുപ്പിവെള്ളത്തിന്റെ വ്യവസായം ഭൂലേശ്വറിലെ ഭിഷ്തികൾക്ക് വലിയ ആഘാതമുണ്ടാക്കി. 1994നും 2004-നുമിടയിൽ കുപ്പിവെള്ളത്തിന്റെ ഉപഭോഗം മൂന്നിരട്ടിയായി വർദ്ധിക്കുകയും, 2002-ൽ കുപ്പിവെള്ള വ്യവസായത്തിന്റെ വിറ്റുവരവ് 1,000 കോടി രൂപ കടക്കുകയും ചെയ്തു.

ഉദാരവത്ക്കരണം നിരവധി കാര്യങ്ങളെ മാറ്റിമറിച്ചു. ചെറിയ കടകൾക്കുപകരം മാളുകളും ചെറിയ വീടുകൾക്കുപകരം ബഹുനിലക്കെട്ടിടങ്ങളും വന്നു; മോട്ടോറുകൾ ഘടിപ്പിച്ച പൈപ്പിലൂടെ വെള്ളം വിതരണവും ആരംഭിച്ചു. ജനവാസകേന്ദ്രങ്ങളുടെ വെള്ളത്തിന്റെ ആവശ്യകത കുത്തനെ കുറഞ്ഞു. കടകളും വർക്ക്ഷോപ്പുകളുമടക്കമുള്ള ചെറുകിട വ്യാപാരസ്ഥാപനങ്ങൾക്കുമാത്രമേ മഷാക്ക് വാലകളെ ആശ്രയിക്കേണ്ടിവന്നുള്ളു. “വലിയ കെട്ടിടങ്ങളിൽ താമസിക്കുന്നവർ ടാങ്കറുകളിൽനിന്ന് വെള്ളം വാങ്ങാൻ തുടങ്ങി. വെള്ളത്തിനായി ആളുകൾ കെട്ടിടങ്ങളിൽ പൈപ്പുകളും ഘടിപ്പിക്കാൻ തുടങ്ങി. ഇപ്പോൾ കല്യാണങ്ങൾക്കും മറ്റും ആളുകൾക്ക് കുപ്പിവെള്ളം കൊടുക്കുന്ന പതിവും തുടങ്ങി. പണ്ട്, അതൊക്കെ ഞങ്ങളാണ് കൊടുത്തുകൊണ്ടിരുന്നത്”, മൻസൂർ പറയുന്നു.

മഹാവ്യാധിക്ക് മുൻപ്, ഓരോ തോൽ‌സ്സഞ്ചി വെള്ളത്തിനും (30 ലിറ്റർ) മൻസൂറിന് 15 രൂപവെച്ച് ലഭിച്ചിരുന്നു. ഇന്ന് 15 ലിറ്റർ വെള്ളത്തിന്റെ ഒരു ബക്കറ്റ് കൊടുത്താൽ അയാൾക്ക് കിട്ടുന്നത് 10 രൂപ മാത്രമാണ്. വെള്ളം കൊണ്ടുപോകാനുള്ള വണ്ടിയുടെ മാസവാടക 170 രൂപയാണ് ഇപ്പോൾ. വെള്ളത്തിന്റെ സ്രോതസ്സനുസരിച്ച്, അത് നിറയ്ക്കാൻ ദിവസത്തിൽ 50 മുതൽ 80 രൂപവരെ ചിലവഴിക്കുകയും വേണം. കിണറുകളുള്ള അമ്പലങ്ങളും സ്കൂളുകളും ഭിഷ്തികൾക്ക് വെള്ളം വിൽക്കുന്നു. “മുമ്പൊക്കെ, എല്ലാ മാസവും 10,000 രൂപമുതൽ 15,000 രൂപവരെ ഞങ്ങൾ സമ്പാദിച്ചിരുന്നു. ഇപ്പോൾ കിട്ടുന്നത്, 4,000 മുതൽ 5,000 രൂപവരെയാ‍ണ്”, പണ്ടത്തെയും ഇന്നത്തെയും കാലം താരത‌മ്യം ചെയ്തുകൊണ്ട് മൻസൂർ സൂചിപ്പിക്കുന്നു.

PHOTO • Aslam Saiyad

വെള്ളം കൊടുത്ത് തിരിച്ചുവരുന്ന വഴിക്ക് (2020 ഡിസംബറിൽ), ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടോ എന്ന് ഫോണിൽ പരിശോധിക്കുന്ന മൻസൂർ. അയാളിൽനിന്ന് സ്ഥിരമായി വെള്ളം വാങ്ങുന്ന ചിലരുണ്ട്; ദിവസത്തിൽ 10 മുതൽ 30 ഓർഡറുകൾവരെ ലഭിക്കുന്നുമുണ്ട്. ചിലർ നേരിട്ട് വന്ന് വാങ്ങുമ്പോൾ ചിലർ ഫോണിൽ വിളിച്ച് ആവശ്യപ്പെടും

അയാളുടെ ബിസിനസ്സ് പങ്കാളിയായ 50 വയസ്സുള്ള ആലമും (അയാൾ വിളിപ്പേർ മാത്രമേ ഉപയോഗിക്കുന്നുള്ളു) ബിഹാർ സ്വദേശിയാണ്. ആലമും മൻസൂറും മൂന്നുമുതൽ ആറുമാസം വരെ മുംബൈയിൽ മാറി മാറി ചിലവഴിച്ച്, ബാക്കി സമയം നാട്ടിൽ കുടുംബത്തോടൊപ്പം കഴിയുന്നു. സ്വദേശത്ത് അവർ സ്വന്തം കൃഷിപ്പണി ചെയ്തോ, കർഷകത്തൊഴിലാളിയായോ വരുമാനം കണ്ടെത്തുന്നു.

2020 മാർച്ച് മുതൽ ജൂൺവരെ നീണ്ടുനിന്ന രാജ്യവ്യാപകമായ അടച്ചുപൂട്ടൽ സമയത്ത്, ഭൂലേശ്വറിൽ വളരെ കുറച്ച് ഉപഭോക്താക്കൾ മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രദേശത്തെ ചെറുകിട കച്ചവടക്കാരുടെ സഹായികളായ ആളുകൾ മാത്രം. പകൽ‌സമയത്ത് അവർ ജോലി ചെയ്യുകയും രാത്രി കടത്തിണ്ണകളിൽ ഉറങ്ങുകയും ചെയ്തിരുന്നു. ധാരാളം കടകൾ അടച്ചുപൂട്ടുകയും ആളുകൾ നാടുകളിലേക്ക് മടങ്ങുകയുമുണ്ടായി ആ കാലത്ത്. അഞ്ച് കുട്ടികളുടെ അച്ഛനായ മൻസൂറിന് അതിനാൽ കുടുംബത്തെ പോറ്റാനുള്ള വരുമാനമുണ്ടായിരുന്നില്ല. അങ്ങിനെ, 2021-ന്റെ തുടക്കത്തിൽ, നഗരത്തിലെ ഹാജി അലി പ്രദേശത്തെ ഒരു കെട്ടിട പുനർനിർമ്മാണ സൈറ്റിൽ, ഒരു കൽ‌പ്പണിക്കാരന്റെ സഹായിയായി, ദിവസം 600 രൂപ ശമ്പളത്തിന് ജോലിക്ക് ചേർന്നു.

2021 മാർച്ചിൽ മൻസൂർ സ്വന്തം ഗ്രാമമായ ഗച്ച് റാസുൽ‌പുരിലേക്ക് മടങ്ങിപ്പോവുകയും 200 രൂപ ദിവസവേതനത്തിന് കർഷകത്തൊഴിലാളിയായി ജോലിയെടുക്കുകയും ചെയ്തു. നാലുമാസത്തിനുശേഷം മുംബൈയിലേക്ക് തിരിച്ചെത്തി, വെള്ളം വിതരണം ചെയ്യുന്ന പണി പുനരാരംഭിച്ചു. ഇത്തവണ ജോലി നൾ ബസാറിലായിരുന്നു. അയാളുടെ തോൽ‌സ്സഞ്ചിക്ക് കേടുപാടുകൾ വന്നപ്പോൾ അത് നേരെയാക്കാൻ യൂനസ് ഷെയ്ക്കിനെ അന്വേഷിച്ചു ചെന്നു.

PHOTO • Aslam Saiyad

2021 ജനുവരിയിൽ, മുംബൈയിലെ ഭേണ്ടി ബസാർ പ്രദേശത്ത് തോൽ‌സ്സഞ്ചി തുന്നുന്ന യൂനസ് ഷെയ്ക്ക്. കുറച്ച് മാസങ്ങൾക്കുമുൻപ്, അയാൾ ബഹ്‌റൈച്ചിലെ തന്റെ വീട്ടിലേക്ക് സ്ഥിരമായി മടങ്ങി

വെള്ളം കൊണ്ടുപോകുന്ന തോൽ‌സ്സഞ്ചികൾ തുന്നുകയും കേടുപാടുകൾ തീർക്കുകയും ചെയ്താണ് 60 വയസ്സ് കഴിഞ്ഞ യൂനസ് ഉപജീവനം കണ്ടെത്തുന്നത്. 2020 മാർച്ചിലെ അടച്ചുപൂട്ടൽക്കാലത്ത് യൂനസ്, ഉത്തർ പ്രദേശിലെ ബഹ്‌റൈച്ചിലെ തന്റെ വീട്ടിലേക്ക് തിരിച്ചുപോയി. ഡിസംബറിൽ മുംബൈയിൽ തിരിച്ചെത്തിയെങ്കിലും കാര്യമായ ജോലിയൊന്നുമുണ്ടായിരുന്നില്ല. 10 മഷാക്ക് വാലകൾ മാത്രമേ അന്നവിടെ ജോലി ചെയ്തിരുന്നുള്ളു. കോവിഡ് 19 അടച്ചുപൂട്ടലിനുശേഷം അയാൾക്ക് കൊടുത്തിരുന്ന വേതനത്തിലും കുറവ് വന്നു. പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട്, 2021 തുടക്കത്തിൽ അയാൾ ബഹ്‌റൈച്ചിലേക്ക് സ്ഥിരമായി തിരിച്ചുവന്നു. തോൽ‌സ്സഞ്ചികൾ തുന്നാനുള്ള ശക്തി ക്ഷയിച്ചുവെന്ന് അയാൾ പറയുന്നു.

35 വയസ്സുള്ള ബാബു നയ്യാറിനെ സംബന്ധിച്ചിടത്തോളം തോൽ‌സ്സഞ്ചിയും ചുമന്നുള്ള ദിവസങ്ങൾ ഏതാണ്ട് അവസാനിച്ച മട്ടാണ്. “ആ തോൽ‌സ്സഞ്ചി ഇനി നേരെയാക്കാൻ പറ്റാത്തതുകൊണ്ട് ഞാനത് ഉപേക്ഷിച്ചു”. ഭേണ്ടി ബസാറിലെ നവാബ് അയാസ് മസ്ജിദിന് സമീപത്തുള്ള കടകളിലേക്ക് അയാൾ വെള്ളമെത്തിക്കുന്നത് പ്ലാസ്റ്റിക്ക് കൂടകളിലാണ്. “ആറുമാസം മുമ്പുവരെ, തോൽ‌സ്സഞ്ചി ഉപയോഗിക്കുന്ന 5-6 ആളുകൾ ഉണ്ടായിരുന്നു. എല്ലാവരും ഇപ്പോൾ അലുമിനിയം പാത്രങ്ങളിലേക്ക് മാറിക്കഴിഞ്ഞു”, യൂനസ് പോയതിനുശേഷം ബാബു പറഞ്ഞു.

തോൽ‌സ്സഞ്ചി നേരെയാക്കാൻ ആളുകളെ കിട്ടാത്തതിനാൽ മൻസൂറും പ്ലാസ്റ്റിക്ക് ബക്കറ്റുകളിലേക്ക് ചുവട് മാറ്റി. “യൂനസ് പോയതിൽ‌പ്പിന്നെ, തോൽ‌‌സ്സഞ്ചികൾ നേരെയാക്കാൻ ആരുമില്ല”, മൻസൂർ പറയുന്നു. ബക്കറ്റിൽ വെള്ളം നിറച്ച് ചവിട്ടുപടികൾ കയറാൻ അയാൾ നന്നേ ബുദ്ധിമുട്ടുന്നു. തോൽ‌സ്സഞ്ചിയാവുമ്പോൾ ചുമലിലൂടെ തൂക്കാമായിരുന്നു. കൂടുതൽ വെള്ളവും കൊള്ളുമായിരുന്നു. “ഇത് ഞങ്ങളുടെ ഭിഷ്തി ജോലിയുടെ അവസാനത്തെ അദ്ധ്യായമാണ്. ഇതിൽ പൈസയൊന്നും കിട്ടില്ല. മോട്ടോർ പൈപ്പുകൾ ഞങ്ങളുടെ തൊഴിൽ തട്ടിയെടുത്തു”, ബാബു പറയുന്നു.

PHOTO • Aslam Saiyad

ഭൂലേശ്വറിലെ സിപി. ടാങ്ക് പ്രദേശത്തെ ചന്ദരാംജി ഹൈസ്കൂളിൽനിന്ന് മൻസൂർ തന്റെ വണ്ടിയിൽ വെള്ളം നിറയ്ക്കുന്നു. ഇവിടെയുള്ള അമ്പലങ്ങളും സ്കൂളുകളും ഭിഷ്തികൾക്ക് വെള്ളം വിൽക്കുന്നു


PHOTO • Aslam Saiyad

ദൂധ് ബസാറിലെ വിതരണസ്ഥലത്തുള്ള തന്റെ വണ്ടിയിൽ വെള്ളം നിറയ്ക്കുന്ന മൻസൂർ. 2020 ഡിസംബറായിരുന്നു അപ്പോൾ. അപ്പോഴും അയാൾ തോൽ‌സ്സഞ്ചിയായിരുന്നു ഉപയോഗിച്ചിരുന്നത്. തോൽ‌സ്സഞ്ചിയുടെ അടിഭാഗം ഒരു കാർ ടയറിന്റെ മുകളിൽ വെച്ചാണ് അയാൾ അത് നിറയുന്നതുവരെ വെള്ളം നിറയ്ക്കുക


PHOTO • Aslam Saiyad

തോൽ‌സ്സഞ്ചി ചുമലിലൂടെ തൂക്കിയിട്ട്, അതിന്റെ വായ്ഭാഗം മറുകൈകൊണ്ട് പിടിച്ചാണ് കൊണ്ടുപോകുന്നത്


PHOTO • Aslam Saiyad

ഭൂലേശ്വറിലെ ചെറുകിട സ്ഥാപനങ്ങൾ മഷാക്ക് വാലകളിൽനിന്ന് വെള്ളം വാങ്ങുന്നു. ഇവിടെ, നൾ ബസാറിലെ ഒരു കടയിൽ മൻസൂർ വെള്ളം കൊടുക്കുന്നു. പ്രദേശത്തെ നിർമ്മാണ സൈറ്റുകളും അയാളിൽനിന്ന് വെള്ളം വാങ്ങുന്നു


PHOTO • Aslam Saiyad

നൾ ബസാറിൽ ആളുകൾ താമസിക്കുന്ന ഒരു പഴയ ജീർണ്ണീച്ച മൂന്നുനിലക്കെട്ടിടത്തിന്റെ മരഗോവണിപ്പടികൾ കയറുന്ന മൻസൂർ. രണ്ടാമത്തെ നിലയിലുള്ള ഒരു താമസക്കാരന് 60 ലിറ്റർ വെള്ളം കൊടുക്കണം അയാൾക്ക്. അതിനായി, മൂന്നോ നാലോ തവണ ആ ഗോവണിപ്പടികൾ അയാൾക്ക് കയറിയിറങ്ങണം


PHOTO • Aslam Saiyad

വണ്ടിയുന്തലിൽനിന്നും വെള്ളം വിതരണത്തിൽനിന്നും ചെറിയൊരു ഇടവേളയെടുക്കുന്ന മൻസൂറും സുഹൃത്ത് റസ്സാഖും ദൂധ് ബസാറിൽ


PHOTO • Aslam Saiyad

രാവിലത്തെ അദ്ധ്വാനം കഴിഞ്ഞ് ഉച്ചയ്ക്ക് ഒരു ചെറുമയക്കത്തിൽ. 2020-ൽ ദൂധ് ബസാറിലെ പൊതുശൌചാലയത്തിനടുത്തുള്ള തുറസ്സായ സ്ഥലമായിരുന്നു മൻസൂറിന്റെ ‘‘വീട്’.


PHOTO • Aslam Saiyad

മൻസൂറിന്റെ ബിസിനസ് പങ്കാളി ആലം, നൾ ബസാറിലെ തെരുവോര കച്ചവടക്കാർക്ക് വെള്ളം വിതരണം ചെയ്യുന്നു. 3-6 മാസം കൂടുമ്പോൾ ബിഹാറിലെ തന്റെ കുടുംബത്തെ സന്ദർശിക്കാൻ മൻസൂർ പോകുമ്പോൾ ആലം അയാളുടെ കച്ചവടം ഏറ്റെടുക്കുന്നു


PHOTO • Aslam Saiyad

2021 ജനുവരിയിൽ നൾ ബസാറിലെ ഒരു തൊഴിലാളിക്ക് ആലം തന്റെ തോൽ‌സ്സഞ്ചിയിൽനിന്ന് വെള്ളം വിതരണം ചെയ്യുന്നു


PHOTO • Aslam Saiyad

ഭെണ്ടി ബസാറിലെ നവാബ് അയാസ് മസ്ജ്ദിന്റെ സമീപത്തുള്ള കടയുടെ മുൻ‌വശം ബാബു നയ്യാർ തന്റെ തോൽ‌സ്സഞ്ചി ഉപയോഗിച്ച് നനയ്ക്കുന്നു. ഈ പ്രദേശത്തെ ഭിഷ്തിയായി ജോലി ചെയ്യുന്നത് അയാളാണ്. തങ്ങളുടെ കടകളുടെ മുൻ‌വശം വൃത്തിയാക്കാൻ നിരവധി കടയുടമകൾ ഭിഷ്തികളെയാണ് വിളിക്കുക. ബാബുവും ആലമും മൻസൂറുമെല്ലാം, ബിഹാറിലെ കാടിഹാർ ജില്ലയിലെ ഗച്ച് റസുൽ‌പുര ഗ്രാമത്തിൽനിന്നുള്ളവരാണ്


PHOTO • Aslam Saiyad

സുഷിരങ്ങൾ വീണ തന്റെ തോൽ‌സ്സഞ്ചി യൂനസ് ഷെയ്ക്കിനെക്കൊണ്ട് (ഇടത്ത്) നന്നാക്കിക്കുന്ന ബാബു


PHOTO • Aslam Saiyad

ഭെണ്ടി ബസാറിലെ നവാബ് ആയസ് മസ്ജിദിന്റെ മുമ്പിലുള്ള കെട്ടിടത്തിന്റെ പ്രവേശനകവാടത്തിലിരുന്ന് ബാബുവിന്റെ തോൽ‌സ്സഞ്ചി നേരെയാക്കുന്ന യൂനസ്


PHOTO • Aslam Saiyad

അഞ്ചടി നീളമുള്ള തോൽ‌സ്സഞ്ചി നന്നാക്കിയതിനുശേഷം യൂനസ് അത് ഉയർത്തിപ്പിടിക്കുന്നു. ഈ ഫോട്ടോ എടുത്ത് രണ്ടുമാസം കഴിഞ്ഞപ്പോഴേക്കും യൂനസ് തന്റെ ബഹ്‌റൈച്ചിലെ വീട്ടിലേക്ക് സ്ഥിരമായി തിരിച്ചുപോയി. തന്റെ വരുമാനം പകുതിയായെന്നും, തോൽ‌സ്സഞ്ചി നന്നാക്കാനുള്ള ആരോഗ്യമൊന്നും ഇപ്പോൾ ഇല്ലെന്നും അയാൾ പറഞ്ഞു


PHOTO • Aslam Saiyad

തന്റെ ഉപഭോക്താക്കൾക്ക് പ്ലാസ്റ്റിക്ക് കൂടകളിൽ വെള്ളം വിതരണം ചെയ്യുന്ന ബാബു


PHOTO • Aslam Saiyad

യൂനസ് തിരിച്ചുപോയതിനുശേഷം തോൽ‌സ്സഞ്ചി നന്നാക്കാൻ ആളുകളില്ലാതെ വന്നതിനാൽ, മൻസൂർ പ്ലാസ്റ്റിക്ക് ബക്കറ്റ് ഉപയോഗിക്കാൻ ആരംഭിച്ചു. 2022 ജനുവരിയിൽ, നൾ ബസാറിലെ ചെറിയ കടകളിലെ ജോലിക്കാർക്കുള്ള വെള്ളം ചുമന്നുകൊണ്ടുപോകുന്നു. പകൽ സമയത്ത് ജോലി ചെയ്യുന്ന മൻസൂർ രാത്രികളിൽ തെരുവിലാണ് കഴിയുന്നത്


PHOTO • Aslam Saiyad

വെള്ളം വിതരണം ചെയ്തതിനുശേഷം ബക്കറ്റുകളിൽ വീണ്ടും വെള്ളം നിറയ്ക്കാൻ മൻസൂർ തിരിച്ചുവരുന്നു


PHOTO • Aslam Saiyad

ഭിഷ്തികൾ ചെയ്തിരുന്ന ജോലി ഇപ്പോൾ ടാങ്കറുകൾ ഏറ്റെടുത്തുകഴിഞ്ഞു. വൈദ്യുത മോട്ടോറുകൾ ഉപയോഗിച്ച് അവർ കെട്ടിടങ്ങളിൽ നേരിട്ട് വെള്ളമെത്തിക്കുന്നു


PHOTO • Aslam Saiyad

നൾ ബസാറിലെ കടകളിൽ വിൽക്കാൻ വെച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് ഡ്രമ്മുകൾ. ഈ ഡ്രമ്മുകൾക്ക് ഭിഷ്തികളുടെയിടയിൽ നല്ല പ്രചാരമുണ്ട്. വാടകയ്ക്കെടുത്ത ലോഹ കൈവണ്ടികൾ മാറ്റി ഈ ഡ്രമ്മുകളാണ് ഇപ്പോൾ ഭിഷ്തികൾ ഉപയോഗിക്കുന്നത്


PHOTO • Aslam Saiyad

നൾ ബസാറിൽ വെള്ളം വിതരണം ചെയ്തതിനുശേഷം തോൽ‌സ്സഞ്ചിയുമായി നിൽക്കുന്ന മൻസൂർ ആലം ഷെയ്ക്കിന്റെ ഒരു പഴയ ഫോട്ടോ. ‘തോൽ‌സ്സഞ്ചിയിൽ വെള്ളം വിതരണം ചെയ്യുന്ന പരമ്പരാഗത രീതി ഇല്ലാതായിരിക്കുന്നു’


പരിഭാഷ : രാജീവ് ചേലനാട്ട്

Photos and Text : Aslam Saiyad

Aslam Saiyad teaches photography and photojournalism in Mumbai, and is co-founder of ‘Hallu Hallu’ heritage walks. His photography series entitled ‘The Last Bhishtis’ was first exhibited in March 2021 at Confluence, a virtual exhibition on water stories of Mumbai, supported by Living Waters Museum. He is currently presenting the photos as a bioscope show in Mumbai.

Other stories by Aslam Saiyad
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat