വെറും കൈകളുമായി അവൾ നിരത്തിൽ നിന്നു. സങ്കടത്തിന്റെ ഒരു സ്മാരകം. അതിന്റെ നീരാളിക്കൈകളിൽനിന്ന് എന്തെങ്കിലും തിരിച്ചുപിടിക്കാൻ അവൾ മിനക്കെട്ടതേയില്ല. അക്കങ്ങളൊന്നും തലയ്ക്കകത്ത് തെളിയുന്നില്ല. അതിനാൽ നഷ്ടങ്ങൾ എണ്ണിത്തിട്ടപ്പെടുത്തുന്നത് അവൾ അവസാനിപ്പിച്ചിരുന്നു. അവിശ്വാസത്തിൽനിന്ന് ഭയത്തിലേക്കും, ദേഷ്യത്തിലേക്കും, പ്രതിരോധത്തിലേക്കും, നിരാശയിലേക്കും മരവിപ്പിലേക്കും നിമിഷങ്ങൾക്കുള്ളിൽ അവൾ ചലിച്ചുകൊണ്ടിരുന്നു. ഇപ്പോളവൾ, തെരുവിന്റെ ഇരുവശത്തും നിൽക്കുന്ന മറ്റുള്ളവരെപ്പോലെ ആ നാശനഷ്ടങ്ങൾ നോക്കിനിൽക്കുക മാത്രം ചെയ്യുന്നു. ഘനീഭവിച്ച കണ്ണുനീർ കണ്ണുകളിൽ നിറയുന്നുണ്ടായിരുന്നു. തൊണ്ടയിൽ വേദന ഒരു മുഴപോലെ കുരുങ്ങുന്നു. ഒരു ബുൾഡോസറിന്റെ ചുവട്ടിൽ അവളുടെ ജീവിതം ചിതറിത്തെറിച്ച് കിടന്നു. ഏതാനും ദിവസങ്ങൾക്ക് മുൻപ് നടന്ന കലാപം കൊണ്ട് മതിയാകാത്ത മട്ടിൽ.

കാലം മാറുകയാണെന്ന് നസ്മയ്ക്ക് മനസ്സിലാവാൻ തുടങ്ങിയിട്ട് കുറച്ചുകാലമായിരുന്നു. തൈര് ഉറയൊഴിക്കാൻ ചെല്ലുമ്പോൾ രശ്മി അയയ്ക്കുന്ന നോട്ടം; ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്ന സ്ത്രീകളുടെ കൂടെ ചേരുമ്പോൾ, അഗാധമായ കിടങ്ങുകളാൽ ചുറ്റപ്പെട്ട ഒരു തുണ്ട് ഭൂമിയിൽ നിരാലംബയായി താൻ ഒറ്റയ്ക്ക് നിൽക്കുന്നതായ ഒരു ദുസ്വപ്നം – അതൊന്നുമായിരുന്നില്ല ആ മാറ്റം. തന്റെ ഉള്ളിലും എന്തോ ഒന്ന് മാറുന്നതുപോലെ ഒരു തോന്നൽ. മറ്റുള്ളവയെക്കുറിച്ചും, തന്നെക്കുറിച്ചും, തന്റെ പെണ്മക്കളെക്കുറിച്ചും, രാജ്യത്തെക്കുറിച്ചുമുള്ള തോന്നലുകളിൽ ഉണ്ടാവുന്ന മാറ്റങ്ങൾ. അവൾക്ക് ഭയം തോന്നുന്നു.

സ്വന്തമെന്ന് കരുതിയവ തട്ടിപ്പറിക്കപ്പെടുന്നത്, കുടുംബത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായിരുന്നില്ല. വെറുപ്പിന്റെ തീപ്പന്തവുമായി ലഹളക്കാർ പിന്തുടർന്നപ്പോൾ മുത്തശ്ശിക്ക് തോന്നിയതും ഇതേ വികാരമായിരുന്നിരിക്കണം. ഒരു കുഞ്ഞുവിരൽ അവളുടെ സാരിയിൽ പിടി മുറുക്കി. തിരിഞ്ഞുനോക്കിയപ്പോൾ അവളെ സ്വീകരിച്ചത്, നിസ്സഹായമായ ഒരു പുഞ്ചിരിയായിരുന്നു. അവളുടെ ആലോചനകൾ വീണ്ടും വന്യതയാർന്നത് അപ്പോഴായിരുന്നു.

പ്രതിഷ്ഠ പാണ്ഡ്യ ഇംഗ്ലീഷിൽ കവിത ചൊല്ലുന്നത് കേൾക്കാം

വന്യഗന്ധമുള്ള പൂക്കൾ

ഭാരമുള്ള നിർദ്ദയമായ ബ്ലേഡുകൾ
അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നു,
ചരിത്രത്തിന്റെ ഭൂതങ്ങളെ വെളിവാക്കുന്നു
പള്ളികളും മിനാരങ്ങളും തകർക്കുന്നു
പാതാളത്തിലെ വേരുകളോടൊപ്പം,
പക്ഷിക്കൂടുകളോടൊപ്പം,
പുരാതനമായൊരു ആൽമരത്തെപ്പോലും
കടപുഴക്കിയെറിയാൻ അതിനാവുന്നു
ബുള്ളറ്റ് ട്രെയിനുകൾക്ക് വഴിയൊരുക്കുന്നു
കുറ്റികളും കരിങ്കല്ലുകളും മാറ്റുന്നു
യുദ്ധഭൂമിയിലെ തടസ്സങ്ങൾ മാറ്റുന്നു
ഉന്നം നോക്കി വെടിവെക്കാൻ സൌകര്യമുള്ള
ഇടങ്ങൾ കണ്ടെത്തുന്നു
മൂർച്ചയുള്ള പല്ലുകളുടെ
ഉരുക്കുമുഷ്ടികൾ
ചെറുത്തുനിൽ‌പ്പിന്റെ സാന്ദ്രമായ നിലങ്ങളെ
തകർക്കുന്നു
ചതയ്ക്കാനും വെട്ടിനിരപ്പാക്കാനും
അവയ്ക്കറിയാം

അതൊക്കെ കഴിഞ്ഞാലും
നിങ്ങൾക്ക് ആ പരാഗജീവികളെ
കൈകാര്യം ചെയ്യാതിരിക്കാനാവില്ല
തീക്ഷ്ണവും, ഊറ്റമേറിയതും മൃദുവും
സ്നേഹം നിറഞ്ഞതും
പുസ്തകങ്ങളിൽനിന്ന് പുറത്ത് ചാടുന്ന,
നാവുകളിൽനിന്നും കൊഴിഞ്ഞുവീഴുന്ന,
ആ പരാഗജീവികളെ

ആ പുസ്തകങ്ങളുടെ പോരാട്ടങ്ങളെ
കീറിക്കളയാനോ,
നിയന്ത്രണമില്ലാത്ത ആ നാവുകളെ അറുത്തുകളയാനോ
ബുൾഡോസറുകൾ ആവശ്യമില്ല
കാറ്റിന്റെ പുറത്തേറി രക്ഷപ്പെടുന്ന,
പക്ഷികളുടേയും വണ്ടുകളുടേയും
ചിറകുകളിൽ സഞ്ചരിക്കുന്ന,
പുഴവെള്ളത്തിൽ ഒഴുകുന്ന
കവിതയിലെ വരികളുടെ അടിത്തട്ടിലൂടെ നീന്തുന്ന
അവിടെയും, ഇവിടെയും, എവിടെയും
യാതൊരു നിയന്ത്രണങ്ങളുമില്ലാതെ
പരാഗങ്ങൾ നടത്തുന്ന അവയെ പക്ഷേ
നിങ്ങൾ എന്തു ചെയ്യും?

പാടങ്ങളിലും ചെടികളിലും ഇതളുകളിലും
മനസ്സുകളിലും ചങ്ങല പൊട്ടിച്ച നാവുകളിലും
പടർന്നുകയറുന്ന
ഘനമില്ലാത്ത,
മഞ്ഞനിറത്തിലുള്ള
ഉണങ്ങിയ
അജയ്യമായ രേണുക്കൾ
അവ പൊട്ടിവിടരുന്നത് എങ്ങിനെയാണെന്ന് നോക്കൂ!

കടും നിറത്തിലുള്ള പൂക്കളുടെ വനങ്ങൾ
വന്യഗന്ധമുള്ളവർ
ഭൂമിയെ ആശ്ലേഷിക്കുന്നു
പ്രതീക്ഷ പോലെ വളരുന്നു
നിങ്ങളുടെ ബ്ലേഡുകളുടെ
മൂർച്ചകൾക്കിടയിൽനിന്നും
നിങ്ങളുടെ ബുൾഡോസറുകളുടെ
പാതകൾക്കടിയിൽനിന്നും
അവ പൊട്ടിവിടരുന്നത്
എങ്ങിനെയാണെന്ന് നോക്കൂ!

പരിഭാഷ: രാജീവ് ചേലനാട്ട്

Poem and Text : Pratishtha Pandya

Pratishtha Pandya is a Senior Editor at PARI where she leads PARI's creative writing section. She is also a member of the PARIBhasha team and translates and edits stories in Gujarati. Pratishtha is a published poet working in Gujarati and English.

Other stories by Pratishtha Pandya
Illustration : Labani Jangi

Labani Jangi is a 2020 PARI Fellow, and a self-taught painter based in West Bengal's Nadia district. She is working towards a PhD on labour migrations at the Centre for Studies in Social Sciences, Kolkata.

Other stories by Labani Jangi
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat