സത്യം പറഞ്ഞാൽ, ഷെനോലിയിലെ ആ ചരിത്രപ്രസിദ്ധമായ റെയിൽവേ ട്രാക്കിൽവെച്ച് ആ ചടങ്ങ് നടത്താൻ തീരുമാനിച്ചപ്പോൾ, അധികമാളുകളെയൊന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല. എന്നിട്ടും, ആ വേനൽക്കാലത്തെ ഉച്ചസമയം 3 മണിക്ക് 250 ഓളം ആളുകൾ അവിടെ എത്തിച്ചേർന്നു. മിക്കവരും 80-നും 90-നും മീതെ പ്രായമായവർ. പാർക്കിൽ ഉല്ലസിക്കുന്ന കുട്ടികളെപ്പോലെ അവരെല്ലാം ട്രാക്കിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യസമരചരിത്രത്തിലെ വിവിധ ധാരകളുടെ ഒരു സംഗമമായിരുന്നു അത്. ഗോപാൽ ഗാന്ധിയെ ഊഷ്മളമായി ആലിംഗനം ചെയ്തുകൊണ്ട് മഹാത്മാ ഗാന്ധിക്ക് ജയ് വിളിക്കുന്ന പഴയ വിപ്ലവസംഘത്തിലെ സായുധ പോരാളികൾ. പ്രത്യേകിച്ചും 95 വയസ്സുള്ള ക്യാപ്റ്റൻ ഭാവു. (ഭാവു എന്ന മറാത്തി വാക്കിന് ജ്യേഷ്ഠൻ എന്നാണർത്ഥം). ദേഹസുഖമില്ലാതിരുന്നിട്ടും, നിശ്ചയദാർഢ്യം ഒന്നുകൊണ്ടുമാത്രമാണ് അദ്ദേഹം അവിടെ എത്തിയത്. അഭിമാനം കൊണ്ട് അദ്ദേഹത്തിന്‍റെ കണ്ണുകൾ നിറഞ്ഞിരുന്നു. ഊർജ്ജം നിറഞ്ഞ ഒരു കുട്ടിയെപ്പോലെ 94 വയസ്സുള്ള മാധവ്റാവ് മാനെ റെയിൽവേ ട്രാക്കിലൂടെ ഓടിനടക്കുന്നുണ്ടായിരുന്നു. അദ്ദേഹം വീഴുമെന്ന് ഭയന്ന്, പിന്നാലെ ഞാനും. ഒരിക്കൽപ്പോലും അദ്ദേഹത്തിന് കാലിടറിയില്ല. മുഖത്തെ പുഞ്ചിരിയും മാഞ്ഞില്ല.
ഞങ്ങൾ ട്രാക്കിലൂടെ നടന്ന്, 74 കൊല്ലം മുൻപ്, വിപ്ലവകാരികൾ തീവണ്ടി തടഞ്ഞുനിർത്തി അതിനകത്ത് കയറിക്കൂടിയ ആ ചരിത്രപ്രസിദ്ധമായ സ്ഥലത്ത് പോയി. അവിടെ ചെറിയൊരു സ്മാരകമുണ്ട്. വിപ്ലവകാരികളുടെ ഓർമ്മയ്ക്കായുള്ളതല്ല, ആക്രമണത്തെ അപലപിച്ചുകൊണ്ടുള്ളത്. ആ ദിവസത്തിന്‍റെ ശരിയായ പ്രാധാന്യം അറിയിച്ചുകൊണ്ടുള്ള മറ്റൊരു സ്മാരകം അതിനടുത്ത് സ്ഥാപിക്കാനുള്ള സമയമായിരിക്കുന്നു.
പിന്നീട്, ഞങ്ങൾ കുണ്ഡലിൽവെച്ച് നടക്കുന്ന ആ വലിയ ചടങ്ങിലേക്ക് നീങ്ങി. 1943-ലെ പ്രതിസർക്കാരിന്‍റെ ആസ്ഥാനമായിരുന്നു അത്. ഷെനോലിയിൽനിന്ന് ഒരു 20 മിനിറ്റ് ദൂരമേ ഉണ്ടായിരുന്നുള്ളൂ അവിടേക്ക്. ആ പഴയ വിപ്ലവകാരികളുടെ അനന്തരാവകാശികളും നാട്ടുകാരും ചേർന്ന് സംഘടിപ്പിച്ച പരിപാടിയായിരുന്നു അത്. നാഗ്‌നാഥ് നായക്‌വാഡിയിലെ ജി.ഡി. ബാപു ലാഡിന്‍റെയും പ്രതിസർക്കാരിന്‍റെ തലവൻ നാനാ പാട്ടിലിന്‍റെയും കുടുംബങ്ങളുണ്ടായിരുന്നു. 1943-ലെ ആ പഴയ ത്രിമൂർത്തികളിലെ ഒരാൾ മാത്രമേ ഇന്ന് ജീവിച്ചിരിപ്പുള്ളു. ക്യാപ്റ്റൻ ഭാവു മാത്രം. നാനാ പാട്ടീലിന്‍റെ മകൾ ഹൌൻസതായി പാട്ടീലും ഉണ്ടായിരുന്നു. വളരെയധികം സജീവമായിരുന്നു അവരും. മാത്രമല്ല, ആ ഒളിവിലെ വിപ്ലവകാരികളുടെ സംഘടനയിലെ അംഗവുമായിരുന്നു അവർ. ക്യാപ്റ്റൻ ഭാവു എന്ന ആ പ്രായംചെന്ന മനുഷ്യൻ രണ്ട് ദിവസം മുൻപ് തെരുവിലായിരുന്നു. അതെ, മഹാരാഷ്ട്രയിലെ കർഷകപ്രക്ഷോഭകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട്. ആ പഴയ സ്വാതന്ത്ര്യസമരപോരാളികൾ മിക്കവരും ഒരുകാലത്ത് കർഷകരോ കർഷകത്തൊഴിലാളികളോ ആയിരുന്നുവെന്നും നമ്മൾ ഓർക്കണം. അവരിൽ പലരുടേയും അനന്തരാവകാശികൾ ഇന്നും ആ തൊഴിലെടുത്താണ് ജീവിക്കുന്നത്.