പാറക്കെട്ടുകൾ നിറഞ്ഞ, നിരപ്പല്ലാതെ കിടക്കുന്ന പരുത്തിപ്പാടങ്ങളുടെ ഒറ്റപ്പെട്ട ഒരു കോണിലാണ് ചമ്പത് നാരായൺ ജാംഗ്ലെ മരിച്ചു വീണത്.
മഹാരാഷ്ട്രയുടെ ഈ പ്രദേശങ്ങളിൽ, ഹൽകി ജമീൻ (ആഴം കുറഞ്ഞ നിലം) എന്നാണ് ഇത്തരം ഭൂപ്രദേശങ്ങൾ അറിയപ്പെടുന്നത്. പച്ചപ്പ് പുതച്ച ഒരു കുന്നിന്റെ പശ്ചാത്തലത്തിൽ, ഒരു ക്യാൻവാസിലെന്നപോലെ പല നിരപ്പായി നീണ്ടുകിടക്കുന്ന ഈ ഭൂഭാഗങ്ങൾ അന്ധ് ഗോത്രത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഗ്രാമത്തിൽനിന്ന് അകലെ, ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു കൃഷിയിടം.
അങ്ങിങ്ങായി വലിയ പാറകൾ ചിതറിക്കിടക്കുന്ന ഈ ഭൂമിയിൽ ചമ്പത് പണിത, ഓല മേഞ്ഞ ഒരു കൂര ഇപ്പോഴും നിൽപ്പുണ്ട്. വിളകൾ നശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ തുരത്താൻ രാപ്പകൽ ഭേദമന്യേ കൃഷിയിടത്തിൽ കാവലിരിക്കേണ്ടിവരുമ്പോൾ, കടുത്ത ചൂടിൽനിന്നും മഴയിൽനിന്നും രക്ഷ നേടാനായി ചമ്പത് പണിതതാണ് അത്. വിളകളെ പരിപാലിച്ചും കൃഷിപ്പണികൾ ചെയ്തും ചമ്പത് സദാസമയവും ആ കൂരയിൽത്തന്നെ ഉണ്ടാകുമായിരുന്നെന്ന് അയൽക്കാർ ഓർക്കുന്നു.
ആ കൂരയിൽനിന്ന് നോക്കുമ്പോൾ, അന്ധ് ഗോത്രത്തിൽ നിന്നുള്ള കർഷകനായ, നാല്പതുകളിൽ പ്രായമുള്ള ചമ്പതിന് തന്റെ കൃഷിയിടത്തിന്റെ പൂർണ്ണ ചിത്രം കിട്ടിയിരുന്നിരിക്കണം- നികത്താനാകാത്ത നഷ്ടങ്ങളുടെ കണക്കുകൾ, കായ്ക്കാതെ, വളർച്ച മുരടിച്ച പരുത്തി ചെടികൾ, മുട്ടോളം ഉയരത്തിൽ വളർന്നു നിൽക്കുന്ന വൻപയർ ചെടികൾ.
ഒറ്റനോട്ടത്തിൽത്തന്നെ, രണ്ടുമാസത്തിനുശേഷം വിളവെടുപ്പ് കാലമാകുമ്പോൾ ഈ പാടങ്ങളിൽനിന്നും ഒന്നും ലഭിക്കാൻ പോകുന്നില്ലെന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ടാകണം. കൊടുത്തുതീർക്കാനുള്ള കടങ്ങളും കുടുംബത്തിന്റെ ദൈനംദിന ചിലവുകളും അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. കയ്യിൽ പക്ഷെ പണമൊന്നും ഉണ്ടായിരുന്നതുമില്ല.
















