2020-ൽ കോവിഡിനെത്തുടർന്ന് അടച്ചുപൂട്ടൽ വന്ന സമയത്ത്, മുത്തച്ഛൻ വീണ് കാലൊടിഞ്ഞു എന്ന വാർത്ത നാട്ടിൽനിന്ന് വന്നു. കൊറോണ കാരണം, സാമൂഹികാരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരൊന്നും ഉണ്ടായിരുന്നില്ല. ചുറ്റുമുള്ള സ്വകാര്യ ക്ലിനിക്കുകളൊക്കെ അടയ്ക്കുകയും ചെയ്തിരുന്നു. പൊട്ടിയ കാലിന് ചുറ്റും എങ്ങിനെയൊക്കെയോ പ്ലാസ്റ്ററൊക്കെയിട്ട് എന്‍റെ വീട്ടുകാർ വീട്ടിൽത്തന്നെ മൂപ്പരെ പരിചരിച്ചു. പക്ഷേ ഇടയ്ക്കിടയ്ക്ക് പനിയും അസഹ്യമായ വേദനയും വന്ന് മുത്തച്ഛൻ ഉറക്കെ നിലവിളിക്കാൻ തുടങ്ങി. ദിവസം‌‌പ്രതി അദ്ദേഹം ക്ഷീണിച്ച് ക്ഷീണിച്ച് വന്നു. കഴിഞ്ഞ വർഷം മേയ് മാസം അദ്ദേഹം മരിച്ചു.

ഇത് സംഭവിക്കുമ്പോൾ ഞാൻ മുംബൈയിലായിരുന്നു. ഒരു കൊടുങ്കാറ്റ് വീശിയപോലെ എല്ലാം മരവിച്ചപോലെയായിരുന്നു. മഹാവ്യാധിയെക്കുറിച്ചുള്ള ഭയം വർദ്ധിക്കുമ്പോൾത്തന്നെ തെരുവിലാകട്ടെ, പൊലീസുകാർ ലാത്തിവീശുകയായിരുന്നു. എല്ലാ വരുമാനവും നിലച്ചു. കുടിയേറ്റക്കാരൊക്കെ അവരവരുടെ ഗ്രാമങ്ങളിലേക്ക് പോകാൻ തുടങ്ങി. ഞാൻ മുംബൈയിൽത്തന്നെ തങ്ങി. പച്ചക്കറി വില്പനയായിരുന്നു എനിക്ക്. ഞങ്ങൾക്ക് ജോലി ചെയ്യാൻ തടസ്സമൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ, മുത്തച്ഛൻ മരിച്ചു എന്നറിഞ്ഞപ്പോൾ ഉത്തർപ്രദേശിലെ ജൗൻപുർ ജില്ലയിലെ എന്‍റെ ഗ്രാമത്തിലേക്ക് പോകാൻ ഞാൻ ആഗ്രഹിച്ചു. മൂപ്പരുമായി ഒരു പ്രത്യേക അടുപ്പമുണ്ട് എനിക്ക്. മാത്രമല്ല, അമ്മയൊഴിച്ച് അവിടെ വേറെയാരും സഹായത്തിനുണ്ടായിരുന്നില്ല.

ബുദ്ധിമുട്ടുള്ള സമയമായിരുന്നു. രാജ്യത്തിന്‍റെ എല്ലാ ഭാഗത്തുനിന്നും വരുന്ന വാർത്തകൾ അത്രയ്ക്ക് മോശമായിരുന്നു. നാട്ടിലേക്ക് നടന്നുപോവുകയായിരുന്ന ചില തൊഴിലാളികൾ ക്ഷീണിച്ച് രാത്രിയിൽ റെയിൽ‌പ്പാളത്തിൽ കിടന്നുറങ്ങുമ്പോൾ വണ്ടി കയറി മരിച്ചു. വെള്ളവും ആഹാരവുമില്ലാതെ ഒരു അമ്മ ഒരു കൈക്കുഞ്ഞിനെയുമെടുത്ത് നടക്കുന്നുണ്ടായിരുന്നു. ഞാൻ പെട്ടിയൊക്കെ തയ്യാറാക്കി അടുത്തുള്ള വെസ്റ്റ് അന്ധേരി റെയിൽ‌വേസ്റ്റേഷനിലേക്ക് പോയി. നാട്ടിലേക്കുള്ള വണ്ടികളുടെ കാര്യം അന്വേഷിക്കാൻ. അലഹബാദിലേക്ക് വണ്ടിയൊന്നും പോവുന്നില്ലെന്ന് അറിഞ്ഞു. വാരാണസിയിലെ ഒരു തീവണ്ടിയിൽനിന്ന് രണ്ട് മൃതദേഹങ്ങൾ കണ്ടുകിട്ടിയെന്ന വാർത്ത പരന്നിരുന്നു. യു.പി.യിലേക്ക് പോകേണ്ടിയിരുന്ന ഒരു ട്രെയിൻ ഒഡിഷയിലേക്ക് പോയെന്നും കേട്ടു. ഗ്രാമത്തിലെത്തണമെങ്കിൽ അലഹബാദും കഴിഞ്ഞ് ഒരു 70 കിലോമീറ്റർ പോണം എനിക്ക്. ഇപ്പോൾ അലഹബാദല്ല. പ്രയാഗ്‌രാജാണ്. ഇതൊക്കെ കേട്ട് ആകെക്കൂടി മനസ്സ് മടുത്തു. വേണമെങ്കിൽ ടാക്സിയിൽ പോകാമായിരുന്നു. പക്ഷേ 40,000 മുതൽ 50,000 രൂപ വരെ കൊടുക്കണം. എനിക്കത് തീരെ താങ്ങാനാവുമായിരുന്നില്ല. അതുകൊണ്ട് പോക്ക് ഒഴിവാക്കി. വേറെ മാർഗ്ഗമുണ്ടായിരുന്നില്ല.

Mithun Kumar (facing the camera) in a BEST bus, on his way to the vegetable market
PHOTO • Sumer Singh Rathore
Inspecting lemons at the mandi in Dadar, Mumbai
PHOTO • Sumer Singh Rathore

ഇടത്ത് : ‘ ബെസ്റ്റി ന്‍റെ ബസ്സിൽ പച്ചക്കറി മാർക്കറ്റിലേക്ക് പോകുന്ന മിഥുൻ കുമാർ ( ക്യാമറയ്ക്ക് അഭിമുഖമായി ); വലത്ത് : മുംബൈയിലെ ദാദറിലെ ചന്തയിൽ നാരങ്ങകൾ പരിശോധിക്കുന്നു

അന്ത്യകർമ്മങ്ങൾക്കായി മുത്തച്ഛനെ അലഹബാദിലെ ഝാൻസി പട്ടണത്തിലേക്ക് കൊണ്ടുപോയി. വാഹങ്ങൾ റോഡിൽ ഇറങ്ങാൻ സമ്മതിച്ചിരുന്നില്ല എന്ന് അമ്മ പറഞ്ഞു. പൊലിസ് ചോദ്യങ്ങൾ ചോദിച്ച് വലച്ചു. പല സ്ഥലങ്ങളിലെയും ഘാട്ടുകളിൽ ശവസംസ്കാരം നിരോധിച്ചിരുന്നു. എന്തായാലും മുത്തച്ഛന്‍റെ ക്രിയകളൊക്കെ പേടിച്ചുവിറച്ച് എങ്ങിനെയൊക്കെയോ ചെയ്തുകൂട്ടി.

ഞാൻ ജനിച്ചത് മുംബൈയിലായിരുന്നുവെങ്കിലും കുട്ടിക്കാലം ജൗൻപുരിലായിരുന്നു. പഠിച്ചതും അവിടെത്തന്നെ. 15 വയസ്സിലോ മറ്റോ 1975-ലാണ് എന്‍റെ അച്ഛൻ മുംബൈയിലെത്തിയത്. മുംബൈയിലേക്ക് മാറുന്നത് എളുപ്പമായിരുന്നില്ല അച്ഛന്. ജനിച്ച് വലിയ താമസമില്ലാതെ അമ്മയെ നഷ്ടപ്പെട്ട ആളാണ് എന്‍റെ അച്ഛൻ. തൊഴിലെന്ന് പറയാൻ, മറ്റുള്ളവരുടെ പാടത്ത് പണിയെടുക്കുകയായിരുന്നു അച്ഛന്‍റെ അച്ഛൻ, എന്‍റെ മുത്തച്ചൻ. അതിനുപുറമേ പാത്രങ്ങളും ഓടുകളുമൊക്കെ ഉണ്ടാക്കുമായിരുന്നു അദ്ദേഹം. വേറെ പണിയൊന്നുമില്ല. മറ്റുള്ളവരുടെ പാടത്ത് പണിചെയ്താൽ, കുടുംബം പോറ്റാനുള്ള വകയൊന്നും കിട്ടിയിരുന്നില്ല. വസ്ത്രമെന്ന് പറയാൻ, അരയിൽ നഗ്നത മറയ്ക്കാൻ ഒരു തുണിമാത്രമാണ് കുടുംബത്തിലെ ആണുങ്ങൾക്കുണ്ടായിരുന്നത്. ഒരു ചെറിയ കഷണം മുണ്ട്. കഴിക്കാൻ അരിയും ഗോതമ്പുമൊന്നും ഉണ്ടായിരുന്നില്ല. അടുത്തുള്ള പറമ്പുകളിൽനിന്ന് കിട്ടുന്ന ചെറുധാന്യങ്ങൾ, ചോളം, ഉരുളക്കിഴങ്ങ്, മഹുവ (ഇലിപ്പ് എന്നും പറയും. ഒരുതരം ഫലവർഗ്ഗം), ഇതൊക്കെയായിരുന്നു ആഹാരം.

*****

ആരുടെയൊക്കെ വീട്ടിലാണ് മുത്തച്ഛൻ ജോലി ചെയ്തിരുന്നത് എന്നൊന്നും പറയേണ്ട കാര്യമില്ലല്ലോ..ആർക്കൊക്കെയാണ് ഭൂമി സ്വന്തമായുണ്ടായിരുന്നത്, ആരൊക്കെയാണ് പണിയെടുത്തത് എന്നൊന്നും

ചെയ്യുന്ന കഠിനാദ്ധ്വാനത്തിന് ചിലപ്പോൾ പൈസപോലും കിട്ടിയിരുന്നില്ല മുത്തച്ഛന്. മൂപ്പരുടെ പൂർവ്വികന്മാരുണ്ടാക്കിയ കടം ബാക്കിയാണെന്നും അത് തിരിച്ചടയ്ക്കേണ്ടത് മുത്തച്ഛന്‍റെ കടമയാണെന്നുമൊക്കെയാണ് മറുപടി കിട്ടുക. “നിങ്ങളുടെ മുത്തച്ഛൻ ഇത്ര കടം വരുത്തി, അങ്ങേരുടെ മുത്തച്ഛൻ ഇത്ര കടം തിരിച്ചുതരാനുണ്ടായിരുന്നു” - ആരുടെയൊക്കെ വീട്ടിലാണ് മുത്തച്ഛൻ ജോലി ചെയ്തിരുന്നത് എന്നൊന്നും പറയേണ്ട കാര്യമില്ലല്ലോ..ആർക്കൊക്കെയാണ് ഭൂമി സ്വന്തമായുണ്ടായിരുന്നത്, ആരൊക്കെയാണ് പണിയെടുത്തിരുന്നത് എന്നൊന്നും. കുറച്ച് വലുതായപ്പോൾ, മുത്തച്ഛൻ പണിയെടുത്തിരുന്ന കുടുംബത്തിന്‍റെ കൂടെ എന്‍റെ അച്ഛനും ജീവിക്കാൻ തുടങ്ങി. അമ്മയില്ലാത്തതിനാലും മുത്തച്ഛൻ പണിസ്ഥലത്തായതിനാലും അച്ഛനേയും അച്ഛന്‍റെ ഏട്ടനേയും നോക്കാൻ വെറെയാരും ഉണ്ടായിരുന്നില്ല. വീട്ടുകാർ ഏൽ‌പ്പിക്കുന്ന പണിയും പാടത്തെ പണിയുമൊക്കെ ചെയ്ത് അച്ഛൻ അവിടെ താമസിച്ചു. പണിയൊന്നുമില്ലാത്ത സമയത്ത് പശുക്കളേയും എരുമകളേയും പറമ്പുകളിൽ മേയ്ക്കാൻ കൊണ്ടുപോകണം. ഇതിനൊക്കെ കൂലിയായി ഭക്ഷണം മാത്രം കിട്ടും. വേറെയൊരു പ്രതിഫലവുമില്ല. അച്ഛന് നാടുവിടാനും ഒരു മാർഗ്ഗവുമുണ്ടായിരുന്നില്ല.

PHOTO • Courtesy: Mithun Kumar
PHOTO • Courtesy: Mithun Kumar

ഉത്തർപ്രദേശിലെ ജൗ ൻപുർ ജില്ലയിലെ ഗ്രാമത്തിലെ പാടത്ത് പണിയെടുക്കുന്ന മിഥുന്‍റെ അമ്മ . 30 വർഷം മുൻപ് , ഭർത്താവ് നഗരത്തിൽ പച്ചക്കറികൾ കച്ചവടം ചെയ്യുമ്പോൾ അവർ ഗ്രാമത്തിലും മുംബൈയിലുമായി മാറിമാറി താമസിച്ചിരുന്നു

ഞങ്ങളുടെ ഒരു അയൽക്കാരൻ 1970-ൽ മുംബൈയിലെത്തി പഴം വില്പന തുടങ്ങിയിരുന്നു. അയാളുടെ സഹായത്തോടെ എന്‍റെ വല്യച്ഛന്‍ (അച്ഛന്‍റെ മൂത്ത സഹോദരൻ) രണ്ടുവർഷത്തിനുശേഷം മുംബൈയിലെത്തി ആ കച്ചവടത്തിൽ ചേർന്നു. പിന്നീടദ്ദേഹം സ്വന്തമായി പഴങ്ങൾ വിൽക്കാൻ തുടങ്ങി. മൂപ്പർ കുറച്ച് പൈസയൊക്കെയായി നാട്ടിൽ വന്നപ്പോഴാണ് ഞങ്ങളുടെ വീട് ഒന്ന് പച്ച പിടിച്ചത്. മുംബൈയിലേക്ക് തിരിച്ചുപോയപ്പോൾ വല്യച്ഛൻ എന്‍റെ അച്ഛനേയും കൂടെ കൂട്ടി. ഇതറിഞ്ഞപ്പോൾ, അച്ഛൻ ജോലി ചെയ്തിരുന്ന വീട്ടുകാർ മുംബൈയിലെ ആ അയൽക്കാരനുമായി ബഹളംവെച്ചു. ‘ഞങ്ങളുടെ ആളെ’ വഴി പിഴപ്പിക്കുന്നു, ഗൂഢാലോചന നടത്തുന്നു എന്നൊക്കെയായിരുന്നു ആരോപണങ്ങൾ. വഴക്ക് മൂത്ത് കൈയ്യാങ്കളിവരെ എത്തി. രണ്ട് കുടുംബങ്ങൾക്കും ഭീഷണിയൊക്കെ ഉണ്ടായി. പക്ഷേ എല്ലാവരും തീരുമാനിച്ചുറച്ചതിനാൽ, അവർ മുംബൈയിലേക്ക് പോയി. അടിമപ്പണി അവസാനിപ്പിക്കാനുള്ള ആദ്യത്തെ ചുവടുവെയ്പ്പായിരുന്നു അത്. സ്വാതന്ത്ര്യം കിട്ടിയ ഒരു രാജ്യത്ത് ഇങ്ങനെയൊക്കെ നടന്നത് വെറും 40 – 50 കൊല്ലം മുമ്പാണെന്ന് ഓർക്കുമ്പോൾ ഇപ്പഴും നമുക്ക് വിശ്വസിക്കാൻ സാധിക്കില്ല.

കുറച്ചുകാലം വല്യച്ഛന്‍റെ കൂടെ ജോലി ചെയ്തതിനുശേഷം അച്ഛൻ സ്വന്തം കട തുടങ്ങി. ചുറ്റുപാടുകളൊക്കെ ഒന്ന് മെച്ചപ്പെട്ടപോൾ നാട്ടിൽ ഒരു കല്യാണം ഉറപ്പിച്ചു. അമ്മ കുറച്ചുകാലം ഗ്രാമത്തിൽ തങ്ങിയെങ്കിലും പിന്നീട് ഇടയ്ക്കിടയ്ക്ക് ഗ്രാമത്തിലും മുംബൈയിലുമായി ജീവിക്കാൻ തുടങ്ങി. കുറച്ച് മാസങ്ങൾ മുംബൈയിൽ അച്ഛനോടൊത്ത് കഴിഞ്ഞ് നാട്ടിലേക്ക് പോവും. ഞാൻ ജനിക്കുന്നത് 1990-ലാണ്. മുംബൈയിലെ ജുഹു ഭാഗത്തുള്ള കൂപ്പർ ആശുപത്രിയിൽ.

അമ്മയുടെ കുടുംബം അല്പം ധനസ്ഥിതിയുള്ള കൂട്ടത്തിലായിരുന്നു. സ്വന്തമായി കുറച്ച് സ്ഥലമുണ്ടായിരുന്നു അമ്മയുടെ അച്ഛന്. എന്‍റെ അമ്മയുടെ സഹോദരന്മാർ (അമ്മാവന്മാർ) രണ്ടുപേരും പഠിച്ചിട്ടുമുണ്ടായിരുന്നു. 40 കൊല്ലം മുമ്പ്, പന്ത്രണ്ടാം ക്ലാസ്സുവരെയൊക്കെ പഠിക്കുക എന്ന് പറഞ്ഞാൽ വലിയ കാര്യമാണ്. അതിനും പുറമേ, അവരുടെ രാഷ്ട്രീയ വീക്ഷണവും ആശയങ്ങളും കാഴ്ചപ്പാടും ഒക്കെ ആധുനികമായിരുന്നു. പക്ഷേ പിതൃമേധാവിത്തമുള്ള സമൂഹത്തിൽ, പുരുഷന്മാരുടെ കാര്യത്തിൽ എത്ര മെച്ചമുണ്ടായാലും സ്ത്രീകളുടെ ദുരിതത്തിന് ഒരവസാനവുമുണ്ടായിരുന്നില്ല. അമ്മയും സഹോദരിമാരും നാത്തൂന്മാരും ഒക്കെ പാടത്ത് പണിയെടുത്തായിരുന്നു ജീവിച്ചിരുന്നത്.

എന്‍റെ അമ്മ അതിനു മുൻപ് ഒരു വിവാഹം കഴിച്ചിരുന്നു. അതേ ധനസ്ഥിതിയുള്ള ഒരു കുടുംബത്തിലേക്ക്. പക്ഷേ കുറച്ചുകാലം കഴിഞ്ഞപ്പോൾ അമ്മ അവരുടെ അച്ഛനമ്മമാരുടെ വീട്ടിലേക്ക് തിരിച്ചുവന്നു. മുഴുവൻ കാരണവുമൊന്നും എനിക്കറിയില്ലെങ്കിലും, അമ്മയുടെ ത്വക്ക്‌രോഗമാണ് പ്രശ്നമായതെന്നാണ് എനിക്കറിയാൻ കഴിഞ്ഞത്. ഞാൻ അന്വേഷിക്കാനൊന്നും പോയില്ല. കുറച്ച് വർഷങ്ങൾ അമ്മ, വീട്ടുകാരുടെ കൂടെ കഴിഞ്ഞു. പിന്നെയാണ് അച്ഛനെ കെട്ടിയത്. കാരണം വളരെ ലളിതമാണ്. അച്ഛന്‍റെ കുടുംബത്തിന്‍റെ സ്ഥിതി അത്രയൊന്നും മെച്ചപ്പെട്ടതല്ലായിരുന്നുവെങ്കിലും, കൂടുതൽ മെച്ചപ്പെട്ട ഒരു കുടുംബത്തിൽനിന്നുള്ള ആലോചന ഒഴിവാക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല എന്നതുതന്നെ.

PHOTO • Devesh
PHOTO • Sumer Singh Rathore

എന്നും അതിരാവിലെ 4.30- ന് മിഥുൻ ദാദർ പച്ചക്കറി മാർക്കറ്റിൽ പോയി സാധനങ്ങൾ ടെമ്പോയിൽ ( വലത്ത് ) നിറച്ച് തന്‍റെ കടയിലെത്തിക്കും

ഞാൻ ജനിക്കുന്നതുവരെ അച്ഛന്‍റെ കട നന്നായി നടന്നിരുന്നു. പക്ഷേ പിന്നീട് ചില പ്രശ്നങ്ങളാൽ കട നഷ്ടപ്പെട്ടപ്പോൾ ഒരു വാ‍ടകമുറിയിൽ കച്ചവടം പുതുതായി തുടങ്ങേണ്ടിവന്നു. ഒടുവിൽ അഞ്ച് മക്കൾ ആയതോടെ, അമ്മയുടെ മുംബൈയിലേക്കുള്ള വരവ് നിന്നു. മുത്തച്ഛന്‍റെ കൂടെ പാട്ടവ്യവസ്ഥയിൽ ഗ്രാമത്തിൽത്തന്നെ കൃഷിപ്പണിയിലിറങ്ങി അമ്മ. മൺപാത്രങ്ങളുണ്ടാക്കാനുള്ള മണ്ണ് കുഴയ്ക്കാനും അമ്മ സഹായിച്ചു. എന്തിന് പറയുന്നു, സാമ്പത്തിക ബുദ്ധിമുട്ടുകൾ വർദ്ധിച്ചതോടെ കുടുംബത്തിൽ ചില അസ്വാരസ്യങ്ങൾ ആരംഭിക്കുകയും അമ്മ, അഞ്ച് മക്കളോടൊപ്പം മറ്റൊരു വീട്ടിലേക്ക് താമസം മാറ്റുകയും ചെയ്തു. ഒരു ചെറിയ വീടും, അല്പം പാത്രങ്ങളും കുറച്ച് ധാന്യങ്ങളുമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല അമ്മയുടെ കൈയ്യിൽ. പക്ഷേ അമ്മയുടെ സഹോദരന്മാർ പണം തന്ന് സഹായിക്കുകയും തുടക്കത്തിൽ ഞങ്ങൾക്കുള്ള ഭക്ഷണം ഏർപ്പാടാക്കുകയും ചെയ്തു. ജാതിയിൽ മുന്തിയ ചില ഹിന്ദുക്കളുടെ പറമ്പുകളിൽ അമ്മ, പങ്കാളിത്ത വ്യവസ്ഥയിൽ ജോലി ചെയ്യാനും തുടങ്ങി. അതോടെ, രണ്ടുമൂന്ന് കൊല്ലത്തിനുള്ളിൽ വീട്ടിൽ ഭക്ഷണത്തിന് ക്ഷാമമില്ലെന്ന അവസ്ഥ വന്നു. മറ്റ് ചില വീടുകളിൽ അമ്മ പണിക്ക് പോകാനും തുടങ്ങി. അമ്മയുടെ കഠിനാദ്ധ്വാനംകൊണ്ടാണ് ഭക്ഷണത്തിനും വസ്ത്രത്തിനും ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ടില്ലാതായത്.

പിറ്റേത്തവണ അച്ഛൻ വന്നപ്പോൾ അമ്മ എന്നെ അച്ഛന്‍റെ കൂടെ മുംബൈയിലേക്കയച്ചു. 1998-99 ലോ മറ്റോ ആണ് അത്. എനിക്കന്ന് 8-ഓ 9-ഓ വയസ്സുമാത്രം. എന്‍റെ ഉഴപ്പലൊക്കെ മാറ്റി ഞാൻ അച്ഛനെ സഹായിക്കുമെന്ന് അമ്മ പ്രതീക്ഷിച്ചിരുന്നു. അതേസമയം, അച്ഛനാകട്ടെ, തന്‍റെ കട ഓരോരോ സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടുമിരുന്നു. ഒന്നുകിൽ കച്ചവടം മോശമായിരുന്നിരിക്കാം. അതല്ലെങ്കിൽ ബി.എം.സി.യുടെ (ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ) അതിരുകവിഞ്ഞ ശല്യം കൊണ്ടായിരിക്കാം. സ്ഥിരമായ ഒരു സ്ഥലമില്ലാതായി. ആളുകളുടെ നിർബന്ധത്തിന് വഴങ്ങി അച്ഛനെന്നെ ഒരു മുനിസിപ്പൽ സ്കൂളിൽ ചേർത്തു. 3-ആം ക്ലാസ്സിലേക്ക്. പുതിയ കുട്ടികളെ ഞാൻ അവിടെ പരിചയപ്പെട്ടു. സ്കൂളിനോട് വീണ്ടും ഇഷ്ടം തോന്നിത്തുടങ്ങുകയും ചെയ്തു.

*****

പഠിക്കാൻ‌വേണ്ടി മൂന്നുനാല് കൊല്ലം മാറ്റിവെക്കാൻ സാഹചര്യങ്ങൾ എന്നെ അനുവദിച്ചില്ല.
ആ സ്വപ്നം എനിക്ക് ഉപേക്ഷിക്കേണ്ടിവന്നു.

അച്ഛൻ രാവിലേത്തന്നെ പച്ചക്കറിച്ചന്തയിലേക്ക് പോവും. ഞാൻ പാലും ബിസ്ക്കറ്റുമൊക്കെ കഴിച്ച്, പൈസയുമെടുത്ത് രാവിലെ 7 മണിയാവുമ്പോഴേക്കും സ്കൂളിലേക്കും പോവും. 10 മണിക്ക് സ്കൂൾ കാന്റീനിൽ കിട്ടുന്ന വടയോ സമോസയോ കഴിക്കും. ഉച്ചയ്ക്ക് തിരിച്ചുവന്ന്, അച്ഛൻ പറഞ്ഞതരുന്നതുപോലെ മണ്ണെണ്ണ അടുപ്പിൽ ഭക്ഷണം പാചകം ചെയ്യും. ചോറും പരിപ്പുകറിയും എന്തെങ്കിലും കിച്ചഡിയും എങ്ങിനെ ഉണ്ടാക്കണമെന്ന്, രാവിലെ വീട്ടിൽനിന്ന് പോവുന്നതിന് മുൻപ് അച്ഛൻ എനിക്ക് പറഞ്ഞുതരും. ഒരു ഒമ്പതുവയസ്സുകാരനെക്കൊണ്ട് ആവുന്ന വിധം ഞാൻ പാചകം ചെയ്യാറുണ്ടായിരുന്നു. ചിലപ്പോൾ ചോറിൽ വെള്ളം കൂടും. അല്ലെങ്കിൽ അടിയിൽ കരിയും. അല്ലെങ്കിൽ പാതി മാത്രം വെന്തിട്ടുണ്ടാവും. ഞാൻ ഭക്ഷണം ഒരു പാത്രത്തിലാക്കി ബെസ്റ്റിന്‍റെ വണ്ടി പിടിച്ച് അഞ്ച് കിലോമീറ്റർ അപ്പുറത്തുള്ള അച്ഛന്‍റെ കടയിലെത്തിക്കും. ഭക്ഷണം കഴിക്കുമ്പോൾത്തന്നെ അച്ഛൻ എന്നോട് മിക്കവാറും ഒച്ചയിടും. “നീ ഇതെന്താന് ഉണ്ടാക്കിയത്. ഇങ്ങനെ ഉണ്ടാക്കാനാണോ ഞാൻ പഠിപ്പിച്ചത്.  നീ എല്ലാം നശിപ്പിച്ചു”, അങ്ങിനെ എന്തെങ്കിലുമൊക്കെ അച്ഛൻ പറയും.

PHOTO • Sumer Singh Rathore
PHOTO • Devesh

ഇടത്ത് : രാവിലെ 6.30- ന് വഴിവക്കിലെ തന്‍റെ കട തുറക്കുന്ന മിഥുൻ ; വലത്ത് : അതിനുശേഷം കടയുടെ മുമ്പിലുള്ള സ്ഥലം അയാൾ ശുചിയാക്കുന്നു

ഉച്ചയ്ക്ക് അച്ഛൻ നടപ്പാതയിലെ നിലത്ത് കിടന്ന് ഉറങ്ങും. ഞാൻ കട നോക്കുകയും ചെയ്യും. കഴിഞ്ഞില്ല. അച്ഛൻ ഉണർന്നാൽ, ഞാൻ നേരെ അടുത്തുള്ള തെരുവുകളിൽ നാരങ്ങയും മല്ലിയിലയും വിൽക്കാനിറങ്ങും. ഇടത്തേക്കയ്യിൽ മല്ലിയില തൂക്കിയിട്ട്, ഇരുകൈയ്യിലും നാരങ്ങയുമായി വില്പന നടത്താൻ ഞാൻ പഠിച്ചിരുന്നു. അത് രണ്ടും വിറ്റ്, ദിവസത്തിൽ 50 രൂപയോ 80 രൂപയോ സമ്പാദിക്കും. അങ്ങിനെ ഒരു രണ്ട് രണ്ടര കൊല്ലം പോയി. പിന്നെ ഒരു ദിവസം അച്ഛന് പെട്ടെന്ന് ഗ്രാമത്തിലേക്ക് മടങ്ങേണ്ടിവന്നു. അപ്പോൾ എനിക്ക് തിരിച്ചുപോകാതെ പറ്റില്ലെന്നായി. എന്‍റെ സ്കൂൾ ജീവിതം അഞ്ചാം ക്ലാസ്സോടെ അവസാനിച്ചു.

ഇത്തവണ അമ്മ എന്നെ നാട്ടിൽത്തന്നെ പിടിച്ചുവെച്ചു. വിദ്യാഭ്യാസം ആവശ്യമാണെന്നും മക്കളിൽ ചുരുങ്ങിയത് ഒരാളെങ്കിലും പഠിച്ചിരിക്കണമെന്നും അവർക്ക് തോന്നി. മുംബൈയിലെ എന്‍റെ ബുദ്ധിമുട്ടുകൾ ആലോചിച്ചിട്ടും ആവാം. ഞാൻ അത് കണ്ടുപിടിക്കാനൊന്നും നിന്നില്ല. എവിടെ നിൽക്കണമെന്നാണ് എന്‍റെ ആഗ്രഹമെന്തെന്ന് ചോദിക്കാൻ അവരും മിനക്കെട്ടില്ല. എന്‍റെ നന്മ മാത്രമായിരുന്നു അവരുടെ മനസ്സിൽ.

അമ്മാവന്‍റെ വീട്ടിലെ അന്തരീക്ഷം പഠിക്കാൻ കൂടുതൽ അനുയോജ്യമായിരുന്നു. അതുകൊണ്ട് അമ്മ തന്‍റെ സഹോദരനോട് പറഞ്ഞ് എന്നെ അവിടെ നിർത്തി. 11-ആം വയസ്സുമുതൽ. അവിടെയുള്ള കുട്ടികളൊക്കെ സ്കൂളിൽ പോവുന്നുണ്ടായിരുന്നു. പഠിക്കാൻ അത്തരമൊരു പശ്ചാത്തലം കിട്ടുന്നത് ആദ്യമായിട്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധമുള്ളവരായിരുന്നു എന്‍റെ അമ്മാവന്മാർ. അതിനാൽ എനിക്ക് ചുറ്റും ഒരു രാഷ്ട്രീയ അന്തരീക്ഷമുണ്ടായിരുന്നു. അവിടെവെച്ചാണ് ചില രാഷ്ട്രീയപ്പാർട്ടികളുടെ പേരും പ്രാദേശിക നേതാക്കന്മാരുടെ പേരും ഞാനാദ്യമായി കേട്ടുതുടങ്ങുന്നത്. ഒരു ദിവസം ഉച്ചയ്ക്ക് ഒരു അയൽക്കാരൻ - ഞങ്ങൾക്ക് അമ്മാവനും, മറ്റുള്ളവർക്ക് സഖാവും ആയിരുന്ന ഒരാൾ - ഒരു കെട്ട് ചുവന്ന കൊടികളുമായി വീടിന്‍റെ വാതിൽ‌പ്പടിയിൽ വന്നു. ചോദിച്ചപ്പോൾ ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊടിയാണെന്ന് പറഞ്ഞു – കർഷകരുടേയും തൊഴിലാളികളുടേയും കൊടി. സർക്കാർ നയങ്ങൾക്കെതിരേ ഒരു പ്രകടനത്തിന് പോവുകയായിരുന്നു അവർ. സർക്കാരിനെപ്പോലും വേണ്ടിവന്നാൽ എതിർക്കാമെന്ന് അന്നാണ് ആദ്യമായി ഞാൻ മനസ്സിലാക്കുന്നത്.

2008-ൽ 12-ആം ക്ലാസ്സ് ജയിച്ചപ്പോൾ ഒരു പോളിടെക്നിക്ക് ഡിപ്ലോമ കോഴ്സിനുള്ള പ്രവേശനപ്പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ അമ്മാവൻ നിർദ്ദേശിച്ചു. അമ്മയോട് ആലോചിച്ചപ്പോൾ വീട്ടിലെ സ്ഥിതി പഴയതുപോലെയല്ലെന്ന് അമ്മ എന്നോട് പറഞ്ഞു. അമ്മ വേണ്ടെന്ന് പറഞ്ഞെങ്കിലും അമ്മാവൻ എന്‍റെ പേരിൽ അപ്ലിക്കേഷൻ കൊടുത്തു. ആദ്യത്തെ തവണ നന്നായി ചെയ്യാൻ പറ്റിയില്ലെങ്കിലും അടുത്ത കൊല്ലം ഞാൻ വീണ്ടും ശ്രമിച്ചു. അക്കൊല്ലം നന്നായി ശ്രമിച്ച് നല്ല മാർക്ക് നേടി ഞാൻ സർക്കാർ കോളേജിൽ ചേർന്നു. ചേരാനുള്ള കത്ത് വന്നു. ഒരു കൊല്ലത്തെ ഫീസ് 6,000 രൂപയായിരുന്നു. അമ്മയോട് ചോദിച്ചപ്പോൾ വീണ്ടും എന്നെ നിരുത്സാഹപ്പെടുത്തിയെങ്കിലും ‘നമുക്ക് നോക്കാം” എന്ന് അമ്മാവൻ പറഞ്ഞു. പക്ഷേ സഹോദരിമാർ വളരുകയാണെന്നും അച്ഛന് പണ്ടത്തെയത്ര വരുമാനമില്ലെന്നും അമ്മ പറഞ്ഞു. അമ്മ പറഞ്ഞത് ശരിയായിരുന്നു. പഠിക്കുന്നതിനുവേണ്ടി 3-4 കൊല്ലം മാറ്റിവെക്കാനുള്ള സാഹചര്യമില്ലായിരുന്നു. ആ സ്വപ്നം എനിക്ക് ഉപേക്ഷിക്കാൻ ഞാൻ തീരുമാനിച്ചു.

PHOTO • Sumer Singh Rathore
PHOTO • Sumer Singh Rathore

ഇടത്ത് : ആളുകൾ വരുന്നതിന് മുൻപേ മിഥുൻ പച്ചക്കറികൾ ഒരുക്കിവെക്കും . ; വലത്ത് : വിൽക്കാൻ വെക്കുന്നതിന് മുൻപ് , ചീരയുടെ താഴറ്റങ്ങൾ ചെത്തിക്കളയുന്ന മിഥുൻ

അതിനുശേഷം പലപ്പോഴും ഞാൻ സൈക്കിളെടുത്ത് ഗ്രാമത്തിന്‍റെ ദൂരെയുള്ള സ്ഥലങ്ങളിൽ ജോലിയന്വേഷിച്ച് പോയി. എന്നെ ആരും തിരിച്ചറിയാത്ത സ്ഥലങ്ങളിൽ പോയി ജോലിയെടുക്കാൻ ഞാൻ ശ്രമിച്ചു. പരിചയമുള്ളവരുടെയടുത്ത് പോയി ജോലി ചോദിക്കാൻ എനിക്ക് മടിയായിരുന്നു. അതിനിടയിൽ ഒരു ട്യൂഷൻ ജോലി തരപ്പെട്ടു. പക്ഷേ 2 – 3 മാസം കഴിഞ്ഞപ്പോൾ മുഴുവൻ ശമ്പളവും അവർ തരുന്നില്ലെന്ന് എനിക്ക് മനസ്സിലായി. ഞാനാകെ നിരാശനായി. വീണ്ടും മുംബൈയിലേക്ക് പോയാലോ എന്നായി ആലോചന. അച്ഛനും അവിടെയുണ്ടായിരുന്നതിനാൽ എന്തെങ്കിലും ജോലി കിട്ടുമെന്ന് എനിക്ക് തോന്നി. അമ്മയും സമ്മതം മൂളി. അങ്ങിനെ ഒടുവിൽ വല്യച്ഛനെ മുംബൈയിലേക്ക് ആദ്യം കൊണ്ടുപോയ അതേ അയൽക്കാരന്‍റെ മകനൊടൊപ്പം ഞാനും മുംബൈയിലേക്ക് വണ്ടി കയറി.

*****

വീണ്ടും ജോലിയന്വേഷണം തുടങ്ങി. താമസിക്കാൻ സ്ഥിരമായി ഒരിടമില്ലാതെ ഞാൻ ജോലിയന്വേഷിച്ച് ദിവസങ്ങൾ ചിലവഴിച്ചു.

മുംബൈയിലെ പടിഞ്ഞാറൻ അന്ധേരിയിൽ, തന്‍റെ പച്ചക്കറിക്കടയുടെ മുമ്പിലുള്ള നടപ്പാതയുടെ ഒരു മൂലയിലായിരുന്നു അച്ഛന്‍റെ ഉറക്കവും ഭക്ഷണം പാകം ചെയ്യലും. അച്ഛനോടൊപ്പം അവിടെ താമസിക്കുന്നത് ബുദ്ധിമുട്ടായിരുന്നു. ഒരു പാൽക്കടയിൽ ജോലി കിട്ടി. കടയുടെ മേൽനോട്ടവും ഇടയ്ക്ക് ചില സ്ഥലങ്ങളിൽ സാധനമെത്തിക്കലുമായി എനിക്കവിടെ ജോലി ചെയ്തും താമസിച്ചും കഴിയാമെന്ന് ആ കടയുടെ ഉടമസ്ഥൻ പറഞ്ഞു. മാസത്തിൽ എല്ലാ ദിവസവും പണിയെടുക്കണം. അവധിയൊന്നുമില്ല. 1,800 രൂപ ശമ്പളം. ഞാനാ പണി സ്വീകരിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും എന്‍റെ കാലിൽ നീരുവന്ന് നല്ല വേദന തുടങ്ങി. ഇരിക്കുമ്പോൾ മാത്രം അല്പം ആശ്വാസം കിട്ടും. ഒരു 20 ദിവസം അങ്ങിനെ ജോലിയെടുത്തു. ആ മാസത്തിനപ്പുറം അവിടെ പണിയെടുക്കാനാവില്ലെന്ന് ഞാൻ അയാളോട് പറഞ്ഞു.

വീണ്ടും ജോലി അന്വേഷിച്ച് ഇറങ്ങി. താമസിക്കാൻ സ്ഥിരമായൊരു സ്ഥലമില്ലാതെ, രാവിലെ ജോലി തിരക്കിയും രാത്രി കടയുടെ പുറത്തോ ഏതെങ്കിലും ബസ് സ്റ്റോപ്പിലോ ഉറങ്ങിയും ദിവസങ്ങൾ കഴിച്ചുകൂട്ടി. ഒടുവിൽ, ഒരു ലോട്ടറി കടയിൽ ജോലി കിട്ടി. ആളുകൾ പന്തയം വെക്കുന്ന ഒരു സ്ഥലമായിരുന്നു അത്. ഒരു ബോർഡിൽ അക്കങ്ങൾ എഴുതുകയായിരുന്നു ജോലി. ദിവസം 80 രൂപവെച്ച് കിട്ടും. ഒരിക്കൽ എന്‍റെ മുതലാളിതന്നെ ബെറ്റ് വെക്കാൻ തുടങ്ങി ഏകദേശം ഏഴോ എട്ടോ ലക്ഷം രൂപ നശിപ്പിച്ചു. രണ്ട് ദിവസം കട അടഞ്ഞുകിടന്നു. മൂന്നാമത്തെ ദിവസം ഞാനറിഞ്ഞു, എന്‍റെ മുതലാളിയെ അയാളുടെ മുതലാളി തല്ലിയെന്ന്. മറ്റൊരാൾ ഏറ്റെടുക്കാൻ വന്നാലേ ഇനി കട തുറക്കൂ എന്നും. ആരും ഏറ്റെടുക്കാൻ പുതുതായി വന്നില്ല. എനിക്ക് കിട്ടാനുണ്ടായിരുന്ന 1,000 രൂപയും വെള്ളത്തിലായി. ഞാൻ വീണ്ടും ജോലി അന്വേഷിച്ച് തെരുവിലായി.

PHOTO • Devesh
PHOTO • Devesh

മിഥുന്‍റെ ഉപഭോക്താക്കളിൽ പലരും സ്ഥിരമായി വരുന്നവരാണ് . ചിലർ സുഹൃത്തുക്കളായും മാറി . 2008 മുതൽ അദ്ദേഹം മുംബൈയിൽ പച്ചക്കറി വില്പനയിലാണ്

അച്ഛന്‍റെ കാലിന് പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. അച്ഛനോട് ഞാൻ വീട്ടിലേക്ക് തിരിച്ചുപോവാൻ പറഞ്ഞു. ഞാൻ കട നോക്കിക്കൊള്ളാമെന്നും. ആദ്യമൊന്നും അച്ഛൻ സമ്മതിച്ചില്ല. തെരുവിലെ ജീവിതം അത്ര സുഖമുള്ളതൊന്നുമല്ല, എന്നെക്കൊണ്ടാവില്ല എന്നൊക്കെ അദ്ദേഹം പറഞ്ഞു. പക്ഷേ മൂപ്പർക്ക് നാട്ടിലേക്ക് പോകണമെന്നുണ്ടായിരുന്നു. ഒടുവിൽ ഞാൻ കട നന്നായി നോക്കിനടത്താമെന്ന് അച്ഛനെ എങ്ങിനെയൊക്കെയോ ബോധിപ്പിച്ചു.

ഏറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളിൽ ഞാൻ 1500 രൂപയോളം ലാഭമുണ്ടാക്കി. അത് വലിയൊരു സംഖ്യയായിരുന്നു. തൊഴിലിനോടുള്ള എന്‍റെ ആത്മാർത്ഥത കൂടാനും അത് ഇടയാക്കി. ഒരു മാസം നന്നായി അദ്ധ്വാനിച്ച് ഞാൻ 5,000 രൂപ ലാഭിച്ചു. നാട്ടിലേക്ക് പോസ്റ്റലായി മണിയോർഡർ അയച്ചപ്പോൾ അമ്മയ്ക്ക് സന്തോഷമായി. തന്നെക്കൊണ്ട് ആവാത്തത് ഞാൻ ചെയ്തു എന്നറിഞ്ഞപ്പോൾ അച്ഛനും അത്ഭുതമായി.

ഞാൻ കച്ചവടം നടത്തിയിരുന്ന തെരുവിന്‍റെ എതിർവശത്തായി എന്‍റെ അതേ പ്രായത്തിലുള്ള മറ്റൊരു ചെറുപ്പക്കാരനും ഒരു പച്ചക്കറിക്കട നടത്തിയിരുന്നു. പിന്നെപ്പിന്നെ ഞങ്ങൾ നല്ല സുഹൃത്തുക്കളായി, ഒരു പ്ലേറ്റിൽ അവൻ എനിക്ക് ഭക്ഷണം തന്നത് എനിക്കിപ്പോഴും ഓർമ്മയുണ്ട്. അമീർ എന്നായിരുന്നു അവന്‍റെ പേർ. അവന്‍റെ കൂടെ കൂടിയതിനുശേഷം ഭക്ഷണത്തെക്കുറിച്ച് എനിക്ക് വേവലാതിപ്പെടേണ്ടിവന്നിട്ടില്ല. ഓരോ ദിവസവും എന്താണ് ഉണ്ടാക്കേണ്ടതെന്ന് അവൻ ചോദിക്കും. എനിക്ക് പാചകം അറിയാത്തതുകൊണ്ട് പാത്രം കഴുകുന്ന പണി ഞാൻ ഏറ്റെടുത്തു. രാത്രി പുറത്ത് ഉറങ്ങാൻ കിടന്നാൽ എന്തെങ്കിലുമൊക്കെ മോഷണം പോവുന്നത് പതിവായി. ഒരിക്കൽ പോക്കറ്റിലിട്ടിരുന്ന മൊബൈൽ ഫോൺ കളവുപോയി. അപ്പൊൾ ഒരു മുറി വാടകയ്ക്ക് എടുത്താലോ എന്നായി ഞങ്ങളുടെ ആലോചന. അടുത്തുള്ള ഒരു ചേരിയിൽ ഒരു മുറി ഞങ്ങളുടെ ഒരു സുഹൃത്ത് കണ്ടെത്തിത്തന്നു. മുൻ‌കൂർ പണം അവർ ആവശ്യപ്പെട്ടു. 3000 രൂപയായിരുന്നു വാടക. അത് ഞാനും അമീറും പങ്കിട്ടു.

ഗ്രാമത്തിലെ ഞങ്ങളുടെ വീട് അത്ര ഉറപ്പുള്ളതൊന്നുമായിരുന്നില്ല. കുറച്ചുകാലം മുമ്പ് ഒരു തീപ്പിടുത്തത്തിൽ കേടുകൾ സംഭവിച്ചിരുന്നു. മരാമത്തൊക്കെ നടത്തിയിട്ടും അതിന്‍റെ സ്ഥിതി അത്ര നല്ലതൊന്നുമായിരുന്നില്ല. അതുകൊണ്ട് അതിന്‍റെ സ്ഥാനത്ത് ഞങ്ങൾ പുതിയൊരു വീട് പണിയുകയായിരുന്നു. ആ സമയത്ത്, 2013-ൽ, എന്‍റെ രണ്ട് കാലുകളിലും ഒരു പ്രത്യേക വേദന അനുഭവപ്പെടാൻ തുടങ്ങി. ഗ്രാമത്തിലെ സാമൂഹികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർ ഞാൻ സന്ദർശിച്ചു. കാൽ‌ഷ്യത്തിന്‍റെ കുറവാണെന്ന് മൂപ്പർ എന്നോട് പറഞ്ഞു. കുറേ പരിശോധനകൾക്ക് എഴുതിത്തന്നു. എന്നിട്ടും ഒരു ഭേദവുമുണ്ടായില്ല. റിപ്പോർട്ടുകൾ നോക്കിയപ്പോൾ പോളിയോ ആണെന്ന് മനസ്സിലായി. ചികിത്സകളൊക്കെ ചെയ്തിട്ടും ആരോഗ്യം ക്ഷയിക്കുകയായിരുന്നു. ആശ്വാസം കിട്ടാത്തതുകൊണ്ട് കുടുംബം അടുത്തുള്ള മന്ത്രവാദികളുടേയും സിദ്ധന്മാരുടേയും അടുത്ത് പോകാൻ തുടങ്ങി. മരുന്നിനും പ്രാർത്ഥനയ്ക്കും വേണ്ടി പണം ചിലവാക്കാൻ തുടങ്ങി. എന്നിട്ടും ആശ്വാസം കിട്ടിയില്ല. എന്‍റെ എല്ലാ സമ്പാദ്യവും ചിലവായി. എന്‍റെ അവസ്ഥ കണ്ട് ചില ബന്ധുക്കൾ മുന്നോട്ട് വന്നു. ഞാൻ മുംബൈയിലേക്ക് തിരിച്ചുപോയി.

PHOTO • Sumer Singh Rathore
PHOTO • Sumer Singh Rathore

ഇടത്ത് : സ്ഥിരമായി ജിമ്മിൽ പോകുന്നത് പലരേയും അത്ഭുതപ്പെടുത്തുന്നു . മിഥുൻ ചോദിക്കുന്നു : ‘അതെന്താ ? പച്ചക്കറി വില്പനക്കാർക്ക് ആരോഗ്യത്തോടെയിരിക്കാനുള്ള അവകാശമില്ലേ ? ; വലത്ത് : വീട്ടിൽ പാചകം ചെയ്യുന്നു

എന്‍റെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി. ചിലപ്പോൾ എനിക്ക് തോന്നും ഞാൻ ഗ്രാമത്തിലാണെന്ന്. ചിലപ്പോൾ മുംബൈയിലാണെന്നും. ആദ്യം എന്‍റെ കസ്റ്റമറും പിന്നീട് സുഹൃത്തുമായി മാറിയ കവിത മൽ‌ഹോത്ര എന്‍റെ അവസ്ഥ കണ്ട്പരിഭ്രമിച്ചു. അവർ ഒരു ടീച്ചറായിരുന്നു. അവരെന്നെ അവർക്ക് പരിചയമുള്ള ചില ഡോക്ടർമാരെ കാണിച്ചു. പൈസയും അവർതന്നെ കൊടുത്തു. മറ്റുള്ള ചിലർ നിർബന്ധിച്ച് അമീർ എന്നെ ഒരു ദർഗ്ഗയിലേക്ക് (മുസ്ലിം ദിവ്യന്മാരുടെ കല്ലറകളുള്ള മന്ദിരങ്ങൾ) കൊണ്ടുപോയി. ഞാൻ ചിലപ്പോൾ വസ്ത്രങ്ങളൊക്കെ വലിച്ചൂരി പരക്കം പായാറുണ്ടായിരുന്നുവെന്ന് ആളുകൾ എന്നോട് പറഞ്ഞു. പിന്നീടൊരു ദിവസം ഒരു സുഹൃത്തിന്‍റെ സഹായത്തോടെ അച്ഛൻ എന്നെ ഗ്രാമത്തിലേക്ക് തീവണ്ടിയിൽ തിരിച്ചുകൊണ്ടുപോയി. പിന്നെയും പഴയപടി ഡോക്ടർമാരുടേയും സിദ്ധന്മാരുടേയും അടുത്ത് പോവാൻ തുടങ്ങി. അലഹബാദിലെ ഏതെങ്കിലും ഡോക്ടർമാരുടെ വിവരം ആരെങ്കിലും പറഞ്ഞറിയും. ഉടനെ ഒരു ബൊലെറോ വാടകയ്ക്കെടുത്ത് അമ്മ എന്നെയും കൂട്ടി പോവും. അമ്മയുടെ കൈയ്യിൽ പൈസയൊന്നുമുണ്ടായിരുന്നില്ല. പല ബന്ധുക്കളും സാമ്പത്തികമായി സഹായിച്ചു. എന്‍റെ ഭാരം കുറഞ്ഞ് 40 കിലോഗ്രാമായി. എല്ലുകൾ നിറച്ച ഒരു ഒരു പഴന്തുണിപോലെയായിരുന്നു ഞാൻ. അധികകാലം ബാക്കിയില്ല എന്ന് പലരും വിധിയെഴുതി. അമ്മ മാത്രം പ്രതീക്ഷ കൈവിട്ടില്ല. കൈവശമുള്ള ഓരോരോ ആഭരണങ്ങളായി അവർ വിറ്റ് എന്‍റെ ചികിത്സ നടത്തി.

അതിനിടയ്ക്ക് ആരോ നിർദ്ദേശിച്ചതനുസരിച്ച് അലഹബാദിലെ ഒരു സൈക്ക്യാട്രിസ്റ്റാ‍യ ഡോ. ടാൻഡന്‍റെ ചികിത്സ ആരംഭിച്ചു. 2013 ഓഗസ്റ്റ് 15ന് അദ്ദേഹത്തെ കാണാനുള്ള അപ്പോയിന്‍മെന്‍റ് കിട്ടി. ഞങ്ങൾ യാത്ര ചെയ്തിരുന്ന ബസ് കേടുവന്ന് നിന്നുപോയി. അലഹാബദിലേക്കുള്ള ബസ് കിട്ടുന്ന ജങ്ഷന്‍റെ രണ്ട് കിലോമീറ്റർ ദൂരത്തുവെച്ചാണ് ഇതുണ്ടായത്. ധൈര്യം സംഭരിച്ച് ഞാൻ നടക്കാൻ തുടങ്ങിയെങ്കിലും കുറച്ചുദൂരം പിന്നിട്ടപ്പോൾ തളർന്ന് ഇരിപ്പായി. “വാ, ഞാൻ നിന്നെ പുറത്ത് ചുമക്കാം” എന്ന് അമ്മ പറഞ്ഞു. അത് കേട്ട് ഞാൻ കരഞ്ഞുപോയി. അമ്മ കൈകൂപ്പി നിൽക്കുന്നതുകണ്ട് വഴിയിലൂടെ പോയിരുന്ന ഒരു ടെമ്പോ നിർത്തി, ഞങ്ങളെ ബസ്സിലെത്തിച്ചു. അയാൾ പൈസപോലും വാങ്ങിയില്ല. എന്‍റെ രോഗത്തെക്കുറിച്ച് എനിക്ക് ഓർമ്മയൊന്നും ഇല്ലെങ്കിലും, ഈ സംഭവം ഞാൻ വ്യക്തമായി ഓർക്കുന്നുണ്ട്. പിന്നീട് എന്‍റെ ആരോഗ്യം ഭേദമാകാൻ തുടങ്ങി. പതുക്കെപ്പതുക്കെ ശരീരഭാരം പഴയ നിലയിലായി. എന്നാലും ബലക്ഷയം ഉണ്ടായിരുന്നു. വലിയ ഭാരമൊന്നും ചുമക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല. എന്നിട്ടും ഞാൻ മനസ്സിൽ ധൈര്യം സംഭരിച്ച് മുംബൈയിലേക്ക് തിരിച്ചുപോയി പണിയെടുക്കാൻ തുടങ്ങി. സാവധാനം കാര്യങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. അടുത്ത രണ്ടുവർഷത്തിനുള്ളിൽ സ്ഥിതിഗതികൾ മെച്ചപ്പെട്ടു. അപ്പോഴാണ് നോട്ട് നിരോധനം വന്നത്. 2016-ൽ. എന്‍റെ കച്ചവടം പൊളിഞ്ഞു.

*****

ഭഗത്‌സിംഗിനെ വായിച്ചപ്പോൾ ഞാൻ എന്നോടുതന്നെ ചോദിച്ചു, ഇതാണോ, ഭഗത്‌സിംഗ് സ്വപ്നം കണ്ട ഇന്ത്യ

ഞാൻ സോഷ്യൽ മീഡിയയിൽ ധാരാളം സമയം ചിലവഴിച്ചുതുടങ്ങി. വാട്ട്സാപ്പ് ഫോർ‌വേഡുകൾ വായിച്ച് എന്‍റെ മനസ്സ് വലതുപക്ഷ പ്രവണതയിലേക്ക് മുഴുവനായി തിരിഞ്ഞു. ഒരു മുസ്ലിം കുടുംബത്തിന്‍റെ കൂടെ ജീവിച്ചിട്ടും മുസ്ലിമുകളെ വെറുക്കാൻ പാകത്തിൽ, ഒന്നൊന്നര കൊല്ലത്തിനുള്ളിൽ സോഷ്യൽ മീഡിയ എന്നെ സ്വാധീനിച്ചു. അമീർ എന്നെ ഗൌരവമായി എടുത്തില്ല. പക്ഷേ മറ്റ് മുസ്ലിമുകളുമായി എനിക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. പാക്കിസ്ഥാൻ, കശ്മീർ, വടക്കു-കിഴക്കൻ ഇന്ത്യ ഇതിനോടൊക്കെ എനിക്ക് വിരോധം തോന്നാൻ തുടങ്ങി. ഞാൻ ജനിച്ചുവീണ മതത്തിനെ പിന്തുടരാത്തവരോട് വിരോധമായി. ജീൻസിട്ട ഒരു പെൺകുട്ടിയെ കണ്ടാൽ, അവൾ സമൂഹത്തെ നശിപ്പിക്കുകയാണ് എന്ന് എനിക്ക് തോന്നിത്തുടങ്ങി. ആരെങ്കിലും പ്രധാനമന്ത്രിയെ വിമർശിക്കുന്നത് കേട്ടാൽ എന്‍റെ രക്ഷകനെ അവഹേളിക്കുന്നതുപോലെ എനിക്ക് തോന്നാൻ തുടങ്ങി.

എന്‍റെ കാഴ്ചപ്പാടുകൾ ആവിഷ്കരിക്കണമെന്ന് തോന്നിയപ്പോൾ ഞാൻ എന്‍റെ അനുഭവങ്ങൾ കഥകളായി സാമൂഹികമാധ്യമത്തിൽ എഴുതാൻ തുടങ്ങി. വായനക്കാർ എന്നെ വിളിച്ച് ബന്ധപ്പെടാൻ തുടങ്ങി

വീഡിയോ കാണൂ : വിൽക്കുന്നത് പച്ചക്കറികൾ , ചിന്തിക്കുന്നത് സമത്വം

ഒരുദിവസം മായാങ്ക് സക്സേന എന്നൊരു പത്രപ്രവർത്തകനെക്കുറിച്ച് അമീർ എന്നോട് പറഞ്ഞു. ഫേസ്ബുക്കിൽ അയാളെഴുതിയ ചില പോസ്റ്റുകളും എനിക്ക് അവൻ കാണിച്ചുതന്നു. അവൻ അസംബന്ധം പറയുകയാണെന്ന് എനിക്ക് തോന്നി. പ്രധാനമന്ത്രിയെ വിമർശിക്കുന്നവരെ അവൻ പ്രശംസിക്കുകയാണെന്ന്. എനിക്കത് സഹിക്കാൻ കഴിഞ്ഞില്ല. എങ്കിലും ഞാൻ അമീറിനോട് ഒന്നും പറഞ്ഞില്ല. പിന്നെ ഒരു ദിവസം തികച്ചും യാദൃശ്ചികമായി ഞാൻ മായാങ്കിനെ പരിചയപ്പെടാൻ ഇടയായി. ഉയരം കുറഞ്ഞ്, നീളൻ തലമുടിയുള്ള അയാൾ ഒരു പുഞ്ചിരിയോടെയാണ് എന്നെ എതിരേറ്റത്. എന്നിട്ടും അയാളോട് എനിക്ക് വെറുപ്പ് തോന്നി.

മായാങ്കിന്‍റെ മറ്റ് സുഹൃത്തുക്കളും അയാളെപ്പോലെ ചിന്തിച്ചിരുന്നു. അവർ തമ്മിൽ തർക്കിക്കുന്നത് ഞാൻ നോക്കിനിൽക്കും. അവർ സ്ഥിതിവിവരക്കണക്കുകളും, ഞാൻ ഇതുവരെ കേട്ടിട്ടില്ലാത്ത ആളുകളേയും പുസ്തകങ്ങളേയും സ്ഥലങ്ങളേയും കുറിച്ചൊക്കെ സംസാരിക്കും. മായാങ്ക് എനിക്കൊരു പുസ്തകം തന്നു. ‘എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന് പേരുള്ള പുസ്തകം. ഗാന്ധിജി എഴുതിയതാണ്. ഗാന്ധിയോടും നെഹ്രുവിനോടും അപ്പോഴും എന്‍റെ മനസ്സിൽ വിദ്വേഷമായിരുന്നു. രണ്ടുപേരോടും തീരാത്ത ദേഷ്യമായിരുന്നു എന്‍റെ ഉള്ളിൽ. പുസ്തകം മുഷിപ്പനായി തോന്നിയെങ്കിലും ഞാനത് വായിച്ചു. ആദ്യമായി ഗാന്ധിയെക്കുറിച്ച് ഞാൻ പലതും പഠിച്ചു. വായിക്കാനും പഠിക്കാനും പിന്നെയും ധാരാളം കാര്യങ്ങൾ ബാക്കിയുണ്ടായിരുന്നു. ക്രമേണ, എന്‍റെ ഉള്ളിൽ നിറഞ്ഞുകിടന്നിരുന്ന അഴുക്കുകൾ അപ്രത്യക്ഷമാവാൻ തുടങ്ങി.

ദാദറിൽ ഒരിക്കൽ ഒരു പ്രതിഷേധ പ്രകടനമുണ്ടായിരുന്നു. മായാങ്ക് അവിടേക്ക് പോകുന്നുണ്ടായിരുന്നു. എന്നോട് വരുന്നുണ്ടോ എന്ന് ചോദിച്ചു. അങ്ങിനെ ഞാനും പോയി. ദാദർ റെയിൽ‌വേ സ്റ്റേഷനിൽ ധാരാളമാളുകൾ കൂടിനിൽക്കുന്നുണ്ടായിരുന്നു. സർക്കാരിന്‍റെ അടിച്ചമർത്തലിനെതിരേ ആളുകൾ പ്രതിഷേധിക്കുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. കുറേക്കാലത്തിന് ശേഷമാണ് ഞാൻ ചുവന്ന കൊടികൾ കാണുന്നത്. മായാങ്ക് ഒരു ചെണ്ടയെടുത്ത് കൊട്ടി ചെറുത്തുനിൽ‌പ്പിന്‍റെ ജനകീയഗാനങ്ങൾ പാടാൻ തുടങ്ങി. ആദ്യമായിട്ടായിരുന്നു ഞാനൊരു പ്രതിഷേധപ്രകടനത്തിൽ പങ്കെടുക്കുന്നത്. ആ സമരം എന്നെ കുറച്ചൊന്നുമല്ല അത്ഭുതപ്പെടുത്തിയത്. മായാങ്കിന്‍റെ തിരക്ക് അല്പം ഒഴിഞ്ഞപ്പോൾ ഞാനയാളോട് ചോദിച്ചു, ഇത്രയധികം ആളുകളെ കൊണ്ടുവരാൻ ആരാണ് പൈസ ചിലവാക്കുന്നതെന്ന്. അപ്പോൾ അയാൾ എന്നോട് ഒരു മറുചോദ്യം ചോദിച്ചു. ആരാണ് എന്നെക്കൊണ്ടുവരാൻ പൈസ കൊടുത്തതെന്ന്. അതോടെ എന്‍റെ ചോദ്യത്തിനുള്ള ഉത്തരം എനിക്ക് കിട്ടി.

PHOTO • Devesh
PHOTO • Devesh

കച്ചവടത്തിനിടയ്ക്ക് സമയം കിട്ടുമ്പോൾ മിഥുൻ വായനയിൽ ഏർപ്പെടുന്നു . ‘ധാരാളം വായിച്ചതുകൊണ്ട് ഉണ്ടായ ഒരു മെച്ചം ഞാൻ എഴുതാൻ തുടങ്ങി എന്നതാണ്’ .
കഴിഞ്ഞ ഏഴ് വർഷമായി സാമൂഹികമാധ്യമത്തിൽ എഴുതുന്ന മിഥുനെ മുടങ്ങാതെ വായിക്കുന്ന വായനക്കാരുണ്ട്

അവിടെവെച്ചുതന്നെയാണ് ഞാൻ അൻ‌വർ ഹുസൈനെ പരിചയപ്പെട്ടത്. പച്ചക്കറി വാങ്ങാൻ അയാൾ കടയിൽ വരാൻ തുടങ്ങി. വായിക്കാൻ എനിക്ക് ഇഷ്ടമാണെന്ന് മനസ്സിലായപ്പോൾ അയാൾ ചില പുസ്തകങ്ങൾ തന്നു. മാന്റോ, ഭഗത്‌സിംഗ്, മുൻഷി പ്രേംചന്ദ് എന്നിവരുടെ പുസ്തകങ്ങളായിരുന്നു അധികവും. മാന്റോവിന്‍റെ എഴുത്ത് എന്നെ വല്ലാതെ സ്വാധീനിക്കുകയും സ്ത്രീകളൊടുള്ള എന്‍റെ സമീപനത്തിൽ മാറ്റം വരുത്തുകയും ചെയ്തു. ഭഗത്‌സിംഗിന്‍റെ പുസ്തകങ്ങൾ വായിച്ചപ്പോൾ, അദ്ദേഹം സ്വപ്നം കണ്ടിരുന്ന ഇന്ത്യയാണോ ഇന്നത്തെ ഇന്ത്യ എന്ന് ഞാനെന്നോടുതന്നെ സ്വയം ചോദിച്ചു. മുൻഷി പ്രേംചന്ദിന്‍റെ പുസ്തകങ്ങൾ വായിച്ചപ്പോൾ ഞാൻ എന്‍റെ ജീവിതവും എന്‍റെ സമൂഹവും എന്‍റെ ആളുകളെയുമാണ് അതിൽ കണ്ടത്. പിന്നെയാണ് ഹരിശങ്കർ പർസായിയെ വായിച്ചത്. സമൂഹത്തേയും എന്നെത്തന്നെയും മാറ്റിമറിക്കാൻ സഹായിക്കുന്ന വിധത്തിൽ അദ്ദേഹത്തിന്‍റെ എഴുത്ത് എന്നെ സ്വാധീനിച്ചു. ഇന്ന് അദ്ദേഹം ജീവിച്ചിരുന്നെങ്കിൽ പലരുടേയും തനിനിറം വെളിവാകുമായിരുന്നുവെന്ന് എനിക്ക് തോന്നുകയുണ്ടായി.

ഒരു സമുദായം, ലിംഗം, മതം, അഥവാ വംശം എന്നിവയോട് തോന്നിയിരുന്ന എന്‍റെ വിദ്വേഷം ഇതോടെ ആവിയായിപ്പോയി. ധാരാളം വായിച്ചതുകൊണ്ടുണ്ടായ ഒരു ഗുണം, എന്തെങ്കിലും എഴുതണമെന്ന് എനിക്ക് തോന്നാൻ തുടങ്ങി എന്നതാന്. പ്രശസ്തരായ ചിലരുടെ പോസ്റ്റുകൾ ഫേസ്ബുക്കിൽ വായിച്ചപ്പോൾ ആ എഴുത്തുകൾ ബൌദ്ധികകാപട്യമുള്ളതായി എനിക്ക് തോന്നി. എന്‍റെ കാഴ്ചപ്പാടുകൾ അവതരിപ്പിക്കണമെന്ന തോന്നൽ ശക്തമായപ്പോൾ ഞാൻ എന്‍റെ സ്വന്തം അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ എഴുതാൻ തുടങ്ങി. വായനക്കാർ ഞാനുമായി ബന്ധപ്പെടാനും തുടങ്ങി. ചില നല്ല എഴുത്തുകാരെ ഞാനും പിന്തുടരാറുണ്ടായിരുന്നു. അറിവ് നേടുന്ന പ്രക്രിയ അങ്ങിനെ ആരംഭിച്ചു.

*****

ഞങ്ങളുടെ കല്യാണത്തിന് മംഗല്യസൂത്രവും കന്യാദാനവും ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ ഡോളിയുടെ മൂർദ്ധാവിൽ സിന്ദൂരം ചാർത്തി. അവൾ എ ന്‍റെ മൂർദ്ധാവിലും

തെരുവിൽ പണിയെടുക്കുന്നതിനാൽ പൊലീസുകാരുടെ ഭാഗത്തുനിന്നുള്ള ധാരാളം മോശപ്പെട്ട അനുഭവങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. പിടിച്ചുപറി, അപമാനിക്കൽ, പൊലീസ് സ്റ്റേഷനിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി മണിക്കൂറുകളോളം തടവിൽ വെക്കൽ, തോന്നുമ്പോഴൊക്കെ 1250 രൂപ പിഴയീടാക്കൽ - അങ്ങിനെ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട് പറയാൻ തുടങ്ങിയാൽ വലിയൊരു പുസ്തകം‌‌തന്നെ വേണ്ടിവരും. എത്രയെത്ര പൊലിസുകാരാണ് എന്നെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടുൾലത്. ഹഫ്ത (സംരക്ഷണക്കൂലി) കൊടുക്കാത്തതിന് പൊലീസുകാർ എന്നെ വാനിലിട്ട്, മണിക്കൂറുകളോളം നഗരത്തിൽ ചുറ്റിക്കറങ്ങിയിട്ടുണ്ട്. ഇതൊക്കെ സാധാരണമാണ്. ഈ അനുഭവങ്ങളെക്കുറിച്ചൊക്കെ സോഷ്യൽ മീഡിയയിൽ എഴുതാൻ പേടിയായിരുന്നു. പക്ഷേ, നഗരവും സംസ്ഥാനവും പൊലീസുകാരുടെ പേരും സൂചിപ്പിക്കാതെ ഞാൻ എഴുതി. നോട്ടുനിരോധനത്തിനുശേഷം മുതിർന്ന പത്രപ്രവർത്തകരും രുഗ്മിണി സെൻ എന്ന സിനിമാ സംവിധായകയും എന്‍റെ എഴുത്ത്  ശ്രദ്ധിക്കാൻ തുടങ്ങുകയും സബ്‌‌രംഗ് ഇന്ത്യയിൽ എഴുതാൻ ക്ഷണിക്കുകയും ചെയ്തു. അത് ഞാനിപ്പോഴും തുടരുന്നു.

PHOTO • Courtesy: Mithun Kumar
PHOTO • Sumer Singh Rathore

2019- ൽ വിവാഹസമയത്ത് മിഥുന്‍റെ മൂർദ്ധാവിൽ സിന്ദൂരം തൊടുന്ന ഡോളി ( ഇടത്ത് ). തങ്ങൾക്കിടയിൽ എന്നും സമത്വം പാലിക്കുമെന്ന് വിവാഹവേളയിൽ അവർ പ്രതിജ്ഞയെടുത്തു

2017- എന്‍റെ രണ്ടാമത്തെ സഹോദരിയും വിവാഹിതയായി. വിവാഹം കഴിക്കാൻ എനിക്കും സമ്മർദ്ദമുണ്ടായി. എന്തായാലും, സാമൂഹികസമ്മർദ്ദങ്ങൾക്ക് വഴങ്ങി വിവാഹം പോലുള്ള പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കരുതെന്ന് ഞാൻ മനസ്സിലാക്കിയിരുന്നു. ഡോളി എന്‍റെ ജീവിതത്തിലേക്ക് വരുന്നത് അങ്ങിനെയാന്. ഞങ്ങൾ ഒരുമിച്ച് സമയം ചിലവഴ്ച്ചത് ചിലരെ അസ്വസ്ഥരാക്കി. ആരാണവൾ, എന്താണ് അവളുടെ ജാതി ഇതൊക്കെയായിരുന്നു അവരുടെ ചോദ്യങ്ങൾ. എന്‍റെ ജാതിക്കാർക്കായിരുന്നു അവളുടെ ജാതി കണ്ടുപിടിക്കാൻ കൂടുതൽ താത്പര്യം. അവൾ വേറെ ജാതിയായത് അവർക്ക് സുഖിച്ചില്ല. പക്ഷേ അപ്പോഴേക്കും എന്നെ അതൊന്നും തീരെ അലട്ടാതെയായിരുന്നു.

ഡോളി അവളുടെ കുടുംബത്തെക്കുറിച്ച് എന്നോട് പറഞ്ഞു. ഞാൻ പോയി അവളുടെ അച്ഛനമ്മമാരെ കണ്ടു. ഞങ്ങൾ കഴിയുന്നതും വേഗം വിവാഹിതരാകണമെന്ന് എന്‍റെ കുടുംബത്തിനും ആഗ്രഹമുണ്ടായിരുന്നു. അവർക്കുമാത്രമല്ല, ഞങ്ങൾക്കും ആ അഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒന്ന് സെറ്റിലായിക്കഴിഞ്ഞിട്ട് മതി എന്ന് തോന്നി. അങ്ങിനെ ഒരു രണ്ട്, രണ്ടരക്കൊല്ലം കഴിഞ്ഞപ്പോൾ ഡോളിയുടെ മാതാപിതാക്കൾ സമ്മർദ്ദം ചെലുത്താൻ തുടങ്ങി. പെൺകുട്ടിയുടെ മാതാപിതാക്കളായതിനാൽ അവരുടെ മേലുള്ള സമൂഹത്തിന്‍റെ സമ്മർദ്ദം മറ്റൊരു തരത്തിലുള്ളതാവുമല്ലോ. ഒരു പരമ്പരാഗത വിവാഹമായിരുന്നു ഡോളിയുടേയും എന്റേയും കുടുംബം ആഗ്രഹിച്ചത്. പക്ഷേ ഞാനും ഡോളിയും ആഗ്രഹിച്ചത്, കോടതിമുമ്പാകെയുള്ള ഒരു ചടങ്ങായിരുന്നു. ഞാൻ അവരുടെ മകളെ ഉപേക്ഷിച്ച് പോയ്ക്കളഞ്ഞാലോ എന്നായിരുന്നു ഡോളിയുടെ വീട്ടുകാരുടെ പേടി. മകൻ വിവാഹം കഴിച്ചത് നാലാളുകൾ അറിയണമെന്നായിരുന്നു എന്‍റെ വീട്ടുകാരുടെ ആഗ്രഹം. അങ്ങിനെ ഞങ്ങൾക്ക് ഒരു തീരുമാനത്തിലെത്തേണ്ടിവന്നു. അവളുടെ വീട്ടുകാർ ചെറിയൊരു ഹാളിൽ ചടങ്ങ് നടത്താൻ നിശ്ചയിച്ചു.

പക്ഷേ ഞങ്ങളുടെ കുടുംബങ്ങൾ ഞങ്ങളുടെ താത്പര്യത്തിനും വഴങ്ങി. മംഗല്യസൂത്രവും കന്യാദാനവും സ്ത്രീധനവും ഒന്നും ഉണ്ടായിരുന്നില്ല. ഞാൻ ഡോളിയുടെ മൂർദ്ധാവിൽ സിന്ദൂരം ചാർത്തി. അവൾ എന്‍റെ മൂർദ്ധാവിലും. അഗ്നിക്ക് ചുറ്റും ഏഴ് തവണ പ്രദക്ഷിണം നടത്തി. പുരോഹിതൻ ഓരോ മന്ത്രങ്ങൾ ചൊല്ലിക്കഴിയുമ്പോഴും മായാങ്ക് പ്രതിജ്ഞകൾ ചൊല്ലും. പരസ്പരം തുല്യരായി കണക്കാക്കുമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുത്തു. വിവാഹത്തിന് പങ്കെടുത്ത ബന്ധുക്കൾക്ക് ഇതൊക്കെ തമാശയായി തോന്നിയെങ്കിലും, വ്യത്യസ്തമായ എന്തോ ഒന്നിനാണ് തങ്ങൾ സാക്ഷികളാകുന്നതെന്നും ചങ്ങലകൾ അഴിഞ്ഞുവീഴുകയാണെന്നും അവർക്ക് മനസ്സിലായി. വേറെ ചില ബന്ധുക്കൾ അസ്വസ്ഥരായി. പക്ഷേ സ്ത്രീ-പുരുഷ അസമത്വത്തിന്റേയും ബ്രാഹ്മണിസത്തിന്റേയും സ്ത്രീവിരുദ്ധതയുടേയും ദീർഘകാല പാരമ്പര്യത്തെ തകർക്കണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നു. വിവാഹത്തിനുശേഷം ഡോളിയും ഞാനും പുതിയ വീട്ടിലേക്ക് മാറി. 2019-ൽ വിവാഹം കഴിക്കുമ്പോൾ വീട്ടിൽ ഒന്നും ഉണ്ടായിരുന്നില്ല. അത്യാവശ്യമുള്ള സാധനങ്ങളൊക്കെ ഞങ്ങൾ ശേഖരിക്കാൻ തുടങ്ങി. സൂചി മുതൽ അലമാരവരെയുള്ള എല്ലാം ഞങ്ങൾ അദ്ധ്വാനിച്ച് നേടിയ പണംകൊണ്ട് വാങ്ങി.

PHOTO • Sumer Singh Rathore
PHOTO • Sumer Singh Rathore
PHOTO • Devesh

ഇടത്ത് : കോവിഡിന്‍റെ അടച്ചുപൂട്ടൽ കാലത്ത് മിഥുനും ഡോളിയും മുംബൈയിൽത്തന്നെ തങ്ങി ; മധ്യത്തിൽ : ‘ഞങ്ങൾ ജീവിതവുമായി പോരാടും’ , മിഥുൻ പറയുന്നു .; വലത്ത് : മിഥുന്‍റെ അനിയൻ രവി

2020 മാർച്ചിൽ കൊറോണ വൈറസ് പ്രത്യക്ഷപ്പെടുകയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്തപ്പോൾ ആളുകൾ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ തിക്കിത്തിരക്കി. എന്‍റെ കടയിലുണ്ടായിരുന്ന പച്ചക്കറിയെല്ലാം നിമിഷങ്ങൾകൊണ്ട് തീർന്നു. ചിലർ മോഷ്ടിച്ചു. ചിലർ പൈസ തന്നു. എല്ലാ സ്ഥാപനങ്ങളിലും ഇതുതന്നെയായിരുന്നു സ്ഥിതി. ഒട്ടും താമസിക്കാതെ പൊലീസ് വന്ന് കടകൾ അടപ്പിച്ചു. എന്ന് തുറക്കാനാകുമെന്ന് ആർക്കും അറിയില്ലായിരുന്നു. ആളുകൾ അവരവരുടെ സ്വന്തം ഗ്രാമങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഓടിപ്പോയി. ഞങ്ങൾ താമസിച്ചിരുന്ന കെട്ടിടം രണ്ട് ദിവസത്തിനുള്ളിൽ ശൂന്യമായി.

കൊറോണയേക്കാൾ, വരുമാനമില്ലെങ്കിൽ എന്ത് ഭക്ഷിച്ച് ജീവിക്കുമെന്നോർത്തിട്ടായിരുന്നു ആളുകൾ ഒഴിഞ്ഞുപോയത്. ഡോളി ജോലി ചെയ്തിരുന്നത് ട്രെക്കിംഗ് ജാക്കറ്റുകൾ വിൽക്കുന്ന ഒരു കടയിലായിരുന്നു. 2020 മാർച്ച് 15-ന് അതും പൂട്ടി.

നാട്ടിലേക്ക് തിരിച്ചുവരാൻ എന്‍റെ വീട്ടുകാർ ഞങ്ങളൊട് പറഞ്ഞു. സ്ഥിതിഗതികൾ മെച്ചപ്പെടുമ്പോൾ ഭാവിയിലെ കാര്യം തീരുമാനിക്കാമെന്നും. പക്ഷേ ഞങ്ങൾക്കിരുവർക്കും സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല. അതിനാൽ തത്ക്കാലം മുംബൈയിൽത്തന്നെ നിൽക്കാൻ തീരുമാനിച്ചു. എന്‍റെ ജോലി പച്ചക്കറി വിൽ‌പ്പനയായിരുന്നതിനാൽ, അതിന് പ്രവർത്തിക്കാൻ തടസ്സമുണ്ടായിരുന്നില്ല. പക്ഷേ സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടനുഭവപ്പെട്ടു. ഹൈവേക്കപ്പുറത്തുള്ള ചുന ഭാട്ടി, സോമയ്യ ഗ്രൌണ്ട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകണമായിരുന്നു. പക്ഷേ അതൊക്കെ നല്ല തിരക്കുള്ള പ്രദേശങ്ങളായിരുന്നതിനാൽ വൈറസ് പിടിച്ചാലോ എന്ന് ഭയന്ന് പോകാൻ ഞാൻ മടിച്ചു. ഡോളിക്ക് എന്നിൽനിന്ന് വൈറസ് പകരുമോ എന്ന് എനിക്ക് പേടിയായിരുന്നു. പക്ഷേ വെറെ മാർഗ്ഗങ്ങളുണ്ടായിരുന്നില്ല. അരിഷ്ടിച്ചായിരുന്നു ജീവിച്ചിരുന്നത്. മേയ് മാസത്തിൽ ബി.എം.സി. കച്ചവടത്തിന്‍റെ സമയം മൂന്ന് മണിക്കൂറാക്കി ചുരുക്കി. ഉച്ചമുതൽ മൂന്ന് വരെ. ഒരു മിനിറ്റ് കൂടുതൽ തുറന്നിരുന്നാൽ‌പ്പോലും പൊലീസ് വന്ന് ലാത്തി വീശും എന്ന സ്ഥിതിയായി. മാത്രമല്ല പല കച്ചവടക്കാരും ഓൺലൈനിലേക്ക് പച്ചക്കറി വില്പന മാറ്റി. അതാവുമ്പോൾ രാവിലെ മുതൽ രാത്രിവരെ ചെയ്യാമല്ലോ. വാങ്ങുന്നവർക്കും സൗകര്യമാണ്. അങ്ങിനെ എന്‍റെ കച്ചവടം ഏതാണ്ട് തകർന്നു. ആയിടയ്ക്കാണ് മുത്തച്ഛൻ വീണതും കാലൊടിഞ്ഞതും. ലോക്ക്ഡൗൺ കാലത്ത് അദ്ദേഹം മരിച്ചതൊക്കെ ഞാൻ നിങ്ങളോട് പറഞ്ഞല്ലോ.

ഏതാനും മാസങ്ങൾ കഴിഞ്ഞപ്പൊൾ കച്ചവടത്തിന്‍റെ സമയം 7 മണിവരെ നീട്ടി. ഒരു വൈകുന്നേരം, എന്‍റെ ചെറിയ അനിയൻ രവി ഉന്തുവണ്ടിയിൽനിന്ന് ചീഞ്ഞ മാങ്ങകൾ പെറുക്കുകയായിരുന്നു. ഒരു പൊലീസുകാരൻ വന്ന് അത് വീഡിയോ എടുത്തു. രവി ആകെ പേടിച്ചുപോയി, പൊലീസുകാരന് കൈക്കൂലി കൊടുക്കാൻ ശ്രമിച്ചു. പക്ഷേ വലിയൊരു തുകയാണ് അയാൾ ചോദിച്ചത്. തന്നില്ലെങ്കിൽ കേസ് ഫയൽ ചെയ്യുമെന്നും പറഞ്ഞു. അയാൾ രവിയെ പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി. രാത്രി ഒന്ന്, ഒന്നര മണിയൊടെ രവിയുടെ പോക്കറ്റിലുണ്ടായിരുന്ന 6,000 രൂപയും കൈക്കലാക്കി അവനെ സ്വതന്ത്രനാക്കി. അവന്‍റെ കൈയ്യിൽ ആകെയുണ്ടായിരുന്ന സമ്പാദ്യമായിരുന്നു അത്. രണ്ട് ദിവസം കഴിഞ്ഞ്, പരിചയത്തിലുള്ള ഒരു സുഹൃത്തുവഴി, ഒരു ഉയർന്ന പൊലീസുദ്യോഗസ്ഥനെ ഞങ്ങൾ ഈ സംഭവത്തെക്കുറിച്ച് അറിയിച്ചു. പിന്നെയും രണ്ട് ദിവസം കഴിഞ്ഞപ്പൊൾ ആ പഴയ പൊലീസുകാരൻ രവിയെ അന്വേഷിച്ച് വീട്ടിൽ വന്ന് മുഴുവൻ പൈസയും തിരിച്ചുതന്നു.

കൊറോണ തുടങ്ങിയതുമുതൽ ഇന്നുവരെ കച്ചവടം മെച്ചപ്പെട്ടിട്ടില്ല. ലോകവുമായി പൊരുതുമ്പോഴും പഴയ ജീവിതത്തിലേക്ക് മടങ്ങാൻ ഞങ്ങൾ പൊരുതുകയാണ്. ഈ കഥ എഴുതുമ്പോൾ എനിക്കും ഡോളിക്കും കോവിഡ് പിടിപെട്ടിരിക്കുന്നു. വീട്ടിൽ അടച്ചിരിപ്പാണ് ഞങ്ങൾ. ബാക്കിവന്ന സാധനങ്ങൾ വിൽക്കാൻ എന്‍റെ കടയുടെ അടുത്തുള്ള കച്ചവടക്കാൻ സഹായിച്ചു. കൈയ്യിൽ ആകെയുണ്ടായിരുന്ന കുറച്ച് പൈസ മരുന്നിനും കൊറോണ പരിശോധനയ്ക്കും ചിലവായി. പക്ഷേ സാരമില്ല. നെഗറ്റീവായാൽ ഞങ്ങൾ പുറത്തുവരും. വീണ്ടും ശ്രമിക്കും. ജീ‍വിതവുമായി പൊരുതും. വെറെ എന്താണൊരു വഴി?

സ്വകാര്യത സൂക്ഷിക്കാൻ ചില ആളുകളുടെ പേരുകളും സ്ഥലനാമങ്ങളും ഒഴിവാക്കിയിട്ടുണ്ട്.

ഈ കഥ മിഥുൻ കുമാർ ഹിന്ദിയിൽ എഴുതിയതാണ്. ദേവേഷ് എഡിറ്റ് ചെയ്തു.

സുമർ സിംഗ് റാത്തോർ എടുത്ത മുഖചിത്രം.

പരിഭാഷ: രാജീവ് ചേലനാട്ട്

Mithun Kumar

Mithun Kumar runs a vegetable shop in Mumbai and writes about social issues on various online media platforms.

Other stories by Mithun Kumar
Photographs : Devesh

Devesh is a poet, journalist, filmmaker and translator. He is the Translations Editor, Hindi, at the People’s Archive of Rural India.

Other stories by Devesh
Photographs : Sumer Singh Rathore

Sumer is a visual storyteller, writer and journalist from Jaisalmer, Rajasthan.

Other stories by Sumer Singh Rathore
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat