എന്താണ് നമ്മുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും അനുഭവിക്കാന്‍ നമ്മളെ പ്രാപ്തമാക്കുന്നത് നിങ്ങള്‍ക്കറിയുമോ? അത് ഇന്ത്യന്‍ ഭരണഘടനയാണ്. റാംപ്യാരി കവാച്ചി തന്‍റെ സഞ്ചരിക്കുന്ന പുസ്തകശാല സന്ദർശിക്കുന്നയാളിനോട് ഇന്ത്യൻ ഭരണഘടനയേക്കുറിച്ച് ‌ വിവരിക്കുന്നത് ഇങ്ങനെയാണ്. ചത്തീസ്ഗഢിലെ ധംതരി ജില്ലയിലെ ഘോട്ഗാവ് ഗ്രാമത്തിലെ പ്രതിവാര ഹാട്ടിലുള്ള (ഗ്രാമചന്ത) തന്‍റെ കടയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഏറ്റവും തടിച്ച പുസ്തകമാണ് ഭരണഘടന). ധംതരിയിലെ നാഗ്രി ബ്ലോക്കിലെ അദ്ദേഹത്തിന്‍റെ ഗ്രാമമായ ജോരാഡബ്രി റൈയതിൽ നിന്നും 13 കിലോമീറ്റര്‍ മാറിയാണ് ചന്ത പ്രവര്‍ത്തിക്കുന്നത്.

എഴുതാനോ വായിക്കാനോ കഴിയാത്ത രാംപ്യാരി അന്നത്തെ ദിവസം തന്‍റെ കടയില്‍ എത്തുന്നവരോട് ഭരണഘടയുടെ പ്രാധാന്യം വിവരിക്കുകയായിരുന്നു. കടയില്‍ വരുന്നവരും അദ്ദേഹത്തെപ്പോലെ തന്നെ പ്രദേശത്തെ ആദിവാസി സമൂഹങ്ങളില്‍ നിന്നുള്ളവരായിരുന്നു. ഈ പുസ്തക കച്ചവടക്കാരന്‍ ഇന്ത്യന്‍ ഭരണഘടനയെ അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ വളരെ ഉത്സുകനായിരുന്നു.

ഇതാണ് എല്ലാവരും വീട്ടില്‍ സൂക്ഷിക്കേണ്ട “ഒരേയൊരു പവിത്ര ഗ്രന്ഥം”. അതിൽനിന്ന് നാം നമ്മുടെ അവകാശങ്ങളെയും കടമകളെയുംപറ്റി പഠിക്കേണ്ടതുണ്ട്. നിങ്ങൾക്കറിയാമോ നമ്മൾ ആദിവാസികൾക്കും ദളിതർക്കും സംവരണം (ഉപരിപഠനത്തിനും സർക്കാർ ഉദ്യോഗത്തിനും) ലഭിക്കുന്നത് ഇന്ത്യൻ ഭരണഘടനയും അതിലെ വ്യവസ്ഥകളും അതിന്‍റെ അഞ്ചാമത്തേയും ആറാമത്തെയും പട്ടികകളും {ഗോത്രവർഗ്ഗങ്ങളെ സംരക്ഷിക്കുന്നവ) കാരണമാണെന്ന്?” ഹാട്ടിൽ പച്ചക്കറികളും പലചരക്കുകളും മറ്റവശ്യവസ്തുക്കളും വാങ്ങുവാൻ വന്ന ഘോട്ഗാവിലെ ആളുകളോട് അദ്ദേഹം വിവരിച്ചു.

റാംപ്യാരി കവാച്ചിയെ കണ്ടാൽ 50 വയസ്സ് തോന്നിക്കും. ജനസംഖ്യയുടെ മൂന്നിലൊന്ന് ഭാഗവും പട്ടികവർഗക്കാരായ ഛത്തീസ്ഗഢിലെ ഏറ്റവും വലിയ ആദിവാസിസമൂഹമായ ഗോണ്ഡ് വർഗ്ഗത്തിലെ അംഗമാണ് റാംപ്യാരി. അദ്ദേഹം വിൽക്കുന്ന ഭൂരിഭാഗം പുസ്തകങ്ങളും - തീസ്‌രി ആസാദി കി സിംഹ്ഗർജ്ജന; ബിർസ മുണ്ട; സചിത്ര ജീവനി; ഭ്രഷ്ടാചാർ; ഹിന്ദു ആദിവാസി നഹീൻ ഹൈ – ഹിന്ദി ഭാഷയിലുള്ളവയാണ്. എന്നിരുന്നാലും അദ്ദേഹം കുറച്ച്‌ പുസ്തകങ്ങൾ ഗോണ്ഡിഭാഷയിലും മറ്റുചിലത് ഇംഗ്ലീഷിലും ശേഖരിക്കാറുണ്ട്. ആരെങ്കിലും ഒരു പുസ്തകത്തലക്കെട്ട് തെരഞ്ഞെടുത്താൽ റാംപ്യാരി അതിന്‍റെ ഉള്ളടക്കം അവരോട് വിവരിക്കും. മിക്കപ്പോഴും അതൊരു പുസ്തകനിരൂപണ ശൈലിയിലായിരിക്കും .

Rampyari Kawachi (right) selling books and other materials during World Tribal Day celebrations in Dhamtari, Chhattisgarh, in 2019.
PHOTO • Purusottam Thakur
Rampyari loves wearing a red turban when he goes to haats, melas and madais
PHOTO • Purusottam Thakur

ഇടത് : 2019- ല്‍ ഛത്തീസ്ഗഢിലെ ധംതരിയില്‍ നടന്ന ലോക ആദിവാസി ദിനാഘോഷങ്ങള്‍ക്കിടയിൽ റാംപ്യാരി കവാച്ചി (വലത്) പുസ്തകങ്ങളും മറ്റുവസ്തുക്കളും വിൽക്കുന്നു . വലത് : ഹാട്ടുകളിലും മേളകള്‍ക്കും മാടായികള്‍ക്കും പോകുമ്പോൾ ചുവന്ന തലപ്പാവ് ധരിക്കുന്നത് റാംപ്യാരിക്ക് ഇഷ്ടമാണ്

“ഞാൻ ഒരിക്കലും പള്ളിക്കൂടത്തിൽ പോയിട്ടില്ല; എനിക്ക് എഴുതാനും വായിക്കാനും കഴിയില്ല,” റാംപ്യാരി എന്നോട് പറഞ്ഞു. എഴുപതിനടുത്ത് പ്രായമുള്ള സോബ്‌സിംഗ് മണ്ഡാവി എന്നൊരു വിരമിച്ച സർപഞ്ചിന്‍റെ സഹായം അദ്ദേഹം തേടാറുണ്ട്. “ഞാൻ അദ്ദേഹത്തോട് പുസ്തകങ്ങൾ വായിക്കാൻ അഭ്യർത്ഥിക്കാറുണ്ട് . അവയുടെ ഉള്ളടക്കം എന്താണെന്ന് അദ്ദേഹം എന്നോട് പറയും, അത് ഞാൻ ഉപഭോക്താവിനോട് വിശദീകരിക്കും. പുസ്തകത്തിൽ അച്ചടിച്ചിരിക്കുന്ന വില പോലും എനിക്ക് വായിക്കാൻ കഴിയില്ല, പക്ഷേ അത് എന്താണെന്ന് ഒരിക്കൽ പറഞ്ഞാൽ, ഞാൻ മറക്കില്ല”, അദ്ദേഹം പറയുന്നു.

ഏകദേശം 15 വർഷങ്ങൾ മുന്‍പ് പുസ്തകങ്ങൾ വിൽക്കാൻ തുടങ്ങുന്ന കാലത്ത് റാംപ്യാരി മറ്റുള്ളവരുടെ കൃഷിയിടങ്ങളിൽ ജോലി ചെയ്തിരുന്നു. പിന്നീട്‌ ഹാട്ടുകളിൽ വിത്തുകളും കീടനാശിനികളും വിൽക്കുവാൻ തുടങ്ങി. ജോരാഡബ്രി റൈയതിൽ നിന്ന് 10-15 കിലോമീറ്റർ അകലെയുള്ള മദ്ധ്യഛത്തീസ്ഗഢിലെ പ്രതിവാര ചന്തകളിൽ അദ്ദേഹം ഇപ്പോഴും വിത്തുകൾ വിൽക്കുന്നു. ഓക്ര, തക്കാളി, വെള്ളരി, ബീൻസ് തുടങ്ങിയ പച്ചക്കറികളുടെ വിത്തുകൾ ഒരു പ്രത്യേക വിഭാഗത്തിലും, പുസ്തകങ്ങൾ ,കലണ്ടറുകൾ, ഘടികാരങ്ങൾ തുടങ്ങിയ മറ്റിനങ്ങൾ വേറെയായും വിൽക്കുവാൻ വച്ചിരിക്കുന്നു.

ഒറ്റനോട്ടത്തിൽ, പുസ്തകങ്ങളുടെയും വിത്തുകളുടെയും വ്യാപാരി മാത്രമായി റാംപ്യാരിയെ തെറ്റിദ്ധരിച്ചേക്കാം. പക്ഷേ, താൻ അത് മാത്രമല്ല, ഒരു കാര്യകർത്ത അല്ലെങ്കില്‍ ഒരു പ്രവർത്തകന്‍ കൂടിയാണെണെന്ന് അദ്ദേഹം പറയുന്നു. ആദിവാസികളെ അവരുടെ പ്രശ്‌നങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും പഠിപ്പിക്കുവാൻവേണ്ടിയാണ് അദ്ദേഹം പുസ്തകങ്ങൾ വിൽക്കാൻ തുടങ്ങിയത്. മാടായികളിലും (വിളവെടുപ്പുത്സവം) മേളകളിലും വിത്ത് വിൽക്കാൻ പോകുമ്പോൾ കണ്ടിട്ടുള്ള, ആദിവാസി താല്‍പര്യങ്ങളുമായി ബന്ധപ്പെട്ട സംവാദങ്ങളും ചർച്ചകളും അദ്ദേഹത്തെ ആഴത്തിൽ ചിന്തിപ്പിച്ചു. അവർക്കായി കൂടുതൽ പ്രവർത്തിക്കുവാൻ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്തു.

"ഞാൻ സഹ ആദിവാസികൾക്കിടയിൽ അവബോധം സൃഷ്ടിക്കുന്നു", രസകരവും പ്രചോദനാത്മകവുമായ ചുവർപരസ്യങ്ങൾക്കൂടി വിൽക്കുന്ന റാംപ്യാരി പറയുന്നു. ഗോണ്ഡ് ആദിവാസികൾ പൂർവ്വികനായി കരുതുന്ന പുരാണ കഥാപാത്രമായ രാവണനെ അദ്ദേഹം തന്‍റെ ചുവർപരസ്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. "ഞങ്ങളുടെ ആളുകൾക്ക് വിദ്യാഭ്യാസവും അവകാശങ്ങളും നിഷേധിക്കപ്പെടുന്നു, കാരണം അവർ ബോധവാന്മാരല്ല. ഭരണഘടന നമുക്ക് കരുത്ത് നൽകുന്നുണ്ടെങ്കിലും നമ്മുടെ അവകാശങ്ങൾ ഉപയോഗിക്കാൻ കഴിയുന്നില്ല. ഞങ്ങളുടെ ആളുകളുടെ ശുദ്ധഗതി കാരണം ഞങ്ങൾ ചൂഷണം ചെയ്യപ്പെടുന്നു,” അദ്ദേഹം വിശദീകരിക്കുന്നു. പുസ്‌തകങ്ങൾക്കും ചുവർപരസ്യങ്ങൾക്കും പുറമേ, മാടായികളിലും മേളങ്ങളിലും അദ്ദേഹം മറ്റ് സാധനങ്ങളും വിൽക്കുന്നുണ്ട്: ആദിവാസി പരിപാടികളും ഉത്സവങ്ങളും അടയാളപ്പെടുത്തുന്ന കലണ്ടറുകൾ; ഘടികാരദിശയുടെ വിപരീതമായി ചലിക്കുന്ന ആദിവാസി ഘടി ; കൂടാതെ ആദിവാസി ചിഹ്നങ്ങളുള്ള വളകള്‍, മാലകള്‍ എന്നിവയൊക്കെ.

A floral procession for guardian deities at a madai (harvest festival) in Dhamtari.
PHOTO • Purusottam Thakur
Dhol performers at a mela (right) in Chhattisgarh's Sukma district. Rampyari had set up his stall on both occasions
PHOTO • Purusottam Thakur

ഇടത് : ധംതരിയിലെ ഒരു മാടായിയിൽ ( കൊയ്ത്തുത്സവം ) കാവൽ ദേവതകൾക്കായി ഒരു പുഷ്പഘോഷയാത്ര . വലത് : ഛത്തീസ്‌ഗഢിലെ സുക്മ ജില്ലയിൽ ഒരു മേളയിൽ ധോൾ വായിക്കുന്നവര്‍ . രണ്ട് അവസരങ്ങളിലും റാംപ്യാരി തന്‍റെ സ്റ്റാള്‍ ഒരുക്കിയിരുന്നു

ബസ്തറും തെക്കൻ ഛത്തീസ്ഗഢിലെ മറ്റ് ഭാഗങ്ങളും ഉൾപ്പെടെയുള്ള ആദിവാസിമേഖലയിലൂടെയും റാംപ്യാരി സഞ്ചരിക്കാറുണ്ട്. അയൽസംസ്ഥാനങ്ങളായ ഒഡീഷ, മഹാരാഷ്ട്ര, തെലങ്കാന എന്നിവിടങ്ങളിലെ മേളകളിലും സമ്മേളനങ്ങളിലും പങ്കെടുക്കുവാൻ അദ്ദേഹം പോകാറുണ്ട്. അവിടങ്ങളിൽ ഓരോ തവണ പോകുമ്പോഴും വില്പ്പനയ്ക്കായി 400-500 പുസ്തകങ്ങളും മറ്റ് സാമഗ്രികളും കൊണ്ടുപോകാറുണ്ട്. കഴിഞ്ഞ ദശകത്തിൽത്തന്നെ ഈ റിപ്പോർട്ടർ ഛത്തീസ്ഗഡിലും ഒഡീഷയിലും നിരവധി അവസരങ്ങളിൽ അദ്ദേഹത്തെ കണ്ടിട്ടുണ്ട്.

“നേരത്തെ, ഞാൻ പുസ്തകങ്ങൾ വാങ്ങി വിതരണം ചെയ്യുമായിരുന്നു. ഏകദേശം 10,000-12,000 പുസ്തകങ്ങൾ ഞാന്‍ സൗജന്യമായി വിതരണം ചെയ്തിട്ടുണ്ടായിരിക്കാം,” ഈ പുസ്തകവിതരണക്കാരൻ പറയുന്നു. വളരെക്കാലമായി അദ്ദേഹം തന്‍റെ മോട്ടോർബൈക്കിൽ പുസ്തകങ്ങളുടെ കെട്ടുകൾ കയറ്റി അയച്ചിരുന്നു. മഹാരാഷ്ട്രയിലെ നാഗ്പൂർ, മധ്യപ്രദേശിലെ ജബൽപൂർ, ഛത്തീസ്ഗഢിലെ റായ്പൂർ തുടങ്ങിയ നഗരങ്ങളിൽ നിന്നാണ് അദ്ദേഹം തന്‍റെ ശേഖരം വരുത്താറുള്ളത്. തന്‍റെ വരുമാനം സ്ഥിരമല്ലെന്നും താൻ ഒരു കണക്കുപോലും സൂക്ഷിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

പുസ്തകങ്ങളുടെ വില 10 രൂപ മുതൽ 350 രൂപ വരെയാണ്‌ . “ഈ പുസ്തകങ്ങൾ നമ്മുടെ സമൂഹത്തേക്കുറിച്ചാണ്, അതിനാൽ അത് ആളുകൾക്കിടയിൽ പ്രചരിപ്പിക്കേണ്ടതുണ്ട്. അവയെല്ലാം അവർ വായിക്കണം. നിങ്ങളെപ്പോലുള്ള ഒരാൾ [റിപ്പോർട്ടർ] ഞങ്ങളോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ, ഞങ്ങൾ ലജ്ജിക്കുകയും നിങ്ങളോട് സംസാരിക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. ഞങ്ങളുടെ പൂർവികർക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടതുകൊണ്ടാണ് ഞങ്ങൾക്ക് സംസാരിക്കാനോ ശബ്ദം ഉയർത്താനോ കഴിയാതിരിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു", അദ്ദേഹം പറയുന്നു.

തന്‍റെ യാത്രകൾ എളുപ്പമാക്കാൻ വിവിധ ഉപയോഗങ്ങളുള്ള ഒരു പഴയ വാഹനം കുറച്ച് വർഷങ്ങൾക്ക് മുമ്പ് റാംപ്യാരി വാങ്ങി. അത് സ്വന്തമാക്കിയത് പരിചയമുള്ള ഒരാളിൽ നിന്ന് പലിശയ്ക്ക് പണം കടം വാങ്ങിയിട്ടാണ്‌. പക്ഷേ, 2020 മാർച്ച് മുതൽ കൊവിഡ്-19 ലോക്ക്ഡൗൺ സമയം മുതൽ വായ്പയുടെ ഗഡുക്കൾ തിരിച്ചടയ്ക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായി തുടങ്ങി. ഇപ്പോഴും വളരെയധികം കഷ്ടപ്പെടുന്നുണ്ടെന്ന് അദ്ദേഹം നെടുവീർപ്പിടുന്നു.

Rampyari Kawachi (attired in yellow) and his helpers selling books on a hot summer afternoon at an Adivasi mela in Sukma district
PHOTO • Purusottam Thakur

റാംപ്യാരി കവാച്ചിയും ( മഞ്ഞ വസ്ത്രം ധരിച്ചയാള്‍ ) അദ്ദേഹത്തിന്‍റെ സഹായികളും സുക്മ ജില്ലയിലെ ഒരു ആദിവാസി മേളയിൽ കൊടുംവേനൽക്കാലത്ത് ഉച്ചതിരിഞ്ഞ് പുസ്തകങ്ങൾ വിൽക്കുന്നു

സാധനങ്ങൾ സൂക്ഷിക്കുവാൻ അദ്ദേഹത്തിന് ഗോഡൗണില്ല. അവയെല്ലാം ജോറാഡബ്രി റൈയതിലെ തന്‍റെ മൂന്ന് മുറികളുള്ള, ഓടിട്ട വീട്ടിൽ സൂക്ഷിക്കുന്നു. അവിടെ അദ്ദേഹം ഭാര്യ പ്രേമ ബായിയോടൊപ്പം താമസിക്കുന്നു. തങ്ങള്‍ക്കെത്ര വയസ്സുണ്ടെന്ന്  ഇരുവര്‍ക്കുമറിയില്ല - ഇരുവർക്കും രേഖകളോ ജനനസർട്ടിഫിക്കറ്റുകളോ ഇല്ല. പ്രേമ വീടുപണിയിലും വീട്ടുമുറ്റത്തെ അവരുടെ ചെറിയ പറമ്പിലെ കൃഷിയിലും വ്യാപൃതയാകാറുണ്ട്. റാംപ്യാരിയുടെ കടയില്‍ അദ്ദേഹത്തെ സഹായിക്കുവാൻ തനിക്ക് പറ്റുമ്പോഴൊക്കെ അവര്‍ പോകാറുമുണ്ട്.

“ഈ ജോലി ഞാൻ ചെയ്യുന്നത്, അതിൽ നിന്ന് എനിക്ക് വളരെയധികം സംതൃപ്തി ലഭിക്കുന്നതുകൊണ്ടാണ്. ഞങ്ങൾ ആദിവാസികൾ മാടായികളിലും മേളകളിലും ഒത്തുകൂടുകയും ആഘോഷിക്കുകയും ചെയ്യുന്നു. എനിക്ക് എവിടെയും സമ്പാദിക്കുവാൻ കഴിയും. എന്നാൽ, അത്തരം സ്ഥലങ്ങളിൽ കുറച്ച് പണം സമ്പാദിക്കുക മാത്രമല്ല ഞാന്‍ ചെയ്യുന്നത്. എന്തിനു വേണ്ടിയാണോ ഞാൻ ജീവിക്കുന്നത് അത് ചെയ്യുക കൂടിയാണ്", റാംപ്യാരി പറയുന്നു.

റാംപ്യാരിയെ ആളുകൾ മുമ്പ് ഒരു കൊച്ചിയ ആയിയിട്ടാണ് (കച്ചവടക്കാരൻ) അറിഞ്ഞിരുന്നത്. "പിന്നീട്‌ അവർ എന്നെ സേത്ത് (വ്യാപാരി) എന്ന് വിളിച്ചു, എന്നാൽ ഇപ്പോൾ അവർ എന്നെ സാഹിത്യകാർ (സാഹിത്യകാരൻ) ആയി കാണുന്നു. അതിൽ ഞാൻ സന്തോഷിക്കുന്നു", അദ്ദേഹം പറഞ്ഞു.

പരിഭാഷ: പാർവതി ആർ.

Purusottam Thakur

Purusottam Thakur is a 2015 PARI Fellow. He is a journalist and documentary filmmaker and is working with the Azim Premji Foundation, writing stories for social change.

Other stories by Purusottam Thakur
Translator : Parvathy R.

Parvathy R. is a postgraduate in English and Comparative Literature from Pondicherry University. She is an independent researcher and translator from Kochi.

Other stories by Parvathy R.