"മഴ പിന്നെയും നിന്നു," മുള കൊണ്ടുണ്ടാക്കിയ ഊന്നുവടി കുത്തി തന്റെ കൃഷിയിടത്തിലേക്ക് നടക്കുന്ന ധർമ ഗരേൽ പറഞ്ഞു. "ജൂൺ വിചിത്രമായ മാസമായിക്കൊണ്ടിരിക്കുകയാണ്. 2-3 മണിക്കൂർ മഴ പെയ്യും. ചിലപ്പോൾ ചാറ്റൽ മാത്രം, ചിലപ്പോൾ കനത്ത മഴ. പക്ഷെ അതിനു ശേഷം കുറച്ചു മണിക്കൂറുകളോളം ഭയങ്കര ചൂടാണ്. ഈർപ്പം വലിഞ്ഞു മണ്ണ് പിന്നെയും ഉണങ്ങുന്നു. ഇങ്ങനെയാണെങ്കിൽ തൈകൾ എങ്ങനെ വളരാനാണ്?"
എൺപതുകാരനായ ഗരേലും അദ്ദേഹത്തിന്റെ കുടുംബവും താനെ ജില്ലയിലെ ശഹാപൂർ താലൂക്കിലെ 15 വാർലി കുടുംബങ്ങളുൾപ്പെടുന്ന ആദിവാസി ഗ്രാമമായ ഗാരെൽപാഡയിൽ തങ്ങളുടെ ഒരേക്കർ ഭൂമിയിൽ നെൽകൃഷി ചെയ്തു വരുന്നു. ജൂൺ 2019-ൽ ഇവർ വിതച്ച നെല്ല് മുഴുവൻ ഉണങ്ങി പോകുകയാണുണ്ടായത്. ആ മാസം വെറും 11 ദിവസം 393 മി.മീ. മഴ മാത്രമാണുണ്ടായത് (ശരാശരിയായ 421.9 മില്ലീമീറ്ററിനേക്കാൾ കുറവ്).
ഇവർ വിതച്ച നെല്ല് കിളിർത്തുപോലുമില്ല - വിത്തിനും, വളത്തിനും, ട്രാക്ടർ വാടകയ്ക്കും, മറ്റ് കൃഷിയാവശ്യങ്ങൾക്കുമായി ചിലവഴിച്ച പതിനായിരത്തോളം രൂപ ഇവർക്ക് നഷ്ടം വന്നു.
"ഓഗസ്റ്റോടെ മാത്രമാണ് മണ്ണ് പതിവായ മഴയിൽ തണുത്തു തുടങ്ങിയത്. രണ്ടാമത് വിതച്ചാൽ വിളവ് ലഭിക്കുമെന്നും എന്തെങ്കിലും ലാഭമുണ്ടാകുമെന്നും എനിക്ക് ഉറപ്പായിരുന്നു," ധർമയുടെ 38-കാരനായ മകൻ രാജു പറഞ്ഞു.
ജൂണിലെ കുറഞ്ഞ മഴയ്ക്ക് ശേഷം ജൂലൈയിൽ വളരെ കനത്ത മഴയുണ്ടായി - 1586.6 മില്ലിമീറ്റർ, ഇത് സാധാരണ ശരാശരിയായ 947.3 മില്ലിമീറ്ററിനേക്കാൾ വളരെ അധികമായിരുന്നു. അതിനാൽ ഗരേൽ കുടുംബം രണ്ടാമത്തെ വിതയ്ക്കലിൽ പ്രതീക്ഷയർപ്പിച്ചു. പക്ഷെ ഓഗസ്റ്റോടെ വളരെ കനത്ത മഴ ഒക്ടോബർ വരെ തുടർന്നു. താനെ ജില്ലയിലെ ഏഴു താലൂക്കുകളിലും 116 ദിവസം 1200 മില്ലിമീറ്ററോളം അമിത മഴ ലഭിച്ചു.
"ചെടികളുടെ വളർച്ചയ്ക്ക് സെപ്റ്റംബർ വരെയുള്ള മഴയെ ആവശ്യമുണ്ടായിരുന്നുള്ളൂ. മനുഷ്യർ പോലും വയർ പൊട്ടുന്നതുവരെ ഭക്ഷണം കഴിക്കാറില്ല, അപ്പോൾ പിന്നെ ഈ കുഞ്ഞു ചെടികൾ അതെന്തിന് ചെയ്യും?" രാജു ചോദിക്കുന്നു. ഒക്ടോബറിലെ മഴയിൽ ഗരേൽ കുടുംബത്തിന്റെ കൃഷിയിടത്തിൽ വെള്ളം പൊങ്ങി. "സെപ്റ്റംബറിൽ ഞങ്ങൾ നെല്ല് കൊയ്ത് കെട്ടിവച്ചു തുടങ്ങിയിരുന്നു," കർഷകയും രാജുവിന്റെ ഭാര്യയുമായ 35-കാരി സവിത ഓർക്കുന്നു. "ബാക്കി പിന്നെയും കൊയ്യാനുണ്ടായിരുന്നു. ഒക്ടോബർ 5-നു ശേഷം പക്ഷെ പെട്ടെന്ന് മഴ കനത്തു. കെട്ടിവെച്ച വിളവ് വീട്ടിനുള്ളിലേക്കെടുക്കാൻ ഞങ്ങൾ ശ്രമിച്ചു. പക്ഷെ മിനിറ്റുകൾക്കുള്ളിൽ ഞങ്ങളുടെ പാടത്തു വെള്ളം നിറഞ്ഞുപൊങ്ങി..."
രണ്ടാമത് വിതച്ചതിൽ നിന്ന് ഇവർ 3 ക്വിന്റലോളം നെല്ല് രക്ഷിച്ചെടുത്തു - മുൻപ് ഇവർക്ക് ഒരു വിളവെടുപ്പിൽ 8-9 ക്വിന്റലോളം നെല്ല് ലഭിക്കാറുണ്ടായിരുന്നു.












