കാലാവസ്ഥ വ്യതിയാനത്തെക്കുറിച്ചുള്ള പാരിയുടെ പരമ്പരയുടെ ഭാഗമായ ഈ ലേഖനം പരിസ്ഥിതി റിപ്പോര്‍ട്ടിംഗ് വിഭാഗത്തില്‍ 2019-ലെ രാംനാഥ് ഗോയങ്കെ പുരസ്കാരത്തിന് അര്‍ഹമായിട്ടുണ്ട്.

ഓരോ പ്രഭാതത്തിലും അവർ മൂന്നു മണിക്ക് ഉണരും. അവരവരുടെ വീടുകളിലെ പണികളെല്ലാം തീർത്തിട്ടുവേണം അവർക്ക് പുലർച്ചെ അഞ്ചു മണിക്ക് ജോലിക്ക് എത്താൻ. നനവാർന്ന വിശാലമായ അവരുടെ ജോലിസ്ഥലത്തെത്താൻ ചെറിയൊരു നടപ്പു മാത്രം മതി. അവർ വീടുകളിൽനിന്ന് പുറത്തിറങ്ങി കടലിലേക്ക് നടക്കുന്നു അതിൽ ഊളിയിടുന്നു.

ചിലപ്പോൾ അവർ അടുത്തുള്ള ദ്വീപുകളിലേക്ക് ഒരു വള്ളത്തിൽ സഞ്ചരിക്കും - പിന്നെ അവയ്ക്കു ചുറ്റുമുള്ള വെള്ളത്തിൽ മുങ്ങും. അടുത്ത 7-10 മണിക്കൂർ വരെ അവർ ഇത് ആവർത്തിച്ച് കൊണ്ടിരിക്കും, ഓരോ തവണ മുങ്ങി നിവരുമ്പോഴും കൈയിൽ ഒരു കെട്ട് കടൽപ്പായൽ കാണും, അവരുടെ ജീവിതം അതിനെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടിൽ - തീർച്ചയായും അതങ്ങനെയാണ്. വെള്ളത്തിൽ മുങ്ങി ആ സമുദ്രസസ്യങ്ങളും പായലും ശേഖരിക്കുന്നത്  തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിലെ ഭാരതിനഗറിലെ മത്സ്യത്തോഴിലാളികളുടെ ചെറുഗ്രാമത്തിലെ ഈ സ്ത്രീകളുടെ മുഖ്യ വരുമാനമാർഗമാണ്.

പ്രവൃത്തി ദിവസങ്ങളിൽ അവർ വസ്ത്രങ്ങൾക്കും വലസഞ്ചികൾക്കുമൊപ്പം 'സുരക്ഷാ സാമഗ്രികൾ' കൂടെ കരുതും. വള്ളക്കാർ അവരെ കടൽ‌പ്പായൽ  സമൃദ്ധമായുള്ള വെള്ളമുള്ള ദ്വീപുകളിലേക്ക്‌ കൊണ്ടുപോകും. സ്ത്രീകൾ‌ അവരുടെ സാരികൾ‌  ധോത്തി ഉടുക്കും പോലെ  കാലുകൾ‌ക്കിടയിൽ‌ ബന്ധിക്കുകയും വലസഞ്ചികൾ അരക്കെട്ടിൽ‌ കെട്ടിയുറപ്പിക്കുക്കയും ചെയ്യും. അവർ സാരിയുടെ മുകളിൽ‌ ടി-ഷർ‌ട്ടുകൾ‌ ധരിക്കും. കണ്ണുകളിൽ 'ഗോഗിൾസ്' [ഒരു തരം കണ്ണട],  വിരലുകളിൽ തുണി കഷ്ണങ്ങൾ അല്ലെങ്കിൽ ചിലർക്ക് സർജിക്കൽ കൈയ്യുറകൾ, പിന്നെ മൂർച്ചയുള്ള പാറകളിൽ കാലുകൾ മുറിയുന്നതു തടയാൻ റബ്ബർ ചെരിപ്പുകൾ എന്നിവയാണ് അവരുടെ   ‘സംരക്ഷണ’ സാമഗ്രികൾ. കടൽത്തീരത്തു നിന്നകലെയായാലും ദ്വീപുകളിലായാലും അവർ ഇവ ഉപയോഗിക്കുന്നു.

ഈ പ്രദേശത്ത്‌ കടൽപ്പായൽ കൊയ്‌ത്ത്‌ തലമുറകളായി  അമ്മയിൽ നിന്ന് മകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു പരമ്പരാഗത തൊഴിലാണ്. അവിവാഹിതരും നിരാലംബരുമായ ചില സ്ത്രീകൾക്ക് ഇത് ഏക വരുമാനസ്രോതസ്സാണ്‌.

ചൂടേറിക്കൊണ്ടിരിക്കുന്നതും ഉയർന്നുകൊണ്ടിരിക്കുന്നതുമായ സമുദ്രനിരപ്പ്, മാറുന്ന കാലാവസ്ഥ, ഈ വിഭവത്തിന്‍റെ അമിത ചൂഷണം എന്നിവ മൂലം കടൽപ്പായൽ  കുറയുന്നതിനനുസരിച്ച് ഈ വരുമാനം ചുരുങ്ങികൊണ്ടിരിക്കുകയാണ്.

“കടൽ‌പ്പായലിന്‍റെ വളർച്ച ഗണ്യമായി കുറഞ്ഞിരിക്കുന്നു,” 42 വയസ്സുള്ള പി. രാക്കമ്മ പറഞ്ഞു. ഇവിടെയുള്ള സ്ത്രീകളായ മറ്റു വിളവെടുപ്പുകാരെ പോലെ, അവരും തിരുപ്പുല്ലാനി ബ്ലോക്കിലെ മായക്കുളം ഗ്രാമത്തിനടുത്തുള്ള ഭാരതിനഗറിൽ നിന്നാണ്. "മുമ്പ് ലഭിച്ചിരുന്നത്രയും കടൽപ്പായൽ ഇപ്പോൾ ഞങ്ങൾക്കു കിട്ടാറില്ല. ഈയിടെയായി ചിലപ്പോൾ ഒരു മാസത്തിൽ 10 ദിവസം മാത്രമേ ഞങ്ങൾക്ക് ജോലിയുള്ളൂ.” സ്ത്രീകൾ ആസൂത്രിതമായി വിളവെടുപ്പ് നടത്തുന്നത് ഒരു വർഷത്തിൽ അഞ്ച് മാസം മാത്രമേ ഉള്ളൂ എന്നത് കണക്കാക്കുമ്പോൾ അത് വലിയൊരു തിരിച്ചടിയാണ്. 2004 ഡിസംബറിലെ സുനാമിക്കുശേഷം “തിരമാലകൾ ശക്തമാവുകയും സമുദ്രനിരപ്പ് ഉയരുകയും ചെയ്തു” എന്ന് രാക്കമ്മ കരുതുന്നു.

PHOTO • M. Palani Kumar

ഈ പ്രദേശത്ത്‌ അമ്മയിൽ നിന്ന് മകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒരു പരമ്പരാഗത തൊഴിലാണ് കടൽപ്പായൽ വിളവെടുപ്പ്; ഇവിടെ യു. പഞ്ചവരം കടലിനടിയിലെ പാറക്കെട്ടുകളിൽ നിന്ന് കടൽപ്പായൽ ശേഖരിക്കുന്നു

എട്ടു വയസ്സുള്ളപ്പോൾ മുതൽ കടൽ‌പ്പായലിനായി കടലിൽ ഊളിയിടുന്ന എ. മൂക്കുപോരിയെപ്പോലുള്ള വിളവെടുപ്പുകാരെ ഈ മാറ്റങ്ങൾ വേദനിപ്പിക്കുന്നു. വളരെ ചെറുപ്രായത്തിൽ തന്നെ അവരുടെ മാതാപിതാക്കൾ മരിച്ചു. ബന്ധുക്കൾ അവരെ ഒരു മദ്യപാനിയുമായി വിവാഹം കഴിപ്പിച്ചു. ഇപ്പോൾ 35 വയസ്സുള്ള, മൂക്കുപോരിക്ക് മൂന്ന് പെൺമക്കളുണ്ട്. ഇപ്പോഴും അയാളോടൊപ്പം താമസിക്കുന്നു, പക്ഷേ എന്തെങ്കിലും സമ്പാദിച്ചു കുടുംബത്തെ പോറ്റാൻ അയാൾക്ക്‌ സാധിക്കില്ല.

തന്‍റെ  മൂന്ന് പെൺമക്കളെ കൂടുതൽ പഠിക്കാൻ സഹായിക്കുന്നതിന് “കടൽപ്പായൽ വിളവെടുക്കുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഇപ്പോൾ പര്യാപ്തമല്ല” എന്നാണ് സ്വന്തം വീട്ടിൽ വരുമാനമുള്ള ഒരേയൊരു അംഗമായ  അവർ പറയുന്നത്. അവരുടെ മൂത്ത കുട്ടി ബി. കോം ബിരുദത്തിനായി പഠിക്കുന്നു. രണ്ടാമത്തേ മകൾ ഒരു കോളേജിൽ പ്രവേശനം കാത്തിരിക്കുന്നു. ഇളയ മകൾ ആറാം ക്ലാസ്സിലാണ്. കാര്യങ്ങൾ ഉടൻ മെച്ചപ്പെടില്ലെന്ന് മൂക്കുപോരി ഭയപ്പെടുന്നു.

അവരും അവരുടെ കൂടെയുള്ള സഹകൊയ്ത്തുകാരും തമിഴ്‌നാട്ടിൽ ഏറ്റവും പിന്നോക്ക സമുദായങ്ങളിൽ (എംബിസി) ഒന്നായി തരംതിരിച്ചിരിക്കുന്ന മുതരായ്യാർമാരാണ്. തമിഴ്‌നാടിന്‍റെ 940 കിലോമീറ്റർ തീരത്ത് 600-ൽ  അധികം വനിതാ കടൽപ്പായൽ കൊയ്ത്തുകാർ ഇല്ല എന്ന് രാമനാഥപുരം മത്സ്യത്തൊഴിലാളി  യൂണിയൻ പ്രസിഡണ്ട് എ. പൽസാമി കണക്കാക്കുന്നു. പക്ഷേ, അവർ ചെയ്യുന്ന ജോലി, ഈ സംസ്ഥാനത്തിൽ മാത്രം ഒതുങ്ങാത്ത വലിയൊരു ജനതയെ സഹായിക്കുന്നു.

“ഞങ്ങൾ കൊയ്യുന്ന കടൽപ്പായൽ അഗർ നിർമ്മാണത്തിലേക്ക് പോകുന്നു” എന്ന് 42 വയസ്സുള്ള പി. റാണിയമ്മ വിശദീകരിച്ചു. അഗർ പശപ്പുള്ള കുഴമ്പുപരുവത്തിലുള്ള [ജെല്ലി പോലെ ] ഒരു പദാർത്ഥമാണ്. ഭക്ഷ്യ വിഭവങ്ങളിൽ സാന്ദ്രത വർദ്ധിപ്പിക്കാൻ ഇത് ഉപയോഗിക്കുന്നു.

ഇവിടെ നിന്നുള്ള കടൽപ്പായൽ ഭക്ഷ്യ വ്യവസായത്തിലും ചില വളങ്ങളിൽ ഒരു ഘടകമായും മരുന്ന് നിർമാതാക്കളുടെ ഔഷധകൂട്ടുകളിലും മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. സ്ത്രീകൾ കടൽപ്പായൽ വിളവെടുക്കുകയും അത് ഉണക്കുകയും ചെയ്യുന്നു. പിന്നീട്, അത് മധുര ജില്ലയിലെ ഫാക്ടറികളിലേക്ക് സംസ്കരണത്തിനായി അയക്കുന്നു. ഈ പ്രദേശത്ത് രണ്ട് പ്രധാന ഇനങ്ങൾ ഉണ്ട് - മട്ടക്കോറൈ (ഗ്രാസിലേറിയ), മരിക്കൊഴുന്ത് (ജെലിഡിയം അമാൻസി). സലാഡുകൾ, പുഡ്ഡിംഗുകൾ, ജാം എന്നിവയുടെ ഭാഗമായി ചിലപ്പോൾ ജെലിഡിയം വിളമ്പുന്നു. ആഹാരം ക്രമീകരിക്കാൻ ശ്രമിക്കുന്നവർക്ക് ഇത് സഹായകമാണ് എന്നു കരുതപ്പെടുന്നു. ചിലപ്പോൾ മലബന്ധത്തിന് ചികിത്സിക്കാൻ ഇത് ഉപയോഗിക്കുന്നു. മറ്റ് വ്യാവസായിക ആവശ്യങ്ങൾക്കൊപ്പം വസ്ത്രങ്ങൾക്ക് നിറം പകരാൻ മട്ടക്കോറൈ (ഗ്രാസിലേറിയ) ഉപയോഗിക്കുന്നു.

എന്നാൽ ഇത്രയുമധികം വ്യവസായങ്ങളിൽ കടൽപ്പായലിന്‍റെ പ്രചാരം അതിന്‍റെ അമിത ചൂഷണത്തിന് കാരണമായി. അനിയന്ത്രിതമായ വിളവെടുപ്പ് അതിന്‍റെ ലഭ്യതയിൽ ഗണ്യമായ ഇടിവിന് കാരണമായതായി സെൻട്രൽ സാൾട്ട് ആൻഡ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (മണ്ഡപം ക്യാമ്പ്, രാമനാഥപുരം) ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

PHOTO • M. Palani Kumar

ഭക്ഷ്യയോഗ്യമായ ഒരു ചെറിയ കടൽപ്പായൽ ഇനമായ മരിക്കൊഴുന്ത് വിളവെടുത്തത് കൈയിലേന്തി പി. റാണിയമ്മ

വിളവിൽ ആ ഇടിവ് പ്രതിഫലിക്കുന്നുണ്ട്. “അഞ്ച് വർഷം മുമ്പ്, ഞങ്ങൾ ഏഴ് മണിക്കൂറിനുള്ളിൽ കുറഞ്ഞത് 10 കിലോഗ്രാം മരിക്കൊഴുന്ത് വിളവെടുക്കാറുണ്ടായിരുന്നു,” 45 വയസ്സുള്ള എസ്. അമൃതം പറഞ്ഞു. “എന്നാൽ ഇപ്പോൾ, ഒരു ദിവസം മൂന്ന് മുതൽ നാല് കിലോ പോലും കിട്ടുന്നില്ല. കൂടാതെ, കാലക്രമേണ കടൽ‌പ്പായലിന്‍റെ വലുപ്പവും കുറഞ്ഞു. ”

ഇതിനെ ആശ്രയിച്ചുള്ള വ്യവസായവും കുറഞ്ഞു. 2014 അവസാനത്തോടെ മധുരയിൽ 37 അഗർ യൂണിറ്റുകൾ ഉണ്ടായിരുന്നുവെന്ന് ആ ജില്ലയിൽ ഒരു കടൽ‌പ്പായൽ സംസ്കരണ കമ്പനി ഉടമയായ എ. ബോസ് പറഞ്ഞു. ഇന്ന്, ഏകദേശം ഏഴ് എണ്ണം മാത്രമേയുള്ളൂ - അവ അവയുടെ ശേഷിയുടെ 40 ശതമാനത്തിൽ പ്രവർത്തിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഓൾ ഇന്ത്യ അഗർ, ആൽജിനേറ്റ് മാനുഫാക്ചറേഴ്സ് വെൽ‌ഫെയർ അസോസിയേഷന്‍റെ അധ്യക്ഷനായിരുന്നു ബോസ്. അംഗങ്ങളുടെ കുറവ് കാരണം കഴിഞ്ഞ രണ്ട് വർഷമായി ആ സംഘടന പ്രവർത്തനരഹിതമാണ്.

"ഞങ്ങൾക്ക് ജോലി ലഭിക്കുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞു," നാല് പതിറ്റാണ്ടിലധികമായി കടൽപ്പായലിനുവേണ്ടി കടലിൽ മുങ്ങുന്ന 55 വയസുള്ള എം. മരിയമ്മ പറഞ്ഞു. "മറ്റു കാലങ്ങളിൽ ഞങ്ങൾക്ക് വേറെ തൊഴിലവസരങ്ങൾ ഇല്ല."

1964-ൽ മരിയമ്മ ജനിക്കുമ്പോൾ മായകുളം ഗ്രാമത്തിൽ താപനില 38 ഡിഗ്രി സെൽഷ്യസ്സോ അതിലധികമോ ഉള്ള ദിവസങ്ങൾ ഒരു വർഷം  179 എന്നതായിരുന്നു. എന്നാൽ 2019-ൽ അത്തരം ചൂടേറിയ ദിനങ്ങൾ 271 - അമ്പത് ശതമാനത്തിലധികം വർദ്ധനവ്. ഈ ജൂലൈയിൽ ന്യൂയോർക്ക് ടൈംസ് ഓൺലൈനിൽ പോസ്റ്റ് ചെയ്ത കാലാവസ്ഥയെയും ആഗോളതാപനത്തെയും സംബന്ധിച്ച ഒരു ഉപകരണത്തിന്‍റെ കണക്കുകൂട്ടൽ പ്രകാരം അടുത്ത 25 വർഷങ്ങളിൽ ഈ പ്രദേശത്ത് അത്തരത്തിലുള്ള ദിവസങ്ങൾ 286 മുതൽ 324 വരെ ആകാം. കടലിന്‍റെ ചൂട് വർദ്ധിക്കുകയാണ് എന്നതിൽ ഒരു സംശയമില്ല.

ഇതിന്‍റെയെല്ലാം പ്രഭാവം ഉണ്ടാകുന്നത് ഭാരതിനഗറിലെ മത്സ്യത്തൊഴിലാളികളായ സ്ത്രീകളിൽ മാത്രമല്ല അതിനപ്പുറം ഏതോ കാര്യത്തിലാണ്.  കാലാവസ്ഥാ വ്യതിയാനത്തെ ലഘൂകരിക്കുന്നതിനുള്ള ഒരു പ്രധാന ഘടകമായി കടൽ‌പ്പായലിനെ വീക്ഷിക്കുന്ന പഠനങ്ങളെ അംഗീകരിക്കാതെ തന്നെ ഇൻറ്റർഗവർണമെൻറ്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐ‌പി‌സി‌സി) യുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പരാമർശിക്കുന്നു. “കടൽപ്പായൽ വളർത്തൽ [അക്വാകൾച്ചർ] കൂടുതൽ ഗവേഷണ ശ്രദ്ധ അർഹിക്കുന്നു" എന്ന് ആ റിപ്പോർട്ട് തന്നെ സമ്മതിക്കുന്നു.

കൊൽകൊത്തയിലെ ജാദവ്പൂർ സർവകലാശാലയിലെ സ്‌കൂൾ ഓഫ് ഓഷ്യനോഗ്രാഫിക് (സമുദ്രവിജ്ഞാനം) സ്റ്റഡീസിലെ പ്രൊഫ. തുഹിൻ ഘോഷ് ആ റിപ്പോർട്ടിന്‍റെ പ്രധാന രചയിതാക്കളിൽ ഒരാളായിരുന്നു. മത്സ്യത്തൊഴിലാളികളായ വനിതകൾ അവരുടെ വിളവ് കുറയുന്നതിനെക്കുറിച്ച് പറഞ്ഞതെല്ലാം അദ്ദേഹത്തിന്‍റെ വീക്ഷണങ്ങൾ സ്ഥിരീകരിക്കുന്നതായി തോന്നുന്നു. “കടൽപ്പായൽ മാത്രമല്ല, മറ്റ് പല പ്രക്രിയകളും കുറയുകയോ വേഗത കൈവരിക്കുകയോ ചെയ്യുന്നു [കുടിയേറ്റം പോലുള്ളവ],” അദ്ദേഹം ഫോണിൽ PARI യോട് പറഞ്ഞു. “ മത്സ്യലഭ്യത , ചെമ്മീൻ വിത്ത് വിളവ്, കടലിനോടും കരയോടും ബന്ധപെട്ടുള്ള  ഞണ്ട് ശേഖരണം, തേൻ ശേഖരണം, കുടിയേറ്റം ( സുന്ദർബനിൽ കാണുന്നതുപോലെ ) മുതലായ നിരവധി കാര്യങ്ങൾ എന്നിവയിൽ ഇത് വളരെ ശരിയാണ്.”

PHOTO • M. Palani Kumar

അടുത്തുള്ള ദ്വീപുകളിൽ പോയി കടലിൽ മുങ്ങാൻ വേണ്ടി സ്ത്രീകൾ ചിലപ്പോൾ ഇവിടെ നിന്ന് ഒരു ബോട്ട് എടുക്കും

മത്സ്യത്തൊഴിലാളി സമൂഹങ്ങൾ പറയുന്നതിൽ കാര്യമുണ്ട് എന്ന് പ്രൊഫ. ഘോഷ് പറഞ്ഞു. “എന്നിരുന്നാലും, മത്സ്യത്തിന്‍റെ കാര്യത്തിൽ, ഇത് കാലാവസ്ഥാ വ്യതിയാനം മാത്രമല്ല - ട്രോളറുകളും  വ്യാവസായിക തലത്തിലുള്ള മത്സ്യബന്ധനവും വരുത്തുന്ന കടുത്ത അമിത ചൂഷണത്തിന്‍റെ പ്രഭാവം കൂടിയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ സാധാരണ മാർഗ്ഗങ്ങളിലൂടെയുള്ള മീൻലഭ്യതയെ അത് കുത്തനെ കുറച്ചിട്ടുണ്ട്. ”

ട്രോളറുകൾ കടൽപ്പായലിനെ ബാധിക്കില്ലെങ്കിലും വ്യാവസായിക അമിത ചൂഷണം നിസ്സംശയമായും ബാധിക്കും. ഭാരതിനഗറിലെ സ്ത്രീകളും അവരുടെ സഹകൊയ്ത്തുകാരും ആ പ്രക്രിയയിൽ അവർ വഹിക്കുന്ന പങ്കിനെക്കുറിച്ച്, അത് ചെറുതാണെങ്കിൽകൂടി, ചിന്തിച്ചതായി തോന്നി. വിളവ് കുറയുന്നതിൽ ആശങ്കാകുലരായ അവർ തമ്മിൽ കൂടിക്കാഴ്ചകൾ നടത്തുകയും ജൂലൈ മുതൽ ആസൂത്രിതമായ വിളവെടുപ്പ് അഞ്ച് മാസമായി പരിമിതപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തുവെന്ന് അവരോടൊപ്പം പ്രവർത്തിച്ച പ്രവർത്തകരും ഗവേഷകരും പറയുന്നു. പിന്നീടുള്ള മൂന്നുമാസക്കാലം, അവർ കടലിലേക്ക് പോകാറില്ല - കടൽപ്പായൽ പുനരുജ്ജീവിപ്പിക്കാൻ അനുവദിക്കും. മാർച്ച് മുതൽ ജൂൺ വരെ അവർ ഓരോ മാസവും വളരെ കുറച്ച് ദിവസങ്ങൾ മാത്രം വിളവെടുക്കുന്നു. ലളിതമായി പറഞ്ഞാൽ, സ്ത്രീകൾ അവരുടേതായ ഒരു സ്വയംനിയന്ത്രണ സംവിധാനം സൃഷ്ടിച്ചിരിക്കുകയാണ്.

അതൊരു ചിന്തനീയമായ സമീപനമാണ് - എന്നാൽ അവർ കുറച്ചു നഷ്ടം സഹിക്കുകയും വേണം. “മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം (എം‌ജി‌എൻ‌ആർ‌ഇജി‌എ) പ്രകാരം മത്സ്യത്തൊഴിലാളികളായ വനിതകൾക്ക് ജോലി നൽകുന്നില്ല,” മരിയമ്മ പറഞ്ഞു. “വിളവെടുപ്പുകാലത്തു തന്നെ ഞങ്ങൾ ഒരു ദിവസം 100 മുതൽ 150 രൂപ പോലും സമ്പാദിക്കുന്നില്ല.”  വിളവെടുപ്പുകാലത്ത്‌ , ഓരോ സ്ത്രീക്കും ഒരു ദിവസം 25 കിലോഗ്രാം വരെ കടൽ‌പ്പായൽ ശേഖരിക്കാൻ കഴിയും, എന്നാൽ അവർക്ക് ലഭിക്കുന്ന നിരക്കുകൾ (കുറഞ്ഞു കൊണ്ട് ഇരിക്കുന്നു)  അവർ കൊണ്ടുവരുന്ന തരം കടൽപ്പായൽ അനുസരിച്ചു വ്യത്യസ്‌തമായിരിക്കും.

ചട്ടങ്ങളിലും നിയമങ്ങളിലുമുള്ള മാറ്റങ്ങൾ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. 1980 വരെ അവർക്ക് നല്ലത്തീവ്, ചല്ലി, ഉപ്പുതണ്ണി തുടങ്ങിയ അകലെയുള്ള ദ്വീപുകളിലേക്ക് പോകാമായിരുന്നു - അവയിൽ ചിലതിൽ എത്തിച്ചേരാൻ ഏകദേശം രണ്ട് ദിവസം ബോട്ടിൽ യാത്ര ചെയ്യണം. കടൽപ്പായൽ ശേഖരണത്തിനായി ഏകദേശം ഒരാഴ്ച വരെ ചെലവഴിച്ചാണ് അവർ നാട്ടിലേക്ക് മടങ്ങുക. ആ വർഷം, അവർ പോയികൊണ്ടിരുന്ന  21 ദ്വീപുകൾ ഗൾഫ് ഓഫ് മന്നാർ മറൈൻ നാഷണൽ പാർക്കിന് കീഴിലായി - അതുവഴി വനംവകുപ്പിന്‍റെ അധികാരപരിധിയിലും. ദ്വീപുകളിൽ താമസിക്കാൻ വകുപ്പ് അനുമതി നിഷേധിക്കുകയും ഈ സ്ഥലങ്ങളിലേക്കുള്ള അവരുടെ പ്രവേശനം ക്രമേണ നിർത്തലാക്കുകയും ചെയ്തു. ആ നിരോധനത്തിനെതിരായ പ്രതിഷേധങ്ങൾ സർക്കാരിൽ നിന്ന് അനുഭാവപൂർണമായ പ്രതികരണമൊന്നും നേടിയിട്ടില്ല.  8,000 മുതൽ  10,000 രൂപ വരെ പിഴ ചുമത്തപ്പെടുമെന്നു ഭയന്ന് അവർ ദ്വീപുകളിലേക്ക് ഇപ്പോൾ അധികം പോകാറില്ല.

PHOTO • M. Palani Kumar

കടൽപ്പായൽ ശേഖരിക്കാൻ സ്ത്രീകൾ ഉപയോഗിക്കുന്ന വലസഞ്ചികൾ; ഈ പ്രക്രിയയിൽ അവർക്കു പരുക്കേറ്റു ചോരയൊലിക്കും. എന്നാലും ഒരു നിറഞ്ഞ സഞ്ചി അവരുടെ കുടുബങ്ങളെ സഹായിക്കാനുള്ള വരുമാനമാണ്

വരുമാനം കൂടുതൽ ചുരുങ്ങിയിരിക്കുകയാണ്. "ദ്വീപുകളിൽ ഒരാഴ്ച ചെലവഴിക്കാറുള്ള കാലത്തു ഞങ്ങൾ 1,500 മുതൽ 2,000 രൂപയെങ്കിലും സമ്പാദിച്ചിരുന്നു," 12 വയസുള്ളപ്പോൾ മുതൽ കടൽപ്പായൽ വിളവെടുക്കുന്ന എസ്. അമൃതം പറഞ്ഞു. "ഞങ്ങക്ക് കടൽപ്പായൽ ഇനങ്ങളായ മട്ടക്കോറൈയും മരിക്കൊഴുന്തും രണ്ടും ലഭിക്കുമായിരുന്നു. ഇപ്പോൾ ഒരാഴ്ച 1,000 രൂപയെങ്കിലും സമ്പാദിക്കാൻ ബുദ്ധിമുട്ടാണ്."

കൊയ്ത്തുകാർക്കു കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ചർച്ചകളൊന്നും അറിയില്ലായിരിക്കാം. പക്ഷെ അവർ അത് അനുഭവിച്ചിട്ടുണ്ട്. അതിന്‍റെ ചില  പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവതികളുമാണ്. സ്വന്തം ജീവിതങ്ങളിലും തൊഴിലിലും ധാരാളം മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ് എന്ന് അവർ മനസ്സിലാക്കി. കാലാവസ്ഥയിലും താപനിലയിലും കടലിന്‍റെ സ്വഭാവത്തിലും ഉണ്ടായ മാറ്റങ്ങളെ അവർ നിരീക്ഷിക്കുകയും അനുഭവിക്കുകയും ചെയ്തു. സംഭവിച്ചുകൊണ്ടിരിക്കുന്ന ധാരാളം മാറ്റങ്ങളിൽ അവരുടേത് ഉൾപ്പെടെയുള്ള മനുഷ്യന്‍റെ പ്രവർത്തനങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചു അവർ ചിലതൊക്കെ മനസ്സിലാക്കിയിട്ടുണ്ട്. അതേസമയം അവരുടെ ഏക വരുമാനം മൊത്തത്തിൽ സങ്കീർണമായ ഒരു കൂട്ടം പ്രക്രിയകളിൽ ബന്ധനസ്ഥമാണ്. തൊഴിലുറപ്പു [എംജിഎൻആർഇജിഎ] പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെക്കുറിച്ചു മരിയമ്മയുടെ അഭിപ്രായം സൂചിപ്പിക്കുന്നത്  പോലെ  തങ്ങൾക്കു മറ്റു മാർഗ്ഗങ്ങൾ നൽകപ്പെടുന്നില്ല എന്ന് അവർക്കറിയാം.

ജലനിരപ്പ് ഉച്ച മുതൽ ഉയരാൻ തുടങ്ങിയതിനാൽ അവർ അന്നത്തെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ആരംഭിച്ചു. കുറച്ചു മണിക്കൂറുകൾക്കു ശേഷം അവർ പോയ വള്ളങ്ങളിൽ തന്നെ അവരുടെ 'കൊയ്ത്ത്' കൊണ്ടുവരികയും വലസഞ്ചികളിൽ അവയെ തീരത്തു നിരത്തുകയും ചെയ്തു.

അവരുടെ പ്രവർത്തനം ഒട്ടും ലളിതമല്ല മാത്രമല്ല, അപകടം പിടിച്ചതുമാണ്. കടൽ കൂടുതൽ ദുർഘടം ആയിക്കൊണ്ടിരിക്കുകയാണ്. കുറച്ച് ആഴ്ചകൾക്കു മുൻപ് ഉണ്ടായ കാറ്റിലും കോളിലും പെട്ട് നാല് മീൻപിടുത്തക്കാർ മരിച്ചു. മൂന്ന് മൃതദേഹങ്ങളെ ലഭിച്ചുള്ളു. നാലാമത്തെ ശരീരം കൂടി ലഭിച്ചാൽ മാത്രമേ കാറ്റിന്‍റെ ശക്തി കുറയുകയും കടൽ ശാന്തമാകുകയുമുള്ളു എന്ന് നാട്ടുകാർ വിശ്വസിക്കുന്നു.

നാട്ടുകാർ പറയുന്നതു പോലെ കാറ്റ് അനുകൂലമല്ലെങ്കിൽ കടലുമായി ബന്ധപ്പെട്ട എല്ലാ ജോലികളും വെല്ലുവിളിയാണ്. ബൃഹത്തായ കാലാവസ്ഥാ നിലയിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ കൂടുതൽ ദിവസങ്ങളും പ്രവചനാതീതമാണ്. എന്നിട്ടും സ്ത്രീകൾ അവരുടെ ഒരേയൊരു ഉപജീവനമാർഗ്ഗം തേടി പ്രക്ഷുബ്ധമായ കടലിൽ പോകുന്നു. ആലങ്കാരികമായും ചിലപ്പോൾ അക്ഷരാർത്ഥത്തിലും അവർ പരുക്കൻ കടലുകളിൽ  ഒഴുകിപോകുകയാണെന്ന് അറിഞ്ഞിരിന്നിട്ടുകൂടി.

PHOTO • M. Palani Kumar

കടൽപ്പായലിനായി മുങ്ങാൻ വള്ളം കടലിൽ നിയന്ത്രിക്കുന്നു: കാറ്റ് അനുകൂലമല്ലെങ്കിൽ കടലുമായി ബന്ധപ്പെട്ട എല്ലാ ജോലികളും വെല്ലുവിളിയാണ്. ബൃഹത്തായ കാലാവസ്ഥാ നിലയിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ കൂടുതൽ ദിവസങ്ങളും പ്രവചനാതീതമാണ്

PHOTO • M. Palani Kumar

കീറിയ ഒരു കൈയ്യുറയുമായി ഒരു കടൽപ്പായൽ കൊയ്ത്തുകാരി - പാറകൾക്കും പ്രക്ഷുബ്ധമായ കടലിനും എതിരെ അതൊരു ദുർബലമായ പ്രതിരോധമാണ്

PHOTO • M. Palani Kumar

വലകൾ തയ്യാറാക്കുന്നു: കണ്ണുകളിൽ 'ഗോഗിൾസ്' [ഒരു തരം കണ്ണട],  വിരലുകളിൽ തുണി കഷ്ണങ്ങൾ അല്ലെങ്കിൽ കൈയ്യുറകൾ, പിന്നെ മൂർച്ചയുള്ള പാറകളിൽ കാൽപ്പാദങ്ങൾ മുറിയുന്നതു തടയാൻ റബ്ബർ ചെരിപ്പുകൾ എന്നിവയാണ് സ്ത്രീകളുടെ ‘സംരക്ഷണ’സാമഗ്രികൾ

PHOTO • M. Palani Kumar

എസ്. അമൃതം ശക്തമായ തിരമാലകൾക്കെതിരെ പോരാടി പാറകളിലെത്താൻ ശ്രമിക്കുന്നു

PHOTO • M. Palani Kumar

കടൽപ്പായൽ  ശേഖരിക്കുന്നതിന് ഉപയോഗിക്കുന്ന വലസഞ്ചിയുടെ കയർ മുറുക്കുന്ന എം. മരിയമ്മ

PHOTO • M. Palani Kumar

മുങ്ങാൻ തയ്യാറെടുക്കുന്നു

PHOTO • M. Palani Kumar

പിന്നെ കടൽത്തട്ട് ലക്ഷ്യം വച്ച്  മുങ്ങൽ

PHOTO • M. Palani Kumar

ആഴങ്ങളിലേക്ക് - ഈ സ്ത്രീകളുടെ തൊഴിലിടം വെള്ളത്തിനടിയിൽ മീനുകളുടെയും കടൽജീവികളുടെയും സുതാര്യമല്ലാത്ത ഒരു ലോകമാണ്

PHOTO • M. Palani Kumar

നീളമുള്ള ഇലകളുള്ള ഈ കടൽപ്പായൽ മട്ടക്കോറൈ ശേഖരിച്ച്‌   ഉണക്കുകയും വസ്ത്രങ്ങൾക്ക് നിറം പകരാൻ ഉപയോഗിക്കുകയും ചെയ്യുന്നു

PHOTO • M. Palani Kumar

കടൽത്തട്ടിൽ ശ്വാസം നിയന്ത്രിച്ചു നിന്ന് കൊണ്ട് റാണിയമ്മ മരികൊഴുന്ത് ശേഖരിക്കുന്നു

PHOTO • M. Palani Kumar

ബുദ്ധിമുട്ടി സമ്പാദിച്ച വിളവെടുപ്പിനൊപ്പം പ്രക്ഷുബ്ധമായ തിരകൾക്കിടയിലൂടെ പിന്നെയും ഉപരിതലത്തിലേക്ക്

PHOTO • M. Palani Kumar

വേലിയേറ്റം തുടങ്ങി, പക്ഷേ സ്ത്രീകൾ ഉച്ചവരെ അധ്വാനം തുടരുന്നു

PHOTO • M. Palani Kumar

ഒരു കടൽപ്പായൽ കൊയ്ത്തുകാരി ഒരു മുങ്ങലിനുശേഷം സാമഗ്രികൾ വൃത്തിയാക്കുന്നു

PHOTO • M. Palani Kumar

തളർന്ന് കരയിലേക്ക് മടങ്ങുന്നു

PHOTO • M. Palani Kumar

അവർ ശേഖരിച്ച കടൽപ്പായൽ കരയിലേക്ക് വലിച്ചെത്തിക്കുന്നു

PHOTO • M. Palani Kumar

മറ്റുള്ളവർ ഇരുണ്ട പച്ച വിളവെടുപ്പ് നിറഞ്ഞ വലസഞ്ചികൾ ഇറക്കുന്നു

PHOTO • M. Palani Kumar

കടൽപ്പായൽ നിറച്ച ഒരു ചെറിയ വള്ളം കരയിലെത്തുന്നു; ഒരു കൊയ്ത്തുകാരൻ നങ്കൂരത്തെ നയിക്കുന്നു

PHOTO • M. Palani Kumar

കൊയ്തുകൊണ്ടു വന്ന കടൽപ്പായൽ ഒരു സംഘം ഇറക്കുന്നു

PHOTO • M. Palani Kumar

ആ ദിവസത്തെ ശേഖരം തൂക്കിനോക്കുന്നു

PHOTO • M. Palani Kumar

കടൽപ്പായൽ ഉണക്കാൻ ഒരുങ്ങുന്നു

PHOTO • M. Palani Kumar

ഉണക്കാനിട്ടിരിക്കുന്ന കടൽപ്പായലിന്‍റെ ഒരു പരവതാനിയിലൂടെ മറ്റുചിലർ അവരുടെ ശേഖരം കൊണ്ടുപോകുന്നു

PHOTO • M. Palani Kumar

മണിക്കൂറുകൾ കടലിലും വെള്ളത്തിനടിയിലും ചെലവഴിച്ച ശേഷം കരയിലുള്ള വീടുകളിലേക്ക് മടങ്ങുന്നു

കവർ ഫോട്ടോ: എ. മൂക്കുപോരി വലസഞ്ചി വലിക്കുന്നു. ഇപ്പോൾ 35 വയസ്സുള്ള അവർ എട്ട് വയസ്സുള്ളപ്പോൾ മുതൽ കടൽപ്പായലിനായി കടലിൽ മുങ്ങുന്നു. (ഫോട്ടോ: എം. പളനി കുമാർ / പരി)

ഈ കഥയ്ക്ക് ധാരാളം സഹായിച്ച എസ് സെന്തളിരിനോട് എന്നവരോട് നന്ദി.

PARI-യുടെ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ദേശീയ റിപ്പോർട്ടിങ് പ്രൊജക്റ്റ് ആ പ്രതിഭാസത്തെ സാധാരണക്കാരുടെ മൊഴികളിലൂടെയും അവരുടെ ജീവിതാനുഭവങ്ങളിലൂടെയും ചിത്രീകരിക്കാനുള്ള യൂഎൻഡിപി-പിന്തുണയുള്ള ഒരു സംരംഭത്തിന്‍റെ ഭാഗമാണ്.

ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണോ? ദയവായി [email protected], ഒരു കോപ്പി [email protected], എന്ന അഡ്രസ്സിലേക്കു മെയിൽ അയക്കുക.

പരിഭാഷ: ജ്യോത്സ്ന വി.

Reporter : M. Palani Kumar

M. Palani Kumar is Staff Photographer at People's Archive of Rural India. He is interested in documenting the lives of working-class women and marginalised people. Palani has received the Amplify grant in 2021, and Samyak Drishti and Photo South Asia Grant in 2020. He received the first Dayanita Singh-PARI Documentary Photography Award in 2022. Palani was also the cinematographer of ‘Kakoos' (Toilet), a Tamil-language documentary exposing the practice of manual scavenging in Tamil Nadu.

Other stories by M. Palani Kumar

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Series Editors : Sharmila Joshi

Sharmila Joshi is former Executive Editor, People's Archive of Rural India, and a writer and occasional teacher.

Other stories by Sharmila Joshi
Translator : Jyotsna V.

Jyotsna V. is a media professional based in Ernakulam.

Other stories by Jyotsna V.