“ഒരു കലാരൂപത്തിന്മേല്‍ നിങ്ങള്‍ക്ക് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ കഴിയുമോ?”, പ്രസക്തമായ രീതിയില്‍ മണിമാരന്‍ ചോദിച്ചു. “ഈ ആഴ്ച ഞങ്ങള്‍ ബംഗ്ലാദേശില്‍ ഉണ്ടാകേണ്ടതായിരുന്നു”, ഒന്നു നിര്‍ത്തിയിട്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “പോകാന്‍ ഉദ്ദേശിച്ച ഞങ്ങള്‍ 12 പേര്‍ക്കും ഇത് ഒരു വലിയ അവസരമാകുമായിരുന്നു. പകരം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ ഞങ്ങളുടെ എല്ലാ പരിപാടികളും റദ്ദ് ചെയ്തു.” പക്ഷെ പറ കൊട്ടുകാരനും അദ്ധ്യാപകനുമായ - തമിഴ്നാട്ടിലെ ഏറ്റവും മികച്ചവരില്‍ ഒരാളായ - ആ 45-കാരന് അലസമായി ഇരിക്കാന്‍ കഴിയില്ല.

എല്ലാ ദിവസവും ഫേസ്ബുക്കില്‍ ലൈവായി, അല്ലെങ്കില്‍ റെക്കോര്‍ഡ്‌ ചെയ്ത വീഡിയോകള്‍ യൂട്യൂബില്‍ അവതരിപ്പിച്ചുകൊണ്ട് മണിമാരനും അദ്ദേഹത്തിന്‍റെ ഭാര്യ മഗിഴിനിയും ലോക്ക്ഡൗണ്‍ സമയത്തും പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടിരുന്നു.

കോവിഡ്-19 അദ്ദേഹത്തിന്‍റെ സംഘത്തിന്‍റെ രണ്ടു മാസത്തെ പദ്ധതികളെ ബാധിച്ചിട്ടുണ്ടാവാം. എന്നിരിക്കിലും മണിമാരന്‍, എല്ലായ്പ്പോഴും ചെയ്യാറുള്ളതുപോലെ, വൈറസിനെപ്പറ്റി അവബോധം ഉണ്ടാക്കുന്ന പാട്ടുമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. കലാകാരനായ അദ്ദേഹം എഴുതിയ പാട്ട് ഭാര്യയായ മഗിഴിനി പാടിയത് സുബ്രഹ്മണ്യന്‍, ആനന്ദ് എന്നിവര്‍ ഉള്‍പ്പെട്ട സംഘത്തോടൊപ്പമാണ്. പാട്ടിനു നല്ല സ്വീകരണം ലഭിച്ചു. “ദുബായിലുള്ള ഒരു റേഡിയോ നിലയം ഈ പാട്ടെടുക്കുകയും അവരുടെ യൂട്യൂബ് ചാനലില്‍ ഉള്‍പ്പെടുത്തുക പോലും ചെയ്തു.

വീഡിയോ കാണുക: കൊറോണ ഗാനം

തമിഴ്നാട്ടിലെ ഏറ്റവും വിജയകരമായ നാടന്‍ കലാ സംഘങ്ങളില്‍ ഒന്നായ 2007-ല്‍ തുടങ്ങിയ ബുദ്ധര്‍ കലൈ കുഴുവിനെ (ബുദ്ധര്‍ കലാ സംഘം) നയിച്ചുകൊണ്ട് മണിമാരന്‍ നൂറുകണക്കിന് പഠിതാക്കളെ എല്ലാ വര്‍ഷവും പറ കൊട്ടാന്‍ പരിശീലിപ്പിക്കുന്നു. ഒരിക്കല്‍ ദളിതര്‍ മാത്രം, അതും ശവസംസ്കാര സമയത്തു മാത്രം, കൊട്ടിയിരുന്ന ഒരു ഉപകരണമാണ് പറ. നേരത്തെ കണ്ടിരുന്ന രീതിക്കുപരിയായി പറ ഇന്ന് ഒരു വാദ്യോപകരണവും വിമോചനത്തിനുള്ള കലാരൂപവുമാണ്. അതിന്‍റെ രാഷ്ട്രീയം കണ്ടെടുത്ത മണിമാരനെപ്പോലുള്ള കലാകാരന്മാരുടെ പ്രയത്നങ്ങള്‍ക്ക് നന്ദി.

“എന്നിരിക്കിലും ശവസംസ്കാര സമയത്ത് പറ കൊട്ടുന്നവര്‍ ഇപ്പോഴുമുണ്ട്. പക്ഷെ അവരെ കലാകാരന്മാരായി പരിഗണിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ നാടന്‍ കലകള്‍ക്കു നല്‍കുന്ന കലൈമാമണി അവാര്‍ഡ് പോലും പറയെ വേണ്ടരീതിയില്‍ ഒരു കലാരൂപമായി പരിഗണിക്കുന്നില്ല” ആ കലാകാരന്‍ പറഞ്ഞു. പക്ഷെ പ്രതിവാര ക്ലാസ്സുകളും വാര്‍ഷിക പരിശീലന ശിബിരങ്ങളും നയിച്ചുകൊണ്ട് സമൂഹത്തിലെ അസ്പൃശ്യതയുടെയും അലംഭാവത്തിന്‍റെയും കനത്ത മറകള്‍ക്കപ്പുറത്തേക്ക് മണിമാരന്‍ പറയെ എത്തിക്കാന്‍ ശ്രമിക്കുന്നു. ഈ മേളവാദ്യോപകരണത്തിന്‍റെ ആവേശകരമായ ഊര്‍ജ്ജിത ശൈലി പഠിക്കാന്‍ താല്‍പ്പര്യമുള്ളവരെ ജീവിതത്തിന്‍റെ എല്ലാ മേഖലകളില്‍ നിന്നും വിദ്യാര്‍ത്ഥികളായി എടുക്കുന്നു. അതിന്‍റെ രാഷ്ട്രീയവും അവര്‍ പഠിക്കുന്നു. നേരിട്ട് നടത്തുന്ന ശിബിരങ്ങള്‍ ലോക്ക്ഡൗണ്‍ സമയത്ത് നിര്‍ത്തിവച്ചിരിക്കുകയാണ്.

ചെന്നൈയിലെ ഒരു നാടന്‍ കലാരൂപമായ ഗാന വൈറസിനെപ്പറ്റി തെറ്റായ വിവരങ്ങള്‍ പാടി പ്രചരിപ്പിക്കുന്നത് കണ്ടതിനു ശേഷമാണ് താന്‍ ഈ പാട്ട് എഴുതിയതെന്ന് മണിമാരന്‍ പറഞ്ഞു. “ചില കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത് തെറ്റായ വിവരങ്ങള്‍ കേട്ടിട്ടാണ്. ഉദാഹരണത്തിന് മാംസാഹാരം കഴിക്കുമ്പോഴാണ് കൊറോണ വ്യാപിക്കുന്നതെന്ന ആരോപണം. പക്ഷെ മാംസാഹരത്തിനെതിരെ ശക്തമായ ഒരു രാഷ്ട്രീയ പ്രചരണ ശക്തി നേരത്തെതന്നെ നിലനില്‍ക്കുമ്പോള്‍ അവരുടെ പരിപാടികളെ  ശക്തിപ്പെടുത്തുന്നതിനായി കൊറോണയെ ഉപയോഗിക്കുന്നത് ശരിയല്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് ഈ ഗാനവുമായി വരേണ്ടി വന്നു.”

അതിനുമപ്പുറം ഒരു പ്രതിസന്ധിയോടു പ്രതികരിക്കുന്ന കലാകാരന്മാരില്‍ ആദ്യത്തെയാളാണ്‌ മണിമാരന്‍. “കല രാഷ്ട്രീയമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. തങ്ങള്‍ക്കു ചുറ്റും സമൂഹത്തില്‍ സംഭവിക്കുന്നതിനോട് പ്രതികരിക്കുക എന്നത് കലാകാരന്മാരെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. നാടന്‍, ഗാന കലാകാരന്മാര്‍ അത് ചെയ്തിരിക്കുന്നു. ഒരു പ്രതിസന്ധി ഘട്ടത്തില്‍ അവര്‍ കലാപരമായ സംഭാവനകള്‍ നല്‍കിയിരിക്കുന്നു. ഞങ്ങളുടെ കൊറോണ ഗാനം തെറ്റായ വിവരങ്ങളോടു പ്രതികരിക്കുക എന്നതിനേക്കാള്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ചെയ്യുന്നത്.”

2004-ലെ സുനാമിക്കു ശേഷവുമുള്ള ഘട്ടത്തിലും പിന്നീട് 2018-ല്‍ ഗജ ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ നിരവധി ജില്ലകളില്‍ നാശം വിതച്ചപ്പോഴും അവയെ അതിജീവിച്ചവരെ ആശ്വസിപ്പിച്ചുകൊണ്ട് മണിമാരന്‍ ഗാനങ്ങളും പരിപാടികളുമായി എത്തിയിരുന്നു. “നാടന്‍ കല അടിസ്ഥാനപരമായി ഒരു ജനകീയ കലാരൂപമാണ്. ജനങ്ങള്‍ ആപത്തില്‍ പെടുമ്പോള്‍ അവരുടെ കൂടെ നില്‍ക്കേണ്ടത് ഞങ്ങളുടെ കര്‍ത്തവ്യം ആണ്. പണം സംഭാവന ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല ഞങ്ങള്‍. അതുകൊണ്ട് ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നതിനായി ഞങ്ങള്‍ ഞങ്ങളുടെ കലാരൂപം ഉപയോഗിക്കുന്നു”, കൊറോണ ഗാനം എന്നു വിളിക്കുന്ന തങ്ങളുടെ ഏറ്റവും അവസാനത്തെ ഗാനത്തെപ്പറ്റി മഗിഴിനി പറഞ്ഞു.

PHOTO • M. Palani Kumar

2018-ലെ ഗജ ചുഴലിക്കാറ്റ് ബാധിച്ച തമിഴ്നാട്ടിലെ പ്രദേശങ്ങളില്‍ ബുദ്ധര്‍ കലൈ കുഴു പരിപാടികള്‍ അവതരിപ്പിക്കുന്നതിന്‍റെ ഫയല്‍ ഫോട്ടൊ. പരിപാടികളും പാട്ടുകളും അപകടത്തെ അതിജീവിച്ചവര്‍ക്ക് ആശ്വാസമായി.

ചില രീതിയില്‍ നോക്കിയാല്‍ ഗജ ചുഴലിക്കാറ്റിനു ശേഷമുള്ള സമയത്ത് അവര്‍ ചെയ്തതിനു സമാനമായിരുന്നു ഇത്. മണിമാരനും സംഘവും ഗജ ചുഴലിക്കാറ്റ് ബാധിച്ച ഓരോ പ്രദേശങ്ങളും, പ്രത്യേകിച്ച് കാവേരി ഡെല്‍റ്റ പ്രദേശം, സന്ദര്‍ശിക്കുകയും പറ കൊട്ടി ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കുകയും ചെയ്തു. തുടര്‍ന്നും അവര്‍ പറ കൊട്ടുകയും പാട്ടുകള്‍ പാടുകയും ചെയ്തു. ആളുകള്‍ക്കത് സാന്ത്വനവുമായി. “ഒരു വ്യക്തി ഞങ്ങളുടെ അടുത്ത് നടന്നെത്തി പറഞ്ഞത് ഞാന്‍ ഒരിക്കലും മറക്കില്ല: ‘ബിസ്ക്കറ്റുള്‍പ്പെടെ എല്ലാത്തരത്തിലുള്ള സഹായ സാധനങ്ങളും ഞങ്ങള്‍ക്കു കിട്ടി. പക്ഷെ നിങ്ങള്‍ നല്‍കിയതെന്തോ അത് ഞങ്ങളുടെ ആത്മാവില്‍ നിന്നും ഭീതി അകറ്റി. കലാകാരന്മാര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് എന്തു വേണം?”, മണിമാരന്‍ ചോദിച്ചു.

ഇപ്പോള്‍ പെരമ്പലൂര്‍ ജില്ലയിലെ ആലത്തൂര്‍ ബ്ലോക്കിലെ തേനൂര്‍ ഗ്രാമത്തിലാണ് ഈ ദമ്പതികള്‍ താമസിക്കുന്നത്. ഇടയ്ക്കിടെ പരിപാടികള്‍ അവതരിപ്പിച്ചുകൊണ്ടും കോവിഡ്-19-ഉം അനുബന്ധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട ചെറു സംസാരങ്ങള്‍ നടത്തികൊണ്ടും ഫേസ്ബുക്ക് ലൈവില്‍ അവര്‍ പ്രത്യക്ഷപ്പെടുന്നു. “ഞങ്ങള്‍ ഈ പരിപാടിയെ കൊറോണ കുമ്പിടു [കൊറോണ കുമ്പിടുക] എന്നു വിളിക്കുന്നു. ലോക്ക്ഡൗണ്‍ തുടങ്ങുന്നതിനു രണ്ടു ദിവസം മുന്‍പ് ആരംഭിച്ച ഈ പരിപാടി അതു പിന്‍വലിക്കുന്നതു വരെ തുടരാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നു.”

തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ പരമ്പരയുടെ ഒന്നാമത്തെ ദിവസം, പുതിയ പാട്ട് പാടിയത് കൂടാതെ, കൊറോണ വൈറസിന്‍റെ സമയത്ത് പാതയോരങ്ങളില്‍ താമസിക്കുന്ന ആളുകളുടെ ദുരിതങ്ങളെക്കുറിച്ചും മണിമാരന്‍ സംസാരിച്ചു. രണ്ടാമത്തെ ദിവസം അദ്ദേഹം വൈറസ് ബാധയേറ്റാല്‍ ഏറ്റവും മോശപ്പെട്ട അവസ്ഥയില്‍ എത്താവുന്നവരുടെ – പ്രായമുള്ളവരുടെ – കാര്യത്തിലാണ് ശ്രദ്ധിച്ചത്. മൂന്നാം ദിവസം കുട്ടികളെക്കുറിച്ചു സംസാരിച്ചപ്പോള്‍ അവരെ വ്യാപൃതരാക്കാന്‍ പരമ്പരാഗത രീതിയിലുള്ള കളികള്‍ വീണ്ടും കൊണ്ടുവരുന്നതിനെക്കുറിച്ചു സംസാരിച്ചു. നാലാം ദിവസം അദ്ദേഹം ഭിന്നലിംഗ സമൂഹത്തിലേക്കും ലോക്ക്ഡൗണ്‍ സമയത്ത് അവര്‍ അഭിമുഖീകരിക്കാവുന്ന പ്രതിസന്ധികളിലേക്കും ശ്രദ്ധ ക്ഷണിച്ചു.

“നമ്മള്‍ അവരെക്കുറിച്ച് ഇപ്പോള്‍ മാത്രമല്ല സാധാരണ ദിവസങ്ങളിലും ചിന്തിക്കണം”, അദ്ദേഹം പറഞ്ഞു. “എന്‍റെ ഫേസ്ബുക്ക് ലൈവിലും ഞാന്‍ ഇത് പറയുന്നു. പക്ഷെ നമ്മള്‍ ഇപ്പോള്‍ അവരെക്കുറിച്ചു  പറയുമ്പോള്‍, കൊറോണ വൈറസ് അവരില്‍ ഏല്‍പ്പിച്ചിരിക്കാവുന്ന മാനസിക പ്രതിസന്ധികളെക്കുറിച്ച് സംസാരിക്കുമ്പോള്‍, കുറച്ചുകൂടി ശക്തമായി സന്ദേശം എത്തിക്കണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്.”

PHOTO • M. Palani Kumar

മുകളില്‍ വലത്: മണിമാരനും മഗിഴിനിയും മഹാകവിയായ തിരുവള്ളുവറുടെ പ്രതിമക്കിരുവശവുമായി ഇരിക്കുന്നു. തിരുക്കുറല്‍ കവിതകളുടെ ഒരു പരമ്പര പറ ഉപയോഗിച്ച് അവരുടെ സംഘം സൃഷ്ടിക്കുകയാണ്. മുകളില്‍ വലത്: ദമ്പതികള്‍ പറ കൊട്ടാന്‍ പഠിക്കുന്നവരോടൊപ്പം. താഴത്തെ നിര: മണിമാരനും അദ്ദേഹത്തിന്‍റെ സംഘാംഗങ്ങളും രാത്രിയില്‍ പറ കൊട്ടുന്നു (ഫയല്‍ ഫോട്ടോകള്‍).

ശാരീരിക അകലം പാലിക്കുമ്പോള്‍ തന്നെ ശക്തമായ സാമൂഹ്യ മൂല്യങ്ങള്‍ ഉണ്ടാക്കാന്‍ പറ്റുന്ന പുതിയ കളികള്‍ പയിര്‍ എന്ന സംഘടനയുമായി ചേര്‍ന്ന് കുട്ടികള്‍ക്കു വേണ്ടി സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് മണിമാരന്‍. പെരമ്പളൂരിലെ ചില ഗ്രാമങ്ങളില്‍ ഗ്രാമ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ് പയിര്‍. “ഇതിനു വേണ്ടിയുള്ള ജോലികള്‍ ഞങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. പക്ഷെ കോവിഡ്-19-നെക്കുറിച്ച് ഞങ്ങളുടെ ഗ്രാമങ്ങളില്‍ അവബോധമുണ്ടാക്കുന്നതിലാണ് ഇപ്പോള്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എന്തുകൊണ്ടെന്നാല്‍ ഇത് പുതിയതാണ്. ആളുകള്‍ക്ക് അതിനെക്കുറിച്ച് ഒരു അറിവുമില്ല. കുട്ടികള്‍ക്കുള്ള കളികളുമായി ബന്ധപ്പെട്ട ജോലികള്‍ ഞങ്ങള്‍ മണിമാരനും മഗിഴിനിയുമായി ചേര്‍ന്ന് ഉടന്‍ തുടങ്ങും”, പയിറിന്‍റെ മാര്‍ഗ്ഗദര്‍ശിയായ പ്രീതി സേവ്യര്‍ പറഞ്ഞു.

തങ്ങളെപ്പോലെ പരിപാടി അവതരിപ്പിക്കുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ടുള്ള സമയമാണെന്ന് മണിമാരന്‍ സമ്മതിക്കുന്നു. “നാടന്‍ കലാകാരന്മാര്‍ പ്രത്യേകിച്ച് ഏത് പ്രതിസന്ധി ഘട്ടത്തിലും ആളുകളോടൊപ്പം നില്‍ക്കുന്നവരാണ്. അതുകൊണ്ടുതന്നെ തന്നെ ശാരീരിക അകലം പാലിക്കുന്നതും ഒറ്റപ്പെട്ടു നില്‍ക്കുന്നതും ബുദ്ധിമുട്ടുള്ള കാര്യമാണ്.” ജോലി നഷ്ടപ്പെടുന്ന നാടന്‍ കലാകാരന്മാര്‍ക്ക് സര്‍ക്കാര്‍ എന്തെങ്കിലും സഹായം നല്‍കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. “തിരിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഞങ്ങള്‍ക്ക് പരിപാടികള്‍ അവതരിപ്പിക്കാന്‍ കഴിയും. സാമ്പത്തികമായി നാടന്‍ കലാകാരന്മാരുടെ അവസ്ഥ തീര്‍ത്തും മോശമാണ്. സര്‍ക്കാര്‍ അതുപോലുള്ള എന്തെങ്കിലും പരിഗണിക്കണം”, അദ്ദേഹം ശക്തമായി പറഞ്ഞു.

പക്ഷെ, സഹായം ലഭിച്ചാലും ഇല്ലെങ്കിലും നിങ്ങളുടെ കൊറോണ വൈറസ് ഭീതി ഇല്ലാതാക്കുന്നതിനായി മണിമാരനും മഗിഴിനിയും എല്ലാദിവസവും പറ കൊട്ടുന്നതും പാട്ടു പാടുന്നതും തുടരും. “അവബോധമുള്ളവരാകണമെന്നു ഞങ്ങള്‍ ശഠിച്ചുകൊണ്ടേയിരിക്കും. വൈറസ് വ്യാപനം തടയാനായി ഏറ്റവും നന്നായി പ്രവര്‍ത്തിക്കുകയും ചെയ്യും. അങ്ങനെ ഏറ്റവും അവസാനം നമ്മളെ കുമ്പിട്ടുകൊണ്ട് കൊറോണ പോകുമ്പോള്‍ പറ കൊട്ടി ഞങ്ങള്‍ അത് ആഘോഷിക്കുകയും ചെയ്യും.”

കൊറോണ ഗാനത്തിന്‍റെ പരിഭാഷ

താന തന താന
താണ്ഡവമാടുന്നു കൊറോണ

അനേകരുണ്ട്
വെറുതെ കിംവദന്തി പരത്തുന്നവര്‍

കിംവദന്തികള്‍ വിശ്വസിക്കരുത്
അവമതിച്ചു സംസാരിക്കരുത്

ഉദാസീനത സഹായിക്കില്ല
ഭയം വേണ്ട

കൊറോണയുടെ കടന്നാക്രമണങ്ങള്‍
നിര്‍ത്താനുള്ള വഴി തേടുക

കൊറോണ അടുക്കാതെ
മൂക്കു മൂടുക

അവബോധം മാത്രമേ
കൊറോണയെ തുരത്തൂ

ശാരീരിക അകലം പാലിച്ചാല്‍
കൊറോണയും ഓടും

താന തന താന
താണ്ഡവമാടുന്നു കൊറോണ

വെറുതെ കിംവദന്തികള്‍ പരത്തരുത്, നിര്‍ത്തുക!

കൊറോണ പരക്കില്ല
മാംസാഹാരം കഴിക്കുന്നതിലൂടെ

കൊറോണ കൊല്ലാതിരിക്കില്ല
സസ്യാഹാരിയായാലും

എലാ രാജ്യങ്ങളും
ഞെട്ടലിലാണ്

വേരു കണ്ടെത്താന്‍
ഗവേഷണങ്ങളുണ്ട്

പ്രതിരോധ ശേഷി വളര്‍ത്താന്‍ ഭക്ഷണമുണ്ട്

സ്വയം പ്രതിരോധിക്കുക
കള്ളങ്ങള്‍ കളയുക

ചുമക്കുന്നവരില്‍ നിന്നും അകലം പാലിക്കുക
തുമ്മുന്നവരില്‍ നിന്നും മാറി നില്‍ക്കുക

കുറയാത്ത പനിയില്‍ ജാഗ്രതൈ
ശ്വാസംമുട്ടലില്‍ ജാഗ്രതൈ

എല്ലാം എട്ടു ദിവസങ്ങള്‍ നീണ്ടാല്‍
അത് കൊറോണയാണ്

കൊറോണയെ നിയന്ത്രിക്കാന്‍
വൈദ്യ സഹായം മാത്രം തേടുക


പരിഭാഷ: റെന്നിമോന്‍ കെ. സി.

Kavitha Muralidharan

Kavitha Muralidharan is a Chennai-based independent journalist and translator. She was earlier the editor of 'India Today' (Tamil) and prior to that headed the reporting section of 'The Hindu' (Tamil). She is a PARI volunteer.

Other stories by Kavitha Muralidharan
Translator : Rennymon K. C.

Rennymon K. C. is an independent researcher based in Kottayam, Kerala.

Other stories by Rennymon K. C.