“ബ്യൂട്ടി പാർലറിൽ പോകേണ്ട ആവശ്യമെന്താണ്? അങ്ങാടിയിൽ കറങ്ങിനടക്കാനും പണം ചിലവഴിക്കാനുമുള്ള ഒരു കുറുക്കുവഴിമാത്രമാണത്”
തന്റെ ബ്യൂട്ടി പാർലർ സന്ദർശനത്തെ ഭർത്താവിന്റെ വീട്ടുകാർ സംശയത്തോടെയാണ് കാണുന്നതെന്ന് മോനിക കുമാരി പറയുന്നു. കിഴക്കൻ ബിഹാറിലെ ചെറുപട്ടണമായ ജമുയിൽനിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള ഖൈർമ ഗ്രാമത്തിലാണ് നാലുപേരടങ്ങുന്ന കുടുംബം താമസിക്കുന്നത്. പക്ഷേ അവരുടെ അഭിപ്രായങ്ങൾ ഗൌനിക്കാതെ 25 വയസ്സുള്ള മോനിക തനിക്ക് തോന്നുമ്പോഴൊക്കെ, പുരികം ഭംഗിവരുത്താനും, മേൽച്ചുണ്ടിന് മുകളിലെ രോമം കളയാനും, മുഖം തിരുമ്മാനുമൊക്കെ ബ്യൂട്ടി പാർലറിൽ പോകാറുണ്ട്. പഞ്ചായത്തോഫീസിൽ ജോലി ചെയ്യുന്ന ഭർത്താവും വീട്ടുകാരുടെ അഭിപ്രായങ്ങളോട് യോജിക്കുന്നില്ല. മാത്രമല്ല, ഭാര്യയെ പാർലറിൽ കൊണ്ടുവിടാൻപോലും അയാൾ പോവാറുണ്ട്.
മോനിക മാത്രമല്ല, ജമുയിലും ജമുയി ജില്ലയിലെ ചുറ്റുമുള്ള പട്ടണങ്ങളിലെയും ഗ്രാമങ്ങളിലേയും മിക്ക പെൺകുട്ടികളും സ്ത്രീകളും അടുത്തുള്ള പാർലറുകളിൽ പോയി പതിവായി സ്വയം അണിഞ്ഞൊരുങ്ങുന്നത് പതിവാണ്.
“ഞാൻ ഇത് തുടങ്ങുന്ന കാലത്ത്, 10 പാർലറുകളുണ്ടായിരുന്നു ഇവിടെ. ഇപ്പോൾ ആയിരത്തിനടുത്തെങ്കിലും ഉണ്ടാവും”, പ്രമീള ശർമ്മ പറയുന്നു. കഴിഞ്ഞ 15 വർഷങ്ങളായി, ജമുയിൽ ബ്യൂട്ടി പാർലർ വ്യവസായം തഴച്ചുവളരുന്നത് കണ്ടിട്ടുണ്ട് പ്രമീള.
വിവ ലേഡീസ് ബ്യൂട്ടി പാർലറിന്റെ ഉടമസ്ഥയാണ് പ്രമീള. 87,357 ആളുകൾ താമസിക്കുന്ന ജമുയി പട്ടണത്തിലെ പ്രധാന റോഡിലാണ് അവരുടെ സ്ഥാപനം.














