“ഒരുവർഷത്തിൽ ധാരാളം ആടുകളെ കടുവകൾ രാത്രി വന്ന് തട്ടിക്കൊണ്ടുപോകുന്നു“, ഗൌർ സിംഗ് താക്കൂർ എന്ന ആട്ടിടയൻ പറയുന്നു. ഷിരൂ എന്ന് പേരുള്ള നാടൻ ഇനമായ ഭൂട്ടിയ കാവൽനായയ്ക്കുപോലും അവയെ തടയാനാവുന്നില്ല എന്ന് അയാൾ കൂട്ടിച്ചേർത്തു.
ഹിമാലയത്തിലെ ഗംഗോത്രി മലനിരകളിൽവെച്ച് ഞങ്ങളോട് സംസാരിക്കുകയായിരുന്നു അയാൾ. ഉത്തരകാശി ജില്ലയിലെ സൌര ഗ്രാമത്തിലെ ഏഴ് കുടുംബങ്ങളുടെ മൃഗങ്ങളെയാണ് അയാൾ പരിപാലിക്കുന്നത്. വർഷത്തിലെ ഒമ്പതുമാസം അവയെ നോക്കാനുള്ള കരാറാണ് അയാൾക്കുള്ളത്. മഴയായാലും മഞ്ഞായാലും അയാൾക്കവയെ മേയ്ക്കുകയും ശേഖരിക്കുകയും എണ്ണുകയും ചെയ്തേ മതിയാവൂ
“ഏകദേശം 400 ചെമ്മരിയാടുകളും 100 ആടുകളുമുണ്ട് ഇവിടെ”, മലകളിൽ മേഞ്ഞുനടക്കുന്ന ആട്ടിൻപറ്റങ്ങളെ ശ്രദ്ധിച്ചുകൊണ്ട്, മറ്റൊരു ആട്ടിടയനായ 48 വയസ്സുള്ള ഹർദേവ് സിംഗ് താക്കൂർ പറയുന്നു. “ചിലപ്പോൾ കൂടുതലുണ്ടാവാം”, ഉറപ്പില്ലാത്ത മട്ടിൽ അയാൾ പറയുന്നു. കഴിഞ്ഞ 15 വർഷമായി ഈ പണി അയാൾ ചെയ്യുന്നു. “ചില ആട്ടിടയന്മാരും സഹായികളും ഒന്നോ രണ്ടോ ആഴ്ച സഹായിക്കാൻ വന്ന് തിരിച്ചുപോവും. എന്നെപ്പോലെ ചിലർ ഇവിടെ തങ്ങും”, അയാൾ വിശദീകരിച്ചു.
ഒക്ടോബർ മാസമായിരുന്നു. ഉത്തരാഖണ്ഡിലെ ഗർവാൾ ഹിമാലയത്തിലെ ഗംഗോത്രി മലനിരകളിലെ ‘ചുലി ടോപ്പ്’ എന്ന പുൽപ്പരപ്പിൽ എല്ലുതുളയ്ക്കുന്ന ഒരു ശീതക്കാറ്റ് പുല്ലുകൾക്കുമീതെ വീശുന്നുണ്ടായിരുന്നു. തിക്കിത്തിരക്കുന്ന ആടുകളുടെയിടയിൽ കമ്പിളി പുതച്ചുകൊണ്ട് ആ മനുഷ്യർ നീങ്ങിക്കൊണ്ടിരുന്നു. അല്പം മുകളിലുള്ള മഞ്ഞുമൂടിയ ഒരു മലഞ്ചെരുവിൽനിന്ന് ഒഴുകുന്ന തെളിഞ്ഞ അരുവിയുള്ള ഈ പുൽപ്പരപ്പ് ആടുകൾക്ക് വെള്ളം ഉറപ്പുവരുത്തുന്നുവെന്ന് അയാൾ പറയുന്നു. പാറയിടുക്കുകൾക്കിടയിലൂടെ ഒഴുകി, 2,000 അടി താഴെയുള്ള ഭഗീരഥിയുടെ കൈവഴിയായ ഭിലംഗന പുഴയിലേക്ക് അത് പതിക്കുന്നു.









