“കുറേക്കൊല്ലമായല്ലോ നിങ്ങളെന്റെ ഫോട്ടോ എടുത്തുകൊണ്ടിരിക്കുന്നു. നിങ്ങളതെന്താണ് ചെയ്യാൻ പോവുന്നത്” കരഞ്ഞുകൊണ്ട് ഗോവിന്ദമ്മ വേലു എന്നോട് ചോദിക്കുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ മകൻ സെല്ലയ്യൻ മരിച്ചത് അവരെ ആകെ തളർത്തിക്കളഞ്ഞിരുന്നു. “എന്റെ കാഴ്ചശക്തി മുഴുവൻ പോയി. എനിക്ക് നിങ്ങളെ കാണാൻ പറ്റുന്നില്ല. ആരാണ് എന്നെയും എന്റെ അമ്മയേയും സംരക്ഷിക്കുക?”.
കൈയ്യിലെ മുറിവുകളും പാടുകളും അവർ എനിക്ക് കാണിച്ചുതരുന്നു. “വീട്ടിലേക്ക് 200 രൂപ സമ്പാദിക്കാൻ എത്ര വേദന അനുഭവിക്കുന്നുണ്ട് ഞാൻ എന്ന് അറിയാമോ?. കൊഞ്ചിനെ പിടിക്കാൻ വലവീശാനൊക്കെ ഈ പ്രായത്തിൽ പറ്റുമോ? ഇല്ല. പറ്റില്ല. അതുകൊണ്ട് ഞാൻ കൈകളുപയോഗിക്കുന്നു”, ഗോവിന്ദമ്മ പറയുന്നു. 70-കൾ പിന്നിട്ട ഈ ശോഷിച്ച സ്ത്രീ, ഈ കൊഞ്ചുപിടുത്തക്കാരി, തനിക്ക് 77 വയസ്സായെന്നാണ് വിശ്വസിക്കുന്നത്. “അങ്ങിനെയാണ് ആളുകൾ എന്നോട് പറയുന്നത്. മണ്ണിലൂടെ കൈയ്യിട്ട് കൊഞ്ചിനെ പിടിക്കുമ്പോൾ നല്ല ആഴത്തിലുള്ള മുറിവുണ്ടാകും. വെള്ളത്തിൽ കൈകൾ മുങ്ങിക്കിടക്കുമ്പോൾ ചോര പോവുന്നത് അറിയാൻ പറ്റില്ല”.
2019-ൽ ബക്കിംഗാം കനാലിലൂടെ സഞ്ചരിക്കുമ്പോഴാണ് ഞാനവരെ ആദ്യം ശ്രദ്ധിച്ചത്. തിരുവള്ളൂർ ജില്ലവരെ നീണ്ടുകിടക്കുന്ന എന്നൂർ എന്ന സ്ഥലത്തെ കൊസസ്ഥലൈയാറിന് സമാന്തരമായാണ് ഈ കനാൽ പോവുന്നത്. ഒരു മുങ്ങാംകോഴിയെപ്പോലെയുള്ള അവരുടെ കൂപ്പുകുത്തലും വെള്ളത്തിനടിയിലൂടെയുള്ള നീന്തലുമാണ് എന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. അവിടെയുള്ള മറ്റുള്ളവരേക്കാൾ വേഗത്തിൽ അവർ ജലത്തിനടിയിലുള്ള മണ്ണിലേക്ക് കൈയ്യിട്ട് കൊഞ്ചുകളെ പിടിക്കുന്നുണ്ടായിരുന്നു അരയിൽ കെട്ടിയിട്ട ഒരു കൊട്ടയിലേക്ക് അവയെ നിക്ഷേപിച്ച്, അരയ്ക്കൊപ്പം വെള്ളത്തിൽ നിൽക്കുന്ന അവരുടെ തൊലിയുടെ നിറം കനാൽവെള്ളത്തിന്റെ നിറവുമായി യോജിക്കുന്നതുപോലെ തോന്നി.
ഗതാഗതത്തിനായി 19-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ബക്കിംഗാം കനാലും, എന്നൂരിലൂടെ ഒഴുകുന്ന കൊസസ്ഥലൈയാറും ആരണ്യാർ നദിയുമാണ് ചെന്നൈ നഗരത്തിനാവശ്യമായ ജലത്തിന്റെ മുഖ്യഭാഗവും നൽകുന്നത്.

















