“രാത്രി തോറും തന്‍റെ നാല് കുട്ടികളുമായി നടക്കുന്ന ആ അമ്മ – അവര്‍ എനിക്ക് ദുർഗ്ഗ മാതാവാണ്.”

ഒരു കുടിയേറ്റത്തൊഴിലാളിയായി ദുർഗ്ഗാദേവിയുടെ വിഗ്രഹം അക്ഷരാർത്ഥത്തിൽ അവതരിപ്പിച്ച കലാകാരനായ റിന്‍റു ദാസിനെ പരിചയപ്പെടാം. തെക്ക്-പടിഞ്ഞാറൻ കൊൽക്കത്തയിലെ ബേഹാലയിലെ ബാരിശ ക്ലബ്ബിന്‍റെ ദുർഗ്ഗാപൂജ പന്തലിലെ ശ്രദ്ധേയമായ ഒരു ശിൽപമാണിത്. കുടിയേറ്റ തൊഴിലാളികളായി ദുര്‍ഗ്ഗയ്‌ക്കൊപ്പം സരസ്വതി, ലക്ഷ്മി, ഗണേശൻ എന്നങ്ങനെ മറ്റ് ദേവീദേവൻമാരുമുണ്ട്. കൊറോണ വൈറസ് വ്യാപനത്തിനിടയിൽ വളരെയധികം ബുദ്ധിമുട്ടുകൾ സഹിച്ച കുടിയേറ്റ തൊഴിലാളികളെ അനുസ്മരിച്ചുകൊണ്ടുള്ളതാണ് ഈ അവതരണം.

46 വയസ്സുള്ള റിന്‍റു ദാസിന് ലോക്ക്ഡൗൺ കാലയളവിൽ തോന്നിയത് “കഴിഞ്ഞ ആറ് മാസമായി വീട്ടുതടങ്കലിലാണ്” എന്നാണ്. കൂടാതെ, “ടെലിവിഷൻ ഓൺ ചെയ്തപ്പോൾ തന്നെ ഞാൻ മരണങ്ങൾ കണ്ടു, വളരെയധികം ആളുകളെ അത് ബാധിച്ചു. പലരും, പകലും രാത്രിയും ഇടവിടാതെ നടന്നു. ചിലപ്പോൾ ഭക്ഷണമോ അൽപം വെള്ളമോ പോലും ലഭിച്ചില്ല. അമ്മമാർ, പെൺകുട്ടികൾ, എല്ലാവരും നടക്കുന്നു. അപ്പോഴാണ് ഈ വർഷം ഞാൻ പൂജ ചെയ്യുകയാണെങ്കിൽ അത് ജനങ്ങൾക്ക് വേണ്ടി ആയിരിക്കണമെന്ന് തോന്നിയത്. ആ അമ്മമാരെ ഞാൻ ബഹുമാനിക്കും.” അങ്ങനെ, ഒരു കുടിയേറ്റ തൊഴിലാളിയായ അമ്മയായി ദുർഗ്ഗ മാതാവ് മാറി.

“യഥാർത്ഥ ആശയം മറ്റൊന്നായിരുന്നു”, റിന്‍റു ദാസിന്‍റെ പദ്ധതികൾക്കായി വിഗ്രഹം കൊത്തിയ പല്ലബ് ഭൗമിക് (41) പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ വീട്ടിൽ നിന്ന് പാരിയോട് പറഞ്ഞു. 2019-ലെ ദുർഗ്ഗാ പൂജയുടെ ആരവങ്ങൾ അവസാനിക്കുന്നതിന് മുമ്പുതന്നെ “ബാരിശ ക്ലബ്ബ് സംഘാടകർ ഈ വർഷത്തെ പൂജയ്ക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞിരുന്നു. എന്നാൽ 2020 വ്യത്യസ്തമായിരിക്കുമെന്ന് കോവിഡ്-19 മഹാമാരി മൂലം വ്യക്തമായിരുന്നു. അതിനാൽ, ക്ലബ്ബിന് പഴയ പദ്ധതികൾ ഉപേക്ഷിക്കേണ്ടിവന്നു.” പുതിയ പദ്ധതികൾ ലോക്ക്ഡൗണിനും തൊഴിലില്ലായ്മയ്ക്കും ഇടയിൽ ഉരുത്തിരിഞ്ഞു വന്നതാണ്.

This worker in Behala said he identified with the Durga-as-migrant theme, finding it to be about people like himself
PHOTO • Ritayan Mukherjee

ബേഹാലയിലെ ഈ തൊഴിലാളി പറഞ്ഞത് കുടിയേറ്റ തൊഴിലാളിയായി ദുര്‍ഗ്ഗയെ അവതരിപ്പിച്ചത് തന്നെപ്പോലുള്ള ആളുകളെക്കുറിച്ചാണെന്ന് മനസ്സിലാക്കി അതുമായി അനുരൂപപ്പെട്ടു എന്നാണ്

"തന്‍റെ കുട്ടികളോടും മഹിഷാസുരനോടുമൊപ്പമുള്ള മാ ദുർഗ്ഗയുടെ വിഗ്രഹങ്ങൾ ഞാൻ നിർമ്മിച്ചപ്പോൾ, ബാരിശ ക്ലബ്ബിന്‍റെ പൂജയുടെ കലാസംവിധായകൻ റിന്‍റു ദാസിന്‍റെ മേൽനോട്ടത്തിൽ മറ്റ് കരകൗശല വിദഗ്ദ്ധർ പന്തലിന്‍റെ വിവിധ ഭാഗങ്ങൾക്കായി പ്രവർത്തിച്ചു,” ഭൗമിക് പറഞ്ഞു. രാജ്യത്തുടനീളം സാമ്പത്തിക സ്ഥിതി മോശമായത് എല്ലാ പൂജാ കമ്മിറ്റികളെയും ബാധിച്ചിരുന്നു. "ബാരിശ ക്ലബ്ബിനും അതിന്‍റെ ബജറ്റ് പകുതിയായി കുറയ്‌ക്കേണ്ടി വന്നു. യഥാർത്ഥ പ്രമേയത്തിൽ പിടിച്ചുനിൽക്കാൻ കഴിയാത്തതിനാൽ, ദുര്‍ഗ്ഗയെ ഒരു കുടിയേറ്റ മാതാവായി റിന്‍റു ദാ അവതരിപ്പിച്ചു. അത് ഞങ്ങൾ ചർച്ച ചെയ്തതിനു ശേഷം ഞാൻ മൂർത്തിയുടെ ശിൽപം ചെയ്യാൻ തുടങ്ങി. ഞങ്ങളുടെ ടീം വർക്കിന്‍റെ ഫലമാണ് ഈ പന്തലെന്ന് ഞാൻ വിശ്വസിക്കുന്നു.”

സാഹചര്യങ്ങൾ "വിശക്കുന്ന തന്‍റെ കുട്ടികളോടൊപ്പം കഷ്ടപ്പെടുന്ന ഒരു ദുര്‍ഗ്ഗയെ സൃഷ്ടിക്കാൻ എന്നെ പ്രേരിപ്പിച്ചു” എന്ന് ഭൗമിക് പറഞ്ഞു. "ദരിദ്രരായ അമ്മമാർ അവരുടെ കുട്ടികളുമൊത്ത്” ഗ്രാമങ്ങളിലെ അവരുടെ വീടുകളിലേക്ക് നടത്തിയ നീണ്ട കാൽനട യാത്രയുടെ ചിത്രം ദാസിനെപ്പോലെ അദ്ദേഹവും കണ്ടിട്ടുണ്ട്. ഒരു ഗ്രാമീണ പട്ടണത്തിൽ നിന്നുള്ള ഒരു കലാകാരനെന്ന നിലയിൽ, തനിക്ക് ചുറ്റും കണ്ട അമ്മമാരുടെ പോരാട്ടങ്ങളും അദ്ദേഹത്തിന് മറക്കാൻ കഴിഞ്ഞില്ല. "നാദിയ ജില്ലയിലെ തന്‍റെ മാതൃപട്ടണമായ കൃഷ്ണനഗറിൽ ഇത് പൂർത്തിയാക്കാൻ അദ്ദേഹത്തിന് ഏകദേശം മൂന്ന് മാസത്തെ അദ്ധ്വാനം വേണ്ടിവന്നു. അവിടെ നിന്ന് അത് ബാരിശ ക്ലബ്ബിലേക്ക് കൊണ്ടുപോയി,” അദ്ദേഹം പറഞ്ഞു. കൊൽക്കത്തയിലെ ഗവൺമെന്‍റ്  ആർട്സ് കോളേജിൽ പഠിക്കുമ്പോൾ, പ്രശസ്ത കലാകാരനായ ബികാസ് ഭട്ടാചാര്യയുടെ സൃഷ്ടികൾ ഭൗമികിൽ വളരെയധികം സ്വാധീനം ചെലുത്തിയിരുന്നു. ബികാസിന്‍റെ ദയർപമയി എന്ന ചിത്രം ദുര്‍ഗ്ഗയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ സങ്കൽപ്പത്തിന് പ്രചോദനമായി.

പന്തലിന്‍റെ പ്രമേയം പൊതുജനങ്ങളിൽ നിന്ന് വ്യാപകമായ അഭിനന്ദനം നേടാൻ കാരണമായിട്ടുണ്ട്. "ഈ പന്തൽ ഞങ്ങളെക്കുറിച്ചാണ്,” പിന്നിലുള്ള ഇടവഴികളിൽ അപ്രത്യക്ഷമാകുന്നതിന് മുമ്പ് ഒരു തൊഴിലാളി എന്നോട് പറഞ്ഞു. ഒരു കുടിയേറ്റ അവതാരത്തിൽ ദുര്‍ഗ്ഗയെ ചിത്രീകരിച്ചതിനെ അപലപിച്ചുകൊണ്ട് നെറ്റിൽ നിരവധി ട്രോളുകൾ ഉണ്ടായിരുന്നു. എന്നാൽ "ഈ ദേവി എല്ലാവർക്കും അമ്മയാണ്,” എന്ന് ഒരു സംഘാടക സമിതി വക്താവ് പറഞ്ഞു.

"ബംഗാളിലെ ശിൽപികളും വിഗ്രഹ നിർമ്മാതാക്കളും കലാകാരന്മാരും ദുര്‍ഗ്ഗയെ എപ്പോഴും തങ്ങളുടെ ചുറ്റും കാണുന്ന സ്ത്രീകളായി സങ്കൽപ്പിച്ചിട്ടുണ്ട്”, ഈ ചിത്രീകരണത്തെ വിമർശിക്കുന്നവരോട് പല്ലബ് ഭൗമിക് പറയുന്നു.

ഈ റിപ്പോർട്ട് തയാറാക്കുന്നതിന് സഹായിച്ച സ്മിത ഖതോറിനും സിഞ്ചിത മാജിക്കും നന്ദി.

പരിഭാഷ: അനിറ്റ് ജോസഫ്

Ritayan Mukherjee

Ritayan Mukherjee is a Kolkata-based photographer and a 2016 PARI Fellow. He is working on a long-term project that documents the lives of pastoral nomadic communities of the Tibetan Plateau.

Other stories by Ritayan Mukherjee
Translator : Anit Joseph

Anit Joseph is a freelance journalist based in Kottayam, Kerala.

Other stories by Anit Joseph