മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മീഷന്റെ (എം.പി.എസ്.സി) പ്രവേശനപരീക്ഷ ജയിച്ചു എന്നറിഞ്ഞ് മണിക്കൂറുകൾക്കകം, സന്തോഷ് ഖാഡെ തന്റെ സുഹൃത്തിനെ വിളിച്ച് ബീഡിൽനിന്ന് 180 കിലോമീറ്റർ അകലെയുള്ള സോലാപുരിലേക്ക് തന്നെ കൊണ്ടുപോകണമെന്ന് അഭ്യർത്ഥിച്ചു. ആ കരിമ്പുപാടത്തെത്തിയ ഉടൻ അവൻ ആ ‘ കോപ്‘ അന്വേഷിച്ചു. മുളയും വൈക്കോലും ടർപാളിനും ഉപയോഗിച്ച് ഉണ്ടാക്കുന്ന താത്ക്കാലിക കൂരയാണ് കോപ് . ആ കൂര കണ്ടെത്തിയയുടൻ 25 മിനിറ്റ് കൊണ്ട് അവനത് വലിച്ച് താഴെയിട്ടു. കഴിഞ്ഞ 30 വർഷമായി, എല്ലാ വർഷവും കരിമ്പ് വിളയുന്ന ആറുമാസം അവന്റെ അച്ഛനമ്മമാർ താമസിച്ചിരുന്ന കുടിലായിരുന്നു അത്

“എൻ.ടി-ഡി ഉപവിഭാഗത്തിൽ (നാടോടി വിഭാഗത്തിലെ ഒരു ഉപവിഭാഗം) ഏറ്റവും കൂടുതൽ മാർക്ക് നേടി എന്ന് പിന്നീടറിഞ്ഞപ്പോഴുണ്ടായതിനേക്കാൾ വലിയ സന്തോഷമായിരുന്നു. എന്റെ അച്ഛനും അമ്മയ്ക്കും ഇനിമേലിൽ കരിമ്പുതോട്ടത്തിലെ വിളവെടുപ്പ് തൊഴിലാളികളായി തൊഴിലെടുക്കേണ്ടിവരില്ല എന്ന് തീർച്ചപ്പെടുത്തിയപ്പോഴുണ്ടായ സന്തോഷം. കുടുംബത്തിന്റെ, മഴകൊണ്ട് നനയ്ക്കുന്ന 3 ഏക്കർ പാടത്തിനരികത്തുള്ള വീടിന്റെ വരാന്തയിൽ പ്ലാസ്റ്റിക്ക് കസേരയിലിരുന്നുകൊണ്ട് ഖാഡെ പറയുന്നു.

കണ്ണീരോടെയും ആഹ്ലാദത്തോടെയുമാണ് ആ വാർത്തയെ എതിരേറ്റത്. വരൾച്ചബാധിതപ്രദേശമായിരുന്ന പട്ടോദയിൽനിന്ന് സൊളാപുർ ജില്ലയിലേക്ക് മൂന്ന് പതിറ്റാണ്ട് മുമ്പുമുതൽ, എല്ലാ കൊല്ലവും കുടിയേറി തൊഴിലെടുത്തിരുന്ന തൊഴിലാളികളുടെ മകനാണ് ഖാഡെ.

വഞ്ജാരി സമുദായാംഗമായ ഖാഡെ 2021-ലെ എം.പി.എസ്.സി. പരീക്ഷയിൽ വൻ‌വിജയം കരസ്ഥമാക്കി. സംസ്ഥാനത്ത് 16-ആം റാങ്കും, എൻ.ടി-ഡി കാറ്റഗറിയിൽ ഒന്നാമനുമായിട്ടായിരുന്നു വിജയം.

“എന്റെ അച്ഛനമ്മമാരുടെ എത്രയോ വർഷങ്ങളിലെ അദ്ധ്വാനത്തിന്റെ ഫലമായിരുന്നു അത്. അവരുടെ ജീവിതം മൃഗങ്ങളുടേതിന് തുല്യമായിരുന്നു”. വിളവുകാലത്തെ കരിമ്പുകർഷകരുടെ ജീവിതത്തെക്കുറിച്ചാണ് ഖാഡെ സൂചിപ്പിച്ചത്. “എന്റെ ആദ്യത്തെ ലക്ഷ്യം അതായിരുന്നു. ഒരു നല്ല ജോലി കണ്ടെത്തുക. കരിമ്പിന്റെ വിളവുകാലത്ത് അച്ഛനും അമ്മയ്ക്കും കുടിയേറേണ്ടിവരാതിരിക്കുക”.

Khade’s family’s animals live in an open shelter right next to the house
PHOTO • Kavitha Iyer

വീടിന്റെതൊട്ടടുത്തുള്ള ഒരു തുറന്ന കൂട്ടിലാണ് ഖാഡെ കുടുംബത്തിന്റെ വളർത്തുമൃഗങ്ങളെ പാർപ്പിച്ചിരിക്കുന്നത്

ഇന്ത്യൻ പഞ്ചസാര വ്യവസാ‍യത്തിന്റെ വാർഷിക ഉത്പാദനം ഏകദേശം 80,000 കോടിയാണെന്ന് 2020-ലെ നീതി ആയോഗിന്റെ റിപ്പോർട്ട് പറയുന്നു. രാ‍ജ്യമൊട്ടാകെ, കരിമ്പ് സംസ്കരിക്കുന്ന 700-ഓളം ഫാക്ടറികളുമുണ്ട്.

മഹാരാഷ്ട്രയിലെ ഈ ഫാക്ടറികളെ ജീവനോടെ നിലനിർത്തുന്ന കരിമ്പ് വിളവെടുപ്പ് തൊഴിലാളികളുടെ ഏകദേശ സംഖ്യ 8 ലക്ഷമാണ്. അതിൽ ഭൂരിഭാഗവും മറാത്ത്‌വാഡ പ്രദേശത്തുനിന്നുള്ളവരും. പ്രധാനമായും ബീഡ് ജില്ലയിൽനിന്നുള്ളവർ. പരമ്പരാഗതമായി, കരാറുകാർ തൊഴിലാളികൾക്ക് ‘ഉചൽ‘ എന്ന് വിശേഷിപ്പിക്കുന്ന ഒരു മുൻ‌കൂർ തുക കൊടുക്കും (ഒരു സഹായം എന്നാണ് ആ വാക്കിന്റെ അർത്ഥം). ഈ തുക 60,000-ത്തിനും 1,00,000-നും ഇടയ്ക്കായിരിക്കും. ആറേഴ് മാസം നീണ്ടുനിൽക്കുന്ന വിളവുകാലത്തിലേക്ക്, ദമ്പതിമാർക്ക് കൊടുക്കുന്ന തുകയാണ് ഇത്.

തൊഴിൽ, താമസ സൌകര്യങ്ങൾ പരമദയനീയമാണ്. ഫാക്ടറിയിലേക്ക് യഥാസമയം കരിമ്പെത്തുന്നു എന്ന് ഉറപ്പുവരുത്താൻ, ചിലപ്പോൾ അതിരാവിലെ 3 മണിക്കൊക്കെ എഴുന്നേൽക്കേണ്ടിവരാറുണ്ടെന്ന് ഖാഡെയുടെ അമ്മ സരസ്വതി പറഞ്ഞു. ഭക്ഷണവും മോശമാണ്. കക്കൂസും ഒന്നും പ്രാപ്യമായിരിക്കില്ല. വെള്ളം കൊണ്ടുവരാൻ വളരെ ദൂരേയ്ക്ക് പോകണം. 2022-ൽ, അവർ സഞ്ചരിച്ചിരുന്ന കാളവണ്ടിയിൽ ഒരു മണൽ‌വണ്ടി ഇടിച്ച് സരസ്വതി പുറത്തേക്ക് തെറിച്ചുവീഴുകയും കാലിന്റെ എല്ലൊടിയുകയും ചെയ്തു.

അവധിദിവസങ്ങളിൽ അച്ഛനമ്മമാരുടെ കൂടെ താമസിച്ച്, കരിമ്പ് കെട്ടിവെക്കാനും, കരിമ്പിന്റെ ബാക്കിവന്ന ഇലത്തലപ്പുകൾ കൊണ്ടുപോയി വിൽക്കാനും കന്നുകാലികളെ നോക്കാനും ഖാഡെ അവരെ സഹായിച്ചുപോന്നു.

“ക്ലാസ് 1 ഓഫീസറാവുക, ആഡംബരമുള്ള ഓഫീസും, നല്ല ശമ്പളവും, ചുവന്ന ലൈറ്റ് മിന്നുന്ന കാറും ഉണ്ടാവുക ഇതൊക്കെയായിരുന്നു പല ആൺകുട്ടികളുടേയും സ്വപ്നം. എന്നാൽ എനിക്ക് അത്തരം സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. വളരെ പരിമിതമായിരുന്നു എന്റെ സ്വപ്നങ്ങൾ. എന്റെ അച്ഛനുമമ്മയ്ക്കും മനുഷ്യരുടെ ജീവിതം നൽകുക. അതുമാത്രം”.

2019-ൽ മഹാരാഷ്ട്ര സർക്കാർ ഗോപിനാഥ് മുണ്ടെ ഷുഗർകേൻ കട്ടിംഗ് വർക്കേഴ്സ് കോർപ്പറേഷൻ സ്ഥാപിച്ചു. 2023-24 ധനകാര്യവർഷത്തിൽ കോർപ്പറേഷൻ ഏറ്റെടുക്കേണ്ട ക്ഷേമപ്രവർത്തനങ്ങൾക്കുവേണ്ടി സർക്കാർ 85 കോടി മാറ്റിവെക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. പക്ഷേ തൊഴിലാളികൾ ഇപ്പോഴും പ്രതികൂലമായ സാഹചര്യങ്ങളിലാണ് തൊഴിലെടുക്കുന്നത്.

*****

Santosh Khade and his mother, Saraswati, in the small farmland adjoining their home
PHOTO • Kavitha Iyer

സന്തോഷ് ഖാഡെയും അമ്മ സരസ്വതിയും വീടിനോട് ചേർന്നുള്ള ചെറിയ കൃഷിസ്ഥലത്ത്

പ്രാഥമിക വിദ്യാലയത്തിൽ പഠിക്കുന്ന കാലത്ത്, ഖാഡെയും രണ്ട് സഹോദരിമാരും ബന്ധത്തിലുള്ള സഹോദരന്മാരും വർഷത്തിൽ ആറുമാസം ജീവിച്ചിരുന്നത്, അച്ഛമ്മയോടൊപ്പമായിരുന്നു. സ്കൂളിൽനിന്ന് വന്നാൽ, പാടത്ത് ജോലി ചെയ്തതിനുശേഷം വൈകീട്ട് പഠനം. അതായിരുന്നു അവരുടെ ദിനചര്യ.

തലമുറകളായി ചെയ്തുവന്ന അദ്ധ്വാനമുള്ള പണികൾ മകന് ചെയ്യേണ്ടിവരരുതെന്ന് നിശ്ചയിച്ച ആ രക്ഷിതാക്കൾ 5-ആം ക്ലാസ്സിൽ‌വെച്ച് അവനെ അഹമ്മദ്നഗറിലുള്ള ഒരു ആശ്രമശാലയിൽ ചേർത്തു (നാടോടിവിഭാഗമുൾപ്പെടെയുള്ളവർക്കുവേണ്ടി സംസ്ഥാന സർക്കാർ നടത്തുന്ന, താമസിച്ച് പഠനം നടത്താവുന്ന സ്കൂൾ).

“ഞങ്ങൾ ദരിദ്രരായിരുന്നുവെങ്കിലും അച്ഛനമ്മമാർ എന്നെ അല്പം അധികം ഓമനിച്ചാണ് വളർത്തിയത്. അതിനാൽ, അഹമ്മദ്നഗറിൽ ഒറ്റയ്ക്ക് കഴിയുന്നതുമായി പൊരുത്തപ്പെടാതെ വന്നപ്പോൾ 6, 7 ക്ലാസ്സുകളിലെ പഠനത്തിന് ഞാൻ പടോദ പട്ടണത്തിലെ ഒരു ഹോസ്റ്റലിലേക്ക് മാറി.

വീടിനടുത്തായപ്പോൾ ഖാഡെ വാരാന്ത്യങ്ങളിലും അവധിദിനങ്ങളിലും ചെറിയ ജോലികൾ ചെയ്യാനാരംഭിച്ചു. റസ്റ്ററന്റുകളിലെ പണിയും, അല്ലെങ്കിൽ ചെറിയ രീതിയിൽ പരുത്തി വിൽക്കലും മറ്റും. അച്ഛനമ്മാരെ ബുദ്ധിമുട്ടിക്കാതെ, തനിക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ - ബാഗുകളും ബുക്കുകളും ജ്യോമട്രി ഉപകരണങ്ങളും മറ്റും – അവൻ ആ ആ ജോലികളിൽനിന്ന് കിട്ടിയ പൈസ ഉപയോഗിച്ചു.

സംസ്ഥാന പബ്ലിക്ക് സർവീസസ് കമ്മീഷന്റെ ജോലിക്കുള്ള പ്രവേശനപരീക്ഷ എഴുതാനുള്ള തന്റെ മോഹത്തെ, 10-ആം ക്ലാസ്സിൽ‌വെച്ച് അവൻ തിരിച്ചറിഞ്ഞു.

“സത്യം പറഞ്ഞാൽ, മറ്റ് പ്രൊഫഷണൽ വിദ്യാഭ്യാസ കോഴ്സുകൾ പഠിക്കുന്നത് എനിക്ക് അപ്രാപ്യമായിരുന്നു. ആറുമാസത്തേക്ക് തൊഴിലിനായി കുടിയേറുമ്പോൾ എന്റെ അച്ഛനമ്മമാർക്ക് കിട്ടിയിരുന്നത് 70,000 - 80,000 രൂപയായിരുന്നു. ഞാൻ മറ്റേതെങ്കിലും കോഴ്സുകളിൽ ചേർന്നിരുന്നെങ്കിൽ, 1 ലക്ഷത്തിനും 1.5 ലക്ഷത്തിനുമിടയിൽ ചിലവ് വന്നേനേ“. ഖാഡെ പറയുനു. “എം.പി.എസ്.സി. പരീക്ഷക്കിരിക്കാൻ മറ്റൊരു സാമ്പത്തിക കാരണംകൂടി ഉണ്ടായിരുന്നു. ഇതിന് എന്തെങ്കിലും ഫീസോ, പരീക്ഷയ്ക്കിരിക്കാൻ വിശേഷമായ കോഴ്സോ, ആരുടെയെങ്കിലും ശുപാർശയോ, കൈക്കൂലിയോ ഒന്നും വേണ്ടിയിരുന്നില്ല. ഏറ്റവും സുഗമമായ മാർഗ്ഗമായിരുന്നു. അദ്ധ്വാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കിട്ടാൻ സാധ്യതയുള്ള ഒരു ജോലി”, ഖാഡെ തുടർന്നു.

ബിരുദപൂർവ്വ പഠനത്തിന് അയാൾ ബീഡ് നഗരത്തിലേക്ക് മാറുകയും അതോടൊപ്പം എം.പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുപ്പ് നടത്താൻ തീരുമാനിക്കുകയും ചെയ്തു. “എനിക്ക് അധികസമയം കാത്തിരിക്കാൻ പറ്റില്ലെന്ന് തോന്നി. ബിരുദമെടുക്കുന്ന വർഷംതന്നെ എം.പി.എസ്.സി. പരീക്ഷയും പാസ്സാവണമെന്ന് ഞാൻ ആഗ്രഹിച്ചു”.

Left: Behind the pucca home where Khade now lives with his parents and cousins  is the  brick structure where his family lived for most of his childhood.
PHOTO • Kavitha Iyer
Right: Santosh Khade in the room of his home where he spent most of the lockdown period preparing for the MPSC entrance exam
PHOTO • Kavitha Iyer

ഇടത്ത്: അച്ഛനമ്മമാരോടും ബന്ധുക്കളായ സഹോദരന്മാരോടുമൊപ്പം ഇപ്പോൾ ഖാഡെ താമസിക്കുന്ന അടച്ചുറപ്പുള്ള വീടിന്റെ പിന്നിൽ, കുട്ടിക്കാലത്ത് അവർ താമസിച്ചിരുന്ന ഇഷ്ടികകൊണ്ടുള്ള കെട്ടിടവും കാണാം

വലത്ത്: എം.പി.എസ്.സി. പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ലോക്ക്ഡൌൺ കാലത്ത് കൂടുതൽ സമയം ചിലവഴിച്ച വീട്ടിലെ തന്റെ മുറിയിൽ സന്തോഷ് ഖാഡെ

അത്രയും കാലം കുടുംബം താമസിച്ചിരുന്നത് തകരകൊണ്ട് മേഞ്ഞ ഒരു ചെറിയ മൺകൂരയിലായിരുന്നു. സവർഗാംവ് ഘട്ടിലെ അവരുടെ പുതിയ വീടിന്റെ പിന്നിൽ ഇപ്പോഴും ആ കുടിൽ കാണാം. ഖാഡെ കൊളേജിൽ പഠിക്കുമ്പോൾ വീട് പുതുക്കിപ്പണിയാൻ കുടുംബം പദ്ധതിയിട്ടിരുന്നു. എത്രയും വേഗം വിദ്യാഭ്യാസം പൂർത്തിയാക്കി ജോലി കണ്ടെത്താൻ തിരക്കായിരുന്നു ഖാഡെക്ക്.

2019-ൽ ബിരുദപഠനം പൂർത്തിയാക്കിയതിനുശേഷം കൂടുതൽ സമയവും പുണെയിലെ ലൈബ്രറികളിൽ ഖാഡെ ചിലവഴിച്ചു. മത്സരപ്പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മറ്റ് വിദ്യാർത്ഥികളോടോപ്പം ഒരു ഹോസ്റ്റലിലായിരുന്നു അയാൾ താമസിച്ചിരുന്നത്. കൂട്ടുകാരെയും, അവരുടെകൂടെയുള്ള പുറത്തുപോക്കും ചായകുടിയുമൊക്കെ ഒഴിവാക്കുന്ന ഒരു പയ്യൻ എന്ന നിലയിലാണ് ഖാഡെ അന്ന് അറിയപ്പെട്ടിരുന്നത്.

“സമയം കളയാൻ‌വേണ്ടിയല്ല ഞങ്ങളവിടെ പോയത്”, അയാൾ പറയുന്നു.

മുറിയിൽ ഫോൺ വെച്ച് കസ്ബ പേട്ടിലുള്ള ലൈബ്രറിയിലേക്ക് അയാൾ പോവും. പുണെയിലെ വളരെ പഴയ ആൾത്താമസകേന്ദ്രമായിരുന്നു അത്. അവിടെ പുലർച്ച 1 മണിവരെ ഇരുന്ന്, പഴയ വർഷത്തെ ചോദ്യപ്പേപ്പറുകളൊക്കെ ചെയ്തുപഠിച്ച്, ഇന്റർ‌വ്യൂ ഭാഗങ്ങളൊക്കെ ഗവേഷണം ചെയ്ത്, ചോദ്യങ്ങളും ഇന്റർവ്യൂകളും തയ്യാറാക്കുന്നവരുടെ മാനസികനിലയിലേക്ക് അയാൾ തന്നെ സ്വയം വാർത്തെടുത്തു.

ദിവസവും ശരാശരി, 500 മുതൽ 600 വരെ എം.സി.ക്യു.കൾ (മൾട്ടിപ്പിൾ ചോയ്സ് ക്വസ്റ്റ്യൻസ് – ഒരു ചോദ്യത്തിന് ഒന്നിലധികം ഉത്തരങ്ങളിൽനിന്ന് ഒന്ന് തിരഞ്ഞെടുക്കേണ്ട രീതി) അയാൾ ചെയ്തുനോക്കാറുണ്ടായിരുന്നു.

“2020 ഏപ്രിൽ 5-ന് നിശ്ചയിച്ചിരുന്ന ആദ്യത്തെ എഴുത്തുപരീക്ഷ കോവിഡ്-19 മൂലം അനിശ്ചിതമായി വൈകി. “ആ സമയംകൂടി മുതലാക്കാമെന്ന് ഞാൻ തീരുമാനിച്ചു”. അങ്ങിനെ സവർഗാംവ് ഘട്ടിലേക്ക് തിരിച്ചുവന്ന്, ഇപ്പോഴുള്ള അടച്ചുറപ്പുള്ള പുതിയ വീട്ടിലെ ഒരു മുറി തന്റെ പഠനമുറിയായി മാറ്റിയെടുത്തു. “പുറത്തേക്ക് പോവുന്നതുപോലും, പാടത്തെ മാവിന്റെ ചുവട്ടിലിരുന്ന് പഠിക്കാനായിരുന്നു. അല്ലെങ്കിൽ, തണുപ്പുള്ള വൈകുന്നേരമാണെങ്കിൽ വീടിന്റെ മട്ടുപ്പാവിലിരുന്ന് പഠിക്കും”.

2021 ജനുവരിയിൽ അയാൾ എം.പി.എസ്.സി.യുടെ പ്രെലിമിനറി പരീക്ഷയിൽ പങ്കെടുത്തു. അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ആവശ്യമായ മിനിമം മാർക്കിനേക്കാൾ 33 മാർക്ക് കൂടുതൽ നേടി. “പ്രധാന പരീക്ഷയുടെ ‘മുഖ്യ ഭാഗം’ വീണ്ടും, മഹാവ്യാധിയുടെ രണ്ടാം തരംഗം മൂലം വൈകി.

അതിനിടയിൽ വ്യക്തിപരമായ ഒരു സങ്കടംകൂടി ഖാഡെക്ക് നേരിടേണ്ടിവന്നു. “എന്റെ 32 വയസ്സുള്ള കസിൻ കോവിഡ് മൂലം മരിച്ചു. ആശുപത്രിയിൽ‌, എന്റെ മുമ്പിൽ‌വെച്ചാണ് അയാൾ മരിച്ചത്. ഞങ്ങളുടെ കൃഷിസ്ഥലത്തുതന്നെ അയാളുടെ അന്ത്യകർമ്മങ്ങൾ നടത്തി”, ഖാഡെ ഓർമ്മിക്കുന്നു.

അതിനുശേഷമുള്ള 15 ദിവസത്തെ ക്വാറന്റീൻ കാലത്ത്, ഖാഡെക്ക് തോന്നി, വിദ്യാഭ്യാസമുള്ള ഒരേയൊരാൾ എന്ന നിലയിൽ വീട്ടിൽത്തന്നെ നിൽക്കേണ്ടത് തന്റെ ചുമതലയാണെന്ന്. കാരണം, മഹാവ്യാധി, ആളുകളുടെ ഉപജീവനവും വരുമാനവും തുലച്ചുകളഞ്ഞിരുന്നു. എം.പി.എസ്.സി. ശ്രമം ഉപേക്ഷിച്ചാലോ എന്നുപോലും ഒരുഘട്ടത്തിൽ ഖാഡെ ആലോചിച്ചു.

“ഞാനിത് ഇപ്പോൾ ഉപേക്ഷിച്ചാൽ, ഈ കരിമ്പുകൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ആളുകൾക്ക്, ഭാവിയിൽ എന്തെങ്കിലും നേടാനാകുമെന്ന പ്രതീക്ഷപോലും നശിച്ചുപോയേക്കുമെന്ന് പിന്നെ എനിക്ക് തോന്നി”, അയാൾ പറഞ്ഞു.

*****

Santosh Khade with one of the family’s four bullocks. As a boy, Khade learnt to tend to the animals while his parents worked
PHOTO • Kavitha Iyer

കുടുംബത്തിന് സ്വന്തമായുള്ള നാല് കാളകളിലൊന്നിന്റെ കൂടെ നിൽക്കുന്ന സന്തോഷ് ഖാഡെ. കുട്ടിക്കാലത്ത്, അച്ഛനമ്മമാർ ജോലി ചെയ്യുമ്പോൾ കന്നുകാലികളെ നോക്കാൻ ഖാഡെ പരിശീലിച്ചിരുന്നു

2021 ഡിസംബറിലെ പ്രധാന പരീക്ഷയിൽ, ഇന്റർവ്യൂവിനുള്ള യോഗ്യത ഖാഡെ കൈവരിച്ചു. 2022-ൽ കരിമ്പുവെട്ടാൻ പോകേണ്ടിവരില്ലെന്ന് അയാൾ അച്ഛനമ്മമാർക്ക് വാക്കും കൊടുത്തു.

എന്നാൽ, അമ്പരപ്പും ആത്മവിശ്വാസമില്ലായ്മയും മൂലം ആദ്യത്തെ ഇന്റർവ്യൂവിൽ, ജയിക്കാനാവശ്യമായതിലും 0.75 മാർക്കിന്റെ വ്യത്യാസത്തിന് ഖാഡെ തോറ്റു. കേവലം 10 ദിവസമേ ബാക്കിയുണ്ടായിരുന്നുള്ളു 2022-ലെ അടുത്ത പ്രധാനപരീക്ഷയ്ക്ക്. “ഞാൻ ആകെ മരവിച്ചപോലെയായി. അച്ഛനമ്മമാർ കരിമ്പുവെട്ടാൻ പോയിരുന്നു. ഞാൻ മനസ്സ് തകർന്ന് അച്ഛനെ വിളിച്ച്, എന്റെ വാക്ക് പാലിക്കാൻ പറ്റിയില്ലെന്ന് പറഞ്ഞു”.

പിന്നെ നടന്ന കാര്യം വിവരിക്കുമ്പോൾ ഖാഡെ വികാരാധീനനായി. പോളിയോമൂലം അംഗവൈകല്യം വന്നയാളായിരുന്നു അയാളുടെ അച്ഛൻ. നിരക്ഷരനും എം.പി.എസ്.സി.യെക്കുറിച്ചോ അതിലെ കടമ്പകളെക്കുറിച്ചോ ഒന്നുമറിയാത്ത ഒരാൾ. അച്ഛൻ തന്നെ ചീത്ത പറയുമെന്നാണ് ഖാഡെ കരുതിയത്.

“പകരം, അദ്ദേഹം എന്നോട് പറഞ്ഞത്, ‘ഭവ്ഡിയാ, (അച്ഛനമ്മമാർ ഖാഡെയെ വിളിക്കുന്ന ഓമനപ്പേരാണത്) നിനക്കുവേണ്ടി ഇനിയും ഒരു അഞ്ചുകൊല്ലം കൂടി കരിമ്പുവെട്ടാനുള്ള ആരോഗ്യമുണ്ട് എനിക്ക്’ എന്നാണ്. ശ്രമം നിർത്തരുതെന്നും ഒരു സർക്കാർ ഉദ്യോഗസ്ഥനാവണമെന്നും അദ്ദേഹം എന്നെ ഓർമ്മിപ്പിച്ചു. അതിനുശേഷം എനിക്ക് മറ്റാരുടെയെങ്കിലും പ്രചോദനപ്രഭാഷണത്തിന്റെ ആവശ്യം വന്നില്ല”.

പുണെയിൽ, തന്റെ ഫോൺ സ്വിച്ചോഫ് ചെയ്തു ഖാഡെ ലൈബ്രറിയിലേക്ക് മടങ്ങി. അടുത്ത ശ്രമത്തിൽ, പഴയ 417-ൽനിന്ന് മാർക്ക് 461-ലെത്തി. ആകെയുള്ള 700 മാർക്കിൽ. ഇന്റർവ്യൂവിൽ, 100ൽ 30-40 മാർക്ക് മാത്രം മതിയായിരുന്നു.

2022 ഓഗസ്റ്റിലെ അടുത്ത ഇന്റർവ്യൂ വീണ്ടും വൈകിയപ്പോൾ, ഒരുവർഷത്തെ മുൻ‌കൂർ തുകകൂടി വാങ്ങാമെന്ന് അച്ഛനമ്മമാർ തീർച്ചപ്പെടുത്തി. “അടുത്ത തവണ അവരെ കാണുമ്പോൾ ഞാൻ എന്തെങ്കിലും നേടിയിരിക്കുമെന്ന് അന്ന് ഞാൻ പ്രതിജ്ഞയെടുത്തു”.

2023 ജനുവരിയിൽ ഇന്റർവ്യൂ പൂർത്തിയാക്കിയ ദിവസം, ജയിക്കുമെന്ന് മനസ്സിൽ ഉറപ്പ് തോന്നിയപ്പോൾ അയാൾ അച്ഛനെ വിളിച്ച്, ഇനിയൊരിക്കലും അവർക്ക് അരിവാളെടുക്കേണ്ടിവരില്ലെന്ന് പറഞ്ഞു. അവർ വാങ്ങിയ മുൻ‌കൂർ തുക തിരിച്ചുകൊടുക്കാൻ, പൈസ കടം വാങ്ങി, ഖാഡെ സോലാപുരിലേക്ക് തിരിച്ചു. അച്ഛനമ്മമാരുടെ വസ്തുവകകളും രണ്ട് കാളകളേയും എല്ലാം കെട്ടിപ്പെറുക്കി ഒരു പിക്കപ്പ് ട്രക്കിലാക്കി വീട്ടിലേക്കയച്ചു.

“അവർ വീണ്ടും ജോലിക്ക് പോയ ദിവസമായിരുന്നു എന്റെ ജീവിതത്തിലെ കറുത്ത ദിവസം. അവരെ തിരിച്ച് വീട്ടിലേക്കയച്ച ദിവസമായിരുന്നു എന്റെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ദിവസം”.

പരിഭാഷ: രാജീവ് ചേലനാട്ട്

Kavitha Iyer

Kavitha Iyer has been a journalist for 20 years. She is the author of ‘Landscapes Of Loss: The Story Of An Indian Drought’ (HarperCollins, 2021).

Other stories by Kavitha Iyer
Editor : Priti David

Priti David is the Executive Editor of PARI. She writes on forests, Adivasis and livelihoods. Priti also leads the Education section of PARI and works with schools and colleges to bring rural issues into the classroom and curriculum.

Other stories by Priti David
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat